തലമുറകൾ ജീവിച്ച തറവാട് മരങ്ങാട്ടുപിള്ളിയിൽ നിന്നു വൈക്കത്തിനടുത്തുള്ള ചെമ്പ് ഗ്രാമത്തിലേക്ക് മാറ്റി സ്ഥാപിച്ചതിന്റെ വിശേഷങ്ങളുമായി സന്തോഷ് ജോർജ് കുളങ്ങര.
മരങ്ങാട്ടുപിള്ളി കുളങ്ങര വീട്ടിൽ ഔസേഫ് ഔസേഫിന്റെ മകന്റെ മകന്‍റെ മകന്‍ പണ്ടും ഇങ്ങനെയാണ്. തറവാടിന്റെ മുറ്റത്തെത്തിയാൽ മുണ്ടിന്റെ കുത്തഴിച്ച് ഉമ്മറത്തു കൂടി നടക്കും. ഇഞ്ചിയും മഞ്ഞളും മണക്കുന്ന നടുത്തളത്തിൽ മുൻപേ കടന്നു പോയവരുടെ ഗന്ധം തിരയും. അങ്ങനെ ആത്മബന്ധത്തിന്റെ ഹൃദയതാളം തൊട്ടറിഞ്ഞ ഒരു ദിവസം സന്തോഷ് തന്റെ തറവാടിനെ അടിയോടെ പൊക്കിയെടുത്ത് മറ്റൊരിടത്തു സ്ഥാപിച്ചു. മൂവാറ്റുപുഴയാറിന്റെ തീരത്ത് ചെമ്പ് ഗ്രാമത്തിലെ തറവാട്ടിലിരുന്ന് സന്തോഷ് പഴയ കഥകളൊക്കെ ഒാര്‍ത്തെടുത്തു...
‘‘തോമാച്ചൻ എന്നു ഞങ്ങൾ വിളിക്കുന്ന എന്റെ പിതാവിന്റെ കസിൻ തോമസാണ് ഏറ്റവുമൊടുവിൽ മരങ്ങാട്ടുപിള്ളിയിലെ ഈ വീട്ടിൽ താമസിച്ചിരുന്നത്. പുതിയ വീടു വയ്ക്കാൻ തീരുമാനിച്ചപ്പോൾ തോമാച്ചൻ എന്നെ വിളിച്ചു. ‘പഴയ വീടുകൾ വാങ്ങുന്നുണ്ടെന്നു കേട്ടു. തറവാട് പൊളിക്കുകയാണ്. നിനക്കു വേണോ’, തോമാച്ചൻ ചോദിച്ചു. അഞ്ഞൂറു വർഷത്തിലേറെ പഴക്കമുള്ള വീട് വെറും നിസ്സാര വിലയ്ക്ക് വാങ്ങിയിട്ടു പോലും എനിക്കു വട്ടാണെന്നു കരുതിയവരുണ്ട്. തറവാട് ഇവിടേക്കു മാറ്റി സ്ഥാപിച്ച ശേഷം ആദ്യത്തെ കുടുംബ കൂട്ടായ്മയ്ക്ക് അക്കൂട്ടരേയും ക്ഷണിച്ചിരുന്നു.
ഓർമകൾ വ്യക്തിനിഷ്ഠമാണ്. അമ്മയുടെ തറവാടാണ് എന്നെ സംബന്ധിച്ചിടത്തോളം ബാല്യകാലത്തെ സുഖമുള്ള ഓർമ. ഉരുളയ്ക്കുപ്പേരി പോലെ തമാശകൾ പൊട്ടിക്കുന്ന സ്ഥലമായിരുന്നു ആ തറവാടിന്റെ നടുത്തളം. അമ്മാവന്മാരും അമ്മയുടെ സഹോദരിമാരും അവരുടെ മക്കളും മറ്റു ബന്ധുക്കളും അമ്മയുടെ വീട്ടിൽ ഒത്തു ചേരുമായിരുന്നു. ഞങ്ങളുടെ കുടുംബവീട് മറ്റൊരു സ്ഥലത്തേക്കു മാറ്റി സ്ഥാപിക്കുമ്പോൾ അമ്മയുടെ തറവാട്ടിലേതു പോലെയൊരു നടുത്തളം നിർമിക്കണമെന്നു മനസ്സിലുറപ്പിച്ചിരുന്നു.
മുകൾ നില പൂർണമായും പഴയതു തന്നെയാണ്. താഴത്തെ നില പുതുക്കി നിർമിച്ചതാണ്. പഴമയ്ക്ക് യോജിച്ച വിധത്തിലാണു ഗ്രൗണ്ട് ഫ്ളോർ ഡിസൈൻ ചെയ്തത്. തെക്കുഭാഗത്തുള്ള ടവർ കൂട്ടിച്ചേർത്തതാണ്. വീടിന്റെ മുൻവശത്ത് ടവർ നിർമിക്കുന്നതിൽ തങ്കപ്പനാശാരി സംശയം പ്രകടിപ്പിച്ചു. ടവറിനുള്ളിൽ ടോയ്െലറ്റാണെന്നു പറഞ്ഞപ്പോൾ അദ്ദേഹത്തിന് ആശങ്കയേറി. നിർമാണം പൂർത്തിയായിക്കഴിഞ്ഞ ശേഷം തച്ചൻ മാറി നിന്ന് അതിന്റെ ഭംഗിയാസ്വദിക്കുന്നത് ഞാൻ കണ്ടു.
താഴെയും മുകളിലും രണ്ടു മുറികളാണിപ്പോൾ. ഒന്നാം നിലയിൽ വരാന്തയും ബാൽക്കണിയുമുണ്ട്. താഴത്തെ നിലയിൽ നിന്നു ചെറിയ ഇടനാഴി നിർമിച്ച് അടുക്കളയുമായി ബന്ധിപ്പിച്ചു. മരങ്ങാട്ടുപിള്ളിയിലെ തറവാട്ടു വീട്ടിലെ അടുക്കള ഇങ്ങനെയായിരുന്നില്ല. പുതിയ വീടിന്റെ ഡിസൈനിന് ഇണങ്ങും വിധം പഴമ തോന്നുന്ന മറ്റൊരു അടുക്കള കൂട്ടിച്ചേർത്തതാണ്.
പാശ്ചാത്യ രാജ്യങ്ങളിലുള്ളവർ തറവാടുകളും പുരാതന മന്ദിരങ്ങളും പൊന്നുപോലെ സംരക്ഷിച്ചതു കണ്ടിട്ടുണ്ട്. വീടിന്റെ കാലപ്പഴക്കം പുറംചുമരിൽ എഴുതിവയ്ക്കുന്നതിൽ അവർ അഭിമാനിക്കുന്നു. അതേസമയം, ഇങ്ങനെയൊരു തീരുമാനമെടുത്തിരുന്നില്ലെങ്കിൽ എന്റെ തറവാട് പണ്ടേയ്ക്കു പണ്ടേ ആക്രിക്കടയിൽ എത്തിയേനെ...’’