ഇരവിനല്ലൂർ പുതുപ്പള്ളി ജോർജിയൻ സ്കൂളിലെ ഡീനായ ഫാ. കുര്യൻ തോമസ് സ്കൂളിൽ പഠിക്കുന്ന മക്കളെയും കൂട്ടി സ്കൂളിലേക്കു പോകും വഴി നിരപ്പേൽപടിയിൽ കാർ ബ്ലോക്കിൽപെട്ടു. തൊട്ടുമുന്നിലുള്ള കാറിലെ യാത്രക്കാരി കാറിനു മുൻപിൽ നിൽക്കുന്ന നായയെ കണ്ടു നിർത്തിയതാണു ബ്ലോക്കിനു കാരണം. ഡാഷ്ഹണ്ട് ഇനത്തിൽപെട്ട നായയെ റോഡിന്റെ നടുവിൽ നിന്നു മാറ്റണമെന്ന് ആ യാത്രക്കാരിക്ക് ആഗ്രഹമുണ്ട്.
ഫാ. കുര്യൻ തോമസും സഹായത്തിനെത്തി. തൊട്ടടുത്തുള്ള വീട്ടിലെ ഗേറ്റിലൂടെ നായയെ കയറ്റിവിട്ടു. ആ വീട് സിബി കുട്ടൻചിറയുടേതാണ്. അതു തന്റെ വളർത്തുനായ അല്ലെന്നായി സിബി. ഉടമസ്ഥർ അന്വേഷിച്ചു വരുന്നതുവരെ അതിനെ വീട്ടിലെ കൂട്ടിൽ സംരക്ഷിക്കാനും ഭക്ഷണം കൊടുക്കാനും സിബി തയാർ. സിബിയുടെ വളർത്തുനായ പോപ്പി ഒരു മാസം മുൻപാണ് ഏതോ മൃഗത്തിന്റെ കടിയേറ്റു ചത്തത്. അതിനാൽ കൂട് ഒഴിഞ്ഞുകിടക്കുകയാണ്.
നായയെ രാവിലെ സിബിയെ ഏൽപിച്ചു പോയ വൈദികൻ ഇന്നലെ പകൽ പലയിടത്തും അന്വേഷിച്ചു. ഉടമയെ കണ്ടെത്താൻ കഴിഞ്ഞില്ല. അതോടെ ഇനി ഉടമസ്ഥർ റോഡിൽ കളഞ്ഞിട്ടു പോയതാവാമെന്നായി ചിന്ത. വളർത്തു നായയെ ആരെങ്കിലും അങ്ങനെ റോഡിലെറിയുമോ എന്ന ഭാര്യ ദീപയുടെ സംശയത്തിന് ‘‘സ്വന്തം മാതാപിതാക്കളെ ഉപേക്ഷിക്കുന്ന നാടല്ലേ’’ എന്ന മറുചോദ്യം ചോദിച്ച സിബി കാത്തിരിക്കുകയാണ്; ഉടമ വരുന്നതും കാത്ത്.