‘ആദ്യത്തെ കുഞ്ഞിന് ജന്മം നൽകുന്നത് വരെ ഞാന്‍ മെലിഞ്ഞ് സുന്ദരിയായിരുന്നു. ഇപ്പോൾ വല്ലാതെ തടി വച്ചിരിക്കുന്നു. തടി കുറയ്ക്കാൻ ശ്രമിച്ചിട്ട് നടക്കുന്നുമില്ല.’
പിടിവിട്ട് പോയ തടിയെ നോക്കി കുഞ്ഞുങ്ങളുള്ള എല്ലാ അമ്മമാരും ഒരു പോലെ പറയുന്ന ആത്മഗതമാണിത്. കുഞ്ഞുങ്ങളേയും ഭർത്താവിനേയും നോക്കുന്നതിനുള്ള പരക്കം പാച്ചിലിനിടയിൽ ശരീരം നോക്കാൻ എവിടെ സമയം എന്ന് ചോദിക്കുന്നവരും കുറവല്ല. സീറോ സൈസ് സ്വപ്നമായി മനസിൽ കാത്തു സൂക്ഷിക്കുന്ന അമ്മമാർക്കിടയിലേക്കാണ് രശ്മി കൃഷ്ണ എന്ന ‘സൂപ്പർ മോമിന്റെ’ വരവ്. ആദ്യത്തെ കുഞ്ഞിന് ജന്മം നൽകി കേവലം മാസങ്ങൾക്കുള്ളിൽ തന്നെ അമ്പരപ്പിക്കും വിധം ഫിറ്റ്നസിലേക്ക് തിരികെയെത്തി മോഡൽ കൂടിയായ രശ്മി. 60 കിലോ കടന്ന ശരീരഭാരം പ്രസവം കഴിഞ്ഞ് ഒരു വർഷം ആകുന്നതിനു മുൻപു തന്നെ 40ൽ എത്തിച്ച കഥയാണ് രശ്മിക്ക് പറയാനുള്ളത്. സോഷ്യൽ മീഡിയ കണ്ണുവച്ച ആ അഡാർ ട്രാൻസ്ഫോർമേഷൻ ചാലഞ്ചിന്റെ കഥ ആത്മവിശ്വാസത്തോടെ രശ്മി കൃഷ്ണ പറയുന്നതിങ്ങനെ...
പ്രസവകാലത്തെ ഞാൻ
36 കിലോ! എന്റെ വാവ ശ്രീദേവ് വരവറിയിക്കുമ്പോൾ അത്രയേ ഉണ്ടായിരുന്നുള്ളൂ എന്റെ ഭാരം. ഐഡിയൽ ശരീരഭാരം അനുസരിച്ച് എപ്പോഴുംസുരക്ഷിത തീരത്തായിരുന്നു ഞാൻ. അധികം വണ്ണം വയ്ക്കാത്ത ശരീര പ്രകൃതം. മറ്റൊരു തരത്തിൽ പറഞ്ഞാൽ മുംബൈയിലെ കോർപ്പറേറ്റ് ജീവിതമാണ് എന്നെ ഇങ്ങനെയാക്കിയത്.
പഠിച്ചതും വളർന്നതുമൊക്കെ മുംബൈയിലാണ്. അവിടുത്തെ സ്വകാര്യ കമ്പനിയിലെ ജോലി, മോഡലിങ്ങ് എല്ലാം കൂടി ആയപ്പോൾ ഞാൻ മെലിഞ്ഞ് സുന്ദരിയായി തന്നെ നിന്നു. പക്ഷേ പ്രസവകാലം എന്നെ അടിമുടി മാറ്റി– രശ്മി പറഞ്ഞു തുടങ്ങുകയാണ്.
ശ്രീദേവിനെ ഗർഭിണിയായിക്കുമ്പോഴാണ് ശരീരഭാരം കൂടുന്നതിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. 36 കിലോ ഉണ്ടായിരുന്ന ഞാൻ ആദ്യത്തെ മൂന്ന് മാസം ആയപ്പോഴേക്കും 40 കിലോ കടന്ന് മുന്നേറി. ഗർഭകാലത്തെ ഭക്ഷണങ്ങളും സ്പെഷ്യൽ കെയറുകളും ആയതോടെ 50ലെത്താൻ വലിയ താമസമുണ്ടായില്ല. ഡെലിവറിയുടെ സമയം ആയപ്പോഴേക്കും 60 കടന്നു എന്റെ ശരീരഭാരം. 60 കിലോ, എന്നത് അതൊരു വലിയ സംഖ്യയാണോ എന്നറിയില്ല, എന്നെ സംബന്ധിച്ചടത്തോളം ഞാന്‍ ശരിക്കും വണ്ണം വച്ചിരുന്നു.

