ഇഷ്ടമല്ലാത്ത ചോദ്യങ്ങളെ കനൽ പോലെ ഭയക്കുന്നവരുണ്ട്. അവർക്കു വേണ്ടി പട നയിക്കുന്നവരും പടയ്ക്കു പന്തം പിടിക്കുന്നവരും ഉണ്ട്. ചോദ്യം ചോദിക്കുന്നത് ‘സ്ത്രീ’ ആയതുകൊണ്ട് എടുത്തെറിയാനുള്ള പലതരം കല്ലുകളുണ്ടാകുമല്ലോ. മതം മുതൽ വ്യക്തിജീവിതം വരെ മൂർച്ച നോക്കി എറിഞ്ഞു നോക്കി. സൈബറിടത്തിന്റെ ഇരുട്ടിലിരുന്ന് ഓരിയിട്ടു നോക്കി. പക്ഷേ... ‘പാഠം പഠിപ്പിക്കാന്‍’ ഇത്രയൊക്കെ ചെയ്തിട്ടും ചോദ്യചിഹ്നം പോലെ വളഞ്ഞു നിൽക്കാൻ ഈ അവതാരകര്‍ ഇപ്പോഴും പഠിച്ചിട്ടില്ല! ചോദ്യങ്ങൾക്ക് ‘എക്സ്ട്രാ ബോൺ’ ഉണ്ടാകുന്നത് കുറ്റമാണോ?
മുഖമില്ലാത്തവരെ അവഗണിക്കൂ: സ്മൃതി പരുത്തിക്കാട്, സീനിയർ ന്യൂസ് എഡിറ്റർ, മാതൃഭൂമി ന്യൂസ്
‘ഞങ്ങൾക്ക് ഇഷ്ടമില്ലാത്തതു ചെയ്താൽ നിങ്ങളെ ശരിയാക്കിക്കളയും’ എന്നു കരുതുന്ന ഒരുപാടുപേർ സോഷ്യൽ മീഡിയയിൽ ഉണ്ട്. അവർക്ക് മുഖമുണ്ടാകില്ല, പേരുണ്ടാകില്ല. പൊതുസ്ഥലങ്ങളിലെ ടോയ്‌ലറ്റുകളിൽ അശ്ലീലം എഴുതി വച്ച് സന്തോഷിക്കുന്നവരുടെ മാനസികനിലയാണ് അവർക്ക്. ടെക്നോളജി വളർന്നപ്പോൾ എഴുതുന്നത് സമൂഹമാധ്യമങ്ങളുടെ ചുമരിലാണെന്നു മാത്രം.
സമൂഹ മാധ്യമങ്ങൾ വഴി നിരവധി ആക്രമണങ്ങൾക്ക് വിധേയയായിട്ടുണ്ട്. പലപ്പോഴും നേതാക്കന്മാരല്ല, അവരുടെ അണികളാണ് ഇതൊക്കെ ചെയ്യുന്നത്. രാഷ്ട്രീയക്കാരെ വിമർശിക്കുന്നതിനല്ല, സ്വന്തം നേതാക്കളെ ചോദ്യം ചെയ്യുന്നതിലാണ് പലർക്കും പ്രശ്നം. പാർട്ടിയിലെ അനുയായികൾ ചീത്തവിളിക്കുമ്പോൾ അതേ പാർട്ടിയിലെ വനിതാ നേതാക്കൾ എന്നെ വിളിച്ചിട്ടുണ്ട്, വിഷമിക്കരുതെന്നും അവരെ നിയന്ത്രിക്കാൻ പറ്റില്ലെന്നും പറഞ്ഞ് ആശ്വസിപ്പിച്ചിട്ടുണ്ട്.
സ്വപ്നയ്ക്കു പിറകേ പോകേണ്ട എന്നു ഒരു ചാനൽ തീരുമാനിച്ചാൽ ആ ദിവസം ആരെങ്കിലും ആ ചാനൽ കാണുമെന്നു കരുതുമോ? വണ്ടി എവിടെ എത്തി എന്ന് ആദ്യം മുതൽ അവസാനം വരെ കാണുകയും പിന്നീട് അതിനെതിരെ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിടുകയും ചെയ്യുന്നവരാണ് പലരും.
