ഇടര്‍ച്ച വീഴാത്ത സ്വരം...ഹൃദയത്തിലേക്ക് ഇതളൂര്‍ന്ന് വീഴുന്ന സംഗീതം. ഒരു പാട്ടുകാരന്റെ മധുരഗീതം കേട്ട് ഫഌറ്റായി നില്‍പ്പാണ് സോഷ്യല്‍ മീഡിയ. കവര്‍ സോംഗുകളും അണ്‍പ്ലഗ് വേര്‍ഷനുകളും കളം നിറയുന്ന കാലത്ത് ആ പാട്ടുകാരന് പിന്നണി ഗായകന്റെ മേല്‍വിലാസമില്ല. റിയാലിറ്റി ഷോയുടെ താരജാഡയുമില്ല. എന്നിട്ടും പുള്ളിക്കാരന്‍ സ്റ്റാറാണ്. ഗാനമേള വേദികളില്‍ പാട്ടിന്റെ പാല്‍മഴ പെയ്യിക്കുന്ന ആ പാട്ടുകാരന്റെ പേര് സംഗീതാസ്വാദകര്‍ക്ക് സുപരിചിതം. സാരംഗ് എന്ന ഗാനമേള ട്രൂപ്പില്‍ മെലഡി ഗാനങ്ങള്‍ കൊണ്ട് വിസ്മയം തീര്‍ക്കുന്ന ഗായകന്‍ പ്രകാശ് സാരംഗ്.
'ശ്രീ രാഗമോ തേടുന്നു നീയീ വീണതന്‍ പൊന്‍തന്ത്രിയില്‍' എന്ന് പ്രകാശ് മധുരോതാരമായി പാടുമ്പോള്‍ നല്‍കാന്‍ ബാക്കിച്ച കുന്നോളം ഇഷ്ടം സോഷ്യല്‍ മീഡിയ ഹൃദയം നിറഞ്ഞു നല്‍കുന്നു. ഗാനമേള വേദിയിലെ പാട്ട് അതേ പകിട്ടോടെയും പുതുമയോടെയും സോഷ്യല്‍ മീഡിയഹൃദയത്തിലേറ്റു വാങ്ങുമ്പോള്‍ അനുഗ്രഹീത ഗായകന്‍ കൊട്ടാരക്കരയിലെ വീട്ടില്‍ ലോക് ഡൗണിന്റെ ഇടവേളയിലാണ്. പുതിയ കാലത്തെ പിള്ളേര്‍ പുതുമ ചോരാത്ത തന്റെ പാട്ടിനെ സ്വീകരിക്കുന്നു എന്നറിഞ്ഞപ്പോള്‍ പ്രകാശും ഹാപ്പി. ഒടുവില്‍ ആ വൈറല്‍ ഗാനത്തിന്റെ പിറവിയെക്കുറിച്ച് വനിത പ്രകാശ് വനിത ഓണ്‍ലൈനോട് മനസു തുറന്നു...

വൈറലായ ശ്രീരാഗമോ
പാട്ടില്‍ പുതിയ പാട്ട് പഴയ പാട്ട് എന്നൊന്നും ഇല്ല. സംഗീതം ഒന്നേയുള്ളൂ. അത് എക്കാലവും അനശ്വരമായി നിലനില്‍ക്കും. ഞാന്‍ സംഗീതം ഉപജീവനമായി തെരഞ്ഞെടുത്ത ആളാണ്. പഴയതലമുറയും പുതിയ തലമുറയും എന്നെ തിരിച്ചറിയുന്നെങ്കില്‍ എന്റെ പാട്ട് കേള്‍ക്കുന്നുണ്ടെങ്കില്‍ അത് ദൈവാനുഗ്രഹമായി കാണുന്നു.- വിനയത്തോടെ പ്രകാശ് തുടങ്ങുകയാണ്.
