ഒടുവില്‍ സോമായയെ തനിച്ചാക്കി സാജന്‍ പോയി. പ്രിയപ്പെട്ടവന്റെ മൃതദേഹത്തിൽ പുണർന്ന്, ചങ്കുപിളരുന്ന വേദനയോടെ സോമായ കണ്ണീർ വാർക്കുന്നത് കണ്ടുനിന്നവരുടെയൊക്കെ മനസ്സ് നുറുക്കും കാഴ്ചയായി. കവിത പോലെ മനോഹരമായ ഒരു പ്രണയത്തിന്റെയും മഹാസഹനത്തിന്റെയും അടയാളപ്പെടുത്തലുകൾ തന്റെ നല്ലപാതിയിലൂടെ ഈ ഭൂമിയിൽ ബാക്കിയാക്കിയാണ് സാജന്‍ യാത്രയാകുന്നത്...ഇനി അവന്റെ ഓർമകൾ സോമായയിലൂടെ ഇവിടെ ജീവിക്കും...
നേപ്പാൾ സ്വദേശികളും മൂക ദമ്പതികളുമായ സാജന്‍ പരിയാറും (25 വയസ്സ്) സോമായും (23 വയസ്സ്) വിധി അടിച്ചേൽപ്പിച്ച വേദനകളോടും പ്രതിസന്ധികളോടും പടപൊരുതിയാണ് ജീവിതത്തെ തിരികെപ്പിടിക്കാൻ കിണഞ്ഞു ശ്രമിച്ചുകൊണ്ടിരുന്നത്. ഏറെക്കാലമായി പെരുമ്പാവൂര്‍ അല്ലപ്രയിലെ ലേബര്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചു വരികയായിരുന്നു ഇവർ.
നേപ്പാള്‍ സ്വദേശികളായ ഇരുവരും ചെറുപ്പത്തില്‍ തന്നെ ഇന്ത്യയിലെത്തിയതാണ്. മാതാപിതാക്കളോടൊപ്പം ചെന്നൈയിലായിരുന്നു താമസം. കൗമാര കാലത്താണ് ഇരുവരും പരിചയപ്പെട്ടതും പ്രണയത്തിലായതും. പ്രണയത്തെ വീട്ടുകാർ എതിർത്തെങ്കിലും പിരിയുന്നതിനെക്കുറിച്ചു ചിന്തിക്കുന്നതു പോലും രണ്ടാൾക്കും ചിന്തിക്കാനാകുമായിരുന്നില്ല. ഒടുവിൽ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരിക്കെ വിധി ഇവരെ ആദ്യമായി പരീക്ഷിച്ചു. ഫുട്‌ബോള്‍ കളിക്കിടെയുണ്ടായ വീഴ്ചയില്‍ പരുക്കേറ്റ് സാജന് അരയ്ക്കുതാഴെ ചലനശേഷി നഷ്ടപ്പെട്ടു. സാജന്റെ ജീവിതം വീല്‍ച്ചെയറില്‍ ആയെങ്കിലും തന്റെ പ്രിയപ്പെട്ടവനെ ഒറ്റയ്ക്കാക്കാൻ സോമായ തയാറായിരുന്നില്ല. നാലു കൊല്ലം മുന്‍പ് ഇരുവരും വിവാഹിതരായി. സോമായ ജോലി ചെയ്ത് സാജനെ പരിപാലിച്ചു. സുഹൃത്തുക്കളും സഹായവുമായി എത്തി. ഇതിനിടെയാണ് കോവിഡ് മഹാമാരി പടർന്നു പിടിച്ചതും സംസാരശേഷിയില്ലാത്ത സുഹൃത്തുക്കളുടെ സംഘടന മുഖേന ഇവര്‍ കേരളത്തിലേക്കെത്തിയതും
