Wednesday 07 July 2021 11:37 AM IST

‘വിവാഹം കഴിഞ്ഞ് മക്കളായതിൽ പിന്നെയാണ് പാട്ടിനെപ്പറ്റി ചിന്തിച്ചു തുടങ്ങിയത്’: സൊനോബിയ സഫർ പറയുന്നു

Rakhy Raz

Sub Editor

senobia

പാട്ടുകളുടെ പൂക്കാലമാണിപ്പോൾ നമ്മുടെ നാട്ടിൽ. പുതിയ സംവിധായകർ, പുതിയ ഈണങ്ങൾ, പുതിയതും വ്യത്യസ്തവുമായ ശബ്ദവും ആലാപനവുമായി ഗായകർ. മത്സരം കൂടുമ്പോൾ പാട്ടിന് കയ്യടി കിട്ടാൻ കുറച്ച് പ്രയാസവും വരും. കാരണം പാട്ടിന്റെ ശ്രുതിയും സംഗതിയും വരെ വിലയിരുത്തിയാണ് ആളുകൾ മാർക്കിടുന്നത്. അപ്പോഴാണ് പുതിയ പാട്ടിനു കാതോർത്തിരിക്കുന്നവരെ ഈ മിടുക്കികൾ ത ങ്ങളുടെ മധുര സ്വരം കൊണ്ട് പോക്കറ്റിലാക്കിയത്. ആലാപന മാധുര്യംകൊണ്ട് പ്രേക്ഷകമനസ്സ് കവർന്ന സൊനോബിയ സഫർ മനസു തുറക്കുന്നു...

ദൃശ്യം 2 എന്ന സൂപ്പർ ഹിറ്റ് സിനിമയുടെ ഹൃദയം പ്രതിഫലിപ്പിക്കുന്നതാണ് ‘ഒരേ പകൽ ഒരേ ഇ രുൾ’ എന്ന ഗാനം. സിനിമയുടെ ഗൗരവവും ദുരൂഹതയും ഒരേ സമയം അനുഭവിപ്പിക്കുന്ന ഗാനം പാടിയത് തിരുവനന്തപുരംകാരിയായ സൊനോബിയ സഫർ എന്ന പുതു ഗായികയാണ്.

ടെക്നോ‌പാർക്കിൽ ഐബിഎസ് കമ്പനിയിൽ ജോലി ചെയ്യുന്നതിനൊപ്പം വോയിസ് ഓവർ ആർട്ടിസ്റ്റ് ആയും വർക് ചെയ്യുന്നുണ്ടായിരുന്നു. കഴിഞ്ഞ വർഷം ടെക്നോപാർക്കിലെ ജോലി ഉപേക്ഷിച്ച് മുഴുവൻ സമയ വോയിസ് ഓവർ ആർട്ടിസ്റ്റ് ആയി. അതിലൂടെ കൊച്ചിയിൽ പല പരസ്യക്കമ്പനികളുമായി പരിചയം വന്നു. ആ വഴിക്ക് ദൃശ്യത്തിന്റെ സംഗീത സംവിധായകൻ അനിൽ ജോൺസന്റെയും.

പാട്ടിനെപ്പറ്റി ഗൗരവമായി ചിന്തിച്ചു തുടങ്ങിയത് വിവാഹം കഴിഞ്ഞ് മക്കൾ ആയതിൽ പിന്നെയാണ്. ഭർത്താവ് നവീൻ ജാസ്മിൻ ഡോക്ടറാണ്. മക്കളിൽ മൂത്തയാൾ റയാന് അഞ്ച് വയസ്സും ഇളയയാൾ ഐറയ്ക്ക് മൂന്നു വയസ്സുമായി. നവീൻ നല്ല പ്രോത്സാഹനം നൽകാറുണ്ട്. അങ്ങനെയാണ് അനിൽ ജോൺസണെ വിളിച്ചു നോക്കുന്നത്.

പാട്ടിന്റെ ഡെമോ അയച്ചു കൊടുത്തു. പക്ഷേ, വിളി ഉ ടൻ വരും എന്നു പ്രതീക്ഷിച്ചില്ല. ‘ഒരു പാട്ട് ഉണ്ട്, പാടുന്നോ’ എന്നല്ലാതെ ദൃശ്യം 2 വിന് വേണ്ടിയാണെന്ന് അനിൽ പറഞ്ഞിരുന്നില്ല. രണ്ടു ദിവസം കഴിഞ്ഞാണ് സിനിമ ഇതാണെന്ന് പറയുന്നത്. ആദ്യ സോളോ ‘ദൃശ്യം 2’ പോലെ യൊരു സിനിമയിൽ ലഭിക്കുക ഭാഗ്യമല്ലേ...

പാട്ടിറങ്ങിപ്പോയ റിക്കോർഡിങ് ദിനം

സ്കൂളിലും കോളജിലും ഓഫിസിലും മ്യൂസിക് ബാൻഡിന്റെ ഭാഗമായിരുന്നു. ധാരാളം മത്സരങ്ങൾക്കും പോയിട്ടുണ്ട്. പിന്നണിഗാന റിക്കോർഡിങ്ങും ചെയ്തിട്ടുണ്ട്. എങ്കിലും എനിക്ക് നല്ല ടെൻഷനുണ്ടായിരുന്നു. ഫൈനൽ റിക്കോർഡിങ് കൊച്ചിയിലായിരുന്നു. സിനിമയിൽ ആകെ ഈ ഒരു പാട്ടേയുള്ളു. ഈ പാട്ട് വച്ചിട്ടായിരിക്കും പ്രമോഷൻസ് ഒക്കെ ചെയ്യുന്നത് എന്നറിഞ്ഞതോടെ നല്ല പ്രഷ റിലായി. ഫൈനൽ റിക്കോർഡിങ് തുടങ്ങിയതോടെ പ്രശ്നങ്ങളും തുടങ്ങി. ശബ്ദം ശരിയായി വരുന്നില്ല.

വൈകുന്നേരമായപ്പോൾ സംവിധായകൻ ജീത്തു ജോസഫ് സാർ വന്നു. കാര്യങ്ങൾ അറിഞ്ഞപ്പോൾ ‘ഞങ്ങൾക്കെല്ലാവർക്കും ഇയാളുടെ ശബ്ദം ഇഷ്ടമായി. അതുകൊണ്ട് എത്ര ദിവസം എടുത്താലും പാട്ട് പാടിയിട്ട് പോയാൽ മതി’ എന്നു പറഞ്ഞു. അതുകേട്ടപ്പോൾ എനിക്ക് ആത്മവിശ്വാസമായി. വോയിസ് ഓവർ ചെയ്യുന്നത് വിടാതെ പാട്ടിന്റെ മേഖലയിൽ ഉയർന്നു വരണം എന്നാണ് ആഗ്രഹം.