ബാക് ടു ഫിറ്റ്നസ്
മൂന്ന് മാസമായിരുന്നു പ്രസവാവധി. അതിനെ നാല് മാസമാക്കി മാറ്റി വിശ്രമത്തിനു ശേഷം തിരികെ ജോലിക്ക് കയറുമ്പോൾ ഞാൻ ആകെ മാറിയിരുന്നു. മുൻപൊക്കെ ജീൻസ് ഉൾപ്പെടെയുള്ള ഇഷ്ട വസ്ത്രങ്ങൾ കോൺഫിഡന്റായി തന്നെ ധരിച്ചിരുന്നു. പക്ഷേ പ്രസവ ശേഷമുള്ള എന്റെ ശരീരം ആ മോഹങ്ങൾക്കെല്ലാം തടയിട്ടു. തടിയുള്ള ശരീരത്തോടെ ജീൻസ് മാത്രമല്ല എന്റെ ഷെൽഫിലെ പല ഫേവറിറ്റ് ഡ്രസുകളും പിണങ്ങി നിന്നു. സോഷ്യല്‍ മീഡിയയിൽ പോസ്റ്റ് ചെയ്തത് കുഞ്ഞിന്റെ ചോറൂണിന് സാരിയുടുത്ത് നിൽക്കുന്ന ചിത്രമാണ്.
പക്ഷേ ഭാഗ്യമെന്ന് പറയട്ടേ, വാവ പുറത്തു വന്ന് അഞ്ചാം മാസം ആകുമ്പോഴേക്കും ശരീരം എന്റെ പഴയ ഐഡിയൽ വെയിറ്റിലേക്ക് സ്വാഭാവികമായി മടങ്ങി വരികയാണ് എന്ന സൂചന നൽകി. എല്ലാവരും ചെയ്യുന്ന പോലെ ഡയറ്റ് എന്ന പേരിൽ പട്ടിണി കിടക്കുന്നതായിരുന്നില്ല എന്റെ ജീവിത രീതി. ചിട്ടയോടെയുള്ള എക്സർസൈസ് അതായിരുന്നു എന്നെ ഫിറ്റാക്കി നിർത്തിയിരുന്നത്. അതു കൊണ്ട് തന്നെ പ്രസവാനന്തര ബുദ്ധിമുട്ടുകളൊക്കെ കഴിഞ്ഞതിനു പിന്നാലെ എക്സർസൈസ് പുനരാരംഭിച്ചു. പ്രത്യേകിച്ച് വയറും കൊഴുപ്പും കുറയ്ക്കുന്നതിനുള്ള എക്സർസൈസുകളാണ് പ്രധാനമായും ചെയ്തത്.

ഏഴാം മാസം ആയപ്പോൾ തന്നെ എന്റെ ശരീരം സ്വാഭാവിക മാറ്റത്തിലേക്ക് വരാൻ തുടങ്ങി. കുഞ്ഞിന് ഒരു വയസ് ആകും മുമ്പ് തന്നെ 20 കിലോ വരെ കുറഞ്ഞ് 40 എന്ന സുരക്ഷിത തീരത്തിലേക്ക് ഞാനെത്തി. ജോലി സംബന്ധമായുള്ള പിടിച്ചുള്ള യാത്രയും തിരക്കു പിടിച്ചുള്ള ലൈഫും എന്റെ തടി കുറയുന്നതിൽ കാരണമായിട്ടുണ്ട് എന്ന് വേണമെങ്കിൽ പറയാം. എന്തായാലും ഞാനിന്ന് ഹാപ്പിയാണ്. നാൽപത് കിലോ എത്തിയതിനു ശേഷം പഴയ മോഡലിങ്ങിലേക്ക് വീണ്ടും സജീവമായിട്ടുണ്ട് ഞാൻ.
വർഷങ്ങൾക്കിപ്പുറം ഇക്കഴിഞ്ഞ മാർച്ചിലാണ് ഞാൻ നാട്ടിലേക്ക് തിരികെ എത്തുന്നത്. മകന് ഏഴു വയസായിരിക്കുന്നു. ഞാനും ഭർത്താവ് ശ്രീകുമാറും സ്വദേശമായ പത്തനംതിട്ട കൊടുമണ്ണിലാണ് ഇപ്പോൾസെറ്റിൽ ചെയ്തിരിക്കുന്നത്. മുംബൈയിലെ ജോലി ഉപേക്ഷിച്ച ഞാനിപ്പോൾ നാട്ടിൽ ഒരു പ്രാദേശിക ചാനലിൽ റിപ്പോർട്ടറായി ജോലി നോക്കുന്നുണ്ട്. ഭർത്താവ് ശ്രീകുമാർ പ്രൊഫഷണൽ ഫൊട്ടോഗ്രാഫറാണ്. മുംബൈയോട് യാത്ര പറഞ്ഞെങ്കിലും പഴയ മോഡലിങ്ങ് ഇന്നും കട്ടയ്ക്ക് കൂടെയുണ്ട്. മോഡലിങ്ങിനൊപ്പം സ്വപ്നമായി സിനിമയും മനസിലുണ്ട്. എല്ലാം നടക്കുമെന്ന സ്വപ്നമാണ് ഇന്ന് മുന്നോട്ട് നയിക്കുന്നത്– രശ്മി പറഞ്ഞു നിർത്തി.
