Saturday 21 March 2020 02:30 PM IST

മൂന്നു സെന്റ് സ്ഥലം വാഗ്ദാനം, ലൈഫ് മിഷൻ പദ്ധതിയിൽ വീട്! ട്രെയിനിൽ അന്തിയുറങ്ങുന്ന രാജലക്ഷ്മിയുടെ ജീവിതത്തിലേക്ക് നന്മയുടെ ചൂളം വിളി

Binsha Muhammed

rajaleskhmi ചിത്രങ്ങൾക്ക് കടപ്പാട്; ജോസ് കുട്ടി പനയ്ക്കൽ/ ഇൻസൈറ്റ് ചിത്രം രാജലക്ഷ്മി

രാവിൽ നാടും നഗരവും അടച്ചുറപ്പുള്ള സുരക്ഷിതത്വത്തിലേക്ക് വഴുതി വീഴുമ്പോൾ ഈ അമ്മയ്ക്കും മകനും തണലൊരുക്കുന്നത് ഇന്ത്യൻ റെയില്‍വേയാണ്. നുള്ളിപ്പെറുക്കിയെടുത്ത ചില്ലറത്തുട്ടിൽ നിന്നും കണ്ടെത്തുന്ന ഏതെങ്കിലും ട്രെയിനിൽ രാവ് മായും വരെ ഉറങ്ങിവീഴും. ജനറൽ ടിക്കറ്റിന് കാശ് തികഞ്ഞില്ലെങ്കിൽ അന്തിയുറക്കം കൊതുകുകൾ മുളിപ്പാട്ട് പാടുന്ന പ്ലാറ്റ്ഫോമിലാണ്. സംശയദൃഷ്ടിയോടെ തങ്ങൾക്കു ചുറ്റും വട്ടമിട്ടു പറക്കുന്ന കണ്ണുകൾ, ഇരുളിന്റെ മറവിൽ വന്നു പതിക്കുന്ന അപസ്വരങ്ങൾ. എല്ലാം കേട്ട് മനസ് മരവിച്ച് അവരുടെ ജീവിതം അങ്ങനെ... അങ്ങനെ.

കൊച്ചി സുഭാഷ് പാർക്കിലെ പകലിൽ നിന്നും റെയിൽവേ പ്ലാറ്റ്ഫോം വരെ നീളുന്ന ആ അസ്വാഭാവിക കാഴ്ച സാംസ്കാരിക കേരളത്തിനു മുന്നിലേക്ക് വച്ചത് മനോരമ ഫൊട്ടോഗ്രാഫർ ജോസ്കുട്ടി പനയ്ക്കലിന്റെ ക്യാമറക്കണ്ണുകളാണ്. ജീവിതം വാർത്താ ചിത്രമായി മനസിൽ പതിയുമ്പോൾ അവർക്കു മുന്നിൽ തുറന്നത് പ്രതീക്ഷയുടെ പൊൻകിരണം. കിടപ്പാടം നിർമ്മിക്കാൻ 3 സെന്റ് സ്ഥലം വാഗ്ദാനം ചെയ്ത് ഇടപ്പള്ളി സ്വദേശിയായ കോൺട്രാക്ടർ എത്തിയതും സർക്കാർ പദ്ധതിയിൽ ഉൾപ്പെടുത്തി വീട് വയ്ക്കാനുള്ള സഹായവും നന്മയുടെ മുത്തുകളായി പിന്നാലെ. മകന് ജോലിക്കുള്ള സാധ്യതയുടെ തെളിയുന്നുണ്ട്. രാജലക്ഷ്മിയെന്ന അമ്മയുടെ കഥ അന്വേഷിച്ച് ചെന്നപ്പോൾ ‘വനിത ഓൺലൈൻ’ കേട്ടത് അവിശ്വസനീയമായ അവരുടെ ഭുതകാലത്തെക്കുറിച്ചു കൂടിയാണ്. അത് അവർ തന്നെ പങ്കുവയ്ക്കട്ടെ...

