Monday 13 February 2023 04:50 PM IST

‘ഈ അമ്മമാരുടെ ഡാന്‍സ് സൂപ്പറാണ്’; ബാങ്കിലെ ജോലി തിരക്കുകള്‍ക്കിടയില്‍ ചിലങ്കയെ നെഞ്ചോടുചേര്‍ത്ത കഥയുമായി രാജി

Priyadharsini Priya

Senior Content Editor, Vanitha Online

rajiidancee344

പാഷന്റെ പുറകെ പോകാന്‍ ജോലിയും പ്രായവുമൊക്കെ ഒരു തടസ്സമാണോ? കോട്ടയംകാരി ബാങ്കുദ്യോഗസ്ഥ രാജിയോട് ചോദിച്ചാല്‍ ‘അല്ലേയല്ല’ എന്നു പറയും. 43ാം വയസില്‍ ചിലങ്കയണിഞ്ഞു, ഭരതനാട്യത്തില്‍ അരങ്ങേറ്റവും നടത്തി സഹപ്രവര്‍ത്തകരേയും കുടുംബത്തേയും ഒരുപോലെ വിസ്മയിപ്പിച്ചിരിക്കുകയാണ് രാജി. കുട്ടിക്കാലം തൊട്ടുള്ള വലിയ ഇഷ്ടത്തിനു ‘നോ’ പറയാതെ, ബാങ്കിന്റെ സ്ട്രെസ്ഡ് വര്‍ക് ഷെഡ്യൂളില്‍ നിന്ന് ചിലങ്കയെ നെഞ്ചോടുചേര്‍ത്ത കഥ വനിതാ ഓണ്‍ലൈനുമായി പങ്കുവയ്ക്കുകയാണ് രാജി രാജന്‍.  

നഴ്സറിയില്‍ തുടങ്ങിയ ഇഷ്ടം

കുട്ടിക്കാലം തൊട്ടേ നൃത്തത്തോട് ഭയങ്കര ആഗ്രഹമായിരുന്നു. നഴ്സറിയില്‍ പഠിച്ചതാണ്, പിന്നീടത് എനിക്ക് തുടരാനൊന്നും പറ്റിയില്ല. അച്ഛന് ഒരപകടം പറ്റി കിടപ്പിലായിരുന്നു. വീട്ടില്‍ നൃത്തം പഠിപ്പിക്കാനുള്ള സാഹചര്യവും ഉണ്ടായിരുന്നില്ല. ഇപ്പോഴാണ് ഒരു ചാന്‍സ് ഒത്തുകിട്ടിയത്. 

അങ്ങനെയാണ് ആറു വര്‍ഷം മുന്‍പ് രാജേഷ് പാമ്പാടി സാറിന്റെ കീഴില്‍ നൃത്തം പഠിക്കാന്‍ തുടങ്ങിയത്. തിരുനക്കര ക്ഷേത്രത്തിനടുത്താണ് ക്ലാസ്. ശനിയും ഞായറുമായിരുന്നു ക്ലാസുകള്‍. വൈകുന്നേരം ഞങ്ങള്‍ക്കുവേണ്ടി ക്ലാസുകള്‍ അഡ്ജസ്റ്റ് ചെയ്തു നല്‍കി. ഒന്നര മണിക്കൂര്‍ ആയിരുന്നു സമയം. ശനിയും ഞായറും കൂടുതല്‍ സമയം ഉണ്ടായിരുന്നു. 

എനിക്ക് നൃത്തത്തിന്റെതായ ഒരു ബേസും ഉണ്ടായിരുന്നില്ല. നഴ്സറിയില്‍ പഠിക്കുമ്പോള്‍ ചിലങ്ക കയ്യില്‍ പിടിച്ചു നില്‍ക്കുന്ന ഫോട്ടോ കണ്ട ഓര്‍മ മാത്രമേ ഉണ്ടായിരുന്നുള്ളൂ.. വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും ചിലങ്കയണിഞ്ഞപ്പോള്‍ ഭയങ്കര എക്സൈറ്റഡ് ആയിരുന്നു. കുറേ ദിവസങ്ങളോളം ഞാനതിന്റെ ത്രില്ലില്‍ ആയിരുന്നു. 

