'അങ്ങോട്ട് മാറി നിക്കടാ തടിയാ...'
ബസിലെ സീറ്റിനും ക്യാമറയുടെ ഫ്രെയിമിനും പാകമാകാത്ത തടിയുടെ പേരില്‍ നിയാസിന് ഏറെ കേള്‍ക്കേണ്ടി വന്നിട്ടുണ്ട് ഈ പരിഹാസം. ഗ്രൂപ്പ് ഫൊട്ടോയില്‍ നിറഞ്ഞു നില്‍ക്കുന്ന കക്ഷിയെ കണ്ടാല്‍ ആരും അറിയാതെ ചോദിച്ചു പോകും.
'ഏതാ ഈ ചങ്ങായി... ഇതെന്തൊരു തടിയാണപ്പാ...'
ആ കമന്റുകള്‍ക്കെല്ലാം മറുപടിയായി മുഖത്തൊരു ചിരി തേച്ചുപിടിപ്പിക്കുമ്പോഴും നിയാസിന്റെ ഉള്ള് വല്ലാതെ നോവുന്നുണ്ടായിരുന്നു. 116 കിലോ കടന്ന തടിയുടെ പേരില്‍ എത്രയോ സ്ഥലങ്ങളില്‍ അപമാനിതനായി. ഡ്രസ് സൈസ് കിട്ടാതെ വന്നപ്പോള്‍ ടെക്‌സ്റ്റൈല്‍ ഷോപ്പില്‍, വെയ്റ്റ് നിയന്ത്രണത്തിന്റെ പേരില്‍ അമ്യൂസ്‌മെന്റ് പാര്‍ക്കിലെ റെയ്ഡില്‍, കല്യാണ സദസുകളില്‍... അങ്ങനെ എത്രയോ വേദികള്‍. സ്വന്തം വ്യക്തിതത്വത്തിന് മുറിവേറ്റ ഘട്ടത്തില്‍ എപ്പോഴോ നിയാസ് ആ തീരുമാനം എടുത്തു. തടിയെ പിടിച്ചുകെട്ടിയിട്ടേ മറ്റെന്തുമുള്ളൂ. ആ ദൃഢനിശ്ചയത്തിന്റെ ബാക്കികഥ കാണണമെങ്കില്‍ മെലിഞ്ഞു സുന്ദരനായ നിയാസിന്റെ പുതിയ ചിത്രത്തിലേക്ക് നോക്കണം. കേവലം മൂന്നുമാസം കൊണ്ട് തടിയെ പിടിച്ചുകെട്ടിയ ആത്മവിശ്വാസത്തിന്റെ കഥയാണിത്. 116ല്‍ നിന്നും 80ലേക്ക് എത്തിയ സംഭവബഹുലമായ കഥ നിയാസ് വനിത ഓണ്‍ലൈനോട് പറയുന്നു...
ടാ... തടിയാ...
ഒറ്റയിരുപ്പില്‍ ഫുള്‍ അല്‍ഫാം... ഫുള്‍ ചിക്കന്‍. ബ്രോസ്റ്റഡ് ചിക്കനെന്നു പറഞ്ഞാല്‍ ജീവന്റെ ജീവന്‍. പിന്നെ വ്യായാമമില്ലാത്ത ജീവിതം. മച്ചാനേ ഇത് പോരെ അളിയാ. വെയിറ്റ് സെഞ്ച്വറിയും കടന്ന് 116 കിലോ... നോട്ട് ഔട്ട്- ഭൂതകാലത്തെ ട്രോളില്‍ മുക്കി നിയാസ് തന്റെ പറയുകയാണ്.
മലപ്പുറം മുന്നിയൂര്‍ ആണ് സ്വദേശം. അല്‍ഫാമിന്റെയും ഷവായ് ചിക്കന്റേയും നാട്. 24 മണിക്കൂറും തുറന്നിരിക്കുന്ന കിടിലന്‍ ഫാസ്റ്റ് ഫുഡുകളുടെ നാട്... ബിസിനസായിരുന്നു വരുമാന മാർഗം.
വണ്ണം പാരമ്പര്യമായിരുന്നു. പക്ഷേ അതിന്റെ പേരിലുള്ള കളിയാക്കല്‍ പാരമ്പര്യമായി കിട്ടിയതല്ല. എന്റെ കയ്യിലിരുപ്പിന്റെ കൂടി ഗുണമാണ്. കൂട്ടുകാരുമായി കറക്കം. ഫാസ്റ്റ് ഫുഡടി. വ്യായാമമില്ലാത്ത ജീവിതം. ഇത്രയും ആയപ്പോഴേ തടി പാരമ്പര്യവും കടന്ന് കുതിച്ചു. കൂട്ടത്തില്‍ കൂടാന്‍ പറ്റാത്ത വിധം അപകര്‍ഷതാ ബോധംകൂടി പൊണ്ണത്തടി തന്നു എന്നതാണ് സത്യം.
