Wednesday 27 May 2020 04:18 PM IST

അന്ന് അമ്മാവൻ പറഞ്ഞു, ‘പയ്യന്റെ പെങ്ങൾക്ക് കൊടുത്തത് 101 പവനാണ്!’ അവിടെ തീർന്നു, ആ ആലോചന

Binsha Muhammed

img1

‘അപ്പോ...ഇനി കാര്യങ്ങളിലേക്ക് കടക്കാം... നിങ്ങളുടെ കുട്ടിക്ക് എന്തു കൊടുക്കും!’

അതു വരെ തമാശ പറഞ്ഞും, കളിച്ചും ചിരിച്ചും പൊയ്ക്കൊണ്ടിരിക്കുന്ന കല്യാണ ചർച്ചകൾക്ക് നടുവിലേക്ക് ഇടിത്തീപോലായിരിക്കും ആ ഡയലോഗ് വന്നു വീഴുന്നത്. പെണ്ണൊരുത്തിയെ മരുമകളായി ഏറ്റെടുക്കുന്നു എന്ന ‘മഹാകാര്യത്തിന്’ പകരം ചോദിക്കുന്ന കച്ചവട കാശ്! നിശബ്ദതയെ കീറിമുറിക്കുന്ന കാരണവൻമാരുടെ ഡയലോഗ് കേൾക്കുമ്പോഴേ അച്ഛനും അമ്മയും തളർന്നിരിപ്പുണ്ടാകും. മുകളിലാകാശവും താഴെ പെൺമക്കളും മാത്രം കൈമുതലായുള്ള പാവംപിടിച്ച അച്ഛൻമാർ എന്തു ചെയ്യുമെന്നറിയാതെ ചങ്കുപിടഞ്ഞിരിക്കും. പക്ഷേ എന്തു ചെയ്യാം... കടം വാങ്ങിയും വട്ടിപ്പലിശയ്ക്കെടുത്തും മകളെ പറഞ്ഞയക്കാൻ കാത്തിരിക്കുന്ന അച്ഛനമ്മമാർ ഭാവിയെ കരുതി ചെക്കന്റെ കൂട്ടരുടെ ഡിമാൻഡിന് തലയാട്ടും, അതാണ് നാട്ടു നടപ്പ്! കഥയവിടെ തീരില്ല, സ്ത്രീധനത്തിലോ അളന്നു നൽകുന്ന പണത്തിലോ അണമുറി കുറഞ്ഞാൽ ബാക്കിയെല്ലാം പെണ്ണിന്റെ തലയിലാണ്. വീടിനു വിളക്കാകേണ്ട മരുമകൾ അന്നുമുതൽ ഭർതൃവീടിന്റെ ശാപമാകും... ഇതും മറ്റൊരു നാട്ടുനടപ്പ്.

പൊന്നിൽ കുളിപ്പിച്ച് കതിർമണ്ഡപത്തിലേക്ക് നടന്നു കയറിയ ഉത്രയെന്ന പാവം പെണ്ണ് പണത്തിന്റെ പേരിൽ വിഷം തീണ്ടി മരണപ്പെടുമ്പോൾ മേൽപ്പറഞ്ഞ നാട്ടുനടപ്പുകളും ചോദ്യചിഹ്നമാകുകയാണ്. സ്ത്രീയാണ് ധനമെന്ന് വലിയ വായിൽ പറയുമ്പോഴും മറുവശത്ത് ഇതൊക്കെയാണ് പതിവ് എന്ന് വലിയ വായിൽ പറയുന്ന കാരണവൻമാരും, കച്ചവടം പറഞ്ഞുറപ്പിക്കുന്ന ദല്ലാൾമാരും നാടിന് അപമാനമായി ഇവിടെയൊക്കെ ഞെളിഞ്ഞു നടപ്പുണ്ട്. നാട് മാറിയാലും കല്യാണ കമ്പോളത്തിലെ നാട്ടു നടപ്പ് മാറില്ലെന്ന് പ്രഖ്യാപിക്കുന്ന പ്രമാണിമാരുടെ ഈ ലോകത്ത് വനിത ഓൺലൈൻ പെണ്ണാണ് പൊന്ന് എന്ന പേരില്‍ വേറിട്ടൊരു ഹാഷ്ടാഗ് ക്യാമ്പയിൻ (#pennanu_ponnu) മുന്നോട്ട് വയ്ക്കുകയാണ്. സ്ത്രീധനം നയാപ്പൈസ വാങ്ങാതെ അന്തസായി ഭാര്യയെ നോക്കുന്ന ഭർത്താവാണോ നിങ്ങൾ? പെണ്ണിന്റെ ബാങ്ക് ബാലൻസിലും ഭൂസ്വത്തുക്കളിലും കണ്ണുവയ്ക്കാത്ത ഭർത്താവിന്റെ സ്നേഹമുള്ള ഭാര്യയാണോ നിങ്ങൾ എങ്കിൽ നിങ്ങളുടെ ജീവിത വിജയഗാഥ ഞങ്ങളുമായി പങ്കുവയ്ക്കൂ. ...എന്ന പേരിൽ വനിത ഓൺലൈൻ പങ്കുവയ്ക്കുന്ന ഈ ജീവിത കഥയിൽ ആദ്യമായി കൈകോർക്കുന്നത് തൃശൂർ സ്വദേശിയായ രേവതിയാണ്.