തണലില്ലാതെ തെരുവിലേക്ക്

എനിക്ക് എല്ലാവരും ഉണ്ടായിരുന്നു. ഭർത്താവും ബന്ധുക്കളും എല്ലാം. പക്ഷേ നിർണായകമായ ഒരു ഘട്ടം വന്നപ്പോൾ എല്ലാവരും കൈവിട്ടു. ഞാനും മോനും കിടപ്പാടം പോലുമില്ലാത്ത അനാഥരായി. പണത്തിനു വേണ്ടി കുടപ്പിറപ്പ് പോലും കൈവിട്ടതോടെ ഞങ്ങൾ തെരുവിലായി. –രാജലക്ഷ്മിയുടെ വാക്കുകളിൽ വേദനയുടെ കടലിരമ്പം.

raja-2

ജീവിതത്തിലിന്നോളം സ്വസ്ഥത അറിഞ്ഞിട്ടില്ല. ആലോചന വന്ന പയ്യൻ എഞ്ചിനീയറാണെന്ന് പറഞ്ഞപ്പോൾ വീട്ടുകാർ കൂടുതൽ അന്വേഷണത്തിനൊന്നും നിന്നില്ല. പക്ഷേ വിവാഹശേഷമാണ് അറിഞ്ഞത് ബാബു പത്താം ക്ലാസ് പോലും പാസായ ആളല്ലെന്ന്. ഓട്ടോറിക്ഷ ഓടിക്കുകയായിരുന്നു ജോലി. കൂടാതെ മൂന്നാല് ഓട്ടോകൾ വാടകയ്ക്കും നൽകുന്നുമുണ്ട്. എല്ലാം ക്ഷമിച്ചും സഹിച്ചും പോകുമ്പോൾ അടുത്ത പരീക്ഷണം. വരുമാനമുണ്ടെങ്കിലും വീട്ടു ചെലവ് നടത്തില്ല. ഞാനും മോനും എന്നും പട്ടിണി. അദ്ദേഹത്തിന്റെ ബന്ധുക്കളാകട്ടെ ഞങ്ങളെ ആരും തിരിഞ്ഞു പോലും നോക്കിയില്ല. അതോടെ ഞങ്ങൾ വീടുവിട്ടിറങ്ങി.

അമ്മയ്ക്കൊപ്പമായിരുന്നു പിന്നെയുള്ള താമസം. സഹോദരന്റെ വിവാഹത്തോടെ ആ ആശ്രയവും നിലയ്ക്കുന്ന മട്ടായി. സോഷ്യൽ വെൽഫെയർ ഡെപ്യൂട്ടി ഡയറക്ടറായിരുന്നു അദ്ദേഹം. കുടുംബ സ്വത്തിൽ അവകാശം ഇല്ലെന്ന് സ്ഥാപിച്ചതോടെ ആ വീട്ടിൽ നിന്ന് വെറുകൈയോടെ ഇറങ്ങേണ്ടിവന്നു. ജീവൻ പോലും അപകടത്തിലായ ഘട്ടത്തിലാണ് ഞങ്ങൾ വീടുവിട്ടിറങ്ങുന്നത്. എന്റെ സഹോദരിക്കും സ്വത്തുക്കൾ നിഷേധിക്കപ്പെട്ടു. പക്ഷേ ഞങ്ങളെപ്പോലെ തെരുവിലേക്ക് ഇറങ്ങേണ്ടി വന്നില്ല. അവളുടെ ഭർത്താവും സ്വന്തക്കാരും അവളെ കൈവിട്ടില്ല. – രാജലക്ഷ്മി കണ്ണീർ തുടച്ചു.

