മാത്സും മാക്കറൂൺസും തമ്മിൽ എന്താ ബന്ധം? ചോദ്യം കുഞ്ഞു സിനാനോടാണെങ്കിൽ ഉത്തരം മണിമണിയായി വരും. "രണ്ടും എനിക്കേറെ ഇഷ്ടമാണ്. ചെയ്യുമ്പോൾ ചെറിയൊരു പിഴവു മതി ഇവ ഫ്ലോപ്പാകാൻ."
അഞ്ചാം ക്ലാസുകാരനാണെങ്കിലും ബേക്കിങ്ങിൽ ഉസ്താദാണ് മുഹമ്മദ് സിനാൻ ഇഖ്ബാൽ. ലോക്ക്ഡൗൺ കാലത്ത് പലരും പാചക പരീക്ഷണചിത്രങ്ങളും വിഡിയോകളും കൊണ്ട് സോഷ്യൽ മീഡിയ കൈയടക്കിയപ്പോൾ സിനാൻ വേറിട്ട വഴിയാണ് തിരഞ്ഞെടുത്തത്. രാത്രിസമയത്ത് ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകർക്കു സ്വന്തമായി ബേക്ക് ചെയ്ത കേക്കും കുക്കീസുമെല്ലാം സമ്മാനിച്ചാണ് ഈ മിടുമിടുക്കൻ ശ്രദ്ധേയനായത്. തൃശൂർ പൂങ്കുന്നം ഹരിശ്രീ വിദ്യാനിധി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയായ സിനാൻ തൃശൂർ ദയ ഹോസ്പിറ്റലിലെ കാർഡിയോളജിസ്റ്റ് ഡോ. പി. ടി. ഇഖ്ബാലിന്റെയും തൃശൂർ ഗവൺമെന്റ് എൻജിനീയറിങ് കോളജ് പ്രഫസർ ഡോ. പി. ടി. നൗഷജയുടെയും മകനാണ് .

ഉമ്മയിൽ നിന്നാണ് സിനാൻ ബേക്കിങ്ങിന്റെ ബാലപാഠങ്ങൾ പഠിച്ചത്. ഉമ്മ കേക്കുണ്ടാക്കുമ്പോൾ നാലാമത്തെ വയസ്സു മുതൽ കുഞ്ഞുസിനാനും ഒപ്പമുണ്ടായിരുന്നു. മിക്സിങ്ങും ഫോൾഡിങ്ങും എല്ലാം താൽപര്യത്തോടെ ശ്രദ്ധിച്ച് അഞ്ചു വയസ്സായപ്പോഴേക്കും സ്വന്തമായി ബേക്ക് ചെയ്യാൻ സിനാൻ പഠിച്ചു. ആദ്യമെല്ലാം ഫ്ളോപ്പായെങ്കിലും സിനാൻ മൈൻഡ് ചെയ്തതേയില്ല. ഒടുവിൽ ബേക്കിങ് സിനാന്റെ മുന്നിൽ മുട്ടുകുത്തി. പഞ്ഞി പോലെ മൃദുവായ കേക്കും നാവിൽ വച്ചാൽ അലിഞ്ഞു പോകുന്ന കുക്കീസുമെല്ലാം ഈ കൊച്ചു ഷെഫ് തയാറാക്കി. നൈറ്റ് ഡ്യൂട്ടി ചെയ്യുന്ന സഹപ്രവർത്തകർക്ക് വേണ്ടി ഡോ. പി. ടി. ഇഖ്ബാൽ ലഘുഭക്ഷണം കൊണ്ടു പോകാറുണ്ട്. ലോക്ഡൗൺ സമയത്ത് ആരോഗ്യപ്രവർത്തകർക്കു വേണ്ടി താൻ കേക്കും കുക്കീസും തയാറാക്കാമെന്ന് സിനാൻ മാതാപിതാക്കളോട് പറഞ്ഞു. പാചകത്തോടുള്ള മോന്റെ ഇഷ്ടം നിരുത്സാഹപ്പെടുത്താത്ത മാതാപിതാക്കൾ സമ്മതം നൽകി. അങ്ങനെ മൂന്നോ നാലോ ദിവസം കൂടുമ്പോൾ സിനാന്റെ ബേക്കിങ് മാജിക്കിൽ വിഭവങ്ങൾ ഒരുങ്ങി. വാപ്പയുടെ സഹപ്രവർത്തകർക്കും സഹോദരി സൈറയുടെ ഭർത്താവ് ഡോ. സുൽത്താന്റെ സഹപ്രവർത്തകർക്കും അവ സമ്മാനിച്ചു.

വിക്ടോറിയ സ്പഞ്ച് കേക്ക്, ബനാന ബ്രെഡ്, ഫ്രഞ്ച് മാക്കറൂൺസ്, മെറാങ്, കുക്കീസ്, വോഫിൾസ് ഇവ ഉണ്ടാക്കാനാണ് ഏറെയിഷ്ടം. എങ്കിലും അറേബ്യൻ രുചികളിലും ഒരു കൈ നോക്കാൻ സിനാൻ തയാർ. കുക്കിങ്ങിനെക്കാൾ ഒരു പൊടി ഇഷ്ടക്കൂടുതൽ പഠനത്തോടാണെന്നു സിനാൻ പറയുന്നു. അതു കൊണ്ട് ബേക്കിങ്ങിന് തൽകാലം അവധി നൽകി ഓൺലൈൻ പഠനത്തിന്റെ തിരക്കുകളിലാണ് ഈ മിടുക്കൻ.