രേണുകേ... കവിതചൊല്ലി വൈറലായ കെട്ടിടം പണിക്കാരന് തങ്കപ്പന്‍ ചേട്ടന്
Mail This Article
ചില താരങ്ങളുണ്ട്, പകൽ വെളിച്ചത്തിലെ നക്ഷത്രങ്ങൾ പോലെ ആരും തിരിച്ചറിയാതെ പോയാൽ പോലും അവർ ചിലപ്പോൾ വെള്ളിവെളിച്ചവും നീക്കി മിന്നിത്തിളങ്ങും. സോഷ്യൽമീഡിയയിലൂടെ പ്രശസ്തരായ നിരവധി താരങ്ങളുണ്ട്. ആരും തിരിച്ചറിയാതെ പോകുമായിരുന്നിട്ടും തിളക്കം മിനുക്കി പുറത്തു വരുന്നവർ. ഇതാ കവി മുരുകന്‍ കാട്ടക്കടയുടെ രേണുക എന്ന പ്രശസ്തമായ കവിത പാടി വാർക്ക പണിക്കാരനായ തങ്കപ്പൻ ചേട്ടനും ആ താരത്തിളക്കത്തിലേക്ക് കടന്നു വന്നിരിക്കുകയാണ്. ഭാവ സാന്ദ്രമായ കവിതയെ സ്നേഹിക്കുന്ന എല്ലാവരും ഈ പ്രതിഭയെയും പ്രശംസിക്കുന്നു.
മുരുകൻ കാട്ടാക്കടയുടെ രേണുക പലരും പാടി സോഷ്യൽമീഡിയയിൽ ഇട്ടിട്ടുണ്ടെങ്കിലും ഇത്രയധികം വൈറലായിട്ടില്ല എന്നു തന്നെ പറയാം. കവി മുരുകൻ കാട്ടാക്കട തന്നെ തങ്കപ്പൻ എന്ന ഈ കലാകാരനെ തന്റെ കവിത കേട്ട് പ്രശംസിച്ചിരിക്കുകയാണ്. കമല്‍ ചന്ദിരൂര്‍ എന്ന വ്യക്തി സോഷ്യല്‍ മീഡിയ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത കവിത ഇരുപതിനായിരത്തിലധികം ആളുകളാണ് ഷെയര്‍ ചെയ്തത്. തങ്കപ്പൻ ചേട്ടന്റെ ആലാപനം കേട്ട് ആരും പറഞ്ഞു പോകുകയാണ്, ആളെകണ്ട് ആരെയും വിലയിരുത്തരുത്...ഇത് അനുഗൃഹീത കലാകാരൻ തന്നെ എന്ന്.
മേസ്തരി പണികൾ ചെയ്ത് ജീവിക്കുന്ന തങ്കപ്പൻ ആലപ്പുഴക്കാരനാണ്. ആറാമത്തെ വയസ്സിലാണ് ആദ്യമായി സ്റ്റേജില്‍ കയറുന്നത്. അവിടുന്ന് തുടങ്ങി , ഇപ്പോഴും സ്‌റ്റേജുകളില്‍ പാടുന്നുണ്ട്. ഇപ്പോള്‍ 55 വയസ്സായി. കല്‍ക്കട്ടയില്‍ മത്സ്യതൊഴിലാളിയായിരുന്നു തങ്കപ്പന്‍ ഇതിനുമുമ്പ്. അവിടെ വളരെ ചെറുതായി മാത്രമേ വേദികളില്‍ കയറിയിട്ടുള്ളു. പക്ഷെ ആന്ധ്രയില്‍ കുറേ വേദിയില്‍ പാടിയിട്ടുണ്ട്. ’’ക്ലബ്ബുകള്‍ തമ്മിലുള്ള സംസ്ഥാന തലത്തിലുള്ള സംഗീത മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. ഏകദേശം 15 വര്‍ഷം മുമ്പാണ് അത്. നല്ല അവസരങ്ങള്‍ ലഭിക്കണമെന്ന് പ്രാര്‍ത്ഥനയുണ്ട്. പക്ഷെ, എന്റെ മുന്നിലെ നിരയില്‍ പല്ലുകള്‍ കുറവാണ്. അതുകൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്ന രീതിയില്‍ ചില പാട്ടുകള്‍ പാടാന്‍ കഴിയില്ല. അത് മാത്രമാണ് ഏക പ്രശ്‌നം.’’ അദ്ദേഹം പറഞ്ഞു.
ഗാനമേളയ്ക്കും പാടാന്‍ പോകാറുണ്ട്. പ്രത്യേക ട്രൂപ്പ് ഒന്നുമില്ല. ആലപ്പുഴയിലെ എഴുപുന്നയിലാണ് സ്വന്തം ദേശം. ഇപ്പോള്‍ ചന്ദിരൂരാണ് താമസം. വിവാഹം കഴിഞ്ഞിട്ട് ഒമ്പത് വര്‍ഷമായി. ഭാര്യ ശോഭ, എല്‍.ഐ.സി ഏജന്റായി ജോലി ചെയ്യുന്നു. താനും ഭാര്യയും അടങ്ങുന്ന ചെറിയ കുടുംബത്തില്‍ കവിതയും സംഗീതവുമാണ് എപ്പോളും.