അമ്യൂസ്‌മെന്റ് പാര്‍ക്കുകളില്‍ കറങ്ങാന്‍ പോകുമ്പോള്‍ ഓവര്‍ വെയ്റ്റിന്റെ പേരില്‍ മാറ്റിനിര്‍ത്തും. കല്യാണ പന്തിയില്‍ എന്റെ ശരീരം താങ്ങുന്ന കസേര ഇല്ലാതെ വരുമ്പോള്‍ അവിടെയും നിന്ന് നൈസായി ചമ്മും. ബസില്‍ കേറിയാല്‍ കൂട്ടുകാര്‍ പറയും. ഇവനെ മുന്‍വശത്തങ്ങാനം ഇരുത്തിയാല്‍ മതി. ബാക്കിയുള്ളവര്‍ക്ക് സീറ്റ് കിട്ടില്ലാ എന്ന്. പാകമായ ഡ്രസ് സൈസ് ബംഗളുരുവില് നിന്ന് എത്തിക്കലാണ് പതിവ്.
ഇതൊക്കെ മനസിനെ നോവിച്ച പരുക്കുകളാണ്. ശരീരത്തിനുള്ളത് വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. നടക്കാന്‍ പോലും വയ്യാത്ത കിതപ്പ്, കാലുവേദന, ശ്വാസതടസം തുടങ്ങി സകലതും ശരീരത്തെ ബുദ്ധിമുട്ടിച്ചു. ഒരുഘട്ടത്തില്‍ ഷുഗറും കൊളസ്‌ട്രോളും ബോര്‍ഡര്‍ താണ്ടി. എന്തു പറയാനാ... ഇതെല്ലാം കൂടി ആയപ്പോള്‍ മനുഷ്യന്റെ കോണ്‍ഫിഡന്‍സ് തന്നെ പോയി. ആഘട്ടത്തിലാണ് ഓപ്പറേഷന്‍ വെയ്റ്റ്‌ലോസ് എന്ന വലിയ പോരാട്ടത്തിന് തുടക്കം കുറിക്കുന്നത്. മാറി നിക്കടാ.. തടിയാ എന്നു വിളിപ്പിച്ച ചങ്ങാതിമാരെ കൊണ്ട് മാറ്റിപ്പറയിക്കാനുള്ള പോരാട്ടകഥ അവിടെ തുടങ്ങുകയായി...

പോരാട്ടം തുടങ്ങുന്നു
ഉപ്പ അബ്ദുല്‍ വഹാബിനും അത്യാവശ്യം തടിയുണ്ടായിരുന്നു. പക്ഷേ കക്ഷി ദിവസും 5 കിലോമീറ്ററുകളോളം നടക്കുമായിരുന്നു. തടിയെ പിടിച്ചുകെട്ടാനുള്ള എല്ലാ പരിപാടിയും ചെയ്തിരുന്നു. എനിക്കില്ലാതെ പോയതും അതാണ്. അതുകൊണ്ട് തന്നെ മടിയെല്ലാം മാറ്റിവച്ച് ഉപ്പയില്‍ നിന്നു തന്നെ തുടങ്ങി. ദിവസവും ആറു കിലോമീറ്ററോളം നടന്നു. കുറച്ചു ദൂരം നടക്കും, പിന്നെ ഓടും. അതായിരുന്നു രീതി. എല്ലാം കഴിഞ്ഞെത്തുമ്പോള്‍ വിയര്‍ത്തുകുളിച്ചിട്ടുണ്ടാകും. ആദ്യ രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ 3കിലോ മാത്രമാണ് പടിയിറങ്ങി പോയത്. പക്ഷേ കണ്ടാല്‍ പറയില്ല. നിയാസിനൊരു മാറ്റവുമില്ല എന്ന കമന്റ് അന്നും കേട്ടു. 3 കിലോ മാത്രം കുറഞ്ഞിട്ട് ഒരുമാറ്റവുമില്ലാതെ സ്റ്റക്കായി ഏറെനാള്‍ പോയി.
