'ഗോഡ് ബ്ലസ് യൂ... ആന്‍ഡ് ഹാപ്പി മാരീഡ് ലൈഫ്...'
പതിവു പോലെ ആശംസിച്ചു കൊണ്ടായിരുന്നു തുടക്കം. കോവിഡ് കാലത്ത് നടന്നൊരു വിര്‍ച്വല്‍ കല്യാണത്തിന് മേലും കീഴും നോക്കാതെ ആശംസകള്‍ വാരിവിതറി. ദിനമൊട്ടു കഴിഞ്ഞപ്പോള്‍ പ്രബുദ്ധ മലയാളി തനി സ്വഭാവം കാട്ടിത്തുടങ്ങി.
'ഈ പെണ്ണിന് ഇതെന്തൊരു തടിയാണ്, അസുഖം വല്ലതുമുണ്ടോ, തടിയുള്ള പെണ്ണിനെ സ്വീകരിച്ച ചേട്ടന്റേത് വല്യ മനസാണ് എന്നിങ്ങനെ' കമന്റുകള്‍ വിഡിയോക്ക് കീഴെ ഒട്ടിച്ചുവച്ചു. പരിഹാസം ഒളിപ്പിച്ച ഉപദേശ കമന്റുകളുടെ രൂപം മാറുന്നത് പിന്നെ കണ്ടത്. ചെക്കന്റെ മെലിഞ്ഞ രൂപത്തേയും പെണ്ണിന്റെ വണ്ണത്തേയും ചേര്‍ത്തുവച്ച് ബോഡിഷെയ്മിങ്ങില്‍ മുക്കിയ കമന്റുകളുമായി സോഷ്യല്‍ മീഡിയയിലെ വെട്ടുകിളിക്കൂട്ടങ്ങള്‍ പൂണ്ടുവിളയാടി. പക്ഷേ ഇതെല്ലാം കണ്ടിട്ടും അവര്‍ കുലുങ്ങാതെ കട്ടയ്ക്കു നിന്നു. എന്റെ പെണ്ണിന് തടിയുണ്ടെങ്കില്‍ നിങ്ങള്‍ക്കെന്ത് ഛേദം എന്ന മട്ടില്‍ ചെക്കനും എനിക്കു വേറെ പണിയുണ്ട് ചേട്ടന്‍മാരെ എന്ന മട്ടില്‍ കല്യാണപ്പെണ്ണും.
മലയാളിയുടെ പൊയ്മുഖം അഴിഞ്ഞുവീണ ഈ കഥ സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും നിറഞ്ഞോടുകയാണ്. 'തടിയുള്ള പെണ്ണിനെ കെട്ടിയ ചെക്കന്റെ അവസ്ഥ കണ്ടോ' എന്ന മട്ടില്‍ തലക്കെട്ടുകള്‍ സന്ദേശങ്ങള്‍ പ്രവഹിക്കുകയാണ്. അവരോടൊക്കെ വനിത ഓണ്‍ലൈനിലൂടെ മറുപടി പറയുകയാണ് ശരീരം നോക്കാതെ മനസു കൊണ്ടടുത്ത ഈ ഭാഗ്യ ജോഡികള്‍. കോട്ടയം അതിരമ്പുഴ സ്വദേശികളായ ആഗ്നസ് ബോബി എന്ന സിമ്മിക്കും റോബിനും മുന്‍വിധിയെഴുതിയവര്‍ക്കും പരിഹസിച്ചവരോടുമായി ചിലതു പറയാനുണ്ട്. തടിയുള്ള ചെക്കനെ പ്രേമിച്ച പെണ്ണിനെ കെട്ടിയിട്ട് എന്തു സംഭവിച്ചുവെന്ന ഓണ്‍ലൈന്‍ തലക്കെട്ടിന് കലക്കന്‍ മറുപടി കല്യാണപ്പെണ്ണ് സിമ്മി തന്നെ നല്‍കുന്നു... വനിത ഓണ്‍ലൈനിലൂടെ.
മനസു കണ്ട ചെക്കന്‍...
