Tuesday 05 October 2021 04:09 PM IST

‘ഇന്നും അവനെന്റെ മനസില്‍ മായാതെയുണ്ട്, അതിനാൽ മറ്റൊരു വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നില്ല’: ജീവിതം പറഞ്ഞ് രഞ്ജു രഞ്ജിമാർ

Rakhy Raz

Sub Editor

renju-renji

എന്റെ മകളാണ് അനന്യ. ജന്മം കൊണ്ടല്ല, ഹൃദയം കൊണ്ട്. ഞാനാ വേദന കണ്ണീരിലൊതുക്കാൻ പാടുപെടുകയാണ്. വിഷമം സഹിക്കാനാകാതെയാണ് അവളുടെ പങ്കാളി ജിജുവും ജീവൻ ഉപേക്ഷിച്ചത്.’’ കണ്ണീരിന്‍റെ നനവുണ്ട് രഞ്ജു രഞ്ജിമാറിന്റെ ഒാരോ വാക്കിലും.

കേട്ടവരെല്ലാം ഞെട്ടിയ വേർപാടായിരുന്നു ട്രാൻസ്ജെൻഡർ ആക്റ്റിവിസ്റ്റും ആർജെയുമായിരുന്ന അനന്യകുമാരി അലക്സിന്റെ മരണം. ശസ്ത്രക്രിയയിലെ പിഴവാണ് ആത്മഹത്യയിലേക്കു നയിച്ചതെന്ന െവളിപ്പെടുത്തലുകളോടെ വിവാദം കത്തിപ്പടര്‍ന്നു. എ പ്പോഴും ചിരിച്ചു മാത്രം കണ്ടിരുന്ന രഞ്ജു രഞ്ജിമാര്‍ ഇപ്പോള്‍ െപയ്യാന്‍ േപാകുന്ന കാര്‍മേഘം േപാലെ സങ്കടപ്പെട്ടിരുന്നു പറയുന്നതും തനിക്കു പ്രിയപ്പെട്ട അ നന്യയെക്കുറിച്ചാണ്.

‘‘ഒരു വര്‍ഷം മുന്‍പായിരുന്നു അനന്യയുെട ലിംഗ മാറ്റ ശസ്ത്രക്രിയ. ഇതു കഴിഞ്ഞ് 41 ദിവസത്തിനു ശേഷം സ്ത്രീയായി മാറിയതിന്റെ ആഘോഷം നടത്തും. ജൽസ എന്നാണ് ചടങ്ങിെന്‍റ പേര്. അന്ന് അവളെ മണവാട്ടിയെപ്പോലെ ഒരുക്കി ‘ലച്ച’ എന്ന പ്രത്യേക തരം താലിമാല ഉണ്ടാക്കി കഴുത്തിൽ കെട്ടിക്കൊടുക്കും. ‘ലച്ച’ കെട്ടിക്കൊടുക്കുന്നത് അവർ അമ്മയുടെ സ്ഥാനം തരുന്നവരാണ്. പിന്നീട് അവളുടെ അമ്മ എന്ന നിലയിലുള്ള കടമകൾ എല്ലാം നിര്‍വഹിക്കുന്നത് ലച്ച കെട്ടിക്കൊടുക്കുന്നവരാണ്. അനന്യക്ക് ലച്ച കെട്ടിക്കൊടുത്തത് ഞാനാണ്.

ട്രാൻസ്‌വുമണ്‍ മരണം സംഭവിച്ചാൽ ജൽസ ദിവസം അണിഞ്ഞ വസ്ത്രങ്ങളും ആഭരണങ്ങളും അവളുടെ കുഴിമാടത്തിൽ ഉപേക്ഷിക്കണം. അതും ചെയ്യേണ്ടത് അമ്മയാണ്. ഒരമ്മയും ഇതാഗ്രഹിക്കില്ല. പക്ഷേ, എനിക്കതു ചെയ്യേണ്ട ദുര്യോഗം വന്നു.

