ഇത്രയും ക്യൂട്ടായൊരു വിവാഹ വിഡിയോ മലയാളക്കര അടുത്തൊന്നും കണ്ടിട്ടില്ല. ഒറ്റഷോട്ടില്‍ മനോഹരമായി പകര്‍ത്തി വിവാഹ വിഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായി നില്‍ക്കുന്നത്. വെണ്ണക്കല്ലില്‍ നിന്നെക്കൊത്തി എന്ന പാട്ടിന്റെ മേമ്പൊടിയില്‍ ഒരുങ്ങിയ ഈ വിവാഹ നിമിഷങ്ങള്‍ അത്രമേല്‍ ഹൃദ്യം. ചടുലമായ നൃത്തവും കൃത്യതയുമാണ് ഈ വിഡിയോയെ ശ്രദ്ധേയമാക്കുന്നത്. മേക്കിങ് വിഡിയോക്ക് പിന്നാലെ ആ വിവാഹ വിഡിയോയും സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്. കൊടകര സ്വദേശിയായ അനിഴയുടെയും ഉണ്ണികൃഷ്ണന്റേയും വിവാഹത്തിനാണ് ഈ മനോഹരമായ ദൃശ്യങ്ങള്‍ ഒരുങ്ങിയത്. സിത്താര സ്റ്റുഡിയോ പകര്‍ത്തിയ ആ സുന്ദര വിവാഹ മുഹൂര്‍ത്തങ്ങള്‍ കടല്‍ കടന്ന് പ്രശസ്തി നേടുമ്പോള്‍ സിത്താര സ്റ്റുഡിയോ ഉടമ അനൂപ് വനിത ഓണ്‍ലൈനോട് സംസാരിക്കുന്നു.
'രണ്ട് കൂട്ടര്‍ക്കാണ് അതിന്റെ ക്രെഡിറ്റ് പോകുന്നത്. ഒന്ന് ഇത്രയും മനോഹരമായ രീതിയില്‍ കൊറിയോഗ്രാഫി ചെയ്ത സുന്ദറിനും അഭിജിത്ത് മോഹനും. രണ്ടാമതായി ഞങ്ങളുടെ ക്യാമറാമാന്‍ ഹിമല്‍ മോഹന്‍.'- അനൂപ് പറയുന്നു.
വിവാഹത്തിന് രണ്ട് ദിവസം മുമ്പാണ് വധുവിന്റെ വീട്ടുകാര്‍ ഹല്‍ദി ചടങ്ങ് നിശ്ചയിച്ചിരുന്നത്. ചടങ്ങിന് മിഴിവേകാന്‍ ഡാന്‍സും അവര്‍ ഒരുക്കിയിരുന്നു. അനിഴയുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും എല്ലാം ചേര്‍ന്ന് കലക്കനൊരു ഡാന്‍സ്. അറിയാന്‍ കഴിഞ്ഞത് ഹല്‍ദി ഡാന്‍സിനായി അവര്‍ ഒരു മാസത്തിനടുത്ത് പരിശീലനം നടത്തി എന്നാണ്. ഞങ്ങള്‍ അവിടെ ചെല്ലുമ്പോഴും ഡാന്‍സ് തകര്‍ക്കുന്നു. കോറിയോഗ്രഫി മികവും അവരുടെ ആവേശവും കണ്ടപ്പോള്‍ എന്തു കൊണ്ട് ഇത് സിംഗിള്‍ ഷോട്ടില്‍പകര്‍ത്തി കൂടാ എന്ന് ചിന്തിച്ചത്. ആദ്യം ഒരു ട്രയല്‍ നോക്കി. സംഗതി കളറാണെന്ന് കണ്ടപ്പോള്‍ ആ മനോഹരമായ വിഡിയോ ലൈവായി പകര്‍ത്തി.- അനൂപ് പറയുന്നു.

മുതിര്‍ന്നവര്‍ മുതല്‍ കുട്ടികള്‍ വരെയുള്ളവര്‍ ആവേശത്തടെയാണ് ഞങ്ങളുടെ ക്യാമറയ്ക്കു മുന്നിലെത്തിയത്. കല്യാണപ്പെണ്ണും ചമ്മലില്ലാതെ മനോഹരമായി നൃത്തം ചവിട്ടി. അങ്ങനെയാണ് ആ മനോഹര ദൃശ്യങ്ങള്‍ നിങ്ങള്‍ക്കു മുന്നിലേക്ക് എത്തിയത്.
കൊറിയോഗ്രഫി ടീമിനാണ് വീണ്ടും നന്ദി പറയാനുള്ളത്. ഇങ്ങനെയൊരു അമ്പിയന്‍സൊരുക്കിയ വീട്ടുകാര്‍ക്കും നന്ദി. ഇക്കഴിഞ്ഞ ഡിസംബര്‍ 12നായിരുന്നു അനിഴയുടേയും ഉണ്ണികൃഷ്ണന്റേയും വിവാഹം.