നെട്ടൂരിലെ വീട്ടിൽ നിന്ന് നാലു കിലോമീറ്റർ നടന്നാണ് വി.ഡി. സതീശൻ പനങ്ങാട് ഹൈസ്കൂളിലേക്ക് പോയിരുന്നത്. സ്കൂളിലേക്കുള്ള വഴിയുടെ ഇരുവശവും ആകാശം തൊട്ട് നിൽക്കുന്ന നല്ല മൂവാണ്ടൻ മാവുകളുണ്ട്. ഉന്നത്തിൽ എന്നും സതീശനായിരുന്നു ‘ഫസ്റ്റ് റാങ്ക്’. തുഞ്ചത്തുള്ള ഏതു മാങ്ങയും എറിഞ്ഞിടുന്ന ‘കൈ’ക്കരുത്ത്. ഉന്നം ഇന്നും വി.ഡി സതീശൻ മറന്നിട്ടില്ല. വാക്കിന്റെ ഉന്നം പിടിച്ചുള്ള ഏറു കൊണ്ട് വോട്ട് െപട്ടിയിൽ വീണത് തൃക്കാക്കരയിൽ കണ്ടതാണല്ലോ.
എതിരാളികളുടെ മനസ്സിലേക്കുള്ള വാക്കിന്റെ കല്ലേറ് അത്ര വേഗം മായാത്ത പാടുകളുണ്ടാക്കിയിട്ടുമുണ്ട്. രാഷ്ട്രീയത്തിരക്കുകൾക്കിടയിൽ നിന്ന് പ്രതിപക്ഷ നേതാവ് വീട്ടിലേക്ക്. ലക്ഷ്മി പ്രിയയാണ് വി.ഡി. സതീശന്റെ ഭാര്യ. മകൾ ഉണ്ണിമായ ചെന്നൈയില്‍ സ്റ്റെല്ല മേരീസ് കോളജിൽ നിന്ന് എംഎ ഇംഗ്ലീഷ് പൂർത്തിയാക്കി.
വീട്ടിൽ ആരാണ് പ്രതിപക്ഷനേതാവിനെ വിമർശിക്കുന്നത് ?
ഉണ്ണിമായ– അച്ഛന്റെ പല കാര്യങ്ങളും ഞാൻ വിമർശിക്കാറുണ്ട്. നന്നായി വായിക്കുന്ന ആളാണ് അച്ഛൻ. പുതിയ പുസ്തകങ്ങളെക്കുറിച്ചും സിനിമകളെ കുറിച്ചും ഞാൻ പറഞ്ഞു കൊടുക്കും. മിസ് ചെയ്യരുതാത്ത സിനിമകൾ നിർബന്ധിച്ചു കാണിക്കും.
പുതിയ തലമുറയോടു സംസാരിക്കുമ്പോള്‍ ജനറേഷൻ ഗാപ് അച്ഛനില്ല. പ്രായം നോക്കാതെ എല്ലാവരെയും ഒരുപോലെ കാണും. ‘നിന്നെക്കാളും ഒരുപാട് ഒാണം ഞാൻ കൂടുതൽ ഉണ്ടിട്ടുണ്ട്’ എന്ന രീതിയിലുള്ള ഡയലോഗ് ഒന്നും അച്ഛൻ പറയാറില്ല. നല്ല തർക്കങ്ങൾ ഉണ്ടാവും അതിനിടയിൽ എനിക്ക് ദേഷ്യവും കരച്ചിലും വരും.
വി.ഡി. സതീശൻ– എന്റെ കടുത്ത സ്ത്രീപക്ഷ നിലപാടിന് കാരണം മകളാണ്. ആൺ–പെൺ എന്നതിനപ്പുറം ലിംഗസമത്വത്തോടെ പെരുമാറാന്‍ അവളാണ് പഠിപ്പിച്ചത്. പഴയ തലമുറയിലെ ആളെന്ന രീതിയിൽ ചിന്താഗതിയിൽ ചില കുഴപ്പങ്ങളുണ്ടായിരുന്നു. അത് മാറ്റിയതും മകളാണ്. പുതു തലമുറയോട് കുറച്ചു കൂടി എളുപ്പത്തിൽ സംസാരിക്കാൻ കഴിയുന്നത് മകളുമായുള്ള സംവാദം കൊണ്ടാവാം.
ഉണ്ണിമായ– യാത്ര പോകുമ്പോൾ ‘എന്റെ ബാഗ് പാക്ക് ചെയ്യ് ’ എന്ന് പറയുന്ന ആളല്ല അച്ഛൻ. ആരെയും കാത്തു നിൽക്കാതെ ഒറ്റയ്ക്ക് ചെയ്യും. അച്ഛനെ വീട്ടിൽ കിട്ടുന്നില്ല എന്ന പരാതിയൊന്നും എനിക്കും അമ്മയ്ക്കും ഇല്ല. ഇവിടെ ഉള്ള സമയം അച്ഛന്‍ ഞങ്ങൾക്കൊപ്പമുണ്ട്. മൊബൈൽ പോലും അത്യാവശ്യത്തിനേ ഉപയോഗിക്കൂ.
അച്ഛനെ പോലെ രാഷ്ട്രീയ ജീവിതം ആഗ്രഹിക്കുന്നുണ്ടോ?
ഒട്ടും ആലോചിക്കാതെ ഉണ്ണിമായയുടെ ഉത്തരം– ‘‘ഇല്ല, ഒട്ടുമില്ല.’’

രാഷ്ട്രീയത്തിൽ നിന്ന് ചെറുപ്പക്കാർ അകന്നു പോയോ?
ചെറുപ്പക്കാരെ അടുപ്പിച്ചു നിർത്താനാണ് ഞങ്ങൾ ശ്രമിക്കുന്നത്. അവരെ ആകർഷിക്കുന്ന കാര്യങ്ങൾ വളരെ കുറവാണ്. ഏതു രാഷ്ട്രീയ പാർട്ടി ആയാലും നാൽപ്പത് വർഷം മുൻപുള്ള മുദ്രാവാക്യമാണ് ഇപ്പോഴും വിളിക്കുന്നത്. വെറും വിവാദം മാത്രമാവരുത് രാഷ്ട്രീയം.
ചെറുപ്പക്കാരോട് ഒന്നേ പറയാനുള്ളൂ.നിങ്ങൾ ഒരു രാഷ്ട്രീയപ്പാർട്ടിയിലും അംഗമാകണമെന്ന് നിർബന്ധമില്ല.പക്ഷേ രാഷ്ട്രീയ ബോധം വേണം. അത് പരിസ്ഥതി രാഷ്ട്രീയമോ ലൈംഗിക സമത്വത്തിനോ സ്ത്രീ സ്വാതന്ത്യ്രത്തിനോ ആവാം. മതത്തിന്റെ പേരിൽ ഒപ്പമുള്ളവനെ അകറ്റി നിർത്താത്ത മനുഷ്യനാവണം.
അഭിമുഖത്തിന്റെ പൂർണരൂപം ജൂൺ25– ജൂലൈ 8,2022 ലക്കം വനിതയിൽ