Wednesday 18 September 2019 05:33 PM IST

പർദ്ദയിട്ട് പുലികൾക്കു നടുവിലേക്ക്! താജ്മഹലിലെ വിവാഹ ഫൊട്ടോഷൂട്ട് തൃശൂരിലെത്തിയ കഥ; വൈറൽ ചെക്കനും പെണ്ണും പറയുന്നു

Binsha Muhammed

viral-wed

കുംഭകുലുക്കി നാടുവിറപ്പിക്കാൻ ഇറങ്ങിയ കളർഫുൾ പുലികൾക്കിടയിലേക്ക് ‘കളറ് പ്രണയവുമായി’ ഇതാ വേറെ രണ്ട് ‘പുലികൾ.’ പുലിക്കൂട്ടത്തെ കാണാൻ കോട്ടപ്പുറം ദേശത്ത് തടിച്ചു കൂടിയവർക്ക് ആദ്യം കാര്യം പിടികിട്ടിയില്ല. പ്രണയവും കുസൃതിയും തമാശയും ഇഴ ചേർന്ന അവരുടെ അഡാറ് കെമിസ്ട്രി കണ്ട് സസ്പെൻസ് അടിച്ചു നിൽക്കുകയാണ് അവിടെ കൂടിയ പുരുഷാരം. ഒടുവിൽ തുടരെ മിന്നിയ ക്യാമറ ക്ലിക്കുകൾക്കൊടുവിൽ സംഗതി ക്ലിയറായി. വൻപുലികൾക്കു നടുവിൽ വെഡ്ഡിംഗ് ഫൊട്ടോഷൂട്ട് നടത്താനായി വണ്ടി കയറിയതാണ് കഥയിലെ നായകനും നായികയും. പുലികളിയുടെ പശ്ചാത്തലത്തിൽ വിരിഞ്ഞ പ്രണയ നിമിഷങ്ങൾ സോഷ്യൽ മീഡിയയിലെ പുലികൾ കൂടി ഏറ്റെടുത്തതോടെ ആ പ്രണയ ജോഡികളെ അന്വേഷിച്ചിറങ്ങി‘വനിത ഓൺലൈൻ’. അന്വേഷണം ചെന്നു നിന്നത് തൃശൂർ ജില്ലയിലെ തന്നെ പാടൂരിൽ. അവിടെ കല്യാണത്തിന്റെ പുതുക്കം വിടാതെ ചെക്കൻ ഹബീബ് ബിൻ ഹനീഫും വധു ഷെഹ്നാസ് ഹബീബും.

p3

വിവാഹ വിഡിയോക്ക് വിമാനം പിടിച്ചു പോകുന്ന ദമ്പതികളുടെ കാലത്ത് പുലികളി വിവാഹ പശ്ചാത്തലമായ കഥ പറയുകയാണ് അവർ...വനിത ഓൺലൈൻ വായനക്കാർക്കായി...

o2

ഡൽഹി...ആഗ്ര...വഴി കോട്ടപ്പുറത്തേക്ക്

കല്യാണം കഴിക്കാൻ എണ്ണിച്ചുട്ട അപ്പം പോലെ ലീവുമെടുത്ത് നാട്ടിലേക്ക് വണ്ടി പിടിച്ചതാണ്. കഴിഞ്ഞ ഓഗസ്റ്റ് പതിനഞ്ചിന് ആ ചടങ്ങ് അങ്ങ് മംഗളമായി നടന്നു. വെഡ്ഡിംഗ് ഷൂട്ട് ഡൽഹിയിലും ആഗ്രയിലും വച്ച് നടത്തണമെന്നായിരുന്നു ആഗ്രഹം. ഐഡിയ വിംഗ്സ് മീഡിയയിലെ മുനവർ അലിക്കു മുന്നിൽ അവതരിപ്പിക്കുകയും ചെയ്തു. പക്ഷേ വിരുന്നും, കറക്കവുമൊക്കെ കഴിഞ്ഞപ്പോൾ എല്ലാ പ്ലാനും പൊളിഞ്ഞു. താജ്മഹലിന്റെ നടുവിൽ...യമുനയുടെ കരയിൽ വെഡിംഗ് വിഡിയോ എടുക്കാൻ കൊതിച്ച പ്രവാസിയുടെ ‘കദന കഥ’ അവിടെ തുടങ്ങുകയായി–ഹബീബ് കള്ളച്ചിരിയോടെ പറഞ്ഞു തുടങ്ങുകയാണ്.

p8

ഇക്കായുടെ ഈ അവധി ദിനങ്ങൾ വച്ച് ഒന്നും നടക്കില്ല എന്നുറപ്പായപ്പോൾ എല്ലാ മലയാളികളും ചെയ്യുന്നത് ഞങ്ങളും ചെയ്തു. സ്വന്തം നാടിനെ തന്നെ അഭയം പ്രാപിച്ചു. വലപ്പാട് ബീച്ച്, കേരള വർമ്മ കോളേജ് എന്നീ സ്ഥലങ്ങളിലൊക്കെ വച്ച് വെഡ്ഡിംഗ് ഷൂട്ട് ചെയ്തു. സംഭവം ഉഷാറായിരുന്നെങ്കിലും ആഗ്രയിൽ പോകാൻ പറ്റാത്തതിന്റെ വിഷമം ഇക്കായ്ക്കുണ്ടായിരുന്നു. ആ വിഷമം തീർക്കാൻ സാക്ഷാല്‍ ക്യാമറാമാന്‍ തന്നെ അവതരിച്ചു–ഷഹ്നാസ് ആണ് ഇക്കുറി മറുപടി പറഞ്ഞത്.