പക്ഷേ വിട്ടുകൊടുത്തില്ല. യുദ്ധസമാനമായ ഡയറ്റിന് ഇറങ്ങിത്തിരിച്ചു. മധുരം കട്ട് ചെയ്തായിരുന്നു തുടക്കം. പിന്നാലെ എന്റെ പ്രിയപ്പെട്ട അറേബ്യന്‍ ഫുഡിനോട് പറഞ്ഞു. ബ്രോസ്റ്റഡും അല്‍ഫാമും ആ പരിസരത്തേ അടുപ്പിച്ചില്ല. രാവിലെ രണ്ട് ചപ്പാത്തി, ഉച്ചയ്ക്ക് ചോറ് ഒരേ ഒരു ബൗള്‍ മാത്രം. വറുത്തതും പൊരിച്ചതുമായ ഒരു സാധനവും ടേബിളിലേക്ക് എത്തിച്ചില്ല. പകരം മീനും ഇറച്ചിയും പാനില്‍ വച്ച് ചുട്ടെടുത്ത് കഴിക്കും. വിശന്നു പൊരിഞ്ഞ വയറിനെ സാലഡും ഇലക്കറികളും കൊടുത്ത് സമാധാനപ്പെടുത്തി. ശരീരത്തെ പൂര്‍ണമായും പട്ടിണിക്കിട്ടില്ല എന്നതാണ് സത്യം. പക്ഷേ കഴിച്ച സാധനങ്ങളെ എരിച്ചു കളയാന്‍ കഠിനമായ വര്‍ക്ഔട്ട് ആരംഭിച്ചു. നടത്തം, ഡയറ്റ്, വര്‍ക് ഔട്ട് ഇത് മൂന്നിനും ഒരു ഘട്ടത്തിലും അവധി നല്‍കിയില്ല. ട്രെഡ് മില്ലിലെ ഓട്ടം, വയര്‍ വരെകുറയാനുള്ള കാര്‍ഡിയാക് വര്‍ക് ഔട്ട്, പിന്നെ മറ്റ് ഗ്രൗണ്ട് എക്‌സര്‍സൈസുകള്‍ എല്ലാം കൃത്യമായും ചിട്ടയോടെയും ചെയ്തു. എന്റെ അധ്വാനം ഫലം കാണുകയായിരുന്നു. ആദ്യമാസം കഴിഞ്ഞപ്പോള്‍ വീര്‍പ്പുമുട്ടിച്ച ഭാരം അലിഞ്ഞിറങ്ങുകയാണെന്ന് എന്റെ മനസുപറഞ്ഞു.
6 കിലോയാണ് അന്ന് ഉരുകിയിറങ്ങിയത്. പക്ഷേ ഞാന്‍ വിട്ടുകൊടുത്തില്ല, ഉഴപ്പിയില്ല. ചെയ്ത അധ്വാനങ്ങളെല്ലാം ക്രമം തെറ്റാതെ വീണ്ടും തുടര്‍ന്നു, രണ്ടാം മാസത്തില്‍ 7 കിലോയോളം കുറഞ്ഞു. മൂന്ന് മാസമായിരുന്നു എന്റെ ടാര്‍ഗറ്റ്. ഓരോ ആഴ്ചയിലും എന്റെ ഭാരം കുറയുന്നത് വെയിംഗ് മെഷീന്‍ കാണിച്ചു തന്നു. 116ല്‍ നിന്ന് 95 വരെ എത്തിയപ്പോള്‍ ഞാന്‍ അനുഭവിച്ച ആശ്വാസം പറഞ്ഞറിയിക്കാന്‍ പറ്റുന്നതായിരുന്നില്ല.

95 കിലോയിലെത്തിയപ്പോള്‍ കുറേക്കാലം കാര്യങ്ങള്‍ അല്‍പമൊന്ന് ക്രമം തെറ്റി. മണാലിയിലേക്ക് ഒരു യാത്രയൊക്കെ പോയി.95 കിലോയുമായി കുറേനാള്‍ അങ്ങനെ പോയി. അപ്പോഴാണ് ചങ്ങാതി ഒരു ബെറ്റ് മുന്നിലേക്ക് വച്ചത്. ഭാരം 90ല്‍ എത്തിച്ചാല്‍ പട്ടായയിലേക്കുള്ള ഫ്രീ ടിക്കറ്റ് എടുത്തു തരും. അതില്‍ ഞാന്‍ വീണുപോയി. വീണ്ടും തുടങ്ങി പഴയ പോരാട്ടം. വെയ്റ്റ്‌ലോസ് ജേര്‍ണി വേര്‍ഷന്‍ 2. ബാക്കി കഥ ദേ എന്റെ പുതിയ ലുക്കിലുണ്ട്. 80 കിലോ എന്ന സുരക്ഷിത തീരത്താണ് ഞാന്‍. പക്ഷേ കഥയവസാനിച്ചിട്ടില്ല, 75 കിലോയിലെത്തിച്ചിട്ടേ ഇനി വിശ്രമമുള്ളു. അതിനിടയ്ക്ക് ആ പഴയ ബെറ്റ് നടപ്പാക്കണം. ലോക് ഡൗണ്‍ കഴിയട്ടേ... പട്ടായ ഞങ്ങളെ കാത്തിരിക്കുകയാണ്. പിന്നെ എന്റെ ഈ മാറ്റത്തില്‍ സന്തോഷിക്കുന്ന ഒരാള്‍ കൂടിയുണ്ട് ഭാര്യ ഹംദ. പിന്നെ കുട്ടികള്‍ നിഹാല, നാസിയ.- നിയാസ് ചിരിയോടെ പറഞ്ഞു നിര്‍ത്തി.