എട്ടൊൻപതു വര്‍ഷം മുന്‍പ്, ഞാൻ കോഴിക്കോട് ഒരു ബ്യൂട്ടി പേജന്റിന് പോകുമ്പോൾ അവിടെ മത്സരാർഥിയായി അനന്യ വന്നിരുന്നു. പിന്നീട് എറണാകുളത്ത് വീണ്ടും കണ്ടു. ‘വനിത’ ആദ്യമായി ദീപ്തി ക ല്യാണിയെന്ന ട്രാൻസ്‌വുമണിനെ കവർ പേജാക്കിയപ്പോൾ മേക്കപ് ചെയ്തത് ഞാനാണ്. അന്നു ദീപ്തിയുടെ കൂടെ അനന്യയും വന്നിരുന്നു.

2017 ൽ ഞാൻ തുടങ്ങിയ ‘ദ്വയ’ എന്ന സംഘടന നടത്തിയ ബ്യൂട്ടി പേജന്റിൽ മത്സരിച്ച് തിരഞ്ഞെടുക്കപ്പെട്ടു. അങ്ങനെ ആ ബന്ധം വളര്‍ന്നു വളര്‍ന്ന് എന്നെ അമ്മയായി സ്വീകരിക്കുന്നിടത്തോളം എത്തി.

അനന്യയുടെ സർജറിയെക്കുറിച്ച് രഞ്ജുവിന് അറിവുണ്ടായിരുന്നോ ?

തീർച്ചയായും. സർജറി കഴിഞ്ഞ് എന്റെ വീട്ടിലേക്കാണ് അവള്‍ വന്നത്. അന്നു രാത്രി തന്നെ ഛർദി തുടങ്ങി. എക്കിളും കൂടുതലായിരുന്നു. എെന്‍റ സര്‍ജറി 2020 മേയ് പതിനേഴിനും അനന്യയുടേത് ജൂൺ പതിനാലിനും ആയിരുന്നു. അങ്ങനെ ഞാനും വിശ്രമത്തിലായിരുന്നു. അതുകൊണ്ട് അവളെ നേരിട്ടു താങ്ങിപ്പിടിക്കാനുള്ള ആരോഗ്യം ഉണ്ടായിരുന്നില്ല. പക്ഷേ, സഹായിക്കാൻ ആളുകൾ ഉണ്ടായിരുന്നു. അന്നു രാത്രി തന്നെ അവളെ വീണ്ടും ആശുപത്രിയിലേക്ക് കൊണ്ടു പോയി.

സ്കാൻ ചെയ്തപ്പോൾ രണ്ടു മൂന്നിടത്ത് കുഴപ്പങ്ങൾ ഉള്ളതായി കണ്ടു. അപ്പോൾ തന്നെ റീ സർജറി ചെയ്തു. വയർ ഇരുവശത്തും തുളച്ച് അതിലൂടെ ട്യൂബ് ഇടേണ്ടി വ ന്നു. പല സങ്കീർണതകളും ഉണ്ടായിരുന്നു.

പത്തിരുപത് ദിവസം കഴിഞ്ഞാണ് ഡിസ്ചാർജ് ആയത്. അന്നേരം വലിയ കുഴപ്പൊന്നുമില്ലായിരുന്നു. പിന്നീടാണ് വജൈനയുെട ഭാഗത്തെ ചില പ്രശ്നങ്ങള്‍ ശ്രദ്ധയില്‍ െപട്ടത്. ഒരു സർജറി കൂടി ചെയ്താൽ ശരിയാകും എന്നാണ് വിദഗ്ധർ പറഞ്ഞത്. വീണ്ടും അതേ േഡാക്ടറെ െകാണ്ടു സർജറി ചെയ്യിക്കുക അവൾക്ക് ഭയമായിരുന്നു.

ഡൽഹിയിലെ പ്രശസ്തമായ ഒരു ആശുപത്രിയില്‍ റീ സർജറി ചെയ്യാനായിരുന്നു അവളുെട തീരുമാനം. പക്ഷേ, ചികിത്സയുെട ഫയലുകളും കിട്ടിയില്ല. ഒരു തീരുമാനം വ രും വരെ പിടിച്ചു നിൽക്കാനുള്ള ശക്തിയും ഇല്ലായിരുന്നു എന്റെ മകളുടെ മനസ്സിന്, പാവം.

ദൈവം തന്നത് മാറ്റുന്നതെന്തിന് എന്നു ചോദിക്കുന്നവരുണ്ട് ?

