‘അവർ എനിക്കും സീറ്റ് തന്നു അമ്മാ... അമ്മ മത്സരിക്കുന്ന അതേ വാർഡിൽ. അമ്മയുടെ എതിർ സ്ഥാനാർത്ഥിയായി. ഈ മത്സരം നമുക്കു വേണോ, അമ്മ പിൻമാറുമോ?’
പുത്രവാത്സല്യം ഒരു വശത്ത്. വിശ്വസിക്കുന്ന പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തവും ആദർശവും മറുവശത്ത്. അതിനു നടുവിലേക്കാണ് ആ ചോദ്യം വന്നു വീണത്. ചോദ്യം ചോദിച്ചത് മകൻ ദിനുരാജ്. ആ ചോദ്യം വന്നു വീണത് അമ്മ സുധർമ്മയുടെ കാതുകളിലേക്ക്...
ഒരു ദീർഘനിശ്വാസം എടുത്ത ശേഷം സുധർമ്മ സ്നേഹം ചോരാതെ ഇങ്ങനെ മറുപടി നൽകി.
‘ഞാൻ അവർക്ക് വാക്ക് കൊടുത്തുപോയി മക്കളേ... അല്ലെങ്കിലും ഞാൻ നിന്നോടല്ലല്ലോ മത്സരിക്കുന്നത്. നിന്റെ ആശയത്തോടല്ലേ... നമ്മളിൽ ആരും ജയിച്ചാലും നാടിന്.’
വലിയൊരു ആശയക്കുഴപ്പത്തിന്റെ മഞ്ഞുരുകി വീഴുകയായിരുന്നു അവിടെ. ബാക്കി കഥനടക്കുന്നത്. പുനലൂർ നിയോജക മണ്ഡലത്തിലെ ഇടയാറൻമുള പഞ്ചായത്തിലെ ഏഴാം വാർഡിൽ. എല്ലാ ആശയക്കുഴപ്പങ്ങളും മാറ്റിവച്ച് ബിജെപി സ്ഥാനാർത്ഥിയായ സുധർമ്മ ദേവരാജൻ, ഇടതുപക്ഷ സ്ഥാനാർത്ഥിയായ മകൻ ദിനു രാജിനെ എതിരിടുന്നു. ഏവരും ആശ്ചര്യത്തോടെ ഉറ്റുനോക്കുന്ന അമ്മ–മകൻ മത്സരത്തിന്റെ മാറ്റൊലികൾ നാട് ഉറ്റുനോക്കുമ്പോൾ രാഷ്ട്രീയം പടിക്കു പുറത്തു വച്ച് അമ്മയും മകനും വനിത ഓൺലൈനോട് മനസു തുറക്കുന്നു.
ആര് ജയിച്ചാലും നാടിന്
കുടുംബങ്ങളിൽ വ്യത്യസ്ത രാഷ്ട്രീയ അഭിപ്രായം ഉള്ളവർ ഏറെയുണ്ടാകും. പക്ഷേ ഇങ്ങനെയൊരു മത്സരം പലർക്കും കൗതുകമായിരിക്കും. അമ്മയ്ക്കെതിരെ മകനോ...? മകനെതിരെ അമ്മയോ എന്ന് ചോദിക്കും മുമ്പും കളിയാക്കി ചിരിക്കും മുമ്പും കാലം കുറച്ചു പുറകോട്ടു പോകണം. അവിടെ നിന്നേ ഈ ‘രാഷ്ട്രീയ ചേരികളുടെ’ ചോദ്യത്തിന് ഉത്തരം കിട്ടു.– സുധർമ്മയാണ് പറഞ്ഞു തുടങ്ങിയത്.
