Wednesday 10 July 2019 05:17 PM IST

ഒഴിഞ്ഞ മദ്യക്കുപ്പിയിൽ നിന്ന് അപർണ സമ്പാദിക്കുന്നത് 40000 രൂപ! ‘കുപ്പി’യിൽ തെളിഞ്ഞത് അധ്വാനത്തിന്റെ തലവര

Binsha Muhammed

aparna

‘പഴയ കുപ്പ്യേയ്...പാട്ടേയ്...ബക്കറ്റേയ്...’ തൊണ്ട പൊട്ടുമാറ് ഉച്ചത്തിൽ വിളിച്ച ആക്രിക്കാരൻ വീട്ടുകാരിയെ കണ്ടപ്പോൾ പ്രതീക്ഷയോടെ ലോഡ് നിലത്തിറക്കി വച്ചു.

‘ചേട്ടാ കുപ്പിയെങ്ങനാ...റേറ്റ്’– ഒരു കോള് കിട്ടിയ സന്തോഷത്തിൽ റേറ്റ് പറഞ്ഞുറപ്പിക്കാൻ അയാൾ നിലത്ത് കുത്തിയിരുന്നു. മാന്യമായൊരു റേറ്റ് കച്ചോടം കബൂലാക്കാനിരുന്ന കക്ഷിയെ നോക്കി കഥാനായികയുടെ മറുചോദ്യം.

‘ചേട്ടാ കയ്യിലുള്ള പഴയ കുപ്പികൾ കൊടുക്കുന്നോ?’

ഇതെന്ത് കൂത്ത് വിളിച്ചു നിർത്തിയിട്ട് ആളെ കളിയാക്കിയതും പോരാഞ്ഞിട്ട് കുപ്പിയുണ്ടോ എന്നോ മട്ടിലായി ആക്രിക്കാരൻ. ഒടുക്കം പറഞ്ഞ പൈസക്ക് തന്റെ കയ്യിലെ കുപ്പി മുഴുവൻ വാങ്ങിച്ചെടുക്കും വരെ കക്ഷിയുടെ അമ്പരപ്പ് തുടർന്നു. എന്നെക്കാളും വലിയ ആക്രിക്കാരിയോ എന്ന് ആത്മഗതം മൊഴിഞ്ഞു കൊണ്ടാണ് അദ്ദേഹം അന്ന് കളം വിട്ടത്.

ബിഎഡും പഠിച്ച് വാധ്യാർ പണിക്ക് പോകേണ്ട കൊല്ലംകാരി കൊച്ച് പഴയ കുപ്പിയും പെറുക്കി ആക്രി കച്ചവടത്തിന് ഇറങ്ങുവാണോ? നാട്ടാരും കൂട്ടുകാരും ചോദിച്ച ആ ചോദ്യത്തിന് കരവിരുത് കൊണ്ട് മറുപടി പറഞ്ഞ അപർണയെന്ന കലാകാരിയുടെ കഥയാണ് ഇത്. കുടിച്ചതിനു ശേഷം വലിച്ചെറിയുന്ന മദ്യക്കുപ്പിയും, ആക്രിവിലയ്ക്ക് നൽകുന്ന ബോട്ടിലുകൾക്കും വരകളുടേയും വർണങ്ങളുടേയും മേമ്പൊടിയിൽ പുതുജീവൻ നൽകുന്ന കലാകാരിയുടെ കഥ! അലങ്കാര പ്രിയരും, ചങ്ങാതിമാരും ക്യുപ്പി എന്ന അപരനാമത്തിൽ വിളിക്കുന്ന അപർണ മനസു തുറക്കുകയാണ്, ‘വനിത ഓൺലൈൻ’ വായനക്കാർക്കു വേണ്ടി, കരവിരുതിനെ ‘കുപ്പിയിലാക്കിയ’ കഥ...

aparna-2

'കമിഴ്ത്തിപ്പിടിച്ച് നെഞ്ചിന്റെ പുറകിലായിട്ട് അഞ്ചാറു തട്ട് കിട്ടിയിരുന്നേല്‍ അവൻ ജീവിച്ച് പോയേനേ'; പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടർ പറയുന്നു!

