കണ്ണൂരിലെ കല്യാശ്ശേരിയിലെ ‘ശാരദാസ്’ എന്ന വീടിന് ഒരു പ്രത്യേകതയുണ്ട്. ആ വീടിന്റെ സ്നേഹസുഗന്ധം ഉപേക്ഷിച്ച് എങ്ങും പോകാനാകാത്ത ഒരമ്മയുടെ സാന്നിധ്യം. ആ വീട്ടിലെ ജീവസ്സുറ്റ ഒാർമകളാണ് ആ അമ്മയുടെ ജീവിതം ഇത്രമേൽ സുന്ദരമാക്കുന്നത്. സ്നേഹിക്കാൻ മാത്രമറിയാവുന്ന ഈ അമ്മയാണ് ശാരദ ടീച്ചർ. ശാരദാ നായനാർ എന്നു പറഞ്ഞാൽ പെട്ടെന്നു പരിചിതയാകും. ജനപ്രിയനായ മുൻ മുഖ്യമന്ത്രി സഖാവ് ഇ. കെ. നായനാരുടെ ധർമപത്നി. 2004 മേയ് 19നാണ് സഖാവ് ടീച്ചറെ തനിച്ചാക്കി പോയത്. ശാരദടീച്ചറെ ഒാർമിക്കാൻ ഒരു കാര്യമുണ്ട് – 2019 ഡിസംബർ 9ന് സഖാവ് ഇ.കെ. നായനാരുടെ 100–ാം ജൻമദിനമാണ്. 15വർഷങ്ങളായി സഖാവിന്റെ ജ്വലിക്കുന്ന ഒാർമകൾക്കൊപ്പമാണു ‘ശാരദാസി’ൽ ടീച്ചറുടെ ജീവിതം. ഇന്ന് 84–ാം വയസ്സിലും ടീച്ചർ ഉന്മേഷവതിയാണ്.
ഫിസിയോതെറപ്പിയും നടത്തവും
രാവിലെ ഏഴുമണിയോടെ ഉണരും. കിടക്കയിൽ ഇരുന്നു ചില ഫിസിയോതെറപ്പി വ്യായാമങ്ങൾ ചെയ്യും. കാൽമുട്ടു തേയ്മാനം ഉള്ളതുകൊണ്ടു നിർദേശിക്കപ്പെട്ടിട്ടുള്ളവയാണവ. െെവകുന്നേരങ്ങളിൽ വീട്ടിൽ നിന്നു േഗറ്റ് വരെ നടക്കും. (അത് ഏറെ ദൂരമുണ്ട്.) കാലിനു തീരെ ബുദ്ധിമുട്ടാണെങ്കിൽ മാത്രമേ ഈ നടപ്പ് ഒഴിവാക്കാറുള്ളൂ. വായനയും ടിവി കാണലുമൊക്കെ കഴിഞ്ഞു കിടക്കുമ്പോൾ പത്തര–പതിനൊന്നു മണിയാകും.
വെജിറ്റേറിയൻ ശീലം
രാവിലെ ഗ്രീൻ ടീയാണു കുടിക്കുന്നത്. പാൽ കുടിക്കാറില്ല. ദോശ, ഇഡ്‌ലി ഇവയിലൊന്നാകും പ്രഭാതഭക്ഷണം. അളവു കുറച്ചേ കഴിക്കൂ. സഖാവുള്ള കാലത്തു നോൺവെജ് കഴിച്ചിരുന്നു. ഇപ്പോൾ വെജിറ്റേറിയൻ ആഹാരമേ കഴിക്കാറുള്ളൂ. ഉച്ചയ്ക്ക് ചോറിനൊപ്പം പാവയ്ക്കത്തോരൻ, കുമ്പളങ്ങ ഒാലൻ, സാമ്പാർ, അവിയൽ എന്നിങ്ങനെയുള്ള കറികൾ.
ചില ദിവസങ്ങളിൽ െെവകുന്നേരം നടപ്പുകഴിഞ്ഞു നാരങ്ങാവെള്ളം അൽപം ഉപ്പും പഞ്ചസാരയും ചേർത്തു കുടിക്കും. ചിലപ്പോൾ ഇളം ചൂടുവെള്ളത്തിൽ തേൻ ചേർത്തും കുടിക്കാറുണ്ട്. അതു ശരീരഭാരം കുറയുന്നതിനു നല്ലതാണത്രേ. തിളപ്പിച്ചാറിയ വെള്ളം ധാരാളം കുടിക്കും. അത്താഴം ലളിതമാണ്. ചോറു കഴിക്കില്ല. ചപ്പാത്തിയോ, ഗോതമ്പുദോശയോ കഴിക്കും.