p5

വെഡ്ഡിംഗ് ഷൂട്ട് കഴിഞ്ഞു തിരിച്ചു വരുന്ന അതേ ദിവസം തന്നെയായിരുന്നു തൃശൂരിൽ പുലികളിയും നടക്കുന്നത്. ഇതറിഞ്ഞപ്പോൾ ക്യാമറാമാന്റെ തലയിൽ ബൾബ് മിന്നി. വെഡ്ഡിംഗ് വിഡിയോയിൽ ഈ പുലികളി കൂടി മിക്സ് ചെയ്താലോ എന്നായി ഐഡിയ. സംഭവം കളറാകുമെന്ന് നൂറ് ശതമാനം ഗ്യാരണ്ടിയുള്ളതു കൊണ്ടു തന്നെ ഒന്നും നോക്കിയില്ല. കണ്ണും പൂട്ടി യെസ് പറഞ്ഞു. തിരിച്ചു വരും വഴി കോട്ടപുറത്ത് ഞങ്ങളുടെ വണ്ടി സഡൻ ബ്രേക്കിട്ടു.

p7

സർപ്രൈസ് പൊളിച്ച വെഡ്ഡിംഗ് ഷൂട്ട്

ഇക്കഴിഞ്ഞ സെപ്റ്റംബർ 14നായിരുന്നു ഞങ്ങളുടെ ‘പുലികളി ഷൂട്ട്’ എന്റെ ജന്മദിനവും അന്നായിരുന്നു. ബോൾഗാട്ടിയിൽ ഞാനറിയാതെ ഷെഹ്നാസ് സർപ്രൈസ് പാർട്ടിയും പരിപാടിയുമൊക്കെ ഒരുക്കിയിരുന്നു. ഇതിനിടയ്ക്ക് ഞാനായിട്ട് അറേഞ്ച് ചെയ്തതാണ് പുലികൾക്കിടയിലെ വെഡ്ഡിംഗ് ഷൂട്ട്. സത്യം പറഞ്ഞാൽ ഇക്കാര്യം ഷഹ്നാസ് അറിഞ്ഞിരുന്നില്ല. ഞാൻ ഷൂട്ടിന്റെ കാര്യം പറയുമ്പോളാണ് സസ്പെൻസിന്റെ കാര്യം അവൾ പറയുന്നത്. എന്തു ചെയ്യാം ഷൂട്ടിനു വേണ്ടി മനസില്ലാ മനസോടെ ബോൾഗാട്ടിയിലെ പരിപാടിയൊക്കെ ക്യാൻസൽ ചെയ്യേണ്ടി വന്നു. സംഭവം പുള്ളിക്കാരിക്ക് അൽപം വിഷമമൊക്കെ ആയി. സർപ്രൈസ് പാർട്ടിയുടെ പേരിൽ കുറച്ച് കാശ് പോയത് മിച്ചം–ഹബീബ് പറയുന്നു.

p4

പുലികൾക്കിടയിലെ വെഡ്ഡിംഗ് ഷൂട്ട് കൂടി അടിപൊളിയായിരുന്നില്ലെങ്കിൽ ഈ മനുഷ്യനെ ഞാന്‍ കൊന്നേനെ. പക്ഷേ, പ്രതീക്ഷിച്ച പോലെ എല്ലാം അടിപൊളിയായി. പുലികൾക്കു നടുവിൽ പോസ് ചെയ്യുന്നതിന്റെ ചെറിയ ചമ്മലൊക്കെ ഉണ്ടായിരുന്നെങ്കിലും അതൊക്കെ പെട്ടെന്ന് മാറി. പർദയിട്ടാണ് ഞാന്‍ പുലികൾക്കിടയിലേക്ക് ഇറങ്ങിയത്. ഇക്ക കാഷ്വൽ ഷർട്ടും ജീൻസും. ശരിക്കും പറഞ്ഞാൽ ഒരു മതമൈത്രിയുടെ പ്രതീകമായിരുന്നു ആ ഷൂട്ട്.ഞങ്ങളുടെ ലൈഫിലെ ബെസ്റ്റ് മൊമന്റ്.–ഷഹ്നാസ് റൊമാന്റിക്കായി.

p1

അഭിനയിക്കാൻ അല്ലേലും പുള്ളിക്കാരിയെ കഴിഞ്ഞിട്ടേ ആരുമുള്ളൂ. അത് ആ ചിത്രങ്ങളിൽ കാണാനുമുണ്ട്. പിന്നെ അഞ്ചു വർഷം പ്രണയിച്ചതിന്റെ ഗുണം വെഡ്ഡിംഗ് ഷൂട്ടിനെ കൂടുതൽ നാച്ച്വറലാക്കിയിട്ടുണ്ട്. എന്തായാലും ആഗ്രയിൽ‌ പോകാൻ പറ്റിയില്ലെങ്കിലും പുലികൾക്കൊപ്പം ഫോട്ടം പിടിച്ചത് ജീവിതത്തിലെ മറക്കാനാത്ത നിമിഷമായി. ഇനി എനിക്ക് ധൈര്യമായി ഖത്തറിലേക്ക് പോകാം. അവിടെ ടൂറിസം മേഖലയിലാണ് ഞാൻ വർക് ചെയ്യുന്നത്. ബഹ്റിനിൽ ഡോക്ടറായ ഷഹ്നാസും എനിക്കൊപ്പം ഇനി ഖത്തറിലുണ്ടാകും–ഹബീബ് പറഞ്ഞു നിർത്തി.

p9
Tags:
  • Social Media Viral