രാക്ഷസ ട്യൂമർ എന്നെ വിഴുങ്ങും മുമ്പ് അത് ചെയ്യണം’; അപൂർവ രോഗവും പേറി ജീവിതം; കരീനയുടെ സ്വപ്നം ഇതാണ്

aparna-7
aparna-9

ആ മൂന്നാമതൊരാൾ മീനാക്ഷി! പ്രിയ സുഹൃത്തുക്കളുടെ ചിത്രം പങ്കുവച്ച് നമിത പ്രമോദ്

‘ആഹാരമുണ്ടാക്കലും മക്കളെ പെറ്റു വളർത്തലുമല്ല ജീവിതം എന്നവൾ തിരിച്ചറിയുന്നു, അതുകൊണ്ടാ എനിക്കെന്റെ മരുമോളെ പെരുത്തിഷ്ടം’! വൈറലായി ഗീത പുഷ്കരന്റെ കുറിപ്പ്

അമ്മക്കുട്ടിയാണ് ഞാൻ

aparna-4
aparna-1

ശങ്കരാടി ചേട്ടൻ പറയുന്ന മാതിരി ഇച്ചിരി ജൂവലറി മേക്കിങ്, ഇച്ചിരി ഫാബ്രിക് പെയിന്റിങ്, ഇച്ചിരി സാരി പെയിന്റിങ് ഇതൊക്കെ മാത്രമായിരുന്നു കൈവശമുണ്ടായിരുന്നത്. താത്പര്യമേറിയപ്പോൾ ഇടയ്ക്ക് ടെറാക്കോട്ട ജൂവലറി മേക്കിങ്ങിലും ഒരു കൈനോക്കി. എല്ലാം സ്വന്തം പ്രയത്നം കൊണ്ടും താത്പര്യം കൊണ്ടും പഠിച്ചൊപ്പിച്ചെടുത്തതാണ്. ഒറ്റക്കുട്ടിയാണ് ഞാൻ. വീട്ടിൽ ഒറ്റയ്ക്കിരുന്ന് ബോറടിക്കുമ്പോൾ ഇതൊക്കെ തന്നെയുള്ളൂ ഹോബീസ്. നേരമ്പോക്കിന് തുടങ്ങിയ ഇജ്ജാതി താത്പര്യങ്ങൾ അസ്ഥിക്ക് പിടിക്കാൻ വല്യ നേരമൊന്നും വേണ്ടി വന്നില്ല. കല്ലിലും പുല്ലിലും ചുള്ളിക്കമ്പിലുമൊക്കെ കരവിരുത് തീർക്കുന്ന ചെറ്യേ...കലാകാരിയായി ഞാൻ.

എല്ലാത്തിന്റേയും തുടക്കം അമ്മയിൽ നിന്നാണേ... പുള്ളിക്കാരിയാണ് എന്റെ മാസ്റ്റർ... വരപ്പും തയ്യലുമൊക്കെ അമ്മയുടെ ഡിപ്പാർട്മെന്റ് ആയിരുന്നു. വിത്തുഗുണമല്ലേ...അവിടുന്ന് കുറച്ച് ഇങ്ങോട്ടേക്കും പോന്നു. അമ്മ ഹെൽത്ത് ഡിപ്പാർട്മെന്റിലാണ് ജോലി നോക്കുന്നത്. അമ്മയ്ക്ക് ഞാനും എനിക്ക് അമ്മയും മാത്രമേയുള്ളൂ. അച്ഛൻ ഒപ്പമില്ല. 19 വർഷം മുമ്പ് അവർ ഡിവോഴ്സ് ആയി. ഞങ്ങളുടെ സന്തോഷവും താത്പര്യവും ഇഷ്ടവുമൊക്കെ ഇതു പോലുള്ള എക്സ്ട്രാ ആക്ടിവിറ്റീസിലാണ് – അപർണ പറ‍ഞ്ഞു തുടങ്ങുകയാണ്.

ഡീ കുപ്പി പെറുക്കീ...

aparna-5

ഡിഗ്രി മുതലാണ് ആ ‘വട്ട്’ തുടങ്ങിയത് പല ചന്തത്തിലുള്ള കുപ്പികൾ ശേഖരിക്കലായി പിന്നത്തെ ഹോബി. അന്ന് ഈ പെയിന്റിങ്ങ് ഐഡിയയൊന്നും മനസിലില്ല കേട്ടോ. ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ പുസ്തകങ്ങളേക്കാൾ ബാഗിൽ പൊന്തി നിൽക്കുന്നത് കുപ്പികളായിരിക്കും. പല സൈസിലും വലുപ്പത്തിലുമുള്ള കുപ്പികൾ. ഉള്ളത് പറയാല്ലോ...ചേട്ടൻമാർ ക്യൂ നിൽക്കുന്ന ബിവറേജിനു മുന്നിൽ നിന്നു വരെ കുപ്പി പെറുക്കിയെടുത്തിട്ടുണ്ട്. അന്ന് കൂട്ടുകാർ കുപ്പി പെറുക്കിയെന്നും, ആക്രിയെന്നുമൊക്കെ വിളിക്കുമ്പോള്‍ ചെറിയ വിഷമമൊക്കെ തോന്നിയിരുന്നു.