കൊറോണ കാലത്ത് കല്യാണം ഒന്ന് വിര്‍ച്വല്‍ ആക്കിയതാണേ... അതങ്ങനെ വൈറലായി എന്നു മാത്രമല്ല. ടിപ്പിക്കല്‍ മലയാളിയുടെ തനിസ്വഭാവം കാട്ടിത്തരുകയും ചെയ്തു. തടിയുള്ള പെണ്ണിനെ കെട്ടിയതിന്റെ പേരില്‍ എന്റെ കെട്ട്യോനോട് സഹതപിക്കുന്നവരേ. മാനസിക വൈകല്യത്തിന്റെ പേരില്‍ സഹപാതം അര്‍ഹിക്കുന്നത് നിങ്ങളാണ്. എന്റെ മനസു കണ്ട ചെക്കനാണ് എനിക്കൊപ്പമുള്ളത്. അതുകൊണ്ട് നോ വറീസ്... ലൈഫ് ഈസ് ബ്യൂട്ടിഫുള്‍- ബോഡിഷെയ്മിങ്ങുകാര്‍ക്ക് മറുപടി പറഞ്ഞാണ് സിമ്മി തുടങ്ങിയത്.
തടിയുള്ളവരെ കണ്ടാല്‍ പലരും ആദ്യം ചിന്തിക്കുന്നത് അവരൊക്കെ നല്ല തീറ്റയാണെന്നാ... ആ ചിന്തയാണ് ആദ്യം കടലില്‍ എറിയേണ്ടത്. എന്റെ തടി എന്തായാലും കണക്കില്ലാതെ തിന്നതിന്റെ പേരിലല്ല. പാരമ്പര്യ ഗുണമാണ്. പഠനകാലത്തും മോശമല്ലാത്ത തടിയുണ്ടായിരുന്നു. അതിന്റെ പേരില്‍ കുറേ കളിയാക്കലുകളും കേട്ടിട്ടുണ്ട്. ഇനി ശരിക്കുമുള്ള കഥയിലേക്ക് വരാം...
ഡിഗ്രി പൂര്‍ത്തിയാക്കുക, ജോലി നേടുക, പിന്നെ വീട്ടുകാരുടെ സമ്മത പ്രകാരം വിവാഹം കഴിക്കുക അതിനപ്പുറം ആഗ്രഹമൊന്നും എനിക്കില്ലായിരുന്നു. പ്രണയവും പൈങ്കിളിയുമൊന്നും ജീവിതത്തില്‍ എത്തിനോക്കിയിട്ടേയില്ല. അതിന് സമയമില്ലായിരുന്നു എന്നുവേണം കരുതാന്‍. രണ്ട് വര്‍ഷം മുമ്പ് ടിക് ടോകും ടിക് ടോക് ഗ്രൂപ്പുകളുമൊക്കെയായി സജീവമായിരുന്നു ഞാന്‍. അതിലേതോ ഒരു ഗ്രൂപ്പില്‍ ഉള്ളതായിരുന്നു എന്റെ കഥാനായകന്‍ റോബിന്‍. കക്ഷി എനിക്കൊരു ദിവസം ഫ്രണ്ട്‌സ് റിക്വസ്റ്റ് അയച്ചു. സത്യം പറഞ്ഞാല്‍ എനിക്കു പരിചയമുള്ള ഒരു ചേട്ടനുണ്ട്. റോബിന്റെ അതേ മുഖച്ഛായയാണ് കക്ഷിക്ക്. പരിചയമുള്ള ആളെന്നു കരുതിയാണ് ആക്‌സപ്റ്റ് ചെയ്തത്. പുള്ളിയാണെന്നു കരുതി ചാറ്റ് ചെയ്യുകയും സംസാരിക്കുകയും ചെയ്തു. ഒടുവിലാണ് അബദ്ധം പറ്റിയെന്നറിഞ്ഞത്. അതൊരു സൗഹൃദത്തിന്റെ തുടക്കമായിരുന്നു. ഏറെ നാളത്തെ ആ സൗഹൃദത്തിനൊടുവില്‍ റോബിന്‍ തന്നെ പ്രണയത്തിന്റെ വാതില്‍ തുറന്നു. ഇടയ്ക്ക് റോബിന്റെ അമ്മച്ചിയോട് സംസാരിച്ചപ്പോള്‍ എനിക്കും ഒരിഷ്ടമൊക്കെ തോന്നിയതാണ്. അപ്പോഴും വീട്ടുകാരുടെ താത്പര്യത്തിനും ഇഷ്ടത്തിനുമാണ് ഞാന്‍ മുന്‍ഗണന നല്‍കിയത്. പക്ഷേ എന്റെ മനസറിഞ്ഞ റോബിന്‍ അവിടെ എന്നെ ഞെട്ടിച്ചു. വീട്ടുകാരെയും കൂട്ടി എന്റെ അപ്പച്ചനോട് സംസാരിച്ചു. അവര്‍ക്ക് റോബിനെ വല്ലാതെ ഇഷ്ടായി... കുടുംബത്തെ അതിലേറെ ഇഷ്ടമായി.