മാനസികമായി മറ്റൊരു ജെൻഡർ ആണ് തനിക്കുള്ളത് എന്നു മനസ്സിലാക്കുമ്പോള്‍ അവയവങ്ങളും മാറ്റം വരുത്തണം എന്നാഗ്രഹിക്കും. അതിൽ കുറ്റപ്പെടുത്താനാകില്ല. സ്ത്രീയാകാനുള്ള അതിയായ ആഗ്രഹം കൊണ്ട് ഡോക്ടറെ വിശ്വസിച്ച് സർജറിക്ക് ഒരുങ്ങുകയാണ്. മനസ്സും ശരീ രവും രണ്ടായിപ്പോകുന്നവർ ഉണ്ടെന്നു സമൂഹം അംഗീകരിക്കാത്തിടത്തോളം കാലം, ഇങ്ങനെയുള്ളവർ പരിഹസിക്കപ്പെടും. ശാരീരികമായി കയ്യേറ്റം ചെയ്യപ്പെടും.

മനസ്സിനും ശരീരത്തിനും ഏറ്റ കൊടിയ വേദനകളാണ് ‘ഞാൻ അവനല്ല, അവളാണ്’ എന്ന് തലയുയർത്തിപ്പിടിച്ചു പറയാൻ എന്നെ പഠിപ്പിച്ചത്. ഞാൻ വളരുകയായിരുന്നു. ശരീരത്തിലേക്ക് നുഴഞ്ഞു കയറുന്ന കൈകളെ പേടിച്ച പ യ്യനിൽ നിന്ന് ‘തൊട്ടുപോകരുത്’ എന്നു പറയാൻ കെൽപ്പുള്ള കരുത്തുറ്റ പെണ്ണിലേക്ക്. പിന്നീടു നല്ലൊരു കരിയർ കണ്ടെത്തി, സെലിബ്രിറ്റി മേക്കപ് ആർട്ടിസ്റ്റ് എന്ന നിലയിലേക്ക് വളർന്നു.

പലര്‍ക്കും ഒരു ധാരണയുണ്ട് ട്രാൻസ്ജെൻഡേഴ്സിന്റെ പ്രധാന തൊഴിൽ സെക്സ് വർക്ക് ആണെന്ന്. അതല്ല എന്നു വിളിച്ചു പറയാനും ലോകത്തിനു മുന്നില്‍ തെളിയിക്കാനും എനിക്കു സാധിച്ചു. ഞങ്ങളുടെ ഉന്നമനത്തിനായി ‘ദ്വയ’ എന്ന സംഘടന തുടങ്ങി.

എനിക്ക് ഒരു ചേച്ചിയും രണ്ട് ചേട്ടന്മാരുമാണ്. അടുത്തത് ഒരു പെൺകുഞ്ഞു വേണം എന്ന് അമ്മ ആഗ്രഹിച്ചു. അമ്മ ആഗ്രഹിച്ചതു പോലെ ഞാൻ പെണ്ണായിരുന്നു. പക്ഷേ, നിർഭാഗ്യവശാൽ ശരീരം ആണിന്റേതായിപ്പോയി. ചേട്ടന്മാർ ആദ്യമൊക്കെ കളിയാക്കുകയും വഴക്കു പറയുകയും ചെയ്യുമായിരുന്നു. ചേച്ചി എതിർത്തില്ലെങ്കിലും ഉൾക്കൊണ്ടിരുന്നില്ല. അമ്മ എന്നെ മനസ്സിലാക്കി.

കയ്യും കാലും നഖങ്ങളും വൃത്തിയായി വയ്ക്കുന്ന കാര്യത്തിൽ ഞാൻ ചെറുതിലേ ശ്രദ്ധിച്ചിരുന്നു. പുരികങ്ങൾ ബ്ലേഡ് കൊണ്ടു വെട്ടി ഭംഗിയാക്കും. തീപ്പെട്ടിക്കൊള്ളി ക രിച്ചു കുഴച്ച് ഇയർ ബഡ് കൊണ്ട് പുരികം കറുപ്പിക്കും. ‘എന്തു ഭംഗിയാണ് നിന്റെ പുരികത്തിനെ’ന്നു പലരും പറയുന്നത് എന്നെ ഒരുപാട് സന്തോഷിപ്പിച്ചിരുന്നു.