raji-dannn4466

കഷ്ടപ്പാടിന്റെ മധുരം

നൃത്തപഠനം തുടങ്ങിയപ്പോള്‍ ആദ്യമൊക്കെ നല്ല ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. കൈകള്‍ വഴങ്ങില്ല, അരമണ്ഡലം ഇരിക്കാന്‍ പറ്റില്ല. അങ്ങനെ കുറേ വേദന സഹിച്ചു. ഒരു വര്‍ഷത്തോളം എടുത്തു ശരീരം നൃത്തത്തിനു വഴങ്ങിക്കിട്ടാന്‍. ഞാന്‍ യോഗ ചെയ്യുന്ന ആളായിരുന്നു. എന്നിട്ടും വിരലുകള്‍ വഴങ്ങിക്കിട്ടാന്‍ പാടായിരുന്നു. കാലുകള്‍ ചവിട്ടി ഉറയ്ക്കണമായിരുന്നു.

ആറു വര്‍ഷം പഠിച്ചു, ജനുവരി 14 ന് പനച്ചിക്കാട് ഭഗവതി ക്ഷേത്രത്തില്‍ വച്ച് അരങ്ങേറ്റം നടന്നു. ഞങ്ങള്‍ എഴുപേര്‍ ഗ്രൂപ്പായിട്ടാണ് കളിച്ചത്. എല്ലാവരും ഏകദേശം ഒരേ സമയത്ത് പഠിക്കാന്‍ കയറിയവരാണ്. നാലുപേര്‍ 40 കഴിഞ്ഞവരാണ്, മറ്റു മൂന്നുപേര്‍ 60 വയസിനു മുകളില്‍ പ്രായമുള്ളവരാണ്. പ്രായത്തിന്റേതായ ശരീരവേദനയും മറ്റും ഉണ്ടായിരുന്നെങ്കിലും ഞങ്ങള്‍ ഏഴുപേരും നൃത്തപഠനം ഉപേക്ഷിച്ചില്ല. അത്രയ്ക്ക് ഇഷ്ടായിരുന്നു നൃത്തത്തോട്.. 

raji-dancee5677

സാധാരണ ആളുകളെപ്പോലെ വണ്ണം കുറയ്ക്കാന്‍ അല്ലാതെ ഡാന്‍സിനോടുള്ള താല്‍പര്യം കൊണ്ടുമാത്രം പഠിക്കാന്‍ എത്തിയവരാണ് ഞങ്ങള്‍ ഏഴുപേരും. അരങ്ങേറ്റം ഭംഗിയായപ്പോള്‍ സാറിനും ഭയങ്കര സന്തോഷം ആയിരുന്നു. അമ്മമാരുടെ ഡാന്‍സ് സൂപ്പറാണെന്നാണ് അദ്ദേഹം പറഞ്ഞത്. തുടര്‍ന്നും ഞങ്ങള്‍ ഏഴുപേരും ഒരുമിച്ച് നൃത്തം തുടരണം എന്നാണ് ആഗ്രഹം. 

ഭരതനാട്യത്തിലാണ് അരങ്ങേറ്റം നടത്തിയത്. മൂന്നു വര്‍ഷത്തോളം സ്റ്റെപ്പുകളും മുദ്രകളും മാത്രമാണ് ഞങ്ങളെ പഠിപ്പിച്ചത്. ശരീരം ഉറച്ചതിനുശേഷം മാത്രമേ സെമി ക്ലാസിക്കല്‍ ഡാന്‍സ് പഠിപ്പിക്കുകയുള്ളൂ.. ആദ്യം ക്ലാസില്‍ 40 പേരോളം ഉണ്ടായിരുന്നു, അടവുകള്‍ മാത്രമായപ്പോള്‍ കുറേപേര്‍ ഇട്ടിട്ടുപോയി. പക്ഷേ, സാറിനു പെര്‍ഫക്ഷന്‍ നിര്‍ബന്ധമായിരുന്നു. 