കമ്മ്യൂണിസ്റ്റ് കുടുംബമായിരുന്നു ഞങ്ങളുടേത്. വീട്ടിലെ ഒരു മുറി പോലും പാർട്ടി ഓഫീസിനായി മാറ്റിവച്ചു എന്നു പറയുമ്പോൾ തന്നെ ഊഹിക്കാം. ഞങ്ങളുടെ പാർട്ടി പാരമ്പര്യം. അച്ഛൻ ഭാർഗവനായിരുന്നു ഞങ്ങളുടെ പാർട്ടി ബന്ധത്തിന്റെ വേര്. നാട്ടിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് അദ്ദേഹം ഏറെ സംഭാവന നൽകി. ജീവിതത്തിന്റെ ഓരോ തുടിപ്പും ആ മനുഷ്യൻ പാർട്ടിക്കായി മാറ്റിവച്ചു. അങ്ങനെയുള്ള അച്ഛന് ഒരു ഘട്ടത്തിൽ പഞ്ചായത്ത് ഇലക്ഷൻ സീറ്റ് നിഷേധിക്കപ്പെട്ടു. ആ അവഗണന അദ്ദേഹത്തെ വേദനിപ്പിച്ചു. ഒടുവിൽ മരിക്കുമ്പോൾ പോലും ആ വേദനയുണ്ടായിരുന്നു. അച്ഛന്റെ ദു:ഖം ഞങ്ങളുടതു കൂടിയായി എന്നു വേണം പറയാൻ.– സുധർമ്മ ഓർക്കുന്നു.
അച്ഛൻ നേരിട്ട അവഗണന മകളായ എന്റേയും മനസിലുണ്ടായിരുന്നു. അപ്പോഴും പാർട്ടിയെ തള്ളിപ്പറയാനോ രോഷം കാട്ടാനോ പോയില്ല. മാത്രമല്ല, കുടുംബ ശ്രീ, എഡിഎസ്, തൊഴിലുറപ്പ് സംഘടനകളിൽ സജീവ സാന്നിദ്ധ്യമായി നിൽക്കുകയും ചെയ്തിരുന്നു. ആ ജനപിന്തുണ മുന്നിൽ കണ്ടുകൊണ്ടും അച്ഛൻ നേരിട്ട അവഗണനയും മനസിലാക്കിയതും കൊണ്ടാകണം, കഴിഞ്ഞ തെരഞ്ഞെടുപ്പിന് എന്റെ ഒരു ബന്ധു ഇലക്ഷന് ബിജെപി ടിക്കറ്റിൽ ഇലക്ഷന് മത്സരിക്കുമോ എന്ന് ചോദിച്ചത്. ഒരു മാറ്റം മുന്നിൽ കണ്ട് വരട്ടെ നോക്കാം എന്നു മാത്രം പറഞ്ഞു. തമാശയായി പറഞ്ഞ മറുപടിയായിരുന്നു. അവര്‍ എന്നെ സ്ഥാനാർത്ഥിയാക്കി കൊണ്ടുള്ള തീരുമാനവുമായി മുന്നോട്ടു പോകുമെന്നോ കരുതിയിരുന്നില്ല. പക്ഷേ സംഭവം അങ്ങ് ഉറച്ചു. അക്കൊല്ലം ബിജെപി ടിക്കറ്റിൽ ഞാൻ മത്സരിച്ചു. എന്റെ കൂട്ടുകാരി കൂടിയായ യുഡിഎഫ് സ്ഥാനാർത്ഥി രാധാമണിയാണ് അന്ന് ജയിച്ചത്. പക്ഷേ എന്നെ പരിഗണിച്ചത് വലിയ അംഗീകാരമായി. ഒടുവിലിതാ വീണ്ടും ഒരവസരം കൂടി. ഇത്തവണ അത് മകനെതിരെ ആയി പോയി എന്നത് യാദൃശ്ചികം. – സുധർമ്മ പറയുന്നു.