വീട്ടിലെ ചെറിയ സ്റ്റോർ റൂം നിറയാറായപ്പോഴാണ് ബുദ്ധിയുദിച്ചത്. ഇതൊക്കെ കൂട്ടിയിട്ടിട്ട് എന്ത് ചെയ്യാനാ എന്ന്. കയ്യിൽ പെയിന്റിങ്ങല്ലേ ഇരിക്കുന്നത് നിറങ്ങളും ഡിസൈനും കുന്ന് കൂടിക്കിടക്കുന്ന കുപ്പിയുടെ ദേഹത്ത് പരീക്ഷിച്ചാലോ എന്ന് ചിന്തിച്ചു. പെയിന്റും ബ്രഷുമായി അതിന്റെ പുറകേ പോയത് അങ്ങനെയാണ്. കുറേയൊക്കെ നെറ്റിലൊക്കെ സേർച്ച് ചെയ്ത് വിശദമായി പഠിച്ചു. പരീക്ഷണാർത്ഥം കുളിപ്പിച്ചു കുട്ടപ്പനാക്കിയ ഒരു കുപ്പിയും അതിലെ പെയിന്റിങ്ങും കണ്ടപ്പോഴാണ് സംഭവം വേറെ ലെവലാണെന്ന് തോന്നിയത്. എന്റെ കുപ്പി പരീക്ഷണ കഥകളുടെ തുടക്കം അവിടെ തുടങ്ങുന്നു.

aparna-10

ബോട്ടിൽ ഡിസൈനിങ്ങ് ബിഎ ബിഎഡ്!’

ബിഎഡ് പഠനത്തിനിടയിലാണ് സംഭവം സീരിയസായത്. പച്ചപിടിച്ച ആദ്യ പരീക്ഷണത്തിനു ശേഷം കുപ്പിയുമായി കുത്തിയിരിപ്പായി. പല ഡിസൈനുകൾ, നിറങ്ങൾ എല്ലാം മാറി മാറി പരീക്ഷിച്ചു. വീട്ടിലെത്തിയ അതിഥികളാണ് കുപ്പിയിലെ കരവിരുത് കണ്ട് ആദ്യം വിജൃംഭിച്ചു പോയത്. പറഞ്ഞവർ അറിഞ്ഞും അറിയാത്തവരെ ഈ ഞാൻ തന്നെ അറിയിച്ചും ആവശ്യക്കാർ വന്നു തുടങ്ങി. കുപ്പി (Quppi) എന്ന ഫെയ്സ്ബുക്ക് പേജ് വഴി സോഷ്യൽ മീഡിയയിലെത്തിയതോടെ സംഭവം കുറച്ചൂടി കളറായി. കുപ്പി പെറുക്കി എന്ന ചീത്തപ്പേര് പതിയെ പതിയെ മാറുന്ന നാളുകയായിരുന്നു. ആവശ്യക്കാർ ഏറിയതോടെ എന്റെ ജോലിയും കൂടിയെന്നു പറഞ്ഞാൽ മതിയല്ലോ. ബിഎഡ് പഠനവും കഴിഞ്ഞ് രാത്രി 10 മുതൽ രണ്ട് വരെ ഒരേ ഇരിപ്പിരുന്നാണ് കുപ്പി ഡിസൈനിങ്ങ്. ചിലപ്പോ ആ സമയവും താണ്ടി പോകാറുണ്ട്. കുപ്പികൾ ഉണങ്ങാനൊക്കെ ചിലപ്പോൾ നല്ല സമയം പിടിക്കാറുണ്ട്. ആ നേരം കണക്കാക്കി ചിലപ്പോൾ എഴുന്നേൽക്കേണ്ടിയും വന്നിട്ടുണ്ട്. എല്ലാം ഒരു സ്പോർട്സ്മാൻ സ്പിരിറ്റിൽ എടുക്കും. അതു കൊണ്ട് കഷ്ടപ്പാടാണെന്നൊന്നും തോന്നിയിട്ടില്ല. പിന്നെ എന്റെ കുപ്പി പ്രേമം കലശലാകുമ്പോൾ എനിക്ക് ഫുൾസ്റ്റോപ്പിടുന്നത് ബിഎഡ് ടീച്ചേഴ്സ് ആണ്. പഠിത്തത്തിൽ ഉഴപ്പരുതല്ലോ. ബിഎഡിന് ഇംഗ്ലീഷാണേ എന്റെ സബ്ജക്റ്റ്– അപര്‍ണ പറയുന്നു.

