Saturday 10 November 2018 10:09 AM IST : By സ്വന്തം ലേഖകൻ

അച്ഛന്റെ വരവും കാത്ത് ആ കുരുന്നുകൾ; നോവോർമ്മയായി സനൽ മക്കൾക്കായി കരുതി വച്ച ആ സമ്മാനപ്പൊതി

sanal

തിരുവനന്തപുരം∙ സനൽ യാത്രയായിട്ട് അഞ്ച് ദിവസം കഴിഞ്ഞെങ്കിലും മരിക്കുന്നതിനു മുൻപ് മക്കൾക്കായി വാങ്ങിവച്ച ഒരു കൂട് നിറയെ പടക്കം ആ വീടിന്റെ ഒരു മൂലയിൽ ഇപ്പോഴും ഭദ്രമായിരിപ്പുണ്ട്. ഇന്നലെ മരണാനന്തര ചടങ്ങുകൾക്കെത്തിയ ബന്ധുക്കൾക്കും പറയാനുണ്ടായിരുന്നതു സനലിന്റെ സ്നേഹവായ്പുകളെക്കുറിച്ചു മാത്രം. പ്ലമിങ് ജോലിയുള്ളതിനാൽ ദീപാവലിയുടെ തലേന്നു തിങ്കളാഴ്ച അടുത്തുള്ള അയൽക്കാരനായ സുഹൃത്തിനോടു തന്റെ കുട്ടികൾക്കു കൂടി പടക്കം വാങ്ങണമെന്നു സനൽ പറഞ്ഞിരുന്നു.

വൈകിട്ട് എട്ടുമണിയോടെ സുഹൃത്ത് ഒരു കൂട് പടക്കം സനലിനെ ഏൽപിച്ചു. ഇതുമായി വീട്ടിൽ തിരികെയെത്തിയപ്പോഴാണ് പുറത്തുനിന്നു ദോശ വേണമെന്നു പറഞ്ഞു കുട്ടികളെത്തിയത്.  സാധാരണ അവധി ദിവസങ്ങളിലെല്ലാം കുടുംബത്തോടൊപ്പം കാറിൽ പുറത്തുപോയി ഭക്ഷണം കഴിക്കുന്ന രീതിയുള്ള സനൽ അന്ന് പാഴ്സൽ വാങ്ങാമെന്നു പറഞ്ഞിറങ്ങിയതാണ്. എത്തേണ്ട സമയം കഴിഞ്ഞതിനാൽ ഭാര്യ വിജി ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. ഏറെ വൈകി ഒരു സുഹൃത്ത് ഫോ‍ണെടുത്തു.

സനൽ അപകടത്തിൽപെട്ടെന്നു മാത്രമാണ് പറഞ്ഞത്. ചാനലുകൾ രാത്രി വൈകി സനലിന്റെ മരണവാർത്ത സംപ്രേഷണം ചെയ്തുതുടങ്ങിയെങ്കിലും ഭാര്യ വിജിയെ ബന്ധുക്കൾ വിവരമറിയിച്ചതു പിറ്റേന്നു രാവിലെ മാത്രം. ദിവസം അഞ്ച് കഴിഞ്ഞെങ്കിലും സനലിന്റെ വീട്ടിലെ കണ്ണീർ ഇനിയും തോർന്നിട്ടില്ല. വീടിനു തൊട്ടുചേർന്നാണു സനലിന്റെ വർക്‌ഷോപ്. മരിച്ച അന്നു പകൽ നിരത്തിവച്ച സാധനങ്ങൾ അതേപടി ഇരിപ്പുണ്ട്. ഇന്നലത്തെ ചടങ്ങുകൾക്കിടയിൽ അമ്മയ്ക്കൊപ്പം മക്കളിരുവരും അച്ഛന്റെ കല്ലറയിൽ മെഴുകുതിരി കത്തിച്ചു.

ഭാര്യ വിജി വീടിന്റെ ഒരു മൂലയിൽ നിലത്തു കരഞ്ഞുതളർന്നു കിടക്കുകയാണ്. സഹോദരി സജിതയും അമ്മ രമണിയും മറ്റൊരു മുറിയിലുമുണ്ട്. മിന്നിമറയുന്ന ക്യാമറ ഫ്ലാഷുകൾക്കിടയിൽ സനലിന്റെ കുട്ടികളായ ആൽബിനും എബിനും ഓടിക്കളിക്കുകയാണ്. അച്ഛനുമൊത്തുള്ള കുടുംബ ഫോട്ടോ ബന്ധുക്കളിൽ പലരും എടുത്തുനോക്കുമ്പോൾ മൂന്നര വയസ്സുകാരനായ എബിൻ പിടിച്ചുവാങ്ങും, കുറേ നേരം അതിലേക്കു തന്നെ നോക്കിയിരിക്കും.

തിരിച്ചു ഷെൽഫിൽ വയ്ക്കും. മൂത്തയാളായ ആൽബിനു നാലര വയസ്സേയുള്ളു. വീടിനു പുറത്തു സനലിന്റെ ചിത്രം വച്ചപ്പോഴും ഇരുവരും സമീപത്തിരുന്നു ഫോട്ടോയിലേക്കു പൂക്കൾ വിതറുന്ന കാഴ്ചയും കണ്ടുനിന്നവരുടെ ഉള്ളുലച്ചു. ഇഷ്ടവിഭവം വാങ്ങാമെന്നു പറഞ്ഞുപോയ അച്ഛൻ ഒരിക്കലും തിരിച്ചുവരില്ലെന്ന് ഇവർക്കു മാത്രം അറിയില്ല.

സനലിന്റെ അമ്മ രമണി

"അവനെ (ഡിവൈഎസ്പി ഹരികുമാർ) പിടിച്ചേ പറ്റൂ, അ​ഞ്ചുദിവസമായില്ലേ, അവൻ പൊലീസ് സംരക്ഷണയിലാണെന്നുറപ്പാണ്. ഇനിയും നടപടിയില്ലെങ്കിൽ ഞാനും പിള്ളേരും സംഭവമുണ്ടായ സ്ഥലത്തു പോയിക്കിടക്കും, വേണ്ടി വന്നാൽ സെക്രട്ടേറിയറ്റ് നടയിൽ പോയിരിക്കും. അവിടെ കിടന്നു മരിക്കും"

sanal-1 സനലിന്റെ അമ്മ രമണി

സനലിന്റെ ഭാര്യ വിജി

"ഇപ്പോൾ അന്വേഷണം ഏൽപിച്ച ഉദ്യോഗസ്ഥരിൽ എനിക്ക് വിശ്വാസമില്ല, ഡയറക്റ്റ് ഐപിഎസ് കിട്ടിയയാൾ തന്നെ ഇതന്വേഷിക്കണം. നീതി കിട്ടിയില്ലെങ്കിൽ ഞാനുമെന്റെ രണ്ട് കുഞ്ഞുമക്കളും ചേട്ടനെ കൊന്നയിടത്തു പോയിക്കിടക്കും, അവിടെ കിടന്നു ഞങ്ങൾ മരിച്ചാലും കുഴപ്പമില്ല"

sanal-2 സനലിന്റെ ഭാര്യ വിജി

സനലിന്റെ സഹോദരി സജിത

"മരണാനന്തര ചടങ്ങുകൾ തീരും വരെ ഞാനും അമ്മയും പുറത്തേക്കിറങ്ങുന്നില്ല എന്നേയുള്ളു, ഞങ്ങളുടെ ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം സെക്രട്ടേറിയറ്റ് പടിക്കലേക്കു സമരം നടത്തും.

sanal-3 സനലിന്റെ സഹോദരി സജിത