കല്യാണത്തിന് ബിരിയാണി വയ്ക്കാൻ പോയി മണവാട്ടിയെ അടിച്ചോണ്ടു വന്ന കാമുകനെ മലയാളികൾ കണ്ടത് ഉസ്താദ് ഹോട്ടലിലാണ്. രുചിയുടെ മൊഹബ്ബത്തിനൊപ്പം പ്രണയവും വിളമ്പിയ തിലകന്റെ ‘കരീമിക്ക’ ഇന്നും കാമുകൻമാർക്ക് ആവേശം. സിനിമയെക്കാളും സംഭവബഹുലമായ ജീവിതങ്ങളിലേക്ക് പാളിനോക്കായാൽ ഇതിലും വലിയ ട്വിസ്റ്റ് കാണാനുണ്ടാകും. അങ്ങനെയൊരു കഥയാണ് സോഷ്യൽ മീഡിയയുടെ കണ്ണുതള്ളിക്കുന്നത്. കല്യാണം കൂടാൻ പോയി കൊല്ലം കുറേ കഴിഞ്ഞ് അതേ ദമ്പതികളുടെ മകളെ തന്നെ കെട്ടി മാസ് കാട്ടിയിരിക്കുകയാണ് നമ്മുടെ കഥാനായകൻ. ‘അതാരടാ... അങ്ങനെയൊരു വിരുതനെന്ന്’ സോഷ്യൽ ലോകം തിരയുമ്പോൾ കഥാനായകനെ ‘വനിത ഓൺലൈൻ’ കണ്ടുപിടിച്ചിരിക്കുകയാണ്. ആലുവ സ്വദേശിയായ ശരത് ബാലുവെന്ന വക്കീൽ ഗുമസ്തനാണ് ആ വൈറൽ ഫൊട്ടോയിലെ നായകൻ. നായിക അഞ്ജു...
സംഭവബഹുലമായ ഈ കഥ തുടങ്ങുന്നത് 1995മേയ് 24ന്. അന്ന് ആലുവ പത്തേരിപ്പുറത്തെ പുളിക്കൽ വീട്ടിൽ സജീവൻ–ബിന്ദു ദമ്പതികളുടെ കല്യാണം കൂടാനെത്തുകയാണ് ഈ കഥയിലെ നായകൻ ശരത്. ആ വിവാഹ ഫൊട്ടോയിലേക്ക് നോക്കിയാൽ കല്യാണപ്പെണ്ണിനടുത്ത് നാണം കുണുങ്ങി നിൽക്കുന്ന ഒരു അഞ്ചു വയസുകാരനെ കാണാം. പിന്നെ എന്ത് സംഭവിച്ചുവെന്നതിന് ‘കാലം സാക്ഷി... ചരിത്രം സാക്ഷി...’
‘നിന്നെയൊന്നും വിശ്വസിച്ച് ഒരു കല്യാണം വിളിക്കാൻ പറ്റാതായല്ലോടാ... ചെക്കാ...’ ഒരു തമാശയ്ക്ക് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഫൊട്ടോ. അതിങ്ങനെ കേറി വൈറലാകുമെന്നും. ഇജ്ജാതി കമന്റുകൾ കേൾക്കേണ്ടി വരുമെന്നും സ്വപ്നത്തിൽ പോലും വിചാരിച്ചില്ല ഇഷ്ടാ... എന്തായാലും പത്തു പേർ ഞങ്ങളെ അറിഞ്ഞല്ലോ സന്തോഷം– തനി ഗുമസ്തൻ സ്റ്റൈലിൽ ശരത് ‘കേസ് ഹിസ്റ്ററി’ പറഞ്ഞു തുടങ്ങുകയാണ്.