വാർത്ത ആദ്യം കൊടുക്കണം എന്ന കാര്യത്തിൽ മത്സരമുണ്ട്, ആദ്യം എവിടെ ബ്രേക്ക് ചെയ്യപ്പെടുന്നു അതിലാണ് കണ്ണുടക്കുക. അപ്പോൾ തെറ്റുകൾ സ്വാഭാവികമായും വന്നേക്കാം. അടുത്ത നിമിഷം തന്നെ തിരുത്താറുമുണ്ട്. എന്നാൽ ഇത് പക്വതക്കുറവായി പലരും വിമർശിക്കുന്നു. വിമർശിക്കുന്നവർ പോലും ആദ്യം ആരു കൊടുത്തു എന്നേ നോക്കൂ. ഞാനിപ്പോൾ അഞ്ചാമത്തെ ചാനലിലാണ് ജോലി ചെയ്യുന്നത്. റേറ്റിങിനു വേണ്ടി വാർത്ത വളച്ചൊടിക്കണമെന്ന് ഇതുവരെ ആരും പറഞ്ഞിട്ടില്ല.
അച്ഛന്റെ വഴി
അമ്മ സരസ്വതി മുംബൈയിൽ കോളജ് അധ്യാപികയായിരുന്നു. സാമൂഹിക പ്രസ്ഥാനങ്ങളിലും മഹിളാ സംഘടനകളിലും പ്രവർത്തിച്ച അമ്മയുടെ മൂല്യങ്ങളെല്ലാം ഞങ്ങൾക്കും കിട്ടി. അച്ഛൻ സിദ്ധാർഥൻ പരുത്തിക്കാട് ദേശാഭിമാനി വാരികയുടെ മുൻ എഡിറ്റർ. അച്ഛന്റെ വഴി രണ്ടു മക്കളും പിന്തുടർന്നു. അനുജത്തി ശ്രുതി ഇന്ത്യൻ എക്സ്പ്രസിലായിരുന്നു.
ഭര്‍ത്താവ് ഭൂപേഷ് അഴിമുഖം ഓൺലൈനിന്റെ എക്സിക്യൂട്ടീവ് എഡിറ്റർ. മകൻ അഗ്നിവേശ് പതിനൊന്നാം ക്ലാസ് വിദ്യാർഥി. ‘വീട്ടിൽ കിട്ടാത്ത അച്ഛന്റെയും അമ്മയുടെയും വഴിയിലേക്ക് ഞാനില്ലെന്ന് അവൻ പ്രഖ്യാപിച്ചു കഴിഞ്ഞു.’
ആദ്യമായി വാർത്ത വായിക്കാൻ സ്റ്റുഡിയോയിൽ കയറിയതു മുതലേ കോസ്റ്റ്യൂം കാര്യങ്ങളിൽ ശ്രദ്ധിക്കാറുണ്ട്. വാർത്താവതാരകർ വാർത്തയിലേക്കുള്ള ശ്രദ്ധ നഷ്ടപ്പെടാത്ത രീതിയില്‍ മാന്യമായി ഒരുങ്ങുകയാണ് ചെയ്യുന്നത്. ഗൗരവമുള്ള ചർച്ചകളൊക്കെ കണ്ട് ചിലർ ചർച്ച നന്നായെന്നു പറയും മുന്നേ ആ സാരി നന്നായിരുന്നു മാല നന്നായിരുന്നു എന്നൊക്കെ പറഞ്ഞു മെസേജ് അയയ്ക്കാറുണ്ട്.
സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട ഒരു വ്യക്തിക്കൊപ്പമുള്ള ഫോട്ടോ ആയിരുന്നു അവസാനമായി വ്യക്തിഹത്യ നടത്താൻ ഉപയോഗിച്ചത്. അവാർഡ് ചടങ്ങിനു പോയപ്പോൾ ഇടിച്ചു കയറി സെൽഫി എടുത്തോട്ടേ എന്നു ചോദിച്ചതാണ്. ജാഡയാണെന്നു പറഞ്ഞാലോ എന്നോർത്ത് അനുവദിച്ചു. അതുവച്ച് അപവാദ പ്രചരണമായി. ഇങ്ങനെ വ്യക്തിപരമായി ആക്രമിച്ചാൽ തളർന്നു പോകും എന്നാണ് അവർ കരുതുന്നത്. ഒരൊറ്റ വഴിയേ ചെയ്യാനുള്ളൂ, അവഗണിക്കുക. കൂടുതൽ ഊർജത്തോടെ നമ്മുടെ ജോലി ചെയ്യുക, അതാണ് അവർക്കുള്ള മറുപടി.