Tuesday 23 February 2021 02:38 PM IST

‘അതു കണ്ടതോടെ അവിടെയുള്ളവർ എന്റെ മരണം ഉറപ്പിച്ചു’: വരണ്ട തൊണ്ടയുമായി മരണം കാത്തുകിടന്ന മണിക്കൂറുകൾ: ഷെറിൻ പറയുന്നു

Rakhy Raz

Sub Editor

sherin-shaha ചിത്രം: ബാദുഷ

ഇരുപത്തിരണ്ടാം വയസ്സിൽ വാനിലേക്ക് പറക്കാൻ നിൽക്കെയാണവൾ നിലത്തേക്ക് കൂപ്പുകുത്തിയത്. വിധിയിൽ കാൽ വഴുക്കി താഴേക്കു പതിച്ചു നുറുങ്ങിപ്പോയെങ്കിലും അവൾ തോറ്റുകൊടുത്തില്ല. പഠിക്കാൻ കൈയ്യും കാലും വേണ്ടല്ലോ എന്നു പറഞ്ഞ് ആവേശപൂർവം പഠിച്ചു. കോളജ് അധ്യാപനത്തിലേക്കുള്ള യോഗ്യതയായ നെറ്റ് എഴുതിയെടുത്തു. എങ്കിലും അവൾ ചിലപ്പോൾ ആരോടെന്നില്ലാതെ ചോദിച്ചു പോകും; എന്തിന് ഈ വിധിയേൽക്കാൻ എന്നെ തന്നെ തിരഞ്ഞെടുത്തു?

‘‘സ്നേഹനിധിയായ ഒരേട്ടൻ എന്നോട് പറഞ്ഞിട്ടുണ്ട്, ‘നീ തളർന്നാൽ കൂടെ തളരാൻ പത്തു പേരെങ്കിലും ഉണ്ടാകും. പറന്നാൽ അത് ചിറക് പകരുന്നത് നിന്നെപ്പോലുള്ള ആയിരങ്ങൾക്കായിരിക്കും.’ എന്നത്തേക്കുമായി ഞാനിത് മനസ്സിൽ കുറി ച്ചു വച്ചിട്ടുണ്ട്. ഈ അവസ്ഥയിലേക്ക് മനസ്സ് മാറിയത് പെട്ടെന്നൊന്നുമല്ല. പക്ഷേ, ഇന്ന് എനിക്ക് പരാതികളും സങ്കടവും ഇല്ല. പകരം ജീവിക്കുവാനുള്ള ആവേശമാണ് ഉള്ളത്.

എല്ലു നുറുങ്ങിയ വേദന

പൊളിറ്റിക്സ് എംഎ പരീക്ഷ കഴിഞ്ഞുള്ള അവധിക്കാലം. അ ലക്കി വിരിച്ച തുണി എടുക്കാൻ വേണ്ടി ടെറസ്സിൽ കയറിയ താണ്. മഴ പെയ്ത് പായൽ പിടിച്ചു കിടക്കുകയായിരുന്നു ടെറസ്സ്. അഴയുടെ അറ്റത്ത് വിരിച്ചിരുന്ന തുണിവലിച്ചെടുക്കവേ കാൽ വഴുക്കി താഴേക്ക് വീണു. നേരെ താഴെ ഉമ്മ ആമിന നിൽപ്പുണ്ടായിരുന്നു. വീഴ്ചയിലും പേടിച്ചത് ഞാൻ ഉമ്മയുടെ പുറത്തേക്ക് വീഴുമോ എന്നായിരുന്നു. ‘ഉമ്മാ മാറിക്കോ..’ എന്ന് വിളിച്ചു പറഞ്ഞുകൊണ്ടായാരുന്നു വീഴ്ച. പറഞ്ഞുതീരും മുൻ പ് ഉമ്മയുടെ കാൽചുവട്ടിൽ ചെന്ന് പതിച്ചു.

