ഹിമാചൽപ്രദേശിലെ ആപ്പിൾ ചട്നി, ഹരിയാനയിലെ പച്‌രംഗ അച്ചാർ എന്നിവ കഴിയ്ക്കാൻ ഇനി അവിടം വരെ പോകേണ്ട!
Mail This Article
തിരുവനന്തപുരം കാട്ടക്കട സ്വദേശിക്ക് ഒരു ദിവസം രാവിലെ ചൂടു ദോശ, ഹിമാചൽപ്രദേശിലെ ഉൾഗ്രാമത്തിൽ മാത്രം ലഭിക്കുന്ന ആപ്പിൾ ചട്നി ചേർത്തു കഴിക്കണമെന്നു തോന്നിയാൽ...? അതു വല്ലാത്തൊരു തോന്നലാണേ എന്നു പറയാൻ വരട്ടെ, സംഗതി നടക്കും.. കൊതിയടക്കി മൂന്നു ദിവസം കാത്തിരുന്നാൽ മാത്രം മതി, പറന്നും ഓടിയും വീട്ടുപടിക്കലെത്തും. ടെക്നോപാർക്കിൽ എസ്.യു. ശിവപ്രസാദ് തുടങ്ങിയ ടേസ്റ്റ് ഓഫ് മൈ സ്റ്റേറ്റ് കമ്പനിയുടെ വെബ്സൈറ്റിൽ കയറി വിഭവം ഓർഡർ ചെയ്യണമെന്നു മാത്രം.
രാജ്യത്തു ചില പ്രത്യേക ഇടങ്ങളിൽ മാത്രമുണ്ടാക്കുന്ന തനതു ഭക്ഷ്യവിഭവങ്ങൾ, മറ്റിടങ്ങളിലെ ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കുന്ന വിതരണ സംരംഭമാണു ശിവപ്രസാദിന്റെ ടേസ്റ്റ് ഓഫ് മൈ സ്റ്റേറ്റ്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലുമായി 1500 ലേറെ ഭക്ഷ്യവിഭവങ്ങളാണ് ഇന്റർനെറ്റ് വഴി വിൽപനയ്ക്കു തയാറായിരിക്കുന്നത്.
പച്‌രംഗ അച്ചാർ മുതൽ കുടക് കാപ്പി വരെ
സംസ്ഥാനങ്ങളിലെ പ്രാദേശിക രുചികളാണു ശിവപ്രസാദിന്റെ ടേസ്റ്റ് ഓഫ് മൈ സ്റ്റേറ്റ് മെനുവിലുള്ളത്. ഹരിയാനയിലെ ഗ്രാമങ്ങളിലുണ്ടാക്കുന്ന പച്‌രംഗ അച്ചാർ ആവശ്യക്കാരുടെ ഹോട്ട് ഐറ്റം. നാരങ്ങ, മധുരനാരങ്ങ, മാങ്ങ, കാരറ്റ് എന്നിവയ്ക്കു പുറമെ താമരപ്പൂവിന്റെ തണ്ടും ചേർത്തു തയാറാക്കുന്ന പ്രത്യേക കൂട്ടുള്ള അച്ചാർ ഓർഡർ ചെയ്താൽ ലഭിക്കും. രാജസ്ഥാനിലെ ആൻവാറിലെ പാൽ കേക്ക്, തിരുനെൽവേലി ഇരുട്ടുകട ഹൽവ, ഡാർജലിങ്ങിലെ ഗ്രീൻ ടീ, കുടക് കാപ്പിപ്പൊടി, ഉൗട്ടി ചോക്ലേറ്റുകൾ, മറാഠാ അച്ചാറുകൾ, മുംബൈയിൽ ലഭിക്കുന്ന ഡ്രൈഫ്രൂട്സുകൾ, കാശ്മീരിലെ മസാലക്കൂട്ടുകൾ കൊണ്ടു നിർമിച്ചു സൂക്ഷിക്കുന്ന പഴങ്ങൾ തുടങ്ങിയവയെല്ലാം പട്ടികയിലുണ്ട്.