അച്ഛനമ്മമാര്‍ കൂലിപ്പണിക്കാർ ആയിരുന്നു. പത്താം ക്ലാസ് കഴിഞ്ഞ് ഞാന്‍ ഇഷ്ടിക കളത്തില്‍ ജോലിക്കു പോയി. ആഴ്ചയിൽ 270 രൂപ കിട്ടും. ആഹാരം കഴിച്ചാൽ വീട്ടിൽ കൊടുക്കാൻ ഒന്നും കാണില്ല. അതുകൊണ്ട് രാവിലത്തെ ഭക്ഷണം ചായയിൽ ഒതുക്കും. ഉച്ചയ്ക്ക് ചിലരെങ്കിലും അവരുടെ ഭക്ഷണം പകുത്തു തന്നാൽ കഴിക്കും.

ഇതിനൊപ്പം തീരെ ചെറിയ കുട്ടികൾക്ക് ട്യൂഷൻ എടുത്തിരുന്നു. പത്തു രൂപ ഫീസായി കിട്ടും. പിന്നീടു തടിമില്ലിൽ കോളപ്പെട്ടി അടിക്കാൻ പോയി. ഒന്നിന് 75 പൈസയാണു കൂലി. ഒരാൾക്ക് 50-60 എണ്ണമേ ഒരു ദിവസം അടിക്കാനാകൂ. ഞാൻ വാശിക്ക് 100 എണ്ണം വരെ അടിക്കും. ജീവിക്കേണ്ടേ?

അന്ന് ആണ്‍കുട്ടികളെ േപാലെ ആയിരുന്നോ?

അല്ല. ഞാൻ എന്നും പെണ്ണായിരുന്നു. പക്ഷേ, അത് പ്രകടിപ്പിക്കാൻ സാധിക്കില്ലായിരുന്നു. നമ്മുടെ സ്വത്വം ഒളിച്ചു വച്ചു കൊണ്ടു ഫാൻസിഡ്രസ്സ് ചെയ്തു വീർപ്പുമുട്ടി നടക്കുകയേ വഴിയുള്ളൂ. 18 വയസ്സായപ്പോൾ ചെറിയമ്മ എറണാകുളത്തെ ഒരു പ്രമുഖ വക്കീലിന്റെ വീട്ടിൽ ജോലി ശരിയാക്കിത്തന്നു. ചോറും കറിയും വയ്‌ക്കലും ഓഫിസ് വൃത്തിയാക്കലും ആയിരുന്നു പണി. അതിനിടയിൽ ടൈപ്പ്റൈറ്റിങ്ങും ഷോർട്ട്ഹാൻഡും പഠിച്ചു.

അവിടെ വച്ചും രാത്രി ഞാൻ െപണ്‍കുട്ടിയെ േപാലെ ഒരുങ്ങുമായിരുന്നു. എന്റെ മാത്രം സന്തോഷത്തിന്. വേഷംമാറിയുള്ള ജീവിതം സഹിക്കാന്‍ വയ്യാതെ ഞാന്‍ അവിെട നിന്നു പോന്നു. എന്നെ പോലുള്ളവർ ഒരുപാടു േപര്‍ പുറത്തുണ്ട് എന്നു മനസ്സിലാക്കി അവരെ കാണാനും കൂട്ടു കൂടാനുമാണ് അവിടം വിട്ടത്. ചിലരെ പരിചയപ്പെട്ടു. അവരും എന്നെപ്പോലുള്ള സ്ത്രീകൾ ആയിരുന്നെങ്കിലും പ്രവ ർത്തികൾ നല്ലതായിരുന്നില്ല.

renju-renjiimmmmrr45566

മറ മാറ്റിയ കാലം

ആണ്‍േവഷത്തില്‍ ഇനിയും മറഞ്ഞിരിക്കേണ്ട എന്നത് ജീവിതത്തില്‍ എടുത്ത ഒരു വലിയ തീരുമാനമാണ്. സാവധാനം ആയിരുന്നു മാറ്റം. ആദ്യം ടോപ്പും പലാസോയും ധരിച്ചു തുടങ്ങി. ലിപ്സ്റ്റിക്കും ചെറിയ കമ്മലുകളും അണിഞ്ഞു.

