യൂട്യൂബ് നോക്കി പുതിയ കണ്ടുപിടിത്തങ്ങള്‍ നടത്താന്‍ വലിയ ആവേശമാണ് പതിനാലുകാരന്‍ അഭയിന്. സ്‌കൂളിലെ പഠനോത്സവത്തിന് ഹൈഡ്രോളിക് ക്രെയിന്‍ സ്വന്തമായി നിര്‍മിച്ച് കൂട്ടുകാരുടെ ഇടയില്‍ സ്റ്റാര്‍ ആയി ഒരിക്കല്‍. പതിവുപോലെ യൂട്യൂബില്‍ വിഡിയോസ് കണ്ടുകൊണ്ടിരിക്കുമ്പോഴാണ് എന്‍ജിനീയറിങ്ങിനു പഠിക്കുന്ന ഒരു ഏട്ടന്‍ സാനിറ്റൈസര്‍ ആയും ഉപയോഗിക്കാവുന്ന വാച്ചിനെക്കുറിച്ച് വിവരിക്കുന്നത് ശ്രദ്ധിച്ചത്. അതുപോലെ ഒന്നു ട്രൈ ചെയ്തു നോക്കിയാലോ എന്നു തോന്നി. അങ്ങനെ പേനയില്‍ പരീക്ഷണം തുടങ്ങി.
പേനയുടെ റീഫില്‍ കുറച്ചു ഭാഗം മുറിച്ചു മാറ്റി ഒരു ബ്ലോക് ഉറപ്പിച്ചു. അതിനു മീതെ സ്‌പ്രേ ട്യൂബും. പരീക്ഷണം സക്‌സസ് ആയതോടെ നിറഞ്ഞ ആത്മവിശ്വാസമായി.പേനയുടെ ഒരറ്റം എഴുതാനും മറ്റേ അറ്റം സാനിറ്റൈസര്‍ ട്യൂബ് ആയും ഉപയോഗിക്കാം. സാനിറ്റൈസര്‍ നിറച്ചാല്‍ 20 തവണ വരെ സ്‌പ്രേ ചെയ്യാം. തീരുമ്പോള്‍ വീണ്ടും നിറയ്ക്കുകയും ചെയ്യാം. ഓഫിസിലും സ്‌കൂളിലും പോകുമ്പോള്‍ സാനിറ്റൈസര്‍ പ്രത്യേകം കരുതേണ്ട എന്ന സൗകര്യമുണ്ട്.
സ്േ്രപ ട്യൂബ് മാത്രമാണ് ഇപ്പോള്‍ ചെറിയൊരു പ്രശ്‌നമായി തോന്നുന്നത്. ലോക്ഡൗണ്‍ ആയതുകൊണ്ട് വീട്ടില്‍ കിട്ടിയ സ്‌പ്രേ ട്യൂബ് ഒക്കെ വച്ച് തല്‍ക്കാലം അഡ്ജസ്റ്റ് ചെയ്തിരിക്കുകയാണ്. കുറച്ചുകൂടി നല്ല ബ്ലോക്കും സ്േ്രപ ട്യൂബും വാങ്ങാന്‍ കഴിഞ്ഞാല്‍ കുറച്ചുകൂടി ക്വാളിറ്റിയുള്ള പെന്‍ സാനിറ്റൈസര്‍ തയാറാക്കാമെന്ന് അഭയ് പറയുന്നു. പെന്‍ സാനിറ്റൈസര്‍ എന്ന ആശയം മനസ്സില്‍ വന്നെങ്കിലും അതിലെങ്ങനെ സാനിറ്റൈസര്‍ നിറയ്ക്കും എന്നൊരു സംശയം ഉണ്ടായിരുന്നു. റീഫില്‍ അല്‍പം മുറിച്ചു കളഞ്ഞാല്‍ മതി എന്ന ഐഡിയ കൊടുത്തത് പരീക്ഷണത്തില്‍ അസിസ്റ്റന്റ് ആയി കൂടെ നിന്ന അനിയത്തി ആര്‍ദ്രയാണ്.
അഭയിന്റെ പുതിയ കണ്ടുപിടിത്തം അറിഞ്ഞതോടെ കൂട്ടുകാരെല്ലാം പെന്‍ സാനിറ്റൈസറിന് ഓര്‍ഡര്‍ കൊടുത്തു കഴിഞ്ഞു. സ്‌കൂള്‍ തുറന്നു പോകുമ്പോള്‍ പെന്‍ സാനിറ്റൈസറുമായി എത്താം എന്ന് എല്ലാവര്‍ക്കും വാക്കു കൊടുത്തിട്ടുണ്ട്. ആവശ്യപ്പെട്ടാല്‍ അവര്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന പേനയെ പെന്‍ സാനിറ്റൈസറാക്കി മാറ്റിക്കൊടുക്കുകയും ചെയ്യും.വിദ്യാര്‍ഥികളില്‍ സാനിറ്റൈസിങ്ങും വൃത്തിയും ശീലമാക്കി മാറ്റുകയും പകര്‍ച്ചവ്യാധികള്‍ കഴിയുന്നതും തടയുകയുമാണ് ഇതിലൂടെ അഭയ് ഉദ്ദേശിക്കുന്നത്. വിദ്യാഭ്യാസവകുപ്പിന്റെ പ്രോജക്റ്റില്‍ തന്റെ ആശയവും ഉള്‍പ്പെടുത്തണമെന്ന് അധികൃതരോട് അപേക്ഷിക്കുന്ന കാര്യം അഭയ് ആലോചിക്കുന്നുണ്ട്.

കൂറ്റനാട് വട്ടേനാട് എച്ച് എസ് എസിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് അഭയ്. ആര്‍ദ്ര അഞ്ചാം ക്ലാസിലും. പാലക്കാട് തൃത്താല ആലൂര്‍ കാര്‍ത്തികയില്‍ ടാക്‌സ് പ്രാക്ടീഷണര്‍ ആയ വി വി ഹരിദാസിന്റെയും ക്ഷേമയുടെയും മക്കളാണ് അഭയും ആര്‍ദ്രയും.