Saturday 28 March 2020 02:54 PM IST

‘നാട്ടിലെ റേഷൻ കട തപ്പി സന്തോഷ് ജോർജ് കുളങ്ങര...’! സഞ്ചാരം ഇനി ലോക്ക് ഡൗണിനു ശേഷം

Binsha Muhammed

santhosh-new-1

‘‘ചെമ്മണ്ണു വിരിച്ച പാത....ആളൊഴിഞ്ഞ ഗ്രാമം. അതിനു നടുക്ക് അംബര ചുംബിയായ കെട്ടിടം. ആ കെട്ടിടത്തിന്റെ കോണിലേക്ക് കണ്ണോടിച്ചാല്‍ കാണാം റേഷന്‍ കട! അടുക്കടുക്കായിരിക്കുന്ന ചാക്കുകള്‍ കണ്ടപ്പോള്‍ എനിക്കു ടാന്‍സാനിയയിലെ കെട്ടിടങ്ങളാണ് ഓര്‍മ്മ വന്നത്. അവര്‍ക്കിടയില്‍ മംഗോളിയയിലെ പാല്‍ക്കച്ചവടക്കാരനെ പോലെ തലകുനിച്ചിരിക്കുന്ന റേഷന്‍ കടക്കാരന്‍ ഫ്രെഡി...’’
ലോക പര്യടനം കഴിഞ്ഞ് വീടുപറ്റിയ സന്തോഷ് ജോര്‍ജ് കുളങ്ങരയോട് ഗൃഹനാഥ റേഷന്‍കടയുടെ ലൊക്കേഷന്‍ ഷെയര്‍ ചെയ്യുന്ന രംഗം ട്രോളന്മാരുടെ ഭാവനയിൽ ഇങ്ങനെയാണ് വിരിഞ്ഞത്. ലോകം ചുറ്റി നടന്ന മനുഷ്യനെ കൊറോണക്കാലം ലോക്ക് ഡൗണാക്കിയ ഈ ഭാവനയ്ക്ക് സോഷ്യല്‍ മീഡിയ നല്‍കിയത് ഒന്നാന്തരം കുതിരപ്പവന്‍! പാരീസിലെ അംബര ചുംബിയായ കെട്ടിടങ്ങള്‍ തേടി നടന്ന മനുഷ്യന് നാട്ടിലെ റേഷന്‍ കട അറിയാണ്ടിരിക്കുമോ എന്ന രസികന്‍ ചോദ്യങ്ങളും പുട്ടിന് പീര പോലെ എത്തി. അതെ, ലോകം ചുറ്റിനടന്നു കാഴ്ചകൾ പകർത്തിയ ട്രാവൽ ഫ്രീക്കുകൾ ലോക്ക് ഡൗൺ കാലത്ത് എവിടെയെന്ന് അന്വേഷിക്കുകയാണ് വനിത ഓൺ‌ലൈൻ. ഈ പംക്തിയിൽ ആദ്യമായി ‘സഞ്ചാരം’ ഫെയിം സന്തോഷ് ജോര്‍ജ് കുളങ്ങര.

ലോകം ചുറ്റി നടന്ന മനുഷ്യന്‍ ഈ ലോക്ക് ഡൗണ്‍ കാലത്ത് എങ്ങനെ സ്വസ്ഥമായിരിക്കുന്നു എന്ന ചോദ്യം സോഷ്യല്‍ മീഡിയ ആവര്‍ത്തിച്ചു ചോദിക്കുമ്പോള്‍ മരങ്ങാട്ടുപള്ളിയിലെ വീട്ടില്‍ ലോക്ക് ഡൗണ്‍ കാലം ആസ്വദിക്കുകയാണ് സന്തോഷ് ജോര്‍ജ് കുളങ്ങര. മനസിനെ സൈബീരിയയിലെ ഉള്‍ക്കാടുകളിലേക്ക് കെട്ടഴിച്ചു വിട്ട്, ചോപ്സ്റ്റിക്കും ഫോര്‍ക്കും വേണ്ടാത്ത ഭാര്യയുടെ രുചികള്‍ ആസ്വദിച്ച് മകന്റെ പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ കണ്ണോടിച്ച് ആ മനുഷ്യന്‍ കൊറോണ കാലത്ത് ഉത്തരവാദിത്തമുള്ള ഭര്‍ത്താവിന്റെ റോളിലാണ്. ഒരു യാത്രയുടെ തുടക്കം പോലെ സന്തോഷ് ജോര്‍ജ് കുളങ്ങര വനിത ഓണ്‍ലൈനോട് സംസാരിച്ചു തുടങ്ങുന്നു...

ട്രോളന്‍മാരെ എന്തു ചെയ്യണം ?

