Tuesday 06 October 2020 11:26 AM IST

‘മുഖമില്ലാത്ത വിമർശകരെ ഭീരുക്കളായേ കാണാനാകൂ; നമുക്ക് പറയാനുള്ള കാര്യങ്ങൾ ആർജവത്തോടെ പറയണം’

Vijeesh Gopinath

Senior Sub Editor

nisha445ffgyhyuuyg

‘ഇഷ്ടമല്ലാത്ത ചോദ്യങ്ങളെ കനൽ പോലെ  ഭയക്കുന്നവരുണ്ട്. അവർക്കു വേണ്ടി പട നയിക്കുന്നവരും പടയ്ക്കു പന്തം പിടിക്കുന്നവരും ഉണ്ട്. ചോദ്യം ചോദിക്കുന്നത് ‘സ്ത്രീ’ ആയതുകൊണ്ട് എടുത്തെറിയാനുള്ള പലതരം കല്ലുകളുണ്ടാകുമല്ലോ. മതം മുതൽ വ്യക്തിജീവിതം വരെ മൂർച്ച നോക്കി  എറിഞ്ഞു നോക്കി. സൈബറിടത്തിന്റെ ഇരുട്ടിലിരുന്ന് ഓരിയിട്ടു നോക്കി. പക്ഷേ... ‘പാഠം പഠിപ്പിക്കാന്‍’ ഇത്രയൊക്കെ ചെയ്തിട്ടും   ചോദ്യചിഹ്നം പോലെ വളഞ്ഞു നിൽക്കാൻ ഈ അവതാരകര്‍  ഇപ്പോഴും പഠിച്ചിട്ടില്ല! ചോദ്യങ്ങൾക്ക്  ‘എക്സ്ട്രാ ബോൺ’ ഉണ്ടാകുന്നത് കുറ്റമാണോ? മനോരമ ന്യൂസിലെ ചീഫ് ന്യൂസ് പ്രൊഡ്യൂസർ നിഷ പുരുഷോത്തമൻ പറയുന്നു. 

ഇത് സൈബർ കൊട്ടേഷൻ കാലം: നിഷ പുരുഷോത്തമൻ

സോഷ്യൽ മീഡിയയിലെ മുഖമില്ലാത്ത വിമർശകരെ ഭീരുക്കളായേ കാണാനാകൂ. നമുക്ക് പറയാനുള്ള കാര്യങ്ങൾ ആർജവത്തോടെ പറയണം. അതിനുള്ള ധൈര്യമില്ലാതെ ഒളിച്ചു നിന്നു പറയുന്നത് ഭീരുക്കളുടെ ലക്ഷണമാണ്. ഞങ്ങളാരും മുഖം മറച്ചിട്ട് അല്ലല്ലോ ടെലിവിഷൻ സ്ക്രീനിൽ വരുന്നത്. തലയുയർത്തി തന്നെയാണ് വാർത്ത വായിക്കുന്നത്.    

ഇവിടുത്തെ എല്ലാ  കുഴപ്പവും ഉണ്ടാക്കുന്നത് മാധ്യമങ്ങളാണ് എന്നു പറയുന്നവരുണ്ട്. ഒരു കാര്യം ഒാർക്കണം, സാധാരണ ജനങ്ങൾക്കു നീതി കിട്ടേണ്ട എത്രയോ കാര്യങ്ങൾ മാധ്യമങ്ങളാണ് പുറംലോകത്തേക്ക് എത്തിച്ചത്. ശരിയാണ്, മത്സരത്തിന്റെ ലോകത്താണ് മാധ്യമങ്ങൾ. ആത്മവിമർശനം നടത്തേണ്ട ഒരുപാടു കാര്യങ്ങളുണ്ടെന്നതും സത്യമാണ്.  

മനോരമ സ്കൂൾ ഒാഫ് കമ്യൂണിക്കേഷന്റെ ആദ്യ ബാച്ച് ആയിരുന്നു ഞാൻ. അതു കഴിഞ്ഞ് ഇന്ത്യാവിഷനിൽ ജോലി ചെയ്തിരുന്ന കാലഘട്ടത്തോട് താരതമ്യം ചെയ്താൽ സാങ്കേതികമായി വലിയ മാറ്റങ്ങൾ വന്നിട്ടുണ്ട്. 

അതുപോലെ സമൂഹ മാധ്യമങ്ങളിലും മാറ്റങ്ങളുണ്ടായി ഇതിലൂടെ ഒരു ലജ്ജയുമില്ലാതെ എന്തും വിളിച്ചു പറയുന്ന ഒരുകൂട്ടം ആൾക്കാർക്കിടയിലാണ്  നമ്മൾ ജീവിക്കുന്നത്. അവരുടെയെല്ലാം വീട്ടിൽ സ്ത്രീകളുണ്ട്.  അവരെ കുറിച്ച് ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ  കേട്ടിരിക്കുമോ?

