Saturday 22 January 2022 03:07 PM IST

വരുമെന്ന് ആശുപത്രിക്കാർ പറഞ്ഞു! കോടിപുതച്ച്, കയ്യിലും കാലിലും സോക്സ് ഇട്ട് രാജ് വന്നു...

Rakhy Raz

Sub Editor

crisis-mother

മിണ്ടാതെ പോയതെന്തിനാണെന്ന് ചോദിച്ച് പിണങ്ങണം എന്നോർത്തു.

‘കുഴപ്പൊന്നുമില്ല, അഞ്ചു മണിയാകുമ്പോൾ വരും’ എ ന്ന് ആശുപത്രിക്കാർ പറഞ്ഞു. ഞാൻ കാത്തിരുന്നു. രണ്ടു മണിയായപ്പോൾ തന്നെ രാജ് വന്നു. കോടി വസ്ത്രം പുതച്ച്, കയ്യിലും കാലിലും സോക്സ് ഇട്ട്...

ചുട്ടുപൊള്ളിക്കുന്ന ജീവിതം എഴുതുമ്പോൾ പെയ്യുന്ന പൊടിമഴ നനയാൻ വേണ്ടി മാത്രമാണ് രാധാമണി കവിതയെഴുതുന്നത്. ആ നനവെടുത്ത് കവറിലിട്ട് പോസ്റ്റ് ചെയ്തത് ഇന്ന് കൂടെയില്ലാത്ത രാധാമണിയുടെ അമ്മച്ചിയായിരുന്നു. ‘എഴുത്തിലൂടെ എന്റെ കുഞ്ഞിന് സമാധാനം കിട്ടും’ അമ്മച്ചി പറഞ്ഞു.

മാസികയിൽ കവിത അച്ചടിച്ചു വന്നപ്പോഴാണ് ജീവിതത്തിൽ ആദ്യമായി രാധാമണി ഒരു പെരുമഴ നനഞ്ഞത്. ‘‘ബാക്കി ജീവിതം മുഴുവൻ എനിക്ക് നട്ടുച്ചയായിരുന്നു. എഴുത്ത് മാത്രമാണ് ഈ ജീവിതത്തിലെ ഏക ആശ്വാസം.’’

കവിതയെ സ്നേഹിക്കുന്ന പലർക്കും പരിചിതമാണ് രാധാമണി രാജ് എന്ന പേര്. കനലുള്ള കവിത കൊണ്ട് ഹൃദയങ്ങളെ തൊടുന്നവൾ. ഓട്ടിസം ബാധിച്ച മുപ്പത്തിമൂന്നും മുപ്പതും വയസ്സുള്ള രണ്ട് ആൺമക്കളുടെ അമ്മ. കഴിഞ്ഞ കൊല്ലം കേരള സംസ്ഥാന കവിതാ പുരസ്ക്കാരം നേടിയ എം.ആർ. രേണുകുമാറിന്റെ സഹോദരി.

സങ്കടക്കടലിലേക്ക്

‘‘എന്റെ അകന്ന ബന്ധുവാണ് വൈക്കം രാജ്. ഞങ്ങളുടേത് പ്രണയവിവാഹമായിരുന്നു. എനിക്ക് അന്ന് 27 വയസ്സ്. എഴുത്തും വായനയും പ്രസംഗവുമൊക്കയുള്ള വ്യക്തിയായിരുന്നു അദ്ദേഹം. വിവാഹത്തിനു മുൻപ് എനിക്ക് മൈന ർ ഇറിഗേഷൻ ഡിപ്പാർട്‌മെന്റിൽ ജോലി കിട്ടി. താമസിയാതെ അദ്ദേഹത്തിനും ഗവൺമെന്റ് ജോലി ലഭിച്ചു.