‘ലോകത്തിലെ ഏറ്റവും ക്രിയേറ്റീവ് ആയ മനുഷ്യര്‍ ആര് എന്ന ചോദ്യത്തിനുള്ള ഉത്തരം മഞ്ഞു പെയ്യുന്ന സൈബീരിയയില്‍ നിന്നോ സൂര്യന്‍ താണിറങ്ങുന്ന കലഹാരി മരുഭൂമിയില്‍ നിന്നോ പൗരാണികതയുടെഅവസാന വാക്കായ റോമില്‍ നിന്നോ നിങ്ങള്‍ക്ക് ലഭിക്കില്ല. മനുഷ്യന്‍ ചിന്തിക്കാത്ത വിധത്തില്‍ ചിന്തിക്കുന്ന ക്രിയേറ്റീവ് ആയ മനുഷ്യര്‍ ദേ ഇവിടെയുണ്ട്, നമ്മുടെ നാട്ടില്‍. അതു കൊണ്ട് ട്രോളന്‍മാരേ, നിങ്ങള്‍ക്ക് സ്തുതി ആയിരിക്കട്ടേ...’ പതിവു ശൈലി വിടുന്നില്ല സന്തോഷ് ജോര്‍ജ് കുളങ്ങര.
‘നമ്മളെക്കാളും ക്രിയേറ്റീവ് ആയി, അവസരോചിതമായി പ്രവർത്തിക്കുന്ന പ്രതിഭകളോട് എന്നും ആരാധനയും ബഹുമാനവുമാണ്. അതുകൊണ്ട് തന്നെ ട്രോളന്‍മാരുടെ ഇജ്ജാതി ടൈമിംഗ് തമാശകളെ മനസു നിറഞ്ഞ് അനുമോദിക്കാതെ തരമില്ല. റേഷന്‍ കട തേടിയിറങ്ങുന്ന എന്റെ ട്രോള്‍ കണ്ടു നന്നായി ആസ്വദിച്ചു. നിരവധി പേര്‍ എനിക്കത് ഷെയര്‍ ചെയ്യുന്നുണ്ട്. ചിലര്‍ എനിക്ക് ദേഷ്യമാകുമോ എന്ന് കരുതി ജാമ്യം എടുത്താണ് അയയ്ക്കുന്നത്.’

സന്തോഷ് ഇപ്പോഴും ‘യാത്ര’യിലാണോ ?


തീരേ ശീലമില്ലാത്തൊരു പരിപാടിയുമായി മരങ്ങാട്ടുപള്ളിയിലെ വീട്ടിലാണ്. തെറ്റിദ്ധരിക്കേണ്ട, ശീലമില്ലാത്ത പരിപാടി എന്നുദ്ദേശിച്ചത് വീട്ടില്‍ അടങ്ങിയിരിപ്പാണ്. ഈ ലോക് ഡൗണ്‍ കാലം വീട്ടിലിരിപ്പായത് കൊണ്ട് പുതിയ കുറേ നല്ല ശീലങ്ങള്‍ കൂടെക്കൂടി. മകന്‍ ജോര്‍ജ് എന്തു പഠിക്കുന്ന, എങ്ങനെ പഠിക്കുന്നു എന്നൊക്കെ നോക്കി ഞാന്‍ പിന്നാലെ കൂടി. ഇത്രയും നാളായിട്ടും മകന്റെ നോട്ട്ബുക്ക് കണ്ടിട്ടുണ്ടായിരുന്നില്ല. അവന്‍ പഠിക്കുന്ന പുസ്തകം പോലും മറിച്ചു നോക്കിയിട്ടുമില്ല. അതൊക്കെ ഭാര്യയുടെ ഡിപ്പാര്‍ട്ട്‌മെന്റ് ആണ്. മാര്‍ക്കു കൂടുന്നുണ്ടോ, കുറയുന്നുണ്ടോ എന്നൊക്കെ വല്ലപ്പോഴും അന്വേഷിക്കുമെങ്കിലും ഇത്ര വിശദമായി പഠനകാര്യം തിരക്കുന്നത് ഇതാദ്യമാണ്...
എന്റെ ലോകവീക്ഷണങ്ങളും ഉപദേശങ്ങളും മക്കള്‍ക്ക് പറഞ്ഞു കൊടുക്കുന്നത് വര്‍ഷത്തില്‍ ഒന്നോ രണ്ടോ വട്ടം നടക്കുന്ന യാത്രയ്ക്ക് ഇടയിലാണ്. ഇപ്പോള്‍ അതൊക്കെ മാറി, ഇപ്പോള്‍ ദൈനംദിന കാര്യങ്ങള്‍ തിരക്കുന്ന ഉത്തരവാദിത്തമുള്ള അപ്പനാണ് ഞാന്‍.

അടുക്കളയിലേക്ക് ‘സഞ്ചാരം’ ഉണ്ടോ ?