കുടുംബത്തിലേക്ക് വന്നു കയറുന്ന ചെക്കന്‍ ഞങ്ങളേക്കാളേറെ ഞങ്ങളുടെ കുടുംബത്തെ സ്‌നേഹിക്കണമെന്ന് ഞാനും ചേച്ചി എലിസബത്ത് ആനും വല്ലാതെ കൊതിച്ചിട്ടുണ്ട്. അങ്ങനെയൊരാളാകും റോബിനെന്ന് മനസു പറഞ്ഞു. ഇടയ്ക്ക് എന്റെ അപ്പച്ചന്‍ ആശുപത്രിയിലായപ്പോള്‍ സ്വന്തം മകനെ പോലെ റോബിന്‍ കൂടെ നിന്ന് പരിചരിച്ചു. അതെല്ലാം റോബിനോടുള്ള എന്റെ ഇഷ്ടം കൂട്ടിയതേയുള്ളൂ. അതിനും എത്രയോ മുന്നേ ഞാന്‍ റോബിന് എന്റെ മനസു നല്‍കി. ആ മനപ്പൊരുത്തമാണ്, ഏപ്രില്‍ 26ന് നടന്ന മിന്നുകെട്ടില്‍ കലാശിച്ചത്. ശരിക്കും പറഞ്ഞാല്‍ ഇതൊരു ഓണ്‍ലൈന്‍-ലൗ-അറേഞ്ച്ഡ് മാര്യേജിന്റെ സങ്കരമാണ്- ചിരിയോടെ സിമ്മിയുടെ വാക്കുകള്‍.
വൈറലായി വിർച്വല്‍ കല്യാണം
കോവിഡ് പശ്ചാത്തലത്തില്‍ കല്യാണം 50 പേരില്‍ താഴെയാക്കി ചുരുക്കേണ്ടി വന്നപ്പോഴാണ് കല്യാണം ഓണ്‍ലൈനാക്കാന്‍ തീരുമാനിച്ചത്. യുഎസിലും യുകെയിലുമൊക്കെയുള്ള ബന്ധുക്കള്‍ക്ക് ചടങ്ങുകള്‍ തത്സമയം കാാണാനായിരുന്നു അങ്ങനെയൊരു സൗകര്യം. നാട്ടിലുള്ള ഷാജി ചേട്ടന്റെ മരിയ സ്റ്റുഡിയോയാണ് ലൈവിനുള്ള ഒരുക്കങ്ങള്‍ ചെയ്തത്. എല്ലാം ഭംഗിയായി അറേഞ്ച് ചെയ്തു. പക്ഷേ കുടുംബക്കാരെ ഉദ്ദേശിച്ച് ഒരുക്കിയ വിഡിയോ കയ്യീന്നു പോയി. സംഭവം വൈറലോട് വൈറലായി. രണ്ടാഴ്ച ആഴ്ച കൊണ്ട് കല്യാണ വിഡിയോ 7 ലക്ഷത്തിലേറെ പേര്‍ കണ്ടു. വിഡിയോക്ക് കിട്ടുന്ന സ്വീകാര്യത കണ്ട് ബന്ധു മെല്‍വിയാണ് യൂ ട്യൂബ് ചാനല്‍ തുടങ്ങാന്‍ ഉപദേശിച്ചത്. എന്റെ സുഹൃത്തും യൂ ട്യൂബറുമായ റീത്തു വേണ്ട ഉപദേശം നല്‍കി.. വിഡിയോക്ക് കിട്ടുന്ന കമന്റ്‌സുകള്‍ ഉള്‍പ്പെടുത്തി ഫണ്ണി റിയാക്ഷന്‍ വിഡിയോസ് ചെയ്യാനും പുള്ളിക്കാരി ഉപദേശിച്ചു. അങ്ങനെയാണ് റോബി ആന്‍ഡ് സിമ്മി എന്ന പേരില്‍ ചാനല്‍ ഉദയം ചെയ്യുന്നത്. പ്രതീക്ഷിച്ചതു പോലെ നല്ല സ്വീകരണമാണ് ലഭിച്ചത്. ഞങ്ങളുടെ വെഡ്ഡിംഗ് ഹൈലൈറ്റ്‌സ തന്നെ ഒറ്റ ആഴ്ച കൊണ്ട് 11 ലക്ഷത്തിലേറെ പേര്‍ കണ്ടു.