img2

101 പവൻ വിട്ടൊരു കളിയില്ല

പൊടിപിടിച്ചതും പഴകിയതുമായ കുറേ ആചാരങ്ങളുണ്ട്. അതെല്ലാം തെറ്റാണെന്നും, പല കുടുംബങ്ങളുടേയും വേരിളക്കുമെന്നും പലർക്കും അറിയാം. പക്ഷേ, ഈ ലോകത്തെ താങ്ങി നിർത്തുന്നത് ഇങ്ങനെ ചില നാട്ടുനടപ്പുകളാണെന്നാണ് പല അമ്മാവൻമാരുടേയും ധാരണ. എന്തു ചെയ്യാം നാടു നന്നായാലും. നാട്ടുനടപ്പുകൾ ഇളക്കം തട്ടാതെ നിൽക്കും. എന്റെ വിവാഹാലോചനകളിലുമുണ്ട് അങ്ങനെയൊരു കഥ– രേവതി രൂപേഷ് പറഞ്ഞു തുടങ്ങുകയാണ്.

ബിസിഎ പഠനം കഴിയുന്നതോടെയാണ് വിവാഹാലോചനകൾ തകൃതിതായി നടക്കുന്നത്. ഭാരിച്ച ആ ഉത്തരവാദിത്തം അച്ഛൻ അശോകൻ തന്നെ ഏറ്റെടുത്തു. അത്യാവശ്യം പൊക്കമുള്ളതു കൊണ്ടു തന്നെ പൊക്കക്കാരനായ ഒരു ചെക്കനെ കിട്ടിയാൽ തരക്കേടില്ല എന്ന നിലപാടിലായിരുന്നു ഞാൻ. അങ്ങനെയിരിക്കേ... എഞ്ചിനീയറായ ഒരു പുള്ളിക്കാരൻ വന്നു. കണ്ടു...സംസാരിച്ചു...പരസ്പരം ഇഷ്ടപ്പെട്ടു. നാട്ടുനടപ്പനുസരിച്ചുള്ള വീട്ടുകാരുടെ ഔദ്യോഗിക സന്ദർശനങ്ങൾ വരെയെത്തി കാര്യങ്ങൾ. ഇതിനിടയ്ക്കെപ്പോഴോ നടന്ന ‘സിറ്റിംഗിൽ’ ആണ് ചെക്കന്റെ അമ്മാവൻ ആ വിഷയം അങ്ങ് അവതരിപ്പിപ്പിച്ചത്.

