മുണ്ടും മടക്കി കുത്തി ഖദറിട്ട ഏമാനോട് നാല് ഡയലോഗ് കാച്ചുന്ന വെള്ളിത്തിരയിലെ ജോസഫ് അലക്സിനെ കണ്ടപ്പോൾ രോമകൂപങ്ങൾ എഴുന്നേറ്റ് നിന്ന് കയ്യടിച്ച കഥ നമുക്ക് പങ്കുവയ്ക്കാനുണ്ട്. പക്ഷേ കേരളക്കരയുടെ ചുറ്റുവട്ടാരത്തിൽ അങ്ങനെയൊരാളെ കണ്ടുപിടിക്കാൻ ആവോളം നോക്കി. ‘ഓ... രാഷ്ട്രീയക്കാര് പറയുന്നതിന് അപ്പുറമൊന്നും ഇവറ്റകള് ചലിക്കില്ലെന്നേ...’ എന്നായിരുന്നു പലരുടേയും ആത്മഗതം. വിരട്ടലും വിലപേശലും ട്രേഡ് മാർക്കാക്കിയ... സ്ഥലം മാറ്റഭീഷണിയെന്ന ഡെമോക്ലാസിന്റെ വാൾ കൂടെക്കൊണ്ടു നടക്കുന്ന ഖദറിട്ട ഏമാൻമാർ നമ്മുടെ ഉദ്യോഗസ്ഥ വൃന്ദത്തെ റാൻ മൂളികളാക്കി. ചില്ലു കൊട്ടാരങ്ങളിലിരുന്ന് ഏമാൻമാർ കൽപ്പിക്കും ഐഎഎസും, ഐപിസും അത് അനുസരിക്കും അതാണ് ലൈൻ. ഓർഡറിടുന്നതിനും ചൊൽപ്പടിക്കു നിർത്തുന്നതിനും വലിയവൻ ചെറിയവൻ വ്യത്യാസമൊന്നും ഇല്ലാ എന്നുള്ളതാണ് കൗതുകകരം. മുന്തിയ മന്ത്രിയിൽ തുടങ്ങി ലോക്കൽ ഛോട്ടാ...നേതാക്കൻമാരെ ഇപ്പറഞ്ഞ അഡ്മിനിട്രേഷൻ ടീംസിനെ ചൊൽപ്പടിക്ക് നിർത്താൻ തുടങ്ങി.
എല്ലാവരേയും എല്ലാക്കാലത്തും ഒരു പോലെ വിരട്ടി നിർത്താൻ പറ്റില്ലെന്ന് കൊച്ചു കേരളം മനസിലാക്കിയത് ദേ... ഈയടുത്താണ്. കഞ്ഞിമുക്കിയ ഖദറിനെക്കാളും കഷ്ടപ്പെട്ട് നേടിയ ഐഎഎസിനും ഐപിഎസിനും വിലയുണ്ടെന്ന് കാട്ടിക്കൊടുത്ത ഒരു കൂട്ടം ക്ഷുഭിത യൗവനങ്ങൾ. കൊടിയുടെ നിറമോ...ഭീഷണിയുടെ സ്വരമോ...മോഹന സുന്ദര വാഗ്ദാനങ്ങളോ ഒന്നും അവർക്കൊരു വിഷയമേ അല്ലാതായി. പിന്നെയോ...കൽപ്പിക്കാൻ വന്നവനേയും അതിന് കുടപിടിച്ചവനേയും കണ്ടം വഴി ഓടിച്ചു. എന്നിട്ട് അഴിമതിയുടെ കറപുളരാത്ത ഉശിരൻ തീരുമാനങ്ങൾ അങ്ങ്ട് നടപ്പാക്കി. ആ കാഴ്ച കണ്ട് കോരിത്തരിക്കാൻ കരളുറപ്പുള്ള ഒരു പുരുഷാരം മുഴുവനുമുണ്ടായിരുന്നു.
ഇതിങ്ങനെ ഒരു കഥ പോലെ തുടർന്നു കൊണ്ടേയിരിക്കുകയാണ്. സത്യത്തിനു വേണ്ടി ഏതറ്റം വരേയും പോകുന്ന ക്ഷുഭിത യൗവനങ്ങളുടെ കഥ. കരളുറപ്പെന്നും ഉശിരെന്നും നീതിയുക്തമെന്നുമൊക്കെ പലപേരിൽ നാം വിളിച്ച കഥയിൽ നായകനും നായികയുമാകാൻ നിരവധി പേരെത്തി.. മുതിരപ്പുഴയാറ്റിന്റെ കരയിൽ ചട്ടലംഘനം നടത്തിയ എംഎൽഎയെ വട്ടം കറക്കിയ സബ് കലക്ടർ രേണുരാജും. ഇടുക്കിയിലെ അനധികൃത കയ്യേറ്റങ്ങളെ വെളിച്ചത്തു കൊണ്ടു വന്ന ദേവികുളം സബ്കലക്ടർ ശ്രീറാം വെങ്കിട്ടരാമൻ. നോക്കുകൂലി, പച്ചക്കറികളിലെ കാടനാശിനി, ഭക്ഷ്യ വസ്തുക്കളിലെ മായം എന്നിവയ്ക്കെതിരെ വാളോങ്ങിയ അനുപമയും നിയമം നടപ്പിലാക്കാൻ ശബരിമലയിൽ ചങ്കുറപ്പോടെ നിന്ന യതീഷ് ചന്ദ്രയുമൊക്കെയാണ് ആ കഥയിലെ നായകനും നായികയും.
