Saturday 22 September 2018 04:34 PM IST

ഫയൽ നോക്കി ഓഫീസിലിരിക്കലല്ല അത്‍ലറ്റിന്റെ ജോലി; രാജ്യത്തിന്റെ മെഡൽ പ്രതീക്ഷയാണ് സജൻ! രൂക്ഷ പ്രതികരണവുമായി അഞ്ജു

Binsha Muhammed

anju-follow-up ചിത്രങ്ങൾ; ശ്രീകാന്ത് കളരിക്കൽ, സരുൺ മാത്യു

‘സർക്കാർ ഓഫീസിലെ പൊടിയടിച്ച ഫയലും നോക്കി ഏമാൻമാരുടെ ആജ്ഞാനുവർത്തികളായിരിക്കാൻ വിധിക്കപ്പെട്ടവരല്ല അത്‍ലറ്റുകൾ. സജൻ പ്രകാശ് ജീവിതം ഉഴിഞ്ഞു വച്ചിരിക്കുന്നത് സ്പോർട്സിനു വേണ്ടിയാണ്, രാജ്യത്തിനു വേണ്ടിയാണ്. വളർന്നു വരുന്ന ആ താരത്തെ ഓഫീസ് മുറിയിൽ തളച്ചിടണമെന്ന് വാശിപിടിക്കുന്നത് നീതി നിഷേധമാണ്. ഒരു കായിക താരത്തോട് കാണിക്കുന്ന വഞ്ചനയാണ്. ആ പയ്യന് നീതി ലഭിക്കണം.’– സജൻ പ്രകാശിന് ശമ്പളം നിഷേധിക്കുന്ന സർക്കാരിന്റെ നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി ഒളിമ്പ്യനും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അത്‍ലറ്റിക് കമ്മീഷൻ അംഗവുമായ അഞ്ജു ബോബി ജോർജ്ജ്.

പരിശീലനത്തിനു പോലും പണമില്ലാതെ ബുദ്ധിമുട്ടുന്ന സജൻ പ്രകാശ് എന്ന അത്‍ലറ്റിന്റേയും കുടുംബത്തിന്റേയും ദുരവസ്ഥ വരച്ചു കാട്ടുന്ന വനിതാ ഓൺലൈൻ വാർത്തയോട് പ്രതികരിക്കുകയായിരുന്നു അഞ്ജു. ‘പരിശീലനാർത്ഥം അവധിയിലായിരുന്ന ഒരു അത്‍ലറ്റ് ജോലിക്കെത്തിയില്ല എന്ന കാരണം പറഞ്ഞ് ശമ്പളം നിഷേധിക്കുന്ന സർക്കാർ നടപടി വിചിത്രവും പ്രതിഷേധാർഹവുമാണ്. മുഴുവൻ സമയ പൊലീസ് ഓഫീസറെയാണ് വേണ്ടതെങ്കിൽ സർക്കാർ മറ്റു മാർഗങ്ങൾ തേടണമായിരുന്നു. സജന് പിന്നെ എന്തിന് സർക്കാർ ജോലി വാഗ്ദാനം ചെയ്തു.’–അഞ്ജു ചോദിക്കുന്നു.

anju-1

ശമ്പളം ഉൾപ്പെടെയുള്ള എല്ലാ ആനുകൂല്യങ്ങളും ഉറപ്പാക്കിയ ശേഷമാണ് സജൻ പൊലീസിൽ സബ് ഇൻസ്പെക്ടറായി ജോലിക്ക് പ്രവേശിച്ചതെന്നാണ് അറിയാൻ കഴിഞ്ഞത്. വേതനക്കാര്യത്തിൽ എന്തെങ്കിലും അവ്യക്തതകളോ നൂലാമാലകളോ ഉണ്ടായിരുന്നെങ്കിൽ ബന്ധപ്പെട്ട അധികാരികൾ നേരത്തെ തന്നെ ആ ചെറുപ്പക്കാരനെ അറിയിക്കണമായിരുന്നു. പൊള്ളയായ നിയമത്തെ കൂട്ടുപിടിച്ച് ഒരു കായികതാരത്തിന്റെ ശമ്പളം നിഷേധിക്കുന്ന നടപടി വഞ്ചനാപരമാണ്. സർക്കാരിന്റെ ഈ കാട്ടുനീതി മൂലം വിഷമിക്കുന്നത് സജൻ മാത്രമല്ല അയാളുടെ കുടുംബം കൂടിയാണ്.