നാരായണീയവും ഭഗവതിയമ്മയും
രാവിലെ ഇളംചൂടുവെള്ളത്തിൽ കുളി കഴിഞ്ഞു നാരായണീയവും ഭഗവത്ഗീതയും വായിക്കും. കുളിച്ചു ശുദ്ധിയോടെ എന്നും ക്ഷേത്രത്തിൽ പോകും. കല്യാശ്ശേരി ഗ്രാമത്തിന്റെ അമ്മയായ ഭഗവതിയമ്മയെ തൊഴുതു പ്രാർഥിക്കും. അപ്പോൾ മനസ്സിനു വലിയൊരു നിറവാണ്. ഒറ്റപ്പെടൽ ചിലപ്പോൾ ഉണ്ടാകാറുണ്ട്. പക്ഷേ, സഖാവിന്റെ ഒാർമകൾ എനിക്ക് ഊർജമാണ്. മക്കൾ കൂടെയില്ലെങ്കിലും ഏറെ കരുതൽ നൽകുന്നുണ്ട്.
മുടക്കാറില്ല ചെക്കപ്പുകൾ
എനിക്കു രക്താതിസമ്മർദം, കൊളസ്ട്രോൾ, പ്രമേഹം ഇതൊന്നുമില്ല. മെഡിക്കൽ ചെക്കപ്പുകൾ ചെയ്യാറുണ്ട്. മക്കളുടെ കൂടെ തിരുവനന്തപുരത്തു താമസിക്കുമ്പോൾ അവിടെ ചെക്കപ്പുകൾ ചെയ്യും. എറണാകുളത്തു താമസിക്കുമ്പോൾ അവിടെയും ചെക്കപ്പുണ്ട്. എല്ലാ ചികിത്സാവിഭാഗങ്ങളുമായും ബന്ധപ്പെട്ട വിശദപരിശോധനകൾ കൃത്യമായി ചെയ്യും.
മധുരദാമ്പത്യത്തിന്റെ ശക്തി
‘ചന്ദനം ചാരിയാൽ ചന്ദനം മണക്കും’ എന്നപോലെ സഖാവിനൊപ്പം ജീവിച്ചപ്പോൾ രാഷ്ട്രീയഭേദമില്ലാതെ സ്േനഹപൂർവം പെരുമാറാൻ പഠിച്ചു. മറ്റുള്ളവരെ സ്നേഹിക്കുമ്പോൾ സ്േനഹം പത്തിരട്ടിയായി തിരികെ ലഭിക്കുമെന്നു മനസ്സിലായി. സ്നേഹം വില കൊടുത്താൽ കിട്ടുന്നതല്ല, സ്േനഹിച്ചു തന്നെ നേടേണ്ടതാണ് എന്ന് അറിഞ്ഞു. ലളിതമായി ജീവിക്കാനും സഖാവ് എന്നെ പഠിപ്പിച്ചു. ഏറ്റവും വലിയ സന്തോഷവും സംതൃപ്തിയും സഖാവിനെ ഭർത്താവായി ലഭിച്ചതാണ്. അതെന്റെ പുണ്യമാണ്. സഖാവ് മറ്റുള്ളവർക്കു നൽകിയ സ്നേഹം തിരികെ ലഭിക്കുന്നത് എനിക്കാണ്. ഇപ്പോഴും സഖാവിനെ സ്േനഹിക്കുന്ന ഒട്ടേറെ പേർ വീട്ടിൽ വരാറുണ്ട്.
ടീച്ചറുടെ മായാത്ത പുഞ്ചിരിക്കു പിന്നിലെ ആ രഹസ്യമെന്തായിരിക്കും? സഫലദാമ്പത്യം എന്ന മായാജാലം തന്നെയാകും. അങ്ങനെയൊരു സുന്ദരജീവിതത്തിൽ ഒരേയാളുമായി ഒരുപാടൊരുപാട് തവണ പ്രണയത്തിലാകണമെന്നാണ്. ടീച്ചർ ഗാഢപ്രണയത്തിലായിരിക്കും, സഖാവിന്റെ ഒാർമകളോട്, ആദർശങ്ങളോട്, എന്നും ചേർത്തു നിർത്തിയ കരുതലിനോട് എല്ലാം... സഖാവിന്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ അതേ, അതാണ് റൈറ്റ്.