ഉപ്പ ഉസ്മാൻ മരിച്ചിട്ട് ഒരു വർഷമേ ആയിരുന്നുള്ളൂ. എന്റെ ചേച്ചി ജാലിഷ സ്വിറ്റ്സർലൻഡിൽ ആണ്. വീട്ടിൽ ഞാനും ഉ മ്മയും മാത്രമേ ഉള്ളൂ. വീണുകിടക്കുമ്പോഴും എനിക്ക് നല്ല ബോധമുണ്ടായിരുന്നു. ശരീരമാസകലം നുറുങ്ങുന്ന വേദന. കയ്യും കാലും ചിലിപ്പിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. എനിക്കെന്തോ കാര്യമായി പറ്റിയിട്ടുണ്ട് എന്ന് ഉറപ്പായിരുന്നു.

ബഹളം കേട്ട് അടുത്തുള്ളവർ ഓടിയെത്തി. ഞാൻ അവരോട് എന്നെ വാരിയെടുക്കല്ലേ എന്നും എടുത്ത് ഇരുത്തരുതേ എന്നും പറയുന്നുണ്ടായിരുന്നു. പലർക്കും നട്ടെല്ലിന് പരുക്കു പറ്റിയവരെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് അറിയില്ല. പക്ഷേ, എനിക്കറിയാമായിരുന്നു നട്ടെല്ലിന് പരിക്കു പറ്റിയവരെ എടുത്തിരുത്തരുത് എന്ന്. പലകയോ സ്ട്രെച്ചറോ കൊണ്ടുവന്ന് സാവധാനം നിരക്കി അതിലേക്ക് കിടത്താനേ പാടുള്ളൂ. ഞാൻ പറഞ്ഞെങ്കിലും അവരെന്നെ കോരിയെടുത്ത് ഇരുത്തി വെള്ളം തരാനാണ് ശ്രമിച്ചത്.

പുറമേ കാര്യമായ മുറിവോ ചതവോ ഒന്നും ഉണ്ടായിരുന്നില്ല. ഒരു തുള്ളി രക്തം പോലും പൊടിഞ്ഞിട്ടുണ്ടായിരുന്നില്ല. അപ്പോൾ അവർ വിചാരിച്ചത് എനിക്ക് കുഴപ്പമൊന്നുമില്ല എന്നാണ്, അനങ്ങാത്തത് വീഴ്ചയുെട ആഘാതത്തിൽ തരിച്ചുപോയതുകൊണ്ടാണ് എന്നു കരുതി. അവർ എന്നെ എടുത്ത് കസേരയിൽ ഇരുത്തി.

വയനാട് കമ്പളക്കാട് ആണ് എന്റെ വീട്. ഇവിടെ വാഹന സൗകര്യവും ആശുപത്രി സൗകര്യവും കുറവാണ്. എത്രയും പെട്ടെന്ന് എന്നെ ആശുപത്രിയിലെത്തിക്കാനായി അടുത്ത വീട്ടിലെ ഒരാളുടെ ചെറിയ കാറിൽ കിടത്തി. എന്റെ വീഴ്ചകണ്ട് ഉമ്മ ബോധം കെട്ടുപോയിരുന്നു. കാറിൽ ഒപ്പം വന്ന ചേച്ചിക്ക് പ്രായക്കൂടുതൽ കൊണ്ട് എന്നെ താങ്ങാനുള്ള ത്രാണിയില്ലായിരുന്നു. അതുകൊണ്ട് കാറിൽ വച്ച് രണ്ടു മൂന്നു പ്രാവശ്യം സീറ്റിനിടയിലേക്ക് ഞാൻ വീണു പോയിരുന്നു. അങ്ങനെ നട്ടെല്ലിനൊപ്പം വാരിയെല്ലുകൾക്കും ഒടിവു പറ്റി.