അച്ഛന്റെ ചങ്ങാതി, എന്റെ അമ്മായി അച്ഛൻ
എന്റെ അച്ഛൻ ശിശുപാലന്റെ ചങ്ങാതിയാണ് അഞ്ജുവിന്റെ അച്ഛൻ സജീവൻ. 1995 മേയ് 24ന് നടന്ന സജീവൻ മാമന്റേയും ബിന്ദു ആന്റിയുടേയും കല്യാണത്തിന് ഞാൻ എത്തിപ്പെടുന്നത് ആ കണക്ഷൻ വച്ചാണ്. അന്ന് കല്യാണം കൂടി, സദ്യ കഴിച്ചു, ഫൊട്ടോയ്ക്കും പോസ് ചെയ്തു. പക്ഷേ അവർക്കുണ്ടാകാന്‍ പോകുന്ന കുട്ടി എന്റെ ജീവിത സഖിയാകുമെന്നോ, ഞാൻ ആ വീട്ടിലെ മരുമകൻ ആകുമെന്നോ ആരുകണ്ടു. ഇവളെന്റെ പെണ്ണായത് ചിലപ്പോ വല്ല ‘ഇല്യുമിനാറ്റിയും’ ആയിരിക്കും– തമാശ വിടാതെ ശരതിന്റെ വാക്കുകൾ.

വർഷങ്ങൾക്കിപ്പുറം നടന്ന വിവാഹം പോലും തികച്ചും യാദൃശ്ചികമാണ്. ഇരുപത്തിയേഴാം വയസിലാണ് എന്നെ ‘കെട്ടിച്ചു വിട്ടേക്കാം’ എന്ന് വീട്ടുകാർക്ക് തോന്നിയത്. കല്യാണാലോചനകൾ തകൃതിയായി നടക്കുന്ന സമയം. കുറേ ആലോചനകൾ നോക്കി ഒന്നും അങ്ങോട്ട് ശരിയായില്ല. ഇതിനിടെ അച്ഛനാണ് അഞ്ജുവിന്റെ അച്ഛനോട് കല്യാണക്കാര്യം മുന്നോട്ട് വയ്ക്കുന്നത്. അഞ്ജുവിനെ എനിക്കറിയാമായിരുന്നെങ്കിലും പ്രണയമൊന്നും ഞങ്ങൾക്കിടയിൽ മൊട്ടിട്ടിരുന്നില്ല. അച്ഛൻ പറഞ്ഞത് പ്രകാരം അവളെ കണ്ടു, ഞങ്ങൾക്ക് പരസ്പരം ഇഷ്ടപ്പെട്ടു. ഒടുവിൽ സോഷ്യൽ മീഡിയ പറയുന്ന ആ ട്വിസ്റ്റ് നടന്നു, 2017 ഡിസംബർ മൂന്നിന് ഞാൻ അഞ്ജുവിന്റെ കഴുത്തിൽ മിന്നുകെട്ടി. അന്നെനിക്ക് വയസ് 27, അഞ്ജുവിന് 20. പറഞ്ഞു വരുന്നതെന്താണെന്നു വച്ചാൽ അഞ്ജുവിനെ ഞാൻ നോട്ടമിട്ട് കെട്ടിയതൊന്നുമല്ല കേട്ടോ. ഞങ്ങളെ ഒരുമിപ്പിച്ച എന്റെ അച്ഛൻ ശിശുപാലൻ കൂടെയില്ല എന്നുള്ളതാണ് ഏക സങ്കടം. ആശയെന്നാണ് അമ്മയുടെ പേര്.

ടെൻ ഇയർ ചലഞ്ച്, ഫൊട്ടോ ചലഞ്ച് തുടങ്ങി പലവിധ ചലഞ്ചുകളുമായി വൈറൽ ഫൊട്ടോയെ പലരും ചേർത്തു നിർത്തുന്നുണ്ട്. ഞങ്ങൾക്കിടയിലുള്ള സ്നേഹബന്ധത്തെക്കാളും വരില്ലല്ലോ ഒരു ചലഞ്ചും. ഞങ്ങളുടെ മകൻ ചേതന് ഒന്നര വയസാകുന്നു, ഒരിക്കൽ അവനോട് പറയണം, മകനേ നിന്റെ അച്ഛനും അമ്മയും പണ്ട് സോഷ്യൽ മീഡിയയിലെ വൈറൽ താരങ്ങളായിരുന്നുവെന്ന്.– ശരത് പറഞ്ഞു നിർത്തി.