രാജേഷ് സാര്‍ അത്രയ്ക്കു പിന്തുണയായിരുന്നു. അദ്ദേഹത്തിന്റെ ക്ഷമയോടെയുള്ള ഇടപെടലാണ് നൃത്തത്തില്‍ ഞങ്ങള്‍ക്ക് ഇത്രയെങ്കിലും ചെയ്യാന്‍ സാധിച്ചത്. പെര്‍ഫോമന്‍സിന്റെ കാര്യത്തില്‍ 100 മാര്‍ക്കാണെങ്കില്‍ പകുതി ഞങ്ങളുടെ അധ്വാനത്തിനും മറുപകുതി സാറിനുമുള്ളതാണ്. അത്രയ്ക്ക് ക്ഷമയോടെയാണ് പഠിപ്പിച്ചത്. അതിന്റെ മുഴുവന്‍ ക്രെഡിറ്റും അദ്ദേഹത്തിനുള്ളതാണ്. 

raji4455dance

വീട്ടിലും ഡബിള്‍ ഓക്കെ!

ആദ്യമൊക്കെ എന്റെ മോനും അമ്മയ്ക്കുമൊന്നും താല്‍പ്പര്യമുണ്ടായിരുന്നില്ല. പിന്നെ ‍ഡാന്‍സ് കണ്ടപ്പോഴാണ് ഞാന്‍ സീരിയസ് ആണെന്ന് മനസ്സിലായത്. പിന്നെ നല്ല സപ്പോര്‍ട്ട് ആയിരുന്നു. അമ്മയ്ക്ക് പ്രായത്തിന്റെതായ കുറേ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. എന്നിട്ടും എന്റെ അരങ്ങേറ്റം കാണാനെത്തി, കഴിയുവോളം അവിടെതന്നെ ഇരുന്നു. എല്ലാവര്‍ക്കും ഇപ്പോള്‍ എന്റെ ഡാന്‍സ് ഒരുപാട് ഇഷ്ടമാണ്. 

ഞാന്‍ കോട്ടയം എച്ച്ഡിഎഫ്സി ബാങ്കില്‍ ഫോം ലോണിന്റെ ഇന്‍ഷൂറന്‍സ് ഡിവിഷനിലാണ് ജോലി ചെയ്യുന്നത്. അത്യാവശ്യം നല്ല തിരക്കുള്ള സെക്ഷനാണ്. നൃത്തപഠനം തുടങ്ങിയതോടെ ജോലിയിലെ സ്ട്രെസ് നന്നായി കുറഞ്ഞു. മനസ്സിനിപ്പോള്‍ സുഖവും സന്തോഷവുമൊക്കെയുണ്ട്. സഹപ്രവര്‍ത്തകരില്‍ നിന്നും നല്ല പിന്തുണ കിട്ടി. അതുകൊണ്ടൊക്കെയാണ് ക്ലാസുകള്‍ മുടങ്ങാതെ നൃത്തം തുടരാന്‍ പറ്റിയത്. 

kottayam-dance-wonder-age-give-away.jpg.image.845.440

രാജിയ്ക്കൊപ്പം 60 പിന്നിട്ട റിട്ട. യൂണിയൻ ബാങ്ക് സീനിയർ മാനേജർ ജയശ്രീ പണിക്കർ, ഹൗസിങ് ബോർഡ് റിട്ട ഉദ്യോഗസ്ഥ ലക്ഷ്മി ശ്രീകുമാർ, റിട്ട സ്കൂൾ പ്രി‍ൻസിപ്പൽ ഷൈലജ രഞ്‌ജിത്ത്, സഹകരണ വകുപ്പ് കോട്ടയം ജോയിന്റ് റജിസ്ട്രാർ ഓഫിസ് ഇൻസ്പെക്ടർ അനുജ എം. മോഹനൻ, അബാക്കസ് അധ്യാപിക ബിന്ദു ശ്രീകുമാർ, ബിസിനസ് രംഗത്തുള്ള ശ്വേത വി. പൈ എന്നിവരാണ് നൃത്തം ചെയ്തത്. നാട്യ പൂർണ സ്കൂൾ ഓഫ് ഡാൻസിലെ അധ്യാപകൻ രാജേഷ് പാമ്പാടിയുടെ ശിക്ഷണത്തിലാണ് അമ്മമാര്‍ അരങ്ങിൽ ചുവടുവച്ചത്.

Tags:
  • Spotlight
  • Inspirational Story