Thursday 07 May 2020 04:37 PM IST

ലോക് ഡൗണ്‍ കാലത്ത് ചക്കദാനം നല്‍കിയ മഹാന്‍! വൈറലായ ചക്ക കഥ പങ്കുവച്ച് പ്രകാശ് ബാബു

Binsha Muhammed

chakka

'ലോക് ഡൗണ്‍ കാലത്ത് മലയാളി മറ്റാരേക്കാളും പ്രണയിച്ചത് ചക്കയെ ആയിരിക്കും.' സോഷ്യല്‍ മീഡിയയില്‍ ആരോ അലസമായി കുറിച്ചിട്ട കമന്റാണെങ്കിലും സംഗതി അക്ഷരംപ്രതി ശരിയാണ്. വാഴയും മാവുമാണ് പ്രിയപ്പെട്ടതെന്ന് പ്രഖ്യാപിച്ചവരുടെ മനസില്‍ രുചിയുടെ മൊഹബ്ബത്ത് വിളമ്പാന്‍ പ്ലാവെന്ന മരത്തിനായി എന്നതാണ് സത്യം. ആ ബോധോദയം മലയാളിക്ക് ഉണ്ടായതോ ലോക് ഡൗണ്‍ കാലത്തും. ചക്കക്കുരു ഷേക്ക് മുതല്‍ പ്ലാവില ബജി വരെ നീളുന്ന വിഭവങ്ങള്‍ ആ വാക്കുകളെ അടിവരയിടും. .അങ്ങനെയിരിക്കേ... ചക്കയ്ക്ക് പൊന്നും വിലയുള്ള ലോക് ഡൗണ്‍ കാലത്ത് ഒരു മനുഷ്യന്‍ ചക്ക ഫ്രീയായി കൊടുത്താലോ?  ചോദ്യം കേട്ട് നെറ്റി ചുളിക്കേണ്ടതില്ല, സ്വന്തം വീട്ടുമുറ്റത്ത് ചക്ക നിരത്തിയിട്ട് അത് ആവശ്യക്കാര്‍ക്ക് എടുക്കാമെന്ന ബോര്‍ഡും വച്ചു ഒരു മനുഷ്യന്‍. ചക്കയും...ചക്ക അളവില്ലാതെ ദാനം ചെയ്ത ആ മനുഷ്യനും സോഷ്യല്‍ മീഡിയ കീഴടക്കുന്ന കാഴ്ചയാണ് പിന്നെ കണ്ടത്. നന്മയുള്ള ആ മനസിനെ സോഷ്യല്‍ മീഡിയ തിരയുമ്പോള്‍ ആ ചക്കക്കഥയിലെ നായകനെ വനിത ഓണ്‍ലൈന്‍  ഇതാ പരിചയപ്പെടുത്തുകയാണ്. തൃശൂര്‍ പുതുക്കാട് സ്വദേശിയായ പ്രകാശ് ബാബുവാണ് ആ വൈറല്‍ ചക്കക്കഥയിലെ നായകന്‍. ചക്കദാനം മഹാദാനമെന്ന് ലോക് ഡൗണ്‍ കാലത്ത് തെളിയിച്ച പ്രകാശ് മനസു തുറക്കുന്നു...ആ വൈറല്‍വിശേഷത്തെക്കുറിച്ച്...

ചക്കദാനം മഹാദാനം

ലോക് ഡൗണ്‍കാലത്ത് ചക്കയ്ക്ക് ഡിമാന്റേറിയിട്ടുണ്ട് എന്നറിയാം. ചക്ക വച്ച് മലയാളി ഇനി ഒന്നും ഉണ്ടാക്കാനും ബാക്കിയില്ല എന്ന് അതിലും നന്നായി അറിയാം. അത് മനസിലാക്കിയതു കൊണ്ട് മാത്രമല്ല ഈ ചക്ക ദാനം. വീട്ടു പറമ്പില്‍ വെറുതേ വീണു പാഴാവുന്ന ചക്ക ഒരു വയറിനെങ്കിലും ആഹാരമാകട്ടേ എന്ന് കരുതിയാണ് അങ്ങനെയൊരു ബോര്‍ഡ് വച്ചത്- പ്രകാശ് പറയുന്നു. 

പുതുക്കാട്ടെ വീട്ടിലു പറമ്പിലും ധാരാളം ചക്കയുണ്ട്. മലയാളി ചക്കയെ പ്രണയിക്കുന്ന കാലത്തും അത് വെറുതെ തറയില്‍ വീണ് പാഴായി പോകുന്നു എന്ന് കണ്ടപ്പോള്‍ വിഷമം തോന്നി. അയല്‍പക്കത്തുള്ളവര്‍ക്ക് കൊടുക്കാം എന്നു വച്ചാല്‍  ഇന്നാട്ടുകാരും ചക്കയും പ്ലാവും കൊണ്ട് സമ്പന്നരാണ്. അങ്ങനെയിരിക്കേയാണ് ആവശ്യക്കാര്‍ക്ക് എടുക്കാന്‍ പാകത്തില്‍ ബോര്‍ഡ് വച്ചത്. 'സ്വാദിഷ്ഠമായ തേന്‍വരിക്ക താമരചക്ക ഈ ഗേറ്റിന് പുറകില്‍ വച്ചിട്ടുണ്ട്. ആവശ്യക്കാര്‍ക്ക് അനുവാദം കൂടാതെ ഒന്ന് വീതം കൊണ്ട് പോകാവുന്നതാണ്' എന്നായിരുന്നു ബോര്‍ഡ്. ചക്ക കിടക്കുന്നതു കണ്ടാല്‍ ചിലപ്പോള്‍ അത് വില്‍പ്പനയ്ക്കുള്ളതാണെന്ന് പലരും തെറ്റിദ്ധരിക്കും. അതാണ് ചക്കയ്‌ക്കൊപ്പം ബോര്‍ഡും വച്ചത്. പിന്നെ ഈ ചക്കക്കഥ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ പോസ്റ്റ് ചെയ്യുമ്പോഴും വൈറല്‍ ആകും എന്ന് കരുതിയിരുന്നില്ല. ഒരു നന്മ പങ്കുവച്ചു അത്രമാത്രം. പക്ഷേ സംഗതി എല്ലാവരും ഏറ്റെടുത്തു. ഈ മനുഷ്യന് കുട്ടികളുടെ മനസാണ്, ഇത്രയ്ക്കും നിഷ്‌ക്കളങ്കന്‍ വേറെയുണ്ടോ എന്നാണ് ചക്ക ചിത്രം കണ്ട് ഒരാള്‍ചോദിച്ചത്. എന്‍വലപ് അയച്ചു തന്നാല്‍ ചക്കക്കുരു അയച്ചു കൊടുക്കുമോ എന്ന് ചോദിച്ച വിരുതന്‍മാരും വേറെയുണ്ട്. എന്തായാലും സംഗതി വൈറലായതില്‍ ഏറെ സന്തോഷം. 

പറഞ്ഞതു പോലെ തൃശൂര്‍ പുതുക്കാടാണ് സ്വദേശം. ചക്കയെ പ്രേമിക്കുന്ന ശരാശരി മലയാളി എന്നത് മാറ്റി നിര്‍ത്തിയാല്‍ ശരിക്കും മേല്‍വിലാസം റെയില്‍വേയിലെ ലോക്കോ പൈലറ്റ് എന്നതാണ്. എറണാകുളത്ത് ഷണ്ടിംഗ് ഡ്യൂട്ടി. ഭാമയാണ് ഭാര്യ. മക്കള്‍, നീരജ്, ആശിഷ്.