ലോക് ഡൗണ്‍ ആണെന്നു കരുതി അടുക്കളയില്‍ കയറി പരീക്ഷണത്തിനൊന്നും നില്‍ക്കില്ല കേട്ടോ. പുള്ളിക്കാരി വച്ചുണ്ടാക്കുന്നത് ആസ്വദിച്ച് കഴിക്കും. അടുക്കളയിലെ പുള്ളിക്കാരിയുടെ പരീക്ഷണങ്ങള്‍ അടുത്തുനിന്ന് കാണും. എന്നെ കാണാന്‍ കിട്ടുന്നത് അപൂര്‍വമെന്ന് പറഞ്ഞിരുന്ന ഭാര്യയുടെ പരാതി തീര്‍ന്നു കിട്ടിയത് തന്നെ വല്യ കാര്യം. പൂച്ച പുഴുങ്ങുക എന്നൊരു സ്‌പെഷ്യല്‍ ഐറ്റമാണ് പുള്ളിക്കാരി ഉണ്ടാക്കുന്ന എന്റെ ഫേവറേറ്റ്. പേരുകേട്ട് തെറ്റിദ്ധരിക്കേണ്ട, ചക്കപ്പഴം മാവില്‍ മിക്സ് ഉണ്ടാക്കുന്ന പലഹാരമാണത്. കുമ്പിളപ്പത്തിന്റെ മറ്റൊരു വേര്‍ഷന്‍.

santhosh-new-new

നമ്മുടെ വീട്ടിലെ പെണ്ണുങ്ങള്‍ വീടുകളില്‍ ചെയ്യുന്ന അധ്വാനം എന്തൊക്കെയെന്ന് അടുത്തു നിന്ന് കാണാന്‍ കിട്ടുന്നതാണ് ഈ കൊറോണക്കാലത്തെ മറ്റൊരു ഭാഗ്യം. പിന്നെ വിദേശത്തു നിന്നു വരുന്ന മനുഷ്യനെന്ന് കരുതി മാസ്ക് ധരിച്ച് സംശയദൃഷ്ടിയോടെ ആരും നോക്കുന്നൊന്നുമില്ല. ഞങ്ങളുടെ വീടിരിക്കുന്നത് ഒറ്റപ്പെട്ടാണ്. അതു കൊണ്ട് ഒറ്റപ്പെടലുകളില്ല.

മനസ്സു കൊണ്ട് യാത്രകളുണ്ടോ ?

സഞ്ചാരിയായ മനുഷ്യന്‍ കൂട്ടിലടച്ചതിനു സമാനമാകുന്ന അവസ്ഥ ‘അൺസഹിക്കബിള്‍’ തന്നെയാണ്. പക്ഷേ നമ്മുടെ നാടിനു വേണ്ടി ഈ ലോക് ഡൗണ്‍ കാലവും മാര്‍ഗ നിര്‍ദ്ദേശങ്ങളും ഉള്‍ക്കൊണ്ടേ മതിയാകൂ. വായനയാണ് ഈ ദിനങ്ങളിലെ എന്റെ കൂട്ടുകാരന്‍. മീരയുടെ ആരാച്ചാര്‍, വ്‌ലാദിമിര്‍ ആഴ്‌സിനിയോവിന്റെ ദര്‍സൂ ഉസാല എന്നീ പുസ്തകങ്ങള്‍ വായിച്ചുതീര്‍ത്തു. ദര്‍സൂ ഉസാലയുടെ സൈബീരിയന്‍ യാത്രകള്‍ എന്നേയും സൈബീരിയയുടെ ഉള്‍ക്കാടുകളിലേക്ക് കൂട്ടിക്കൊണ്ടു പോകാറുണ്ട്. പോകാന്‍ കഴിഞ്ഞില്ലെങ്കിലും ഭാവനയില്‍ പല ലോകവും ഞാന്‍ സൃഷ്ടിച്ചെടുക്കും, ഉസാലയുടെ യാത്രകളെപ്പോലെ.

പുതിയ യാത്രകള്‍ പ്ലാൻ ചെയ്തോ ?

സഞ്ചാരികളായ ചങ്ങാതിമാരോടാണ് ഇനി പറയാനുള്ളത്. നിങ്ങള്‍ വല്ലാത്ത വീര്‍പ്പു മുട്ടലിലാണെന്ന് അറിയാം. ഞാനും അതേ... തത്കാലം ആ വീര്‍പ്പു മുട്ടലുകള്‍ അടക്കുകയേ നിവൃത്തിയുള്ളൂ. വിമാനങ്ങള്‍ പറക്കുന്നില്ല... കപ്പലുകള്‍ ഓടുന്നില്ല... ട്രെയിന്‍ ഗതാഗതം നിലച്ചു. ക്ഷമയോടെ കാത്തിരിക്കൂ. ലോകത്തിന്റെ വാതിലുകള്‍ ഇനിയും നിങ്ങള്‍ക്കായി തുറക്കും. ഈ പരീക്ഷണവും നമ്മള്‍ അതിജീവിക്കും. അപ്പോൾ നമുക്കും പറക്കാം.