Tuesday 05 November 2019 03:30 PM IST

അസഹ്യമായ ദുർഗന്ധം, ഭാര്യപോലും അകന്നു മാറി നിൽക്കുന്നു! കാൻസറിൽ പിടഞ്ഞ മനുഷ്യനെ സ്നേഹംതൊട്ട് മുറിവുണക്കിയ രാഖിയുടെ കഥ

Lismi Elizabeth Antony

Senior Sub Editor, Manorama Arogyam

rakhi-nurse

ഒരു തോർത്തു കൊണ്ടു മുഖം മറച്ച് താടി താങ്ങിപ്പിടിച്ച് വേച്ചു പോകുന്ന ചുവടു വയ്പുകളുമായി ഒരാൾ. ആ അമ്പതു വയസ്സുകാരനെക്കുറിച്ചാണു രാഖി പറഞ്ഞു തുടങ്ങിയത്.

‘‘അസഹ്യമായ ദുർഗന്ധം അദ്ദേഹത്തിനു ചുറ്റും നിറയുന്നുണ്ട്. ഭാര്യ പോലും അകന്നുമാറി നിൽക്കുകയാണ്. തളർന്നു താഴ്ന്ന കണ്ണുകൾ. ഞാൻ അടുത്തുചെന്നു. അദ്ദേഹത്തിന് എന്തോ പറയാനുണ്ട്. തോർത്തുമാറ്റിയപ്പോൾകവിളിൽ വലിയൊരു വ്രണം. വേദനകൊണ്ട് പുളയുകയാണ് പാവം. വ്രണത്തിലൂടെ പുഴുക്കളും ഇഴയുന്നു.

കാൻസർ സമ്മാനിച്ച വ്രണമാണത്. ചികിത്സകളെല്ലാം കഴിഞ്ഞു. ഇനി ഒന്നും ചെയ്യാനില്ല. മുഖത്തൊന്നു തൊടാൻ പോലും അനുവദിക്കാത്ത വേദന മാത്രം ബാക്കി. വീട്ടിൽ പരിചരണത്തിനുള്ള സാഹചര്യമില്ല . അദ്ദേഹം വീടിനു പുറത്തിറങ്ങാതെയായപ്പോൾ ഭാര്യ പാലിയം ഇന്ത്യയിലേക്ക് കൂട്ടിക്കൊണ്ടു വന്നതാണ്. ചെറിയ അളവിൽ വേദനാസംഹാരി നൽകി. അല്ലാതെ വ്രണത്തിൽ തൊടാനാകില്ല . വേദന കുറഞ്ഞപ്പോൾ വ്രണം വൃത്തിയാക്കി. പുഴുക്കളെ ഒാരോന്നായി കളഞ്ഞു. നീണ്ടു വളർന്ന താടി വെട്ടിവൃത്തിയാക്കിയപ്പോൾ തന്നെ രൂപത്തിൽ പ്രകടമായ മാറ്റം. വിശക്കുന്നുണ്ടോ? ചോദിച്ചപ്പോൾ തലയാട്ടി. കഞ്ഞി സ്പൂണിൽ കോരിക്കൊടുത്തു. വയർ നിറയെ കഞ്ഞി കുടിച്ചപ്പോൾ ആ കണ്ണുകളിലെ സന്തോഷം.. ..അതിപ്പോഴും എന്റെ മനസ്സിലുണ്ട്..’’ പറഞ്ഞപ്പോൾ രാഖിയുടെ കണ്ണുകളും നിറഞ്ഞു.

കണ്ണീർ തുടച്ചും സ്നേഹത്തണലേകി കൂട്ടിരുന്നും സാന്ത്വനപരിചരണത്തിൽ സ്വയം മറന്ന ആ കാലംരാഖിക്ക് ഏറെ പ്രിയപ്പെട്ടതാണ്. സാന്ത്വനപരിചരണത്തിനായുള്ള തിരുവനന്തപുരത്തെ പാലിയം ഇന്ത്യയുടെ ഒാണററി നഴ്സിങ് അഡ്വൈസറാണ് മുപ്പത്തിയെട്ടുകാരിയായ രാഖി സന്തോഷ്.

കരുതലുള്ള മനസ്സുമായ്

rakhi

ആ മനുഷ്യന് അഞ്ചു കുട്ടികളാണ്. അവരുടെ ഭാവിയും ജീവിതവും മരണത്തെ പ്രതീക്ഷിച്ചിരിക്കവേ അദ്ദേഹത്തിന്റെ നെഞ്ചുരുക്കുന്നുണ്ട്. അദ്ദേഹത്തിന്റെ രണ്ടു പെൺ മക്കൾക്കു വിദ്യാഭ്യാസ സഹായം ലഭ്യമാക്കുന്നതിനു കൂടി രാഖി വഴിയൊരുക്കി. രോഗികളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ സഹായ പദ്ധതിയിലൂടെ.

2009 മുതൽ ഏഴു വർഷത്തോളം പാലിയം ഇന്ത്യയിൽ രാഖിയുണ്ടായിരുന്നു. എത്രയോ രോഗികൾ ആസാന്ത്വനത്തിന്റെ തണുപ്പറിഞ്ഞതാണ്. ഒരു പുഞ്ചിരി കൊണ്ട് തീവ്രവേദനകളെ ഉരുക്കി, മുറിവുകൾവച്ചു കെട്ടി.. അഴുക്കുകൾ തുടച്ച്...