പ്രശസ്തമായ ആഗ്രാപേഡയുടെ 64 വ്യത്യസ്ത ഇനങ്ങളുടെ രുചി അറിയാൻ ടേസ്റ്റ് ഓഫ് മൈ സ്റ്റേറ്റ് വഴി കഴിയും. കർണാടകയിലെ കുറിഞ്ഞിച്ചെടികളുടെ ഇടയിൽ തേൻകൂടുകളിൽ നിന്നു ശേഖരിക്കുന്ന കുറിഞ്ഞി ഹണി പായ്ക്കുകളും പട്ടികയിലെ ഹിറ്റ് ഇനങ്ങളാണ്. 20 ദിവസം മുതൽ ഒരു വർഷം വരെ സൂക്ഷിച്ചുവച്ച് ഉപയോഗിക്കാൻ കഴിയുന്ന ഭക്ഷ്യ ഇനങ്ങൾ മാത്രമാണു പട്ടികയിലുൾപ്പെടുത്തിയിട്ടുള്ളതെന്നു കമ്പനി അധികൃതർ പറയുന്നു.
വിതരണം അതിവേഗത്തിൽ
സ്വകാര്യ കൂറിയർ കമ്പനിയുമായി ചേർന്നാണ് ആവശ്യക്കാർക്കു സാധനങ്ങൾ എത്തിക്കുക. വിവിധ സംസ്ഥാനങ്ങളിൽ കമ്പനിയുമായി ചേർന്നു പ്രവർത്തിക്കുന്ന സ്റ്റാഫുകളും ഉണ്ട്. അവർ നേരിട്ടെത്തി ഗുണമേന്മ ഉറപ്പാക്കിയ ശേഷമാണു പായ്ക്കിങ് നടത്തുക. tasteofmystate.in വൈബ്സൈറ്റിൽ വിഭവങ്ങൾ ബുക്ക് ചെയ്താലുടൻ അതാതിടങ്ങളിലെ കൂറിയർ കമ്പനി ശാഖകളിലേക്കു സന്ദേശം പോകും.തുടർന്ന് ഉൽപന്നം വാങ്ങി പായ്ക്കു ചെയ്തു വിമാനമാർഗം നിർദിഷ്ട കേന്ദ്രത്തിൽ എത്തിക്കുന്നതാണു രീതി.
‘രുചി’യിലെ സയൻസ്
തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശിയ ശിവപ്രസാദ് പഠിച്ചതു സയൻസാണെങ്കിലും എത്തിച്ചേർന്നത് ഓൺലൈൻ മാർക്കറ്റിങ് മേഖലയിലാണ്. ആറു മാസത്തോളം രാജ്യത്തെ വിവിധ ഇടങ്ങളിൽ യാത്ര നടത്തിയ ശേഷമാണു കമ്പനിയുടെ ആശയം രൂപപ്പെട്ടതെന്നു ശിവപ്രസാദ് പറയുന്നു. പ്രാദേശിക ഭക്ഷ്യ നിർമാണ യൂണിറ്റുകളുമായി കരാറുണ്ടാക്കിയ ശേഷമാണു വെബ്സൈറ്റ് തുടങ്ങിയത്.
ഷിപ്പിങ് ചാർജായി ഒന്നും ഇൗടാക്കുന്നില്ലെന്നതാണു പ്രത്യേകത. വിഭവങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്തിയാണു വിൽപന. ആറുമാസം കൊണ്ട് എഴുനൂറിലേറെ ഓർഡറുകൾ ലഭിച്ചു കഴിഞ്ഞു. ആവശ്യക്കാരുടെ എണ്ണം കൂടുന്നതിനനുസരിച്ചു വിദേശത്തെ തനത് ഉൽപന്നങ്ങളും ലഭ്യമാക്കുമെന്നു ശിവപ്രസാദ് പറയുന്നു.
കൂടുതൽ വായനയ്ക്ക്