ആശംസകളും നല്ല വാക്കുകളും ഒത്തിരികിട്ടി. അതിനിടയിലേക്കാണ് സഹതാപവും പരിഹാസവും ഉപദേശവും ബോഡി ഷെയ്മിങ്ങുമെല്ലാം മിക്‌സ് ചെയ്തു കൊണ്ടുള്ള കമന്റുകള്‍ എത്തുന്നത്. പണക്കാരി പെണ്ണിനെ സ്‌നേഹിച്ച ചേട്ടനെന്നാണ് പലരും റോബിനെ വിശേഷിപ്പിച്ചത്. എനിക്ക് വല്ല അസുഖവുമുണ്ടോ എന്ന് ചോദിച്ച മഹാന്‍മാരും കമന്റുകളുടെ കൂട്ടത്തിലുണ്ട്. ഇതിനിടെ എന്നെപ്പോലെ തടിയുള്ള പെണ്ണിനെ സ്വീകരിച്ച റോബിനെ വിശാല ഹൃദയമുള്ള ചേട്ടാ എന്ന് വിശേഷിപ്പിച്ചവരും ഉണ്ട്. അതൊക്കെ ഞങ്ങള്‍ക്ക് തമാശയാണ്...റോബിനെ ഞാന്‍ വിശാല ഹൃദയമുള്ള ചേട്ടാ എന്ന് കളിയാക്കി വിളിക്കാറുണ്ട്. പിന്നെ അത്തരം കമന്റുകളൊന്നും റുപടി അര്‍ഹിക്കുന്നില്ല. എനിക്ക് ചെയ്തു തീര്‍ക്കാന്‍ ഒരുപാട് ജോലി വേറെയുണ്ട്. ഒന്നുമാത്രം പറയാം, എന്നെ ഞാനായി കാണുന്ന എന്റെ മനസറിയുന്ന ഒരു ഭര്‍ത്താവാണ് എനിക്കൊപ്പമുള്ളത്. അല്ലാതെ ഈ കല്യാണത്തെ മഹാകാര്യമെന്നും മഹാകാര്യമെന്നും വിശേഷിപ്പിക്കേണ്ടതില്ല. പിന്നെ ബോഡി ഷെയ്മിങ്ങുകാരെ ഒരു കാര്യം മാത്രം ഓര്‍മ്മിപ്പിക്കുന്നു. ഭക്ഷണം കഴിക്കുന്നത് കൊണ്ടാണ് തടി വയ്ക്കുന്നതെന്ന ചിന്തയുണ്ടെങ്കില്‍ അതങ്ങ് കളഞ്ഞേക്കൂ...

ഞാനിപ്പോ യുഎസിലും റോബിന്‍ നാട്ടിലുമാണുള്ളത്. യുഎസില്‍ ബെര്‍ഗന്‍ ന്യൂ ബ്രിഡ്ജ് മെഡിക്കല്‍ സെന്ററില്‍ ടെലി കമ്മ്യൂണിക്കേഷന്‍ ഓപ്പറേറ്ററാണ് ഞാന്‍. വിവാഹം കഴിഞ്ഞ് പത്താം ദിവസം റോബിനെ പിരിഞ്ഞ് ഇങ്ങോട്ട് വരേണ്ടി വന്നു. റോബിന്‍ നാട്ടില്‍ മക്കാനിക്കല്‍ എഞ്ചിനീയറിംഗ് കഴിഞ്ഞ അള്‍ട്രാ സൗണ്ട് സ്‌കാനിങ്ങിന്റെ ഒരു കോഴ്‌സ ചെയ്യുന്നു. റോബിനെ യുഎസിലേക്ക് എത്തിക്കാനുള്ള പേപ്പര്‍ വര്‍ക്കുകള്‍ നടക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഒരു കൊല്ലമെങ്കിലും എടുക്കും. അതു വരെയുള്ള കാത്തിരിപ്പാണ് ഇപ്പോഴുള്ള ജീവിതം- സിമ്മി പറഞ്ഞു നിര്‍ത്തി.