പെരുമ്പാവൂരിലെ സ്വകാര്യസ്ഥാപനത്തില്‍ ശുചീകരണത്തൊഴിലാളിയായി സോമായ ജോലി ചെയ്തു വരികെയായിരുന്നു വിധിയുടെ അടുത്ത ഇടപെടൽ. സാജന്റെ കിഡ്‌നികൾ തകരാറിലാകുകയും രോഗാവസ്ഥ മൂര്‍ച്ഛിക്കുകയും ചെയ്തു. തുടർന്ന് ചികിത്സയുടെ നാളുകൾ. നടക്കാന്‍ കഴിയാത്ത സാജനെ ചുമലിലേറ്റി സോമായ ആശുപത്രിയിലേക്കും മറ്റും പോയിരുന്നത് ഏറെ വേദനിപ്പിക്കുന്ന കാഴ്ചയായിരുന്നു. സാമ്പത്തികമായ പരാധീനതകള്‍ മൂലം മറ്റ് സാങ്കേതിക സഹായങ്ങള്‍ തേടാനുള്ള അവസ്ഥയിലായിരുന്നില്ല ഇവർ. അങ്ങനെയിരിക്കെ ഇവരുടെ ദുരവസ്ഥ അറിഞ്ഞ കോതമംഗലം പീസ് വാലി ഫൗണ്ടേഷന്‍ നവംബറില്‍ ഇവരുടെ സംരക്ഷണം ഏറ്റെടുത്തു. വൃക്കരോഗം മൂര്‍ച്ഛിച്ച് ഡയാലിസിസ് ചെയ്യാന്‍ പണമില്ലാതെ ജീവന്‍ അപകടത്തിലായ സാജനെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാൻ ശ്രമിക്കുകയായിരുന്നു പീസ് വാലി അധികൃതർ. എന്നാൽ പിത്താശയവുമായി ബന്ധപ്പെട്ട അസുഖത്തിന് കഴിഞ്ഞ ആഴ്ച കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച സാജന്‍ ചികിത്സ തുടരുന്നതിനിടെ ബുധനാഴ്ച പുലര്‍ച്ചെയോടെ മരണപ്പെടുകയായിരുന്നു. സാജന്റെ മൃതദേഹം കോട്ടയം നഗരസഭ വക ശ്മശാനത്തില്‍ സംസ്‌കാരിച്ചു.
‘കോട്ടയം നഗരസഭയുടെ പൊതുശ്മശാനത്തിന് മുന്നിൽ ഹൃദയ ഭേദകമായ രംഗങ്ങൾക്കാണ് ഇന്ന് പീസ് വാലി സാക്ഷ്യം വഹിച്ചത്.
മാസങ്ങൾക്ക് മുൻപാണ് സംസാരശേഷി ഇല്ലാത്ത, അരക്ക് താഴേക്ക് തളർന്ന, രണ്ടു വൃക്കയും പൂർണ്ണമായും തകരാറിലായ സാജൻ പരിയാർ എന്ന 25 വയസ്സുകാരനെ മരണത്തിന്റെ വക്കിൽ നിന്നും പീസ് വാലി ചേർത്തുപിടിക്കുന്നത്. ഒപ്പം നിഴലായി സംസാര പരിമിതയായ ഭാര്യ സോമായയും.
ആരോഗ്യ നിലയിൽ ഏറ്റകുറച്ചിൽ ഉള്ളപ്പോഴും ആഴ്ചയിൽ മൂന്ന് ഡയാലിസിസ് ചെയ്തു സാജൻ പതിയെ ജീവിതത്തിലേക്ക് തിരികെ നടക്കുകയായിരുന്നു.
പിത്താശയവുമായി ബന്ധപ്പെട്ട തകരാറിനെ തുടർന്നാണ് കഴിഞ്ഞ ആഴ്ച കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ തുടരുന്നതിനിടെ ഇന്ന് പുലർച്ചെ സാജൻ നിത്യ മൗനത്തിലേക്ക് യാത്രയായി.
സോമായ സാജന് യാത്രാ മൊഴി പറയുന്ന രംഗം അതിവൈകാരികമായിരുന്നു.
ആർക്കും ആശ്വസിപ്പിക്കാൻ കഴിയാത്ത നിസ്സഹായത..
നിസ്സഹായരായ മനുഷ്യരെ ചേർത്തുള്ള പീസ് വാലിയുടെ പ്രയാണത്തിൽ ഉജ്വലമായ ഓർമ്മകൾ സമ്മാനിച്ചാണ് സാജൻ നിത്യതയിലേക്ക് യാത്രയാവുന്നത്’.– പീസ് വാലി ഫൗണ്ടേഷന്റെ ഫെയ്സ്ബുക്ക് പേജില്‍ കുറിച്ചിരിക്കുന്നത് ഇങ്ങനെ.