‘പരിശീലനവും പൊലീസ് പണിയും ഒരുമിച്ച് നടക്കില്ല’; രാജ്യത്തിനായി മത്സരിച്ചാലും മൈൻഡില്ല, സജന് ശമ്പളം കിട്ടാൻ ഇനി പിണറായി കനിയണം

anju-3

ഒരു കായിക താരത്തിന് സർക്കാർ–പൊതുമേഖല സ്ഥാപനങ്ങളിൽ നിന്നും ജോലി നിയമനം ലഭിച്ചാലും അയാള്‍ക്ക് സ്പോർട്സിനു വേണ്ടി മതിയായ സമയം അനുവദിക്കണമെന്നാണ് നിയമം. അതിന് പരിധികളില്ല. ഇനി ഒരു കായിക താരം മത്സരിക്കുന്ന ഇനത്തിൽ നിന്നു വിരമിച്ചുവെന്നിരിക്കട്ടെ, എങ്കിൽ കൂടിയും ആ പരിധി അവസാനിക്കുന്നില്ല. കോച്ച്, മെൻഡർ എന്നീ നിലകളിൽ തുടർന്നും അയാൾക്ക് രാജ്യത്തിനായി കായിക സേവനം തുടരാവുന്നതാണ്. ഇതെല്ലാം ആരുടേയും ഔദ്യാര്യമല്ല, ഒരു കായിക താരത്തിന് ലഭിക്കുന്ന സ്വാഭാവിക നീതിയാണ്. ഡിപ്പാർട്ട്മെന്റ് ഓഫ് പേഴ്സണൽ ആൻഡ് ട്രെയിനിങ്ങിന്റെ നിയമത്തിൽ ഇതെല്ലാം വ്യക്തമായി അനുശാസിക്കുന്നുണ്ട്.

anju-mid

ഇനി ഇത്തരം നിയമങ്ങൾ സംസ്ഥാന സർക്കാരിന്റെ പരിധിയിൽ ഇല്ലാ എന്നു തന്നെയിരിക്കെട്ട. എന്തു കൊണ്ട് സർക്കാരിന് ഇത്തരം കാട്ടു നിയമങ്ങൾ പൊളിച്ചെഴുതിക്കൂടാ. എന്തിനാണ് ഇവരിത്ര വാശി പിടിക്കുന്നത്. ദയവ് ചെയ്ത് ആ ചെറുപ്പക്കാരന്റെ കരിയർ നശിപ്പിക്കരുത്. രാജ്യത്തിനൊരു മെഡൽ പ്രതീക്ഷയാണ് സജൻ. അയാൾക്ക് രാജ്യത്തിനായി ഇനിയും ഏറെ ചെയ്യാനുണ്ട്. ഒരു അത്‍ലറ്റായി പോയി എന്നതിന്റെ പേരിൽ അയാൾക്ക് അർഹമായ ജോലിയും, അതുമായി ബന്ധപ്പെട്ട ശമ്പള ആനുകൂല്യവും നിഷേധിക്കരുത്. സജന്റെ കുടുംബത്തിന്റെ കണ്ണീർ കാണണം. സജന് നീതി കിട്ടണം.– അഞ്ജു ബോബി ജോർജ്ജ് പറഞ്ഞു.

കാക്കിയിടണം, പൊലീസായി പണിയെടുക്കണം, രാജ്യത്തിനായി മത്സരിച്ചാൽ ശമ്പളമില്ല; സജന് ജോലി നൽകിയത് കായിക ജീവിതം അവസാനിപ്പിക്കാനോ?