ദുരിതകാലം

ചെലവിനു പോലും നൽകാത്ത ഭർത്താവുമായി ഒരു തരത്തിലും ഒത്തുപോകില്ല എന്ന് ബോധ്യമായതോടെ 2012ൽ ഞങ്ങൾ വേർപിരിഞ്ഞു. വീട്ടിൽ നിൽക്കകള്ളിയില്ലാതെ അവിടെ നിന്ന് ഇറങ്ങേണ്ടിയും വന്നു. അദ്ദേഹത്തിന് സഹോദരങ്ങളുടെ തണലുണ്ടായിരുന്നു. പക്ഷേ ഞങ്ങൾക്ക് വാടക വീടായിരുന്നു ആശ്രയം. പഠനവൈകല്യത്തിന് ക്ലാസ് എടുക്കുന്ന അധ്യാപികയാണ് ഞാൻ‌, അതായിരുന്നു വരുമാന മാർഗവും. എന്നാലാകും വിധം മകന്റെ വിദ്യാഭ്യാസം ഉറപ്പു വരുത്തി. മകൻ കമൽനാഥ് മാസ് കമ്മ്യൂണിക്കേഷൻ പൂർത്തിയാക്കിയിട്ടുണ്ട്.

ദുരിത ജീവിതം നയിച്ച് മുന്നോട്ട് പോകുന്നതിനിടെ ഇടിത്തീ പോലെ അടുത്ത പരീക്ഷണമെത്തി. ശരീരം മുഴുവൻ വ്രണമാകുന്ന അസുഖം ബാധിച്ച് നരക ജീവിതം നയിക്കുകയായിരുന്നു മോന്റെ അച്ഛൻ. ഇതോടെ ബന്ധുക്കൾ ഉപേക്ഷിച്ചു. ആശുപത്രിയിൽ അജ്ഞാതനായി അഡ്മിറ്റ് ചെയ്തു. അതിന്റെ പേരിൽ അദ്ദേഹത്തിന്റെ ബന്ധുക്കൾ ഞങ്ങളെ നിയമക്കുരുക്കിൽ കുരുക്കാന്‍ ശ്രമിച്ചു. പൊലീസിന് കാര്യം ബോധ്യമായതോടെ അദ്ദേഹത്തിന്റെ തന്നെ ബന്ധുക്കളോട് ഏറ്റെടുക്കാൻ പറഞ്ഞു. അവർ അതു ചെയ്തോ ഇല്ലയോ എന്ന ചോദ്യത്തിനുള്ള ഉത്തരം ദൈവത്തിനു വിടുന്നു. എന്തു ചെയ്യാം. മരിക്കുമ്പോഴും ആശുപത്രി രേഖകളിൽ അദ്ദേഹം അജ്ഞാതനായിരുന്നു.

raja-1

തണലു തേടി അലച്ചിൽ

കഴിഞ്ഞ ജൂൺ 24ന് വിധി വീണ്ടും പരീക്ഷിച്ചു. പുതിയ വാടക വീടെടുക്കാനുള്ള യാത്രയിലായിരുന്നു ഞാനും മോനും. മേനകയിൽ നിന്നാണു കാക്കനാട്ടേക്കുള്ള ബസിൽ കയറിയത്. അടുത്ത ബന്ധു കടമായി നൽകിയ 35,000 രൂപ കയ്യിലുണ്ടായിരുന്നു. കടുത്ത പനിയെ തുടർന്ന് ഞാൻ ബസിൽ തളർന്നു മയങ്ങി. ഉണർന്നപ്പോൾ കയ്യിലുണ്ടായിരുന്ന പഴ്സ് ശൂന്യമായിരുന്നു. ഉറക്കത്തിനിടെയെപ്പോഴോ അടുത്ത സീറ്റിലിരുന്ന സ്ത്രീ, ‘ഇങ്ങനെ ബോധമില്ലാതെ ഉറങ്ങിയാൽ പഴ്സൊക്കെ ആരെങ്കിലും കൊണ്ടു പോകും’ എന്നു മുന്നറിയിപ്പു നൽകിയത് ഓർമയുണ്ട്. ആ മുഖവും മറന്നില്ല. സെൻട്രൽ സ്റ്റേഷനിലെത്തി പരാതി നൽകിയെങ്കിലും അവർ എഫ്ഐആർ റജിസ്റ്റർ ചെയ്തതു തന്നെ ഒരാഴ്ച കഴിഞ്ഞാണ്.