കാത്തിരിക്കുന്നു വമ്പൻ ഓഫറുകൾ

500 രൂപ മുതലാണ് ബോട്ടിൽ ആർട്ട് വർക്കുകളുടെ വിൽപ്പന ആരംഭിക്കുന്നത്. മാക്സിമം 1500–2000. ഒരു ഓൺലൈൻ വിപണന സൈറ്റിൽ നിന്നാണ് ആദ്യ ഓഫർ വന്നത്. നമ്പരും ചിത്രങ്ങളും കണ്ട് പലരും ഇപ്പോഴും വിളിക്കാറുണ്ട്. ഫെയ്സ്ബുക്ക് ഫൊട്ടോ കണ്ട് ഗൾഫിൽ നിന്നു വരെ ആവശ്യക്കാരെത്തുന്നുണ്ട്. ആവശ്യക്കാരുടെ ബന്ധുക്കൾ മുഖാന്തിരം കൈമാറുന്നതാണ് രീതി. ഓസ്ട്രേലിയയിലെ ഒരു ഒരു ട്രേഡ് ഏജൻസിയിൽ നിന്നു വന്നതാണ് വമ്പൻ ഓഫർ. Quppi എന്ന എന്റെ ട്രേഡ് മാർക്ക് ഇനിയും രജിസ്റ്റർ ചെയ്തിട്ടില്ല. ബിഎഡ് പഠനം കഴിഞ്ഞിട്ടു വേണം അതു ചെയ്യാൻ. അങ്ങനെ ചെയ്തതിനു ശേഷം ഈ ഓഫറുകളെല്ലാം സ്വീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇപ്പോൾ ഇതൊന്നുമില്ലാതെ തന്നെ അത്യാവശ്യം സെയിൽ ഉണ്ട്. ഒരു മാസം 40,000 രൂപ വരെ ഞാൻ സമ്പാദിച്ചിട്ടുണ്ട്. എല്ലാം ദൈവാനുഗ്രഹം.

വട്ടുള്ള ഒരാൾ വരട്ടെ

എന്റെ ഭാവിയും ഭൂതവും വർത്തമാനവുമൊക്കെ ഇതാണെന്നാണ് തോന്നുന്നത്. ഡിഗ്രിക്ക് പഠിക്കുമ്പോൾ ഒരു സീരിയസ് റിലേഷനുണ്ടായിരുന്നു എനിക്ക്. പുള്ളിക്കാരൻ എംബിഎയിലേക്ക് തിരിഞ്ഞ ടൈമിൽ ഞാനിങ്ങനെ കുപ്പിയും പാട്ടയുമൊക്കെ പെറുക്കി നടക്കുവാണ്. നാണക്കേടുള്ളതു കൊണ്ടായിരിക്കണം പുള്ളിക്കാരൻ എതിർത്തു. എനിക്കും ഈ പരിപാടികൾ വിടാൻ പറ്റില്ലായിരുന്നു. ഠിം! ആ റിലേഷൻ അതോടെ പോയി. പുള്ളിക്കാരൻ ഇപ്പോൾ അകലെയൊരിടത്തിരുന്ന് എന്നെ അഭിനന്ദിക്കാറുണ്ട് കേട്ടോ...ഞാൻ തെരഞ്ഞെടുത്ത വഴി തെറ്റിയിട്ടില്ലെന്ന് സാരം. പഴയ പോലെ സ്വപ്നങ്ങളും പ്രതീക്ഷകളൊന്നുമില്ല. എന്റെയീ വട്ട് അംഗീകരിക്കാൻ കഴിയുന്ന പിന്നെ അത്യാവശ്യം വട്ടുള്ള ഒരാൾ വരട്ടെ, ബാക്കി കഥ പിന്നെ. – ചില്ലുകുപ്പികളിൽ തീർത്ത പെയന്റിങ്ങുകളേക്കാൾ ഭംഗിയുണ്ട് അപർണയുടെ സ്വപ്നങ്ങൾക്ക്.

Tags:
  • Social Media Viral
  • Vanitha Exclusive