Tuesday 30 July 2019 06:47 PM IST

അലക്കുകല്ലും ന്യൂജെൻ ആയി, വിളിച്ചാൽ വിളിപ്പുറത്തെത്തും! വാഷിങ് മെഷീൻ വേണ്ടാത്തവർക്ക് ഇതാ പോർട്ടബിൾ വാഷിങ് സ്‌റ്റോൺ

Binsha Muhammed

washing-

‘അതിര് അടച്ചു കെട്ടിയ ഇത്തിരി ഭൂമിയിൽ അലക്കു കല്ലോ? നടക്കുന്ന കാര്യം വല്ലതും പറയാശാനേ...’ അണുകുടുംബങ്ങളിലേക്ക് ചുരുങ്ങിയ ശരാശരി മലയാളി നേരിട്ട പ്രതിസന്ധിയായിരുന്നു തൃശൂർ സ്വദേശിയായ ഷിജുവിന്റെ കുടുംബവും നേരിട്ടത്. രണ്ടര സെന്റ് വസ്തുവില്‍ ഞെങ്ങി ഞെരുങ്ങിയിരിക്കുന്നൊരു വീട്. അലക്കാൻ പോയിട്ട് സ്വസ്ഥമായൊന്നു കുളിക്കണമെങ്കിൽ പോലും നന്നേ കഷ്ടപ്പെടണം. വീട്ടുകാർ പരാതിക്കെട്ടഴിച്ചപ്പോൾ നിൽക്കക്കള്ളിയില്ലാതെയാണ് തൃശ്ശൂർ ചിറയ്ക്കൽ സ്വദേശിയായ ഷിജു ആ പരീക്ഷണത്തിനൊരുങ്ങിയത്. സ്ഥലപരിമിതി അനുസരിച്ച് എടുത്തുമാറ്റാൻ കഴിയുന്നൊരു പോർട്ടബിൾ അലക്കു കല്ല്!

പഴമക്കാരായ വീട്ടുകാരോടും പണിയറിയുന്ന കൂട്ടുകാരോടും ആശയം പങ്കുവച്ചപ്പോൾ കളിയാക്കലായിരുന്നു മറുപടി. ‘ആകെയറിയാവുന്ന പ്ലംബിംഗും സ്ലാബ് വർക്കും അങ്ങ് ചെയ്താൽ പോരേ...എന്തിനാ പേരുദോഷം കേൾക്കുന്നത്’ എന്നായിരുന്നു പരിഹാസം. പക്ഷേ പുള്ളിക്കാരൻ അത്രവേഗമങ്ങനെ തോറ്റു പിൻമാറിയില്ല. വീട്ടുകാരെ തൃപ്തരാക്കാൻ കയ്യിൽ കിട്ടിയ ആയുധങ്ങളുമായി പണിപ്പുരയിലേക്ക്. കോൺക്രീറ്റും സാധാരണ അമ്മിക്കലും ഉപയോഗിച്ച് ആദ്യ പരീക്ഷണം. വാഷിങ് മെഷീൻ ദഹിക്കാത്ത മലയാളിയുടെ ‘തുണി അലക്കലിൽ’ വിപ്ലവം സൃഷ്ടിച്ച വലിയൊരു സംഭവത്തിന്റെ തുടക്കം മാത്രമായിരുന്നു അത്. പിന്നെക്കണ്ടത് വിപണി അടക്കിവാണ പോര്‍ട്ടബിൾ വാഷിങ് സ്റ്റോൺ വിപ്ലവം. വീടിന്റെ പിന്നാമ്പുറത്തു നിന്നും അറ്റാച്ച്ഡ് ബാത്ത്റൂമിലേക്ക് നടന്നു കയറിയ പോര്‍ട്ടബിൾ വാഷിങ് സ്റ്റോണിനെക്കുറിച്ച് ‘വനിത ഓണ്‍ലൈൻ’ വായനക്കാരോടു വിശദമാക്കുകയാണ് ഷിജു കെവി.

ws9

കോൺക്രീറ്റിൽ ആദ്യ പരീക്ഷണം

അലക്കു കല്ലു വേണമെന്ന അടിയന്തര ആവശ്യവുമായി ഭാര്യ സുനന്ദയാണ് മുന്നിട്ടിറങ്ങുന്നത്. വീട്ടുകാരിയുടെ ‘സങ്കീർണമായ ആ പ്രശ്നത്തിന്’ പരിഹാരം തേടിയിറങ്ങിയതാണ്. അതിങ്ങനെ ഒരു ഐഡിയ തലയിൽ കത്തിക്കുമെന്ന് കരുതിയതേയില്ല. അല്ലെങ്കിലും വീട് നന്നാക്കിയിട്ടാണല്ലോ പലരും നാട്ടിലേക്കിറങ്ങിയത്.–ഷിജു പറഞ്ഞു തുടങ്ങുകയാണ്.

