Tuesday 01 October 2019 04:06 PM IST

കെട്ടുകാഴ്ചയായി പി.വി. സിന്ധു, നീലംപേരൂർ പടയണിയിൽ ഇക്കുറി സരിതയുടെ ‘രസതന്ത്രം’ ഏറ്റെടുത്ത് കരക്കാർ

Binsha Muhammed

saritha

ഉഗ്രമൂർത്തികളും ദേവൻമാരും ഇടംപിടിച്ച കെട്ടുകാഴ്ചയ്ക്കിടയിൽ ഏവരുടേയും കണ്ണുടക്കിയത് മറ്റൊന്നിലായിരുന്നു. ലോക കായിക ചരിത്രത്തിൽ ഇന്ത്യയുടെ യശസ്സുയർത്തിയ പിവി സിന്ധുവിന്റെ രൂപത്തിലുള്ള കോലം. ഒരു കര മുഴുവൻ ആവേശത്തോടെ കണ്ട ആലപ്പുഴ നീലംപേരൂരിലെ ആ പടയണിയുടെ പിന്നിൽ ഒരു അധ്യാപികയാണ്. തലയോലപ്പറമ്പ് ഡിബി കോളേജിലെ കെമിസ്ട്രി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ സരിത നീലംപേരൂർ. മലയാള മനോരമ പത്രത്തിന്റെ ഒന്നാം പേജിൽ സിന്ധുവിന്റെ കോലം തലയുയർത്തി നിൽക്കുന്ന ചിത്രം അച്ചടിച്ചു വന്നതിനു പിന്നാലെ ലഭിച്ച അഭിനന്ദന പ്രവാഹവും അഭിമാനവും ‘വനിത ഓൺലൈനു’മായി പങ്കുവയ്ക്കുകയാണ് സരിത.

s3

‘എല്ലാ അർത്ഥത്തിലും ഞാനൊരു നീലം പേരൂരുകാരിയാണ്. ഇവിടുത്തെ പടയണിയും ആഘോഷവും കെട്ടുകാഴ്ചയുമെല്ലാം എന്റെ രക്തത്തിൽ അലിഞ്ഞിരിക്കുന്നു. ഇക്കുറിയും ഉത്സവമടുത്തപ്പോൾ എന്തെങ്കിലും വെറൈറ്റി ആശയമൊരെണ്ണം ഈ മണ്ണിൽ അവതരിപ്പിക്കണം എന്ന് തോന്നി. ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ സ്വർണമണിഞ്ഞ പിവി സിന്ധുവിന്റെ പേര് മനസിലേക്ക് ഇട്ടു തന്നത് ദൈവമാണ്. മറ്റൊരു തരത്തിൽ സ്ത്രീമുന്നേറ്റത്തിന്റെ പ്രതീകം കൂടിയാണ് സിന്ധു. പെണ്ണിനെ അടിച്ചമർത്തുന്നവരുടെ ലോകത്ത് ഇങ്ങനേയും ചില പ്രതീകങ്ങളുണ്ട്.. വ്യക്തികളുണ്ട് എന്ന ഓർമ്മപ്പെടുത്തൽ. പെണ്ണിനെ അടിച്ചമർത്തുമ്പോഴല്ല, ആദരിക്കുമ്പോഴാണ് ലോകം സുന്ദരമാകുന്നത് എന്ന മഹത്തായ സന്ദേശം. അതാണ് അവിടെ കണ്ടത്...–പിവിസിന്ധു കെട്ടുകാഴ്ചയായ കഥ സരിത പറയുന്നു.

s5
s4

എതിർപ്പുകളും ഏകാധിപത്യ സ്വരങ്ങളും ഇല്ലാത്ത മണ്ണാണ് ഇത്്. ഇവിടുത്തെ ഉത്സവത്തിൽ പോലും അത് കാണാനാകും. ആർക്കും മനസിലുള്ള ആശയങ്ങളെ പ്രതിഫലിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്റെ മനസിലുള്ള ആശയം അവതരിപ്പിക്കുമ്പോൾ എനിക്കു ചുറ്റുമുള്ളവർ, സംഘാടകർ നിറഞ്ഞ മനസോടെ ഈ ഉദ്യമത്തെ ഏറ്റെടുത്തു. എല്ലാവിധ പ്രോത്സാഹനങ്ങളും നൽകി. പോയ വർഷം മറഡോണയുടെ വരെ കെട്ടുകാഴ്ചകൾ ഇവിടെയൊരുക്കി. മറഡോണയെ ആഘോഷിക്കുന്ന നമ്മൾ നമ്മുടെ സിന്ധുവിനെ മാറ്റിനിർത്തുന്നത് ശരിയാണോ? ഉറപ്പായും അവർക്ക് ആദരം ഒരുക്കണം എന്നു തോന്നി. പൂർണമായും പ്രകൃതിദത്തമായ വസ്തുക്കൾ കൊണ്ടാണ് കെട്ടുകാഴ്ച ഒരുക്കിയിരിക്കുന്നത്. കവുങ്ങിൻ വാരി, വാഴക്കച്ചി എന്നി ഉപയോഗിച്ചാണ് കെട്ടുകാഴ്ചയ്ക്ക് രൂപം നൽകുന്നത്. വാഴപ്പോള, ചെത്തിപ്പൂവ്, എന്നിവ നിറപണികൾക്കായി ഉപയോഗിച്ചിരിക്കുന്നു.

s2

ലഭിക്കുന്ന അംഗീകാരങ്ങളുടേയും അഭിനന്ദനങ്ങളുടേയും മറ്റൊരാൾക്കു കൂടി അവകാശപ്പെട്ടതാണ്. എല്ലാ പിന്തുണയും നൽകിയ ഭർത്താവ് ഡോക്ടർ ഹരിനാരായണനാണ് ഈ സന്തോഷത്തിന്റെ പങ്കുപറ്റുന്നത്. ഡിബി കോളേജിലെ പ്രൊഫസറാണ് അദ്ദേഹവും. ഞങ്ങൾക്ക് രണ്ടു മക്കൾ നചികേതും, സാവിത്രിയും.

നീലം പേരൂർ പടയണി

കേരളത്തിൽ ആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്കിലെ നീലംപേരൂരിൽ സ്ഥിതി ചെയ്യുന്ന പള്ളി ഭഗവതിക്ഷേത്രത്തിൽ, ചിങ്ങ മാസത്തിലെ തിരുവോണം കഴിഞ്ഞു വരുന്ന പൂരം നാൾ നടത്തുന്ന പടയണി ഉത്സവമാണ് നീലംപേരൂർ പടയണി അഥവാ നീലംപേരൂർ പൂരം. ധനു മാസത്തിൽ മധ്യ തിരുവിതാംകൂറിൽ പടയണിക്കാലമാണ്. ചിലേടത്ത് 28 ദിവസം പടയണി ഉണ്ടായിരിക്കും. നീലംപേരൂരിൽ ചിങ്ങമാസത്തിലെ തിരുവോണത്തിന്റെ പിറ്റേ ദിവസം അവിട്ടം മുതൽ പൂരം നാൾ വരെ 16 ദിവസത്തെ പടയണിയാണ്

s1