സ്വകാര്യ ആശുപത്രിയിൽ നിന്നും പറഞ്ഞത് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകാനാണ്. മെഡിക്കൽ കോളജിലെത്തണമെങ്കിൽ ചുരം കടന്നു പോകണം. അപകടം പറ്റുന്നത് രണ്ടു മണിക്കാണെങ്കിൽ മെഡിക്കൽ കോളജിലെത്തുന്നത് ആറ് മണിക്കാണ്. അത് പരിക്ക് കൂടാനും ഗുരുതരമാകാനും ഇടയാക്കി. അപ്പോഴേക്കും എന്റെ വീട്ടുകാരൊക്കെ എത്തി. ബോധം ഒന്ന് പോയിരുന്നെങ്കിൽ എന്നു തോന്നുന്നത്ര കഠിനമായിരുന്നു വേദന.

ഒരു തുള്ളി വെള്ളത്തിനായ്

സ്വകാര്യ ആശുപത്രിയിൽ നിന്ന് എടുത്ത എക്സ്റേ ഞങ്ങളുടെ കയ്യിലുണ്ടായിരുന്നു. അതു കണ്ടതോടെ അവിടെയുള്ളവർ എന്റെ മരണം ഏറെക്കുറേ ഉറപ്പിച്ചു. ശസ്ത്രക്രിയ ചെയ്യാൻ ഡോക്ടർമാരില്ല, ശസ്ത്രക്രിയ ചെയ്താലും കാര്യമായ ഫലം ഉണ്ടാകില്ല. എന്നാണവർ പറഞ്ഞത്.

വേദന സഹിച്ചു. തൊണ്ട വരണ്ടെങ്കിലും ഒരു തുള്ളി വെള്ളം കിട്ടിയില്ല. ശസ്ത്രക്രിയ ചെയ്യേണ്ടി വരുമെന്നും വെള്ളം കൊടുക്കരുതെന്നും എക്സ്റേ എടുത്ത ഹോസ്പിറ്റലിൽ നിന്നും പറഞ്ഞിരുന്നു.

അതികഠിനമായ വേദനയും മറയാത്ത ബോധവും വരണ്ട തൊണ്ടയുമായി മരണം കാത്തു കിടന്ന മണിക്കൂറുകൾ ഇന്നും ഓർമയിൽ കടുത്ത നോവാണ്. മരണത്തിനു മുൻപ് ഒരു തുള്ളി വെള്ളം കിട്ടിയാൽ മാത്രം മതി എന്നു തോന്നിയ നിമിഷങ്ങൾ.

പിറ്റേന്ന് ഉച്ചയ്ക്കേ ഡോക്ടർമാർ ഉണ്ടാകൂ എന്ന് മെഡി ക്കൽ കോളജിൽ നിന്ന് അറിയിച്ചതോടെ എന്നെ മൾട്ടി സ്പെഷ്യൽറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ ശസ് ത്രക്രിയ സൗകര്യമൊക്കെയുണ്ട്. പക്ഷേ, എട്ടു ലക്ഷം രൂപ കെട്ടിവച്ചാലേ ശസ്ത്രക്രിയ ചെയ്യൂ.

മറ്റൊരു കാര്യം അവർ ചോദിച്ചത് ശസ്ത്രക്രിയ ചെയ്താലും ഈ കുട്ടി രക്ഷപെടാനുള്ള സാധ്യത ഒരു ശതമാനം മാ ത്രമേയുള്ളൂ, അതുകൊണ്ട് ശസ്ത്രക്രിയ വേണോ എന്നതാണ്. ജീവിക്കാനുള്ള സാധ്യത അര ശതമാനമായാലും ശസ്ത്രക്രിയ ചെയ്യണം എന്നു വീട്ടുകാർ പറഞ്ഞു. പണം എങ്ങനെയൊക്കെയോ പിറ്റേന്നത്തേക്ക് സംഘടിപ്പിച്ചു.

വിശദമായ വായന ഫെബ്രുവരി ആദ്യ ലക്കത്തിൽ