ws-3

തുണി അലക്കാൻ സ്ഥിരമായൊരു അലക്കു കല്ല്. എന്നാൽ അത് ആവശ്യാനുസരണം മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കണം. അതാണ് മുന്നിലുള്ള ആശയം. കോൺക്രീറ്റും കല്ലുമായി പണിക്കിറങ്ങി. വീട്ടുകാർക്കു വേണ്ടി ആദ്യം പണിഞ്ഞു നൽകിയ കോൺക്രീറ്റ് അലക്കു കല്ലിൽ നിന്നാണ് ഇന്നീ കാണുന്ന സംഭവങ്ങളുടെ തുടക്കം. അലക്കു കല്ലിന്റെ കാര്യത്തിൽ വീട്ടുകാർ ഹാപ്പിയായപ്പോൾ ആ ഹാപ്പിനെസിന്റെ കഥയന്വേഷിച്ച് നിരവധി പേരെത്തി. വീട്ടിലെ വർക് കണ്ട് നിരവധി പേർ അന്വേഷിച്ചെത്തി. പലർക്കും ആദ്യം വിശ്വസിക്കാൻ പ്രയാസമായിരുന്നു.

ws-4

എങ്ങോട്ടു വേണമെങ്കിലും ചലിപ്പിക്കാവുന്ന സാധനമായി അലക്കു കല്ല് മാറിയെന്ന് നേരിട്ടറിഞ്ഞപ്പോൾ പലരുടേയും താത്പര്യം ഇരട്ടിച്ചു. മോശമല്ലാത്ത രീതിയിൽ എനിക്ക് ഓർഡറുകളും കിട്ടിത്തുടങ്ങി. അങ്ങനെയാണ് ഇതൊരു ബിസിനസ് മാതൃകയാക്കി മാറ്റാം എന്ന ഐഡിയ വരുന്നത്. പക്ഷേ ആദ്യ പരീക്ഷണം എന്നതിന്റെ എല്ലാ പോരായ്മകളും കോൺക്രീറ്റ് വാഷിങ്ങ് സ്റ്റോണിനുണ്ടായിരുന്നു. ഭാരം കൂടുതലായിപ്പോയി എന്നതായിരുന്നു കോൺക്രീറ്റ് വാഷിങ്ങ് സ്റ്റോൺ നേരിട്ട പ്രധാന പരാതി.

ws-1

അലക്കു കല്ല് രൂപം മാറുന്നു

ഭാരം കൂടുതലെന്ന പരാതി പുതിയൊരു പരീക്ഷണത്തിലാണ് ചെന്നു നിന്നത്. കോൺക്രീറ്റിനു പകരം സ്റ്റീലും ടൈലും ഉപയോഗിച്ച് നിർമ്മിച്ചപ്പോൾ ഭാരക്കൂടുതൽ എന്ന പരാതി മാറിക്കിട്ടി. സൈഡ് പോർഷനിൽ ടൈലും മുകളിൽ സ്റ്റീലും മുകളിൽ നമ്മുടെ അലക്കു കല്ലിന്റെ സ്റ്റോണും ഇതായിരുന്നു നിർമ്മാണ രീതി. മാത്രമല്ല സ്റ്റൈലിഷായി രൂപകൽപ്പന ചെയ്യാമെന്നതും പുതിയ അലക്കു കല്ലിന് ഗുണകരമായി. വീട്ടിലും പുറത്തും ഒരു പോലെ ഇൻസ്റ്റാൾ ചെയ്യാമെന്നു കൂടിയായപ്പോൾ ആവശ്യക്കാരേറെയായി. ഇന്ന് ഒരു യൂണിറ്റിനു കീഴിൽ ഓർഡർ അനുസരിച്ച് ആവശ്യക്കാരിലേക്ക് എത്തിക്കുന്ന ചെറുകിട ബിസിനസായി ഈ പോർട്ടബിൾ വാഷിങ്ങ് സ്റ്റോൺ മാറിയിരിക്കുകയാണ്.

ws-5

വില തുച്ഛം

1000 രൂപയിൽ തുടങ്ങി 2500രൂപ വരെയുള്ള ബഡ്ജറ്റ് റേഞ്ചിൽ പോർട്ടബിൾ അലക്കു കല്ല് സ്വന്തമാക്കാവുന്നതാണ്. 30 സെന്റീമീറ്റർ നീളവും 40 സെന്റീമീറ്റർ വീതിയുമാണ് ശരാശരി അളവ്. അളവും ഡിസൈനും ഏറുന്നതിനനുസരിച്ച് വിലയും കൂടും. ഉപഭോക്താക്കൾ ഡിമാൻഡ് ചെയ്യുന്ന ഉയരത്തിൽ ഇത് നിർമ്മിച്ചെടുക്കാവുന്നതാണ്. പ്രായമായവരെ ബാത്തറ്മിൽ ഇരുത്തി കുളിപ്പിക്കാനും ഈ വാഷിങ് സ്റ്റോൺ ഉപയോഗിക്കാം. കുട്ടികൾ തള്ളി മറിച്ചിടുമെന്ന പേടിയും വേണ്ട. മറിഞ്ഞു വീഴാത്ത തരത്തിൽ സുരക്ഷിതമായാണ് ഇതിന്റെ ഇരിപ്പ്.

ws-11 ഷിജു കെവി ഭാര്യ സുനന്ദ മക്കൾ ശിവ, ശിഖ എന്നിവരോടൊപ്പം