ലോക്ക് ഡൗൺ നിയമങ്ങൾ ലംഘിച്ചു യാത്ര ചെയ്യരുത് എന്ന് പറഞ്ഞിട്ടും കൂസലില്ലാതെ ആളുകൾ ഇറങ്ങി നടന്നതോടെയാണ് പോലീസ് നിലപാട് കടുപ്പിച്ചത്. അതോടെ പൊലീസ് ജനങ്ങളോട് മര്യാദ പാലിക്കുന്നില്ല എന്നായി. മുഖ്യമന്ത്രിയും പോലീസ് മാന്യമായി ഇടപെടണം എന്നു പ്രഖ്യാപിച്ചതോടെ പോലീസിന് സമ്മർദം ഏറി.
അറസ്റ്റും വാഹനം പിടിച്ചെടുക്കലും തകൃതിയായി നടക്കുമ്പോഴും വാഹനവുമായി പുറത്ത് ഇറങ്ങുന്നവർ ഉണ്ട്.അത്യാവശ്യത്തിന് എന്നു പറഞ്ഞാണ് പലരും പുറത്തിറങ്ങുന്നത്. 'നിങ്ങളുടെ അനാവശ്യം ഞങ്ങൾക്ക് അത്യാവശ്യമാണ് സാർ...' എന്ന മട്ടാണ് പലർക്കും.
വിരട്ടലിനെയും അറസ്റ്റിനെയും പേടി ഇല്ലാത്തവർക്കും പരീക്ഷയെ പേടി ഉണ്ട് എന്നാണ് പോലീസിന്റെ പുതിയ കണ്ടെത്തൽ. മലപ്പുറത്തു കറങ്ങി നടക്കുന്ന, കൊണ്ടോട്ടി സ്റ്റേഷൻ പരിധിയിൽ നടന്ന രസകരമായ ദൃശ്യത്തിന്റെ വീഡിയോ കാണൂ..മരുന്ന് വാങ്ങാൻ ആണ് പയ്യൻ പുറത്ത് ഇറങ്ങിയതെങ്കിലും അഞ്ചു മണിക്ക് ശേഷം പുറത്ത് ഇറങ്ങിയതിനാലാണ് കൊണ്ടോട്ടി സ്റ്റേഷൻ എസ് ഐ വിനോദിന് കോവിഡ് പരീക്ഷാ ടെക്‌നിക്ക് പുറത്തെടുക്കേണ്ടി വന്നത്. പറഞ്ഞ കാര്യം സത്യസന്ധമായതിനാൽ പരീക്ഷയിൽ പാസ്സ് മാർക്ക് നൽകി പോലീസ് പയ്യനെ തിരികെ അയച്ചു.
പക്ഷേ, സത്യവാങ്മൂലം കയ്യിൽ കരുതയില്ലെങ്കിലും അതിൽ പറഞ്ഞിരിക്കുന്ന കാരണം സത്യസന്ധമല്ലെങ്കിലും പരീക്ഷയ്ക്ക് പുറമേ അറസ്റ്റ് ഉറപ്പാണ്.ഏതായാലും കോവിഡ് പരീക്ഷാ ടെക്‌നിക്ക് പ്രയോഗിച്ചു തുടങ്ങിയതോടെ നല്ല മാറ്റം ഉണ്ടെന്നാണ് എസ് ഐ വിനോദ് വലിയാട്ടൂർ പ്രതികരിച്ചത്.