നിഷേധിക്കപ്പെട്ടതും വിലക്കപ്പെട്ടതുമായ സ്വപ്‌നങ്ങളെ നിശ്ചയദാര്‍ഢ്യം കൊണ്ട് സാധ്യമാക്കിയ റെഹിം- നിവേദ് ഗേ ദമ്പതികൾ പുതിയൊരു കാൽവയ്പ്പിലൂടെ ചരിത്രം സൃഷ്ടിക്കാനൊരുങ്ങുന്നു. സ്വന്തം രക്തത്തില്‍ പിറന്ന കുഞ്ഞെന്ന ജീവിതസാക്ഷാത്കാരത്തിന് അടുത്തെത്തി നില്‍ക്കുകയാണ് ഗേ ദമ്പതികള്‍. മനസില്‍ കൂടുകൂട്ടിയ സ്വപ്‌നം വനിത ഓണ്‍ലൈനോടു പങ്കുവയ്ക്കുമ്‌പോള്‍ നിവേദിന് നൂറുനാവ്. നട്ടുനനച്ചു തുടങ്ങിയ ആ സ്വപ്‌നവും... അതിന്റെ തയ്യാറെടുപ്പുകളും നിവേദിന്റെ വാക്കുകളിലൂടെ...

മാറ്റങ്ങളുടെ ലോകത്ത് ഞങ്ങളുടെ കണ്‍മണി
ഗേ വിവാഹം എന്ന് കേള്‍ക്കുമ്പോള്‍ മൂക്കത്തു വിരല്‍ വയ്ക്കുന്നൊരു കാലമുണ്ടായിരുന്നു. പതിയെ അതിനൊരു മാറ്റം വരികയല്ലേ? ഞങ്ങളെ പോലുള്ളവരെ ഈ ലോകം സ്വീകരിച്ചില്ലേ. ആ മാറ്റങ്ങള്‍ക്കിടയിലേക്ക് ഞങ്ങളുടെ കുഞ്ഞ് വരികയാണ്. ഐവിഎഫ് ചികിത്സയിലൂടെ കുഞ്ഞെന്ന സ്വപ്നം യാഥാർത്ഥ്യമാക്കാനാണ് ഞങ്ങളുടെ ശ്രമം. ഒരേ ലിംഗത്തിലുള്ള ദമ്പതികള്‍ക്ക് വാടക ഗര്‍ഭപാത്രം സ്വീകരിക്കുന്നതിന് നിയമപരമായി പരിമിതികളുണ്ട്. നിലവില്‍ റെഹിമിന്റെ ബീജം സ്വീകരിച്ച് ഗര്‍ഭം ധരിക്കാന്‍ ബംഗളുരുവിലുള്ള ഞങ്ങളുടെ ബെസ്റ്റ് ഫ്രണ്ട് തയ്യാറായിട്ടുണ്ട്. 377 നിയമം പ്രാബല്യത്തില്‍ വന്നപ്പോഴേ പുള്ളിക്കാരി ഞങ്ങളുടെ കുഞ്ഞിന്റെ അമ്മയാകാന്‍ താത്പര്യം അറിയിച്ചിരുന്നു. അപ്പോൾ അത് കാര്യമായി എടുത്തില്ലെങ്കിലും അവർ സീരിയസായിരുന്നു. അവരുടെ അമ്മയ്ക്കും നൂറുവട്ടം സമ്മതം. ഇരട്ടി സന്തോഷമെന്തെന്നാല്‍ എന്റെ ബീജം സ്വീകരിക്കാന്‍ കേരളത്തിലെ ഒരു വീട്ടമ്മയും തയ്യാറായി എന്നതാണ്. അവരുടെ പേരു വിവരങ്ങള്‍ പറയുന്നില്ല. രണ്ടാമത്തെ കാര്യം നിലവില്‍ കണ്‍ഫേം ചെയ്തിട്ടില്ല. റെഹിമിന്റെ കാര്യം ഏറെക്കുറെ ഉറപ്പിച്ചിട്ടുണ്ട്.

സാധാരണ വിവാഹം കഴിഞ്ഞ്ഒരു വര്‍ഷം കഴിഞ്ഞല്ലേ എല്ലാവരും കുഞ്ഞുങ്ങളെ കുറിച്ച് ചിന്തിക്കുന്നത്. ഞങ്ങളുടെ കാര്യത്തിലും അങ്ങനെ തന്നെ. ഡിസംബറില്‍ കേരളത്തില്‍ വച്ച് ഒരിക്കല്‍ കൂടി വിവാഹം കഴിക്കാന്‍ ഞങ്ങള്‍ക്ക് പ്ലാനുണ്ട്. അതു കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞ് കുഞ്ഞ്. ബംഗളുരു ആയിരിക്കും ചികിത്സ. ഐവിഎഫിന്റെ ഒരു പ്രശ്‌നമെന്തെന്നാല്‍ ട്വിന്‍സും മള്‍ട്ടിപ്പിള്‍ കിഡ് ആകാനൊക്കെ ചാന്‍സ് ഉണ്ട്. ഞങ്ങളുടെ കാര്യം എങ്ങനെയെന്ന് വിദഗ്ധരോട് ആലോചിച്ച് ചെയ്യും.
വഴികാട്ടി സൂര്യാമ്മ
ട്രാന്‍സ്‌ജെന്‍ഡര്‍ വിവാഹത്തിലൂടെ വിപ്ലവം സൃഷ്ടിച്ച സൂര്യാമ്മയും ഇഷാനും ആയിരിക്കും ഈ വഴിയിലും ഞങ്ങളുടെ വഴികാട്ടി. ഞങ്ങള്‍ ഒരുമിക്കാനുള്ള പിന്തുണ പോലും അവര്‍ നല്‍കിയതാണ്. ഞങ്ങളുടെ ഈ തീരുമാനം നിരവധി പേര്‍ക്ക് പ്രചോദനമാകുമെങ്കില്‍ അത്രയുംസന്തോഷം. കൊറോണക്കാലമൊക്കെ കഴിഞ്ഞ് പുതിയ ജീവിതം സ്വപ്‌നം കാണുമ്പോള്‍ ഞങ്ങള്‍ക്കൊപ്പം ഞങ്ങളുടെ കണ്‍മണിയും കാണുമെന്ന് ഉറച്ച് വിശ്വസിക്കുന്നു. എല്ലാവരുടേയും ആഗ്രങ്ങള്‍ സഫലമാകട്ടേ.- നിവേദിന്റ വാക്കുകളിൽ പ്രതീക്ഷ.