പക്ഷേ, പരാതി നൽകാനെത്തിയ എന്നോട് പൊലീസ് കാണിച്ച സ്ഥിരം പ്രതികളുടെ ചിത്രങ്ങളിൽനിന്ന് ബസിൽ വച്ചു മുന്നറിയിപ്പു നൽകിയ സ്ത്രീയെ ഞാൻ തിരിച്ചറിഞ്ഞു. ജ്വല്ലറി മോഷണക്കേസിലെ പ്രതിയാണവർ എന്നു പൊലീസ് പറഞ്ഞതോടെ ആ സ്ത്രീ തന്നെയാകും പണം കവർന്നതെന്ന് ഉറപ്പായി. എന്നാൽ തുടരന്വേഷണത്തിനു പൊലീസ് തയാറായില്ല. ജോലിയും കൂലിയും ഇല്ലാത്തവർക്ക് വീടില്ലെന്ന് പറഞ്ഞ് വാടക വീടും നിഷേധിച്ചു. ഇതോടെ തെരുവായി അഭയം. പുതിയ വീട് എടുക്കാനാകാത്തതിനാൽ മുൻ വീട്ടുടമസ്ഥനോടു അൽപം സാവകാശം തേടിയെങ്കിലും വൈകിയിരുന്നു. എന്റെ മുഴുവൻ വീട്ടുപകരണങ്ങളും എടുത്തു മുറ്റത്തിടുകയും ഞങ്ങളെ രണ്ടു പേരെയും പുറത്താക്കുകയുമാണ് അയാൾ ചെയ്തത്. നാടിനെ മുക്കിയ രണ്ടാം പ്രളയത്തിൽ ആ സാധനങ്ങളിൽ ഭൂരിഭാഗവും വെള്ളം കയറി നശിച്ചു. അങ്ങനെ ഞാനും മകനും അക്ഷരാർഥത്തിൽ തെരുവിലുമായി.– രാജലക്ഷ്മി നെടുവീർപ്പോടെ വാക്കുകൾ നിർത്തി.

സുഭാഷ് പാർക്കിലെ ചിത്രം

വാടക വീടെടുക്കാനുള്ള പണം മോഷണം പോയതോടെ തെരുവിലായ രാജലക്ഷ്മിയുടെയും മകൻ കമൽ നാഥിന്റേയും കഥ മെട്രോ മനോരമയാണ് വായനക്കാർക്ക് മുന്നിലേക്ക് വച്ചത്. ക്യാമറമാൻ ജോസ് കുട്ടി പനയ്ക്കൽ പകർത്തിയ അവരുടെ ജീവിതം പ്രതീക്ഷയറ്റു പോയ അവരുടെ ജീവിതത്തിലെ പ്രകാമായി മാറുകയായിരുന്നു. പകൽ സുഭാഷ് പാർക്കിലും മറ്റുമായി ചെവഴിക്കുകയും രാത്രി ജനറൽ ടിക്കറ്റെടുത്ത് ട്രെയിനിലും അന്തിയുറങ്ങിയ അവരുടെ ജീവിതം വിശ്വസിക്കാൻ തന്നെ പലർക്കും പ്രയാസമായിരുന്നു. ആരോഗ്യമുള്ള മകനൊപ്പം ദിനവും പാർക്കിലും റെയിൽ വേ പ്ലാറ്റ്ഫോമിലും കഴിഞ്ഞു കൂടുന്ന രണ്ട് അനാഥ ജന്മങ്ങളെ സംശയ ദൃഷ്ടിയോടെ നോക്കിയവരും ഏറെ. ജീവിതം വാർത്തയായപ്പോൾ നിരവധി സുമനസുകളാണ് ഇരുവർക്കും സഹായം വാഗ്ദാനം ചെയ്ത് എത്തിയത്. മകന് സുരക്ഷിതമായ ജോലിയും അടച്ചുറപ്പുള്ളൊരു വീടും നന്മമനസുകൾ വാഗ്ദാനം ചെയ്യുമ്പോൾ മനസു നിറഞ്ഞ നന്ദി മാത്രമാണ് ഇരുവർക്കും പങ്കുവയ്ക്കാനുള്ളത്.