വെള്ളപ്പൊക്കത്തോടൊപ്പം വീടുകളിൽ എത്തുന്ന ക്ഷണിക്കപ്പെടാത്ത അതിഥികളാണ് പാമ്പുകൾ. വിഷമുള്ളതും ഇല്ലാത്തതുമായ ഇഴജന്തുക്കൾ വീട്ടുകളിൽ വെള്ളം ഇറങ്ങിയ ശേഷം ഉണ്ടാകാൻ സാധ്യതയുണ്ട്. തിരികെ വീട്ടിലേക്ക് എത്തുമ്പോൾ പാമ്പുകൾ പതുങ്ങിയിരിപ്പുണ്ടോ എന്ന് പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. ഇവയ്ക്കെതിരെ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് വാവ സുരേഷ് മനോരമ ന്യൂസ് ഡോട്ട്കോമിനോട് വിശദീകരിക്കുന്നു.

വീട്ടിൽ കയറും മുന്‍പ് ശ്രദ്ധിക്കാൻ

ഒരു കാരണവശാലും വീട്ടിലെ ഒരു സാധനവും ആദ്യം കൈകൊണ്ട് തൊടരുത്. കമ്പ് കൊണ്ടോ ഇരുമ്പ് വടികൾ കൊണ്ടോ വീടിന്റെ മുക്കും മൂലയും പരിശോധിക്കണം. പാമ്പുകൾ അലമാരയിലും തുണികളുടെ ഇടയിലും കയറിയിരിക്കാൻ സാധ്യതയുണ്ട്. അണലികളാണ് കൂടുതലും വീടിനുള്ളിൽ പതിയിരിക്കുന്നത്. പരിശോധനയ്ക്ക് ശേഷം വെള്ളം ചേർത്ത് മണ്ണെണ്ണ വീടിൽ എല്ലായിടത്തും ഒഴിക്കണം. മച്ചുള്ള വീടുകളാണെങ്കിൽ മേൽക്കൂരയിലും ഒഴിക്കണം.

കടിയേറ്റാൽ...

പാമ്പിന്റെ കടിയേറ്റാൽ പരിഭ്രമിക്കരുത്. മുറിവിന്റെ മുകളിലായി വസ്ത്രം കൊണ്ട് കെട്ടുക. ചരടോ കയറോ കൊണ്ട് കെട്ടരുത്. രക്തയോട്ടെ നിലയ്ക്കുന്ന തരത്തിലാകരുത് കെട്ടുകൾ. രക്തയോട്ടത്തിന്റെ അളവ് കുറയ്ക്കുകയാണ് വേണ്ടത്. കടിയേറ്റവരെ ഒരു കാരണവശാലും നടക്കാനോ കിടക്കാനോ സമ്മതിക്കരുത്. ഹൃദയത്തിന്റെ മുകളിലേക്ക് കടിയേറ്റ ഭാഗം ഉയർത്തരുത്. ബ്ലേഡ്, കത്തി എന്നിവൊണ്ട് മുറിവുണ്ടാക്കി വിഷം കളയാൻ ശ്രമിക്കാതെ ആശുപത്രികളിൽ എത്തിക്കുക.

പാട് കണ്ട് മനസിലാക്കാം പാമ്പിനെ

കടിയേറ്റ പാട് കണ്ട് ഏത് പാമ്പാണെന്ന് മനസിലാക്കാൻ സാധിക്കും. അണലി കടിച്ചാൽ ആ ഭാഗത്ത് നിന്നും വെള്ളംപോലെയായിരിക്കും രക്തം ഒഴുക്ക്. കടിയേറ്റ് അൽപസമയത്തിനുള്ളിൽ ആ ഭാഗം നീരുവെക്കും. മൂർഖനാണ് കടിച്ചതെങ്കിൽ കടിച്ചയിടത്ത് രക്തം കട്ടയാകും. വിഷമില്ലാത്ത പാമ്പുകളാണെങ്കിൽ സാധാരണരീതിയിലുള്ള രക്തപ്രവാഹമായിരിക്കും. വിഷപാമ്പുകൾ കടിച്ചാൽ അസഹ്യമായ വേദനയായിരിക്കും.

more...