എന്റെ പാട്ട് കേട്ടിട്ട് പലരും ദാസേട്ടനോടൊക്കെ താരതമ്യം ചെയ്തു എന്നറിഞ്ഞു. നല്ല വാക്കുകളോട് സ്‌നേഹം. പക്ഷേ അദ്ദേഹം ദൈവതുല്യനായൊരാളും ഞാന്‍ വെറും മനുഷ്യനും ആണെന്നോര്‍ക്കുക. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പാട്ട് വൈറലാകുമെന്നോ അതാരെങ്കിലും റെക്കോഡ് ചെയ്യുകയാണെന്നോ ഞാന്‍ അറിഞ്ഞിരുന്നില്ല. പതിവ് പോലെ എല്ലാം മറന്ന് പാടി, അതാരോ ഷൂട്ട് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു അത്ര തന്നെ. മണിയാറിലെ ദേവി ക്ഷേത്രത്തില്‍ പാടിയ പാട്ടാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
സാരംഗിലെ പ്രകാശേട്ടന്‍
ഇരുപത് വര്‍ഷമായി ഞാന്‍ ഗാനമേള ഫീല്‍ഡിലുണ്ട്. അന്നും ഇന്നും എന്റെ മേല്‍വിലാസം സാരംഗ് എന്ന ട്രൂപ്പാണ്. ജീവിതം കരയ്ക്കടുപ്പിച്ചതും ആഗ്രഹിച്ചത് തന്നതും എല്ലാം ഗാനമേള വേദി തന്നെ. ഈ ഇരുപത് കൊല്ലത്തിനിടയ്ക്ക് സംഗീത മേഖലയില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നു. ആസ്വാദന രീതി മാറി. പരീക്ഷണങ്ങളും പുതുമകളും എത്തി. അതിനിടയിലും ഞങ്ങളെ പോലുള്ള എളിയ കലാകാരന്‍മാര്‍ക്കും ഇടമുണ്ടായി എന്നത് ഏറെ സന്തോഷം. ഗാനമേള വിട്ട് പലരും ബാന്‍ഡിന്റെ പിന്നാലെയൊക്കെ പോയപ്പോള്‍ തെല്ലൊന്നു വിഷമിച്ചു. പക്ഷേ ഞങ്ങളെ കേള്‍ക്കാനും ആള്‍ക്കാരുണ്ടായി. ന്യൂജെന്‍ പിള്ളേരുടെ അരികിലേക്ക് ഞങ്ങള്‍ ചെല്ലുമ്പോള്‍ അടിച്ചു പൊളി മാത്രം പോര... മെലഡിയും വേണം എന്ന് ശാഠ്യം പിടിക്കാറുണ്ട് എന്നതാണ് ഈ 20 വര്‍ഷത്തെ സംഗീത ജീവിതം നല്‍കുന്ന ഏറ്റവും വലിയ അംഗീകാരവും അവാര്‍ഡും. പുതിയ പാട്ടുകാര്‍ വരട്ടേ.. പരീക്ഷണങ്ങളും വരട്ടേ... അതിനിടയില്‍ ഞങ്ങളെ കൂടി കേള്‍ക്കണേ എന്നാണ് പ്രാര്‍ത്ഥന. അപ്പോഴും ഒരാഗ്രഹം മാത്രം ബാക്കിയാകുന്നു. സിനിയിലൊരു പാട്ട്. അതേത് ഗായകനാണ് ആഗ്രഹിക്കാത്തത്.- പ്രകാശ് ചോദിക്കുന്നു.
പുതിയ വിശേഷങ്ങള്‍ചോദിച്ചാല്‍... ലോക് ഡൗണല്ലേ. ഞങ്ങളെ പോലുള്ള പാട്ടുകാര്‍ക്ക് വറുതിയുടെ കാലമാണ്. പ്രോഗ്രാമുകളില്ല. തട്ടിമുട്ടി അങ്ങനെ പോകുന്നു. കൊട്ടാരക്കരയാണ് നാട്. ഭാര്യ ഗീത. മകള്‍ ഗൗരി. അച്ഛന്റെ പാട്ടു വഴിയേ അവളും എത്തും എന്ന ചെറിയ സൂചനയൊക്കെ കിട്ടി തുടങ്ങിയിട്ടുണ്ട്. പുള്ളിക്കാരി അത്യാവശ്യം പാടും. ബാക്കിയെല്ലാം ഭാഗ്യം പോലെ- പ്രകാശ് പറഞ്ഞു നിര്‍ത്തി.