ഒന്‍പതു വർഷത്തെ കാത്തിരിപ്പിനൊടുവിൽ പിറന്ന മകന് ഞങ്ങൾക്ക് ഏറെ ഇഷ്ടമുള്ള കവിയുടെ പേരിട്ടു, ഷെല്ലി. വീട്ടിൽ മോനു എന്നു വിളിച്ചു. അവന് രണ്ടേകാൽ വയസ്സുള്ളപ്പോഴാണ് വീട്ടിലെ കുഞ്ഞാവയായി ഷെറിയുടെ ജനനം. ഇരുവരും സംസാരിക്കാൻ അൽപം വൈകി. ഞാനും അനിയൻ രേണുവും അധികം സംസാരിക്കാത്തവരായതിനാൽ അതേ പ്രകൃതം ആകുമെന്നേ കരുതിയുള്ളൂ. മോനുവിന് മൂന്നര വയസ്സുള്ളപ്പോഴാണ് കുട്ടികളുടെ ഡോക്ടർ മക്കൾക്ക് എന്തോ പ്രശ്നമുള്ളതായി പറയുന്നത്. അന്ന് എനിക്കും രാജിനും തിരുവനന്തപുരത്താണ് ജോലി. ഞങ്ങൾ ശ്രീചിത്ര മെഡിക്കൽ സെന്ററിൽ പോയി. രണ്ടാഴ്ച അവിടെ അഡ്മിറ്റ് ചെയ്തു.

അപ്പുറവും ഇപ്പുറവും രണ്ടു കട്ടിലിലായി മോനുവും കുഞ്ഞാവയും. അവർ ഓടിപ്പോകാതിരിക്കാൻ നടുക്ക് വടിയുമായി ഞാൻ. ഇടയ്ക്ക് കണ്ണു നിറയും. താമസിയാതെ ആ കടുത്ത സത്യം മനസ്സിലായി. എന്റെ രണ്ട് കുഞ്ഞുങ്ങളും ഓട്ടിസ്റ്റിക് ആണ്. ജീവിതകാലം മുഴുവൻ അവർക്ക് ഞങ്ങളുടെ തുണ വേണം. ഇന്നത്തെപ്പോലെ ചികിത്സയും തെറപ്പിയും ഒന്നും അന്നില്ല.

ആ ഞെട്ടലിൽ നിന്നു യാഥാർഥ്യത്തിലേക്ക് വന്നു. സ്ഥലം മാറ്റം വാങ്ങി കോട്ടയത്തു കാരാപ്പുഴയിലുള്ള എന്റെ വീട്ടിൽ താമസമാക്കി. എന്റെ അമ്മയും അനുജനും സഹായത്തിനുണ്ടായിരുന്നു. അവൻ എന്നേക്കാൾ 12 വയസ്സ് ഇളയതാണ്. ചേച്ചിയാണെങ്കിലും എന്നെ രേണു ‘കൊച്ചേ’ എന്നാണ് വിളിക്കുന്നത്.

സങ്കടത്തിലും സന്തോഷം ഉണ്ടെന്ന് കരുതി ഞങ്ങൾ മ ക്കളെ വളർത്തി. മക്കൾക്ക് എട്ടും ആറും വയസ്സുള്ള സമയം. ഒരു ദിവസം വീട്ടിൽ വളർത്തിയിരുന്ന പശുക്കിടാവ് ചത്തു. അതിനെ മറവ് ചെയ്യാൻ ഒരുങ്ങുന്നതിനിടെ പശുക്കിടാവിനെ തന്നെ നോക്കിയിരിക്കുന്നു രാജ്. പശുക്കിടാവിന്റെ കണ്ണുകൾ തുറന്നാണ് ഇരുന്നത്.

‘ എന്തിനാ കരയുന്നത്’ എന്ന് ചോദിച്ച ഞാനും എന്തിനെന്നറിയാതെ കരഞ്ഞു. ഏറെ നേരം ഞങ്ങൾ കെട്ടിപ്പിടിച്ചു കരഞ്ഞുകൊണ്ടേയിരുന്നു. അതിനു ശേഷം രാജ് വീടു വിട്ടു പോയി. ഇന്നത്തെപ്പോലെ ഫോൺ സൗകര്യവും ഇല്ലല്ലോ. മക്കളെ വിട്ട് തേടിയിറങ്ങാനും വയ്യ’’

നീറിപ്പുകഞ്ഞ് ആദ്യ കവിത

‘‘ മൂന്നു നാല് ദിവസം കഴിഞ്ഞപ്പോൾ ഒരാൾ വന്ന് വൈക്കം രാജിന്റെ വീട് ഇതാണോ എന്നു ചോദിച്ചു. രാജ് കാരിത്താസ് ആശുപത്രിയിൽ അഡ്മിറ്റാണെന്ന് അയാൾ പറഞ്ഞു. ആശുപത്രിയിലേക്കുള്ള യാത്രയിലുടനീളം ഞാൻ കരഞ്ഞു. കാണുമ്പോൾ മിണ്ടാതെ പോയതെന്തിനാണെന്ന് ചോദിച്ച് പിണങ്ങണം എന്നോർത്തു.