കുറെ കഴിഞ്ഞപ്പോൾ വലിയ കമ്മലുകൾ ഇട്ടു തുടങ്ങി. സാരി ഉടുത്തു. മറ്റുള്ളവർക്ക് അഭംഗി തോന്നും വിധം വസ്ത്രം ധരിക്കാതിരിക്കാൻ ഞാൻ ശ്രദ്ധിക്കാറുണ്ട്. എപ്പോഴും സ്ത്രീകള്‍ക്കു പൊതിഞ്ഞു മൂടി നടക്കാന്‍ ആകില്ലല്ലോ. ധരിക്കുന്ന േവഷം െകാണ്ട് അവരുെട ശരീരഭാഗങ്ങൾ ചിലപ്പോൾ അറിയാതെ വെളിപ്പെട്ടു പോകാം. ഉടനങ്ങോട്ട് തുറിച്ചു നോക്കുന്ന ചിലരുണ്ട്. ഷൂട്ടിനിടയില്‍ അത്തരം അവസരങ്ങളുണ്ടായാല്‍ എന്റെ കുട്ടികളെ (നടിമാർ) ഞാൻ സംരക്ഷിക്കും. ഈ കരുതലാണ് മേക്കപ്പിനെക്കാൾ അവരുടെ സ്നേഹം നേടിത്തരുന്നത്.

രഞ്ജു രഞ്ജിമ എന്നു പേരു മാറ്റാനായിരുന്നു എ ന്റെ ആദ്യ തീരുമാനം. അന്ന് ഒാര്‍ക്കൂട്ടിെന്‍റ കാലമാണ് അതില്‍ െപ്രാെെഫല്‍ െസറ്റ് െചയ്തപ്പോള്‍ എങ്ങനെയോ ഒരു ‘ആർ’ േപരിെന്‍റ അവസാനം കൂടി രഞ്ജിമാര്‍ ആയി. ഇതു കണ്ട കൂട്ടുകാരെല്ലാം പറഞ്ഞു, േപരിെനാരു പുതുമയുണ്ടല്ലോ, രസമുണ്ടല്ലോ എന്നൊക്കെ. പിന്നീടു തിരുത്താനൊന്നും പോയില്ല. അങ്ങനെ േപര് സ്ഥിരമായി.

ശാരീരികമായി ദുരുപയോഗം ചെയ്യപ്പെട്ടത് ?

ആറാം ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു അത്. കൊല്ലപ്പ രീക്ഷ എഴുതാൻ രണ്ടു രൂപ ഫീസ് കൊടുക്കണം. അതുേപാലും തരാന്‍ വീട്ടിലുണ്ടായിരുന്നില്ല. വീടിനടുത്തുള്ള ഒരാളോട് ഞാൻ സഹായം ചോദിച്ചു. അയാൾ തന്നെങ്കിലും ശാരീരികമായി ഉപയോഗിച്ച ശേഷമായിരുന്നു അത്. എന്താണ് നടക്കുന്നത് എന്നു പോലും എനിക്കു മനസ്സിലായില്ല. വർഷങ്ങൾ കഴിഞ്ഞാണ് രണ്ടു രൂപയ്ക്ക് പകരം കൊടുത്തത് വല്ലാതെ കൂടിപ്പോയി എന്നു ബോധ്യപ്പെട്ടത്. അന്നു ദ്രോഹിച്ച അയാളുടെ വീടും സ്ഥലവും ഞാന്‍ പിന്നീടു വാങ്ങി, 40 ലക്ഷം രൂപയ്ക്ക്.

ആണിൽ സ്ത്രൈണത കണ്ടാൽ കളിയാക്കുകയും കല്ലെറിയുകയും ചെയ്യുന്ന കാലമായിരുന്നു അത്. പലരും ശാരീരികമായയും ചൂഷണം ചെയ്യും, ഉപദ്രവിക്കും. ഉത്സവങ്ങൾക്കും ഗാനമേള ഉള്ളയിടത്തും എന്തെങ്കിലും പരിപാടി അവതരിപ്പിക്കാൻ അവസരം ചോദിക്കുമായിരുന്നു ഞാനും കൂട്ടുകാരും. അപ്പോൾ ഏൽക്കേണ്ടിവന്ന അവഗണനയും അധിക്ഷേപവും ഭയങ്കരമാണ്. അനാവശ്യ സ്പ ർശനങ്ങളും ബലപ്രയോഗങ്ങളും വേറെ. ഞങ്ങളെ ശാരീ രികമായി ഉപദ്രവിക്കുന്നവരുടെ മനസ്ഥിതി മനസ്സിലാക്കാൻ പ്രയാസമാണ്. പുറമെ മാന്യന്മാരാണ് പലരും.