വടിവാൾകൊണ്ട് 51 വെട്ടുന്ന പോലെ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെയുള്ള ആക്രമണം. ഇങ്ങനെ വെട്ടിയാൽ രണ്ടായി പോകുന്നവരല്ല, തലയുയർത്തി തന്നെ നിൽക്കും എന്നു ബോധ്യപ്പെടുത്തുകയാണ് ജീവിതത്തിൽ ചെയ്യേണ്ടത്. അതാണ് അവർക്കുള്ള ഏറ്റവും നല്ല മറുപടി.

ഏതു രാഷ്ട്രീയ പാർട്ടി ഭരിച്ചാലും അവർക്കു താൽപര്യമുള്ളവർക്ക് എതിരായ സൈബർ ബുള്ളിയിങ്ങിൽ പെട്ടെന്ന് അറസ്റ്റു നടക്കും. മറ്റുള്ളവർക്ക്  വളരെ പതുക്കെ മാത്രമേ നീതി ലഭിക്കൂ എന്നു തോന്നിയിട്ടുണ്ട്. ഇത് എന്റെ മാത്രമല്ല നിരവധി സ്ത്രീകളുടെ അനുഭവം കൂടിയാണ്.

സ്ത്രീ മുന്നേറ്റത്തെക്കുറിച്ചും  നവോത്ഥാനത്തെ കുറിച്ചും കവല പ്രസംഗം നടത്തുന്നവർ, ആ പ്രസംഗത്തിന്  കയ്യടിക്കുന്നവർ  ഒരു സ്ത്രീയെ ഏറ്റവും  മോശമായ അവഹേളിക്കാൻ ഒരു ലജ്ജയുമില്ലാതെ മുന്നിട്ടിറങ്ങുന്നു. അതെന്തൊരു കാപട്യമാണ്?  ഞാനീ പറഞ്ഞ പുരോഗമനപ്രസ്ഥാനത്തിൽ,  ചോദ്യം ചോദിക്കുന്നത് സ്ത്രീയാണ് എന്നുള്ളതു കൊണ്ട്  അസ്വസ്ഥരാകുന്ന ഒരുപാടു പേരുണ്ട്. ഇത് എനിക്കു മാത്രം തോന്നിയ കാര്യം അല്ല, പല രാഷ്ട്രീയ പാർട്ടികളിലെയും മുതിർന്ന വനിതാ പ്രവർത്തകർ എന്നോട് ഈ കാര്യം പറഞ്ഞിട്ടുണ്ട്. 

എന്നാൽ സ്ത്രീയായതു കൊണ്ടു കൂടുതൽ കരുണയോടെ വാർ‌ത്തകളെ കാണാനാകുമെന്നും തോന്നിയിട്ടുണ്ട്. പല സംഭവങ്ങളിലും ചോദ്യങ്ങൾ ചോദിക്കുമ്പോൾ കണ്ണു നിറഞ്ഞു പോയിട്ടുണ്ട്. അവരുടെ കണ്ണീര് നമ്മുടേതു കൂടിയായി മാറും. കെവിൻ വധക്കേസ്, പത്തനംതിട്ടയിലെ മത്തായിയുടെ മരണം തുടങ്ങി ഒരുപാടുദാഹരണങ്ങൾ. 

സെലിബ്രിറ്റികളാണോ?

ഇടുക്കി അണക്കരയിലെ ടി.ജി പുരുഷോത്തമന്റെയും കെ.ജെ അച്ചാമ്മയുടെയും മകൾ. ഒരു സ്വകാര്യ മാധ്യമ സ്ഥാപനത്തിലെ ജീവനക്കാരി. അതാണ് എന്റെ സ്റ്റാറ്റസ്. അല്ലാതെ ഒരിക്കലും ഞാനൊരു സെലിബ്രിറ്റിയാണെന്ന് തോന്നിയിട്ടില്ല. ഹൈറേഞ്ചിൽ ജനിച്ചു വളർന്ന നാട്ടിൻപുറത്തുകാരിയാണ് ഇപ്പോഴും ഞാൻ. ഭക്ഷണത്തിലും ജീവിതരീതിയിലും എല്ലാം അങ്ങനെയാണ്. സ്റ്റുഡിയോയ്ക്കു പറ്റിയ വസ്ത്രങ്ങളാണ് തിരഞ്ഞെടുക്കുക. വാർ‌ത്തയിൽ നിന്ന് ശ്രദ്ധ മാറി പോകുന്ന രീതിയിലുള്ള ആഭരണങ്ങളൊന്നും ധരിക്കില്ല.  ഇതെല്ലാം സ്ത്രീ പ്രേക്ഷകരാണ് കൂടുതലും ശ്രദ്ധിക്കാറുള്ളത്. 

Tags:
  • Spotlight