സോഷ്യൽ മീഡിയ ഹൃദയം നൽകിയ...ലൈക്കിലേറ്റിയ ഈ സെലിബ്രിറ്റികൾക്കും എത്രയോ മുമ്പ് അത്രകണ്ട് ആഘോഷിക്കപ്പെടാതെ പോയ ഒരു മനുഷ്യനുണ്ടായിരുന്നു. നീണ്ട 28 കൊല്ലം അഴിമതിയോട് സന്ധിയില്ലാതെ പടവെട്ടിയ ധീരനായ ഉദ്യോഗസ്ഥൻ. കർമ്മപഥത്തിൽ അയാളെടുത്ത ആത്മാർത്ഥമായ തീരുമാനത്തിന്റെ പേരിൽ...പൊള്ളി വിയർത്ത ഏമാൻമാരുടെ എണ്ണം ഒന്നിലും രണ്ടിലും നിൽക്കില്ല. പറഞ്ഞു വരുന്നത് രാജു നാരായണ സ്വാമിയെന്ന ധീരനായ ഉദ്യോഗസ്ഥനെ കുറിച്ചാണ്.
ആരും കൊതിക്കുന്ന അക്കാദമിക് നേട്ടങ്ങളുടെ പെരുമയും പേറി സിവില്‍ സർവീസിലേക്ക് കാലെടുത്തുവച്ചയാൾ. എസ്എസ്എൽസിക്കും പ്രീഡിഗ്രിക്കും ഐഐടിയിലെ ബിടെക്കിലും ഒന്നാം റാങ്ക് നേടിയ അതുല്യ പ്രതിഭ. എല്ലാത്തിനും മേലെ സിവിൽ സർവീസ് പരീക്ഷയില്‍ ഒന്നാം റാങ്ക്....അഴിമതിയുടെ കറപുരളാത്ത തീരുമാനങ്ങളുടെ പേരിൽ ഏമാൻമാർ കൂച്ചുവിലങ്ങിടാൻ ശ്രമിച്ചപ്പോഴൊക്കെ പാറപോലെ ഉറച്ചു നിന്നു ആ അധികാരി.
സംസ്ഥാനത്ത് അഞ്ചുജില്ലകളില്‍ കളക്ടറായി സേവനം അനുഷ്ഠിച്ചിട്ടുള്ള വ്യക്തി. മൂന്നാറില്‍ കൈയേറ്റം ഒഴിപ്പിക്കാനായി മുഖ്യമന്ത്രിയായിരുന്ന വിഎസ് അച്യുതാനന്ദന്‍ നിയോഗിച്ച ദൗത്യസംഘത്തിലെ അംഗം. മുന്‍ മന്ത്രിയായിരുന്ന ടി.യു. കുരുവിളയുടെ ഭൂമി കുംഭകോണത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചധീരനായ ഉദ്യോഗസ്ഥൻ. കർമ്മകുശലതയുടേയും നിസ്വാർത്ഥമായ പ്രവർത്തനങ്ങളുടേയും വഴിയിലെ ഇതു പോലെ നൂറു കഥകൾ പങ്കുവയ്ക്കാനുണ്ട് അദ്ദേഹത്തിന്.

അധികാരത്തിന്റെ ഹുങ്കിൽ അഴിമതിയുടെ മേലങ്കിയണിഞ്ഞ് ഒരു ഉദ്യോഗസ്ഥൻ കൂടി ബലിയാടാകുമ്പോൾ ജനരോഷം ഉണരുക തന്നെ വേണം. അങ്ങനെയല്ലാ എങ്കിൽ ഗോഡ്ഫാദർമാർ നിയന്ത്രിക്കുന്ന റാൻ മൂളികളുടേത് മാത്രമായിപ്പോകും നമ്മുടെ നാട്. നീതിക്കായുള്ള പോരാട്ടത്തിൽ രാജുനാരായണ സ്വാമിക്കൊപ്പം കൈ കോർക്കാം. അദ്ദേഹത്തിനു വേണ്ടിയല്ല... ഈ നാടിനു വേണ്ടി..