രഞ്ജുവിനെ പൊലീസ് ഉപദ്രവിച്ചിട്ടുണ്ടോ ?

പൊലീസിന്റെ ഉപദ്രവങ്ങള്‍ ഇപ്പോഴും മനസ്സിനെ വേട്ടയാടും. അന്നു കിട്ടിയ അടിയുടെ പാടുകൾ വർഷങ്ങൾ കഴിഞ്ഞിട്ടും മായാതെ ശരീരത്തിലുണ്ട്. അമ്മയുടെ ഗർഭത്തിലേക്കു തിരിച്ചു പോയാൽ മതിയെന്ന് ആഗ്രഹിച്ചു പോയ സമയമാണത്. പക്ഷേ, അന്നു കിട്ടിയ വേദനകളാണ് എന്നെ എന്തും നേരിടാൻ കരുത്തയാക്കിയത്.

കൂടെയുള്ളവർ ചെയ്ത കളവിന്റെ പേരിലായിരുന്നു എന്നെ പൊലീസ് പിടിച്ചത്. കുറ്റം ചെയ്യുമ്പോൾ ഞാൻ അവരുടെ കൂടെയില്ലായിരുന്നു. എന്നിട്ടും. പിന്നെ, ഒരിക്കലും അത്തരം കൂട്ടുകെട്ടിൽ ഞാൻ പെട്ടുപോയില്ല. പിന്നീട് ഒരു സുഹൃത്തിന്റെ ചേച്ചിയുടെ തട്ടുകടയിൽ സഹായി യായി ജോലി ചെയ്തു. അനാഥശാലയ്ക്കു വേണ്ടി പുസ്തകങ്ങൾ വിറ്റു. പച്ചാളത്ത് തൊഴുത്തിനോടു േചര്‍ന്നുള്ള ഒറ്റമുറിയിൽ കുവൈറ്റ് എന്ന സുഹൃത്തിന്റെയൊപ്പം ആയിരുന്നു താമസം. ദുർഗന്ധം കൊണ്ട് ഉറങ്ങാനും ഭക്ഷണം കഴിക്കാനും വയ്യാതായപ്പോൾ ഞങ്ങള്‍ അവിടെ നിന്നു മാറി.

ആയിടയ്ക്കാണ് നൃത്താധ്യാപകനായ ആർഎൽവി ഉ ണ്ണികൃഷ്ണൻ സാറിനെ പരിചയപ്പെടുന്നത്. അദ്ദേഹത്തിന്റെ കുട്ടികളെ ഒരുക്കാൻ സഹായിയായി കൂടി. താമസി യാതെ കലോത്സവങ്ങളിലെ സ്ഥിരം മേക്കപ് ആർട്ടിസ്റ്റായി. ചില പരസ്യങ്ങൾക്കു േവണ്ടിയും േജാലി ചെയ്തു. അന്നു തിളങ്ങുന്ന താരമായിരുന്ന ജ്യോതിർമയി എന്നെ പഴ്സനൽ മേക്കപ് ആർട്ടിസ്റ്റ് ആക്കി. തമിഴിൽ താരമായിരുന്ന മുക്തയും സ്ഥിരമായി വിളിക്കാൻ തുടങ്ങി. പിന്നീടു പ്രിയാമണി, മംമ്ത, ഭാവന, രമ്യാ നമ്പീശൻ, റിമിടോമി, അനുശ്രീ, വിഷ്ണുപ്രിയ, നസ്രിയ, ശ്വേതാ മേനോൻ, ആശ ശരത്, കൃഷ്ണപ്രഭ ഇവരൊക്കെഎന്റെ വളർച്ചയ്ക്കു കൂട്ടു നിന്നവരാണ്. മഞ്ജു വാരിയര്‍ സഹോദരിക്കു തുല്യമാണ്. എന്നേക്കാള്‍ ഇളയതാണെങ്കിലും ചേച്ചി എന്നാണ് ഞാൻ വിളിക്കുന്നത്.