ചെക്കന്റെ സഹോദരിക്ക് 101 പവൻ ആണ് കൊടുത്തതത്രേ. അപ്പോ എന്റെ അച്ഛനും അതനുസരിച്ച് എത്രയാന്നു വച്ചാൽ കണ്ടറിഞ്ഞ് ചെയ്യണം പോലും. 101ൽ അരിമണി തൂക്കം പോലും കുറയരുതെന്നാണ് അമ്മാവന്‍ പറഞ്ഞതിന്റെ ധ്വനി. കണ്ടു... ഇഷ്ടപ്പെട്ടു. വിവാഹത്തിന് മനസു കൊണ്ട് ഒരുങ്ങി. അതിനിടയിലായിരുന്നു ഇങ്ങനൊരു ഏടാകൂടം. സത്യം പറഞ്ഞാൽ എന്റെ അച്ഛൻ സാധാരണ ഒരു സർക്കാർ ഉദ്യോഗസ്ഥനാണ്. അദ്ദേഹത്തിന് കഴിയുന്നതിന്റെ മാക്സിമം സ്വർണമായും അല്ലാതെയും കരുതി വച്ചിരുന്നു. അതിനിടയിലാണ് ഇങ്ങനൊരു ചോദ്യം വന്നു വീണത്. അതൊരു വലിയ ഇൻസൾട്ടായി അച്ഛനു തോന്നി. അച്ഛന്റെ മനസറിയുന്ന ഞാനും ആ സാഹചര്യം മനസിലാക്കി. കൂടുതലൊന്നും ആലോചിക്കാൻ നിന്നില്ല, സ്നേഹബന്ധത്തിന് സ്വർണത്തിന്റെ വിലയിട്ട ആ വിവാഹാലോചന വേണ്ടെന്നു വച്ചു.

ലൈഫ് ഈസ് ബ്യൂട്ടിഫുൾ

രൂപേഷേട്ടന്റെ വിവാഹാലോചന വന്നത് മേൽപ്പറഞ്ഞ ആലോചനയുടെ ഹാംഗ് ഓവർ കഴിയും മുമ്പാണ്. ആദ്യ അനുഭവം ഉള്ളതു കൊണ്ടു തന്നെ വല്യ ഡിമാന്റുകാരെ അടുപ്പിക്കില്ല എന്ന് കട്ടയ്ക്ക് കട്ടയ്ക്ക് തീരുമാനം എടുത്തു. ഭാഗ്യത്തിന് രൂപേഷേട്ടന്റെ വീട്ടുകാർ ഇട്ടുമൂടാനുള്ള സ്വർണം ചോദിച്ചില്ല എന്നു മാത്രമല്ല, അവർക്ക് എന്നെ ഇഷ്ടമാകുകയും ചെയ്തു. എത്രയൊക്കെ ആണെങ്കിലും അച്ഛൻ എനിക്കായി കണ്ടും കരുതിയും വച്ചിരുന്ന സ്വർണം അത്രയും തന്നു. അതിനെ പണത്തൂക്കം എന്നതിനപ്പുറം അച്ഛന്റെ സ്നേഹമായി ഞാൻ കാണുന്നു. ഈ നിമിഷം വരെയും രൂപേഷേട്ടനോ കുടുംബമോ ഞങ്ങൾ നൽകിയ സ്വർണത്തിന്റെ കണക്ക് ചോദിച്ചിട്ടില്ല. അതിന്റെ പേരിൽ ഒരു കുത്തുവാക്കു പോലും ഞാന്‍ കേട്ടിട്ടില്ല. അച്ഛന്‍ നൽകിയ സ്വർണം പ്രോപ്പർട്ടി വാങ്ങാനായി എടുക്കുന്നു എന്ന് പറഞ്ഞപ്പോൾ യുക്തിപൂർവം ചെലവഴിക്കണേ മോളേ... എന്ന ഉപദേശം മാത്രമായിരുന്നു നൽകിയത്. അവിടെയും ഞങ്ങളുടെ സ്വാതന്ത്ര്യത്തിനാണ് വില നൽകിയത്. എന്തായാലും സ്ത്രീധന പീഡനങ്ങൾ പെരുകുന്ന കാലത്ത് ഞാനും എന്റെ കുടുംബവും ഹാപ്പിയാണ്. രൂപേഷേട്ടന് ആലപ്പുഴ കയർ ബോർഡിലാണ് ജോലി. മകൾ വൈശാഖിക്ക് 10 വയസാകുന്നു.– രേവതി പറഞ്ഞു നിർത്തി.