മത്സരം അമ്മയുടെ ആശയത്തോട് മാത്രം
അമ്മ പാർട്ടി വിട്ടെങ്കിലും അതൊരിക്കലും ഞങ്ങളുടെ കുടുംബ ബന്ധത്തെ ബാധിച്ചിട്ടേയില്ല. ഞാൻ അമ്മയ്ക്കെതിരെയല്ല അമ്മയുടെ ആശയത്തിനെതിരെയാണ് മത്സരിക്കുന്നത്. വിദ്യാർത്ഥി പ്രസ്ഥാനം തൊട്ടേ, പാർട്ടിയാണ് എന്നെ തുണച്ചിട്ടുള്ളത്. ചേർത്തു നിർത്തിയിട്ടുള്ളത്. അമ്മ പറയുന്നതു പോലുള്ള അവഗണന എന്തായാലും ഞാൻ നേരിട്ടിട്ടില്ല. സോഷ്യല്‍ മീഡിയയിൽ കാണും പോലെ ഞാന്‍ അമ്മയ്ക്കെതിരെ, അമ്മ മകനെതിരെ എന്നതു പോലുള്ള പ്രയോഗങ്ങളില്‍ കഴമ്പില്ല. ജനങ്ങൾ തീരുമാനിക്കട്ടെ ആരു ജയിക്കണമെന്ന്. പിന്നെ, ഞങ്ങളുടെ രാഷ്ട്രീയം വീട്ടിലേക്ക് കയറ്റേണ്ട എന്ന് അച്ഛൻ ദേവരാജന്റെ സ്ട്രിക്ട് ഓർഡർ ഉണ്ട്. അതു കൊണ്ട് തന്നെ മത്സരത്തിന്റെ വീറും വാശിയുമൊന്നും വീട്ടിൽ ഞങ്ങൾക്കിടയില്‍ ഇല്ല. അമ്മ ഉണ്ടാക്കി തരുന്ന ഭക്ഷണവും കഴിച്ച് അനുഗ്രഹവും ഏറ്റുവാങ്ങിയാണ് ഞാന്‍ തെരഞ്ഞെടുപ്പിന് ഇറങ്ങിയിരിക്കുന്നത്. അതുപോലെ എന്റെ നല്ലപാതി അക്ഷരയും പെങ്ങൾ ദിവ്യയും ഞങ്ങൾ രണ്ടു പേർക്കും ഒരുപോലെ ഉറച്ച പിന്തുണ നൽകുന്നുണ്ട്. – ദിനുരാജ് പറയുന്നു.
തെരഞ്ഞെടുപ്പിന് അവന് പാർട്ടി സീറ്റ് കൊടുത്തു എന്നറിഞ്ഞപ്പോൾ എനിക്ക് സന്തോഷമേ തോന്നിയുള്ളൂ. ഞങ്ങളുടെ അച്ഛൻ നേരിട്ട അവഗണന എന്തായാലും അവൻ നേരിട്ടില്ലല്ലോ? അച്ഛന് കിട്ടാത്ത സീറ്റ് അവന് കിട്ടിയല്ലോ? സന്തോഷം. ഞാൻ നിൽക്കുന്നു എന്നത് കൊണ്ടാകണം അവന് പാർട്ടി സീറ്റ് നൽകിയത്. എനിക്കും സീറ്റു തന്നു അമ്മേ... നമ്മള്‍ തമ്മില്‍ മത്സരം വേണോ അമ്മേ എന്നാണ് അവൻ ആദ്യം ചോദിച്ചത്. ഞാൻ പറഞ്ഞു മക്കളേ... എനിക്ക് എന്റെ വാക്കാണ് വലുതെന്ന്. ആര് ജയിക്കണമെന്ന് നാട് തീരുമാനിക്കട്ടെ. കൊടി മാറിയാലും പാർട്ടി മാറിയാലും അവനെന്റെ മോനല്ലേ... ആര് ജയിച്ചാലും നാടിന്– സുധർമ്മ പറഞ്ഞു നിർത്തി.