സിനിമയിലും അഭിനയിച്ചു ?

പൂമരം, ദിവാൻജി മൂല എന്നീ സിനിമകളില്‍ ചെറിയ റോൾ ചെയ്തു. അതിനെക്കാളേെറ അഭിനന്ദനം നേടിത്തന്നത് ‘ദ്വയ’ അവതരിപ്പിച്ച ‘പറയാൻ മറന്ന കഥകൾ’ എന്ന നാടകം ആണ്. ട്രാൻസ്‌ജെൻഡേഴ്സിന്റെ ജീവിതം മറ്റുള്ളവരിൽ നിന്നു വ്യത്യസ്തമാകുന്നതെങ്ങനെ എന്നു ബോധ്യപ്പെടുത്തുന്ന നാടകമാണത്.

എന്റെ പതിനെട്ടാം വയസ്സിൽ ഉണ്ടായ സംഭവത്തെ അടിസ്ഥാനമാക്കി ‘കുട്ടിക്കൂറ’ എന്നൊരു ഷോർട്ട് ഫിലിം ചെയ്തിട്ടുണ്ട്. ഞാൻ തന്നെയാണ് കഥയും സംവിധാനവും. ഉടൻ റിലീസ് െചയ്യും.

ഈ തിരക്കിനിടയിലും പല ഉത്തരവാദിത്തങ്ങളും ഞാ ൻ ഏറ്റെടുത്തിട്ടുണ്ട്. ശീതൾ, ദീപ്തി, മീനു, അലീന, മോനിഷ, മിയ, രാഗരഞ്ജിനി എന്നിവരോടു ചേർന്നാണ് ‘ദ്വയ’ എന്ന സംഘടന തുടങ്ങിയത്. ട്രാൻസ്‌ജെൻഡർ വ്യക്തിത്വങ്ങള്‍ക്ക് സ്ത്രീകളെയും പുരുഷനെയും പോലെ നിരവധി കഴിവുകൾ ഉണ്ട്. അതു പുറത്തു െകാണ്ടുവരാൻ സമൂഹം അനുവദിക്കില്ല എന്നുമാത്രം. സ്വന്തം വ്യക്തിത്വം മനസ്സിലാക്കികൊടുത്ത് അവരെ മുഖ്യധാരയിലേക്കു െകാ ണ്ടു വരാൻ ദ്വയയ്ക്ക് കഴിഞ്ഞു.

വിവാഹം കഴിക്കാൻ ആഗ്രഹമില്ലേ?

പ്രണയിക്കാനും വിവാഹം കഴിക്കാനും കുടുംബമായി ജീവിക്കാനും കുഞ്ഞുങ്ങളെ വളർത്താനും ഒക്കെ ഞങ്ങള്‍ക്കെല്ലാം ആഗ്രഹമുണ്ട്. കതിർമണ്ഡപത്തിലിരുന്നുള്ള വിവാഹം ഒരു സ്വപ്നമാണ്.

എനിക്കൊരു പ്രണയം ഉണ്ടായിരുന്നു. പരസ്പരം പ്രണയമാണെന്നു പറഞ്ഞിട്ടില്ല. പക്ഷേ, പ്രണയത്തിലാണെന്ന് ഇരുവർക്കും അറിയാവുന്ന ഒരു ബന്ധം. ഈ അടുപ്പം അവന്റെ ഭാവിയെ ബാധിക്കും എന്ന ബോധ്യം ഉള്ളതു കൊണ്ടു ഞാൻ പിന്മാറുകയായിരുന്നു. കൂടിക്കാഴ്ച ഇല്ലെങ്കിലും ഞങ്ങൾ ഇപ്പോഴും സംസാരിക്കാറുണ്ട്. ഇന്നും അവൻ എന്റെ മനസ്സിൽ മായാതെയുണ്ട്. അതിനാൽ മറ്റൊരു വിവാഹത്തെക്കുറിച്ചു ചിന്തിക്കുന്നില്ല.