‘കുഴപ്പൊന്നുമില്ല, അഞ്ചു മണിയാകുമ്പോൾ വരും’ എ ന്ന് ആശുപത്രിക്കാർ പറഞ്ഞു. ഞാൻ കാത്തിരുന്നു. രണ്ടു മണിയായപ്പോൾ തന്നെ രാജ് വന്നു. കോടി വസ്ത്രം പുതച്ച്, കയ്യിലും കാലിലും സോക്സ് ഇട്ട്... എനിക്ക് സമനില തെറ്റും പോലെ തോന്നി. പിന്നെയുള്ള ദിവസങ്ങൾ എങ്ങനെ നീങ്ങിയെന്നറിയില്ല. എങ്ങുനിന്നോ ഒരു കവിത പൊട്ടിപ്പുറപ്പെട്ട് വന്നു. അത് ഞാൻ കടലാസിൽ പകർത്തി.

ഒരു കുഞ്ഞിക്കിടാവിന്റെ കുഴിമാടം തീർത്തവൻ

നിറയുന്ന കണ്ണുകൾ മറച്ചു കൊണ്ട്...

രാജ് പോയതിന് തൊണ്ണൂറാം ദിവസം പ്രമുഖ പത്രത്തിന്റെ വാരാന്ത്യത്തിൽ ‘അർച്ചന’ എന്ന പേരിൽ കവിത അച്ചടിച്ചു വന്നു. അങ്ങനെ ആദ്യ കവിത അച്ചടി മഷിപുരണ്ടു.’’

മരണത്തിൽ നിന്ന് തിരികെ

‘‘കവിത അച്ചടിച്ചു വന്നത് എന്നെ സന്തോഷിപ്പിച്ചില്ല. മരിക്കണം എന്ന ചിന്തയായിരുന്നു മനസ്സിൽ. ആഴമുള്ള ആറുണ്ട് കാരാപ്പുഴയിൽ. അമ്മച്ചിയും മക്കളും ഉറങ്ങിയ ശേഷം പോകണം എന്നു നിശ്ചയിച്ചു. ഞാൻ മരിച്ചാൽ കുഞ്ഞുങ്ങൾക്ക് ആരുണ്ട് എന്നൊന്നും അന്നേരം ചിന്തിച്ചില്ല. മരിക്കാൻ പേടിയില്ല, പക്ഷേ, ഇരുട്ടത്ത് ഒറ്റയ്ക്ക് ആറ്റിറമ്പോളം പോകാനുള്ള പേടി ഉണ്ടായിരുന്നു താനും. അങ്ങനെ വിചിത്രമായ മാനസികാവസ്ഥയിലൂടെ ദിവസങ്ങൾ നീങ്ങി. പിന്നെ, പകൽമരണത്തെക്കുറിച്ചായി ചിന്ത. ഒരു ദിവസം ജോലി കഴിഞ്ഞു വരുമ്പോൾ ഞാനുറപ്പിച്ചു. ഇന്ന് ഞാൻ നദിയുടെ ആഴങ്ങളിൽ അവസാനിക്കും. ബസ് ഇറങ്ങി രണ്ട് അടി വച്ചതും പിന്നിൽ നിന്നൊരു വിളി കേട്ടു. ‘കൊച്ചേ...’

രേണുവായിരുന്നു. തിരുവനന്തപുരത്ത് സിഡിഎസിൽ എംഫിൽ ചെയ്തു കൊണ്ടിരുന്ന രേണു ഒരു കാരണവുമില്ലാതെ വന്നിരിക്കുന്നു. അവൻ എന്നെ ചേർത്തു പിടിച്ചു. എന്റെ തീരുമാനം അറിഞ്ഞാണോ അവൻ ഓടിയെത്തിയത് എന്നു ഞെട്ടലോടെ ഓർത്തു. എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. അവന്റെയും. പിന്നെ, ഒരിക്കലും ഞാൻ മരണത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ല.

പൂർണരൂപം വനിത ജനുവരി ആദ്യ ലക്കത്തിൽ

രാഖി റാസ്

ഫോട്ടോ: ബേസിൽ പൗലോ