സ്നേഹം ഒാർമിക്കുന്നവർ

പാലിയം ഇന്ത്യയിലെത്തിയ എല്ലാമുഖങ്ങളും രാഖിയുടെ ഒാർമയിലില്ല. എങ്കിലും രാഖിയെ ആരും മറന്നിട്ടില്ല .രോഗി മരണമടഞ്ഞിട്ടും രാഖിയുടെ കരുതലിന്റെ കാഴ്ച കണ്ടുനിന്ന ചില ബന്ധുക്കൾ വർഷങ്ങളായി ഫോൺ വിളിക്കാറുണ്ട്. അടുത്തയിടെ ബസ് യാത്രയിൽ സീറ്റിൽ നിന്നെഴുന്നേറ്റ് രാഖിയെ ഇരിക്കാൻ നിർബന്ധിക്കുകയാണ് ഒരുസ്ത്രീ . കൂടെയുണ്ടായിരുന്നവരോട് ‘നമ്മുടെ അമ്മയ്ക്കു വേണ്ടീട്ട് ഈ സിസ്റ്റർ എന്തെല്ലാം ചെയ്തതാ’...എന്ന് അവർ പറയുന്നു. കുറേ വർഷങ്ങൾക്കു മുമ്പ് പരിചരിച്ച സരസമ്മ എന്ന അമ്മയുടെ മകളാണതെന്നു രാഖി പിന്നീടാണോർമിച്ചത്.

സ്നേഹം തൊട്ട് മുറിവുണക്കി

2002–ൽ ജനറൽ നഴ്സിങ് പഠനം കഴിഞ്ഞ് ഏഴു വർഷത്തോളം എസ് യു ടി ആശുപത്രിയിൽ ജോലിചെയ്ത ശേഷമാണ് രാഖി പാലിയം ഇന്ത്യയിലെത്തുന്നത്. ‘‘നഴ്സിങ് പഠിക്കുന്നതിന് ആരും നിർബന്ധിച്ചിട്ടില്ല . സമൂഹത്തിനു വേണ്ടി എന്തെങ്കിലും ചെയ്യുക എന്നതായിരുന്നു ജീവിതാഭിലാഷം. രോഗിയുടെ ബുദ്ധിമുട്ടുകൾ കുറയ്ക്കുകയാണു സാന്ത്വന പരിചരണത്തിലൂടെ. ദീർഘകാല ചികിത്സ ആവശ്യമുള്ളവർക്ക് രോഗനിർണയത്തോടൊപ്പം തുടർന്നു പോകേണ്ടതാണ് സാന്ത്വനപരിചരണം.’’ രാഖി വിശദമാക്കുന്നു.

സാന്ത്വനപരിചരണം എന്നെ പൂർണമായും മാറ്റിയെടുത്തു . എനിക്കു ലഭിച്ച അനുഗ്രഹങ്ങളും നൻമകളുമെല്ലാം തിരിച്ചറിയാൻ കഴിഞ്ഞു. അതുകൊണ്ട് എന്റെ സൗഭാഗ്യങ്ങളെ വേദനിക്കുന്നവർക്ക് അനുഗ്രഹമാക്കാനാണിഷ്ടം – രാഖി വിനയാന്വിതയായി.

പാലിയേറ്റീവ് കെയറിൽ ഉപരിപഠനം നടത്തിയ രാഖി സാന്ത്വനപരിചരണത്തെക്കുറിച്ചു ക്ലാസുകളും എടുക്കാറുണ്ട്. കൊൽക്കത്തയിൽ നടന്ന സെമിനാറിൽ സാന്ത്വനപരിചരണത്തിലെ രോഗീപരിചരണം എന്ന വിഷയത്തെക്കുറിച്ചുള്ള പ്രബന്ധാവതരണത്തിന് അമേരിക്കൻ സൊസൈറ്റി ഒാഫ് ക്ലിനിക്കൽ ഒാങ്കോളജിയുടെ പുരസ്കാരവും ലഭിച്ചു.

തിരുവനന്തപുരം ശ്രീ കാര്യത്ത് ചേങ്കോട്ടുകോണത്താണ് രാഖിയുടെ അദ്വൈതം എന്ന വീട്. ഭർത്താവ് സന്തോഷ് സൈനികസേവനത്തിലാണ്. മകൻ അദ്വൈത് നായർ. ഗവൺമെൻറ് മേഖലയിലേക്ക് നഴ്സായി മാറിയെങ്കിലും സാന്ത്വനപരിചരണത്തോടുള്ള ഇഷ്ടം കൊണ്ട് സമയം കിട്ടുമ്പോഴൊക്കെ രാഖി പാലിയം ഇന്ത്യയിൽ ഒാടിയെത്തും – ശമ്പളം വാങ്ങാതെ ജോലി ചെയ്യുന്നതിനായി.

‘ മറ്റുള്ളവർക്കു നൽകുന്ന കരുതലും ദയയുമെല്ലാം നിങ്ങളുടെ ഹൃദയത്തെ ഊഷ്മളമാക്കാൻ തിരികെയെത്തട്ടെ’ എന്ന് പാലിയം ഇന്ത്യയുടെ ഉൾച്ചുവരിൽ എഴുതി വച്ചിട്ടുണ്ട്. അതു രാഖിക്കു വേണ്ടിയാണ്എന്നു തോന്നി ...