Friday 01 November 2019 12:59 PM IST

‘ആദ്യം പ്രസവിക്കുന്നത് നീയോ അതോ അവനോ?’; കുത്തുവാക്കുകൾക്കു ചെവി കൊടുക്കാതെ സൂര്യയും ഇഷാനും ആ സ്വപ്നത്തിനു പിന്നാലെ

Binsha Muhammed

soorya-ishan ഫോട്ടോ: അജിത് കൃഷ്ണൻ പ്രയാഗ്

ജീവിതം അർത്ഥപൂർണ്ണമാകാൻ കുഞ്ഞു കൺമണിക്കായി കാത്തിരിക്കുകയാണ് ഇഷാനും സൂര്യയും! കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ ദമ്പതികളായ ഇരുവരും ഈ സ്വപ്നം താലോലിച്ചു തുടങ്ങിയിട്ട് ഏറെനാളായില്ല. അതിനുവേണ്ടിയുള്ള ശ്രമങ്ങൾ ഈ ദമ്പതികൾ ആരംഭിച്ചുകഴിഞ്ഞു. വനിതയ്ക്ക് നൽകിയ എക്സ്ക്ലൂസീവ് അഭിമുഖത്തിൽ ഇതുസംബന്ധിച്ച് മനസ്സ് തുറക്കുകയാണ് ഇഷാനും സൂര്യയും.

ലോകം മാറി ചിന്തിക്കട്ടെ

ഞങ്ങളുടെ സുഖവും ദുഃഖവും ലക്ഷ്യവും ആഗ്രഹങ്ങളും എല്ലാം ഞങ്ങളുടെ മാത്രമാണ്. അതു മനസ്സിലാക്കുന്ന പക്വതയിലേക്ക് ലോകം വളർന്നു വരുന്നതേയുള്ളൂ. സ്വന്തം കുഞ്ഞെന്ന വലിയ സ്വപ്നം ഞാനീ ലോകത്തോടു പറയുമ്പോഴും അതാകും സംഭവിക്കാൻ പോകുന്നത്. പലരും കളിയാക്കി ചിരിക്കും. ചിലർ പരിഹസിക്കും. വാക്കുകൾ കൊണ്ടു നോവിക്കും. ഇനിയും ഇരുളകലാത്ത സമൂഹത്തിലെ അപൂർവ ജന്മങ്ങളാണു ഞങ്ങൾ.’ നിറഞ്ഞൊഴുകിയ മിഴികൾ തുടച്ച് ദൂരേക്ക് കണ്ണു പായിച്ച് സൂര്യ പറയുന്നു.

വിവാഹം കഴിഞ്ഞ അന്നു തൊട്ട് കേൾക്കാൻ തുടങ്ങിയതാണ് കുത്തുവാക്കുകൾ. ‘ആദ്യം പ്രസവിക്കുന്നത് നീയോ അവനോ’ എന്ന് ചോദിച്ചവർ വരെയുണ്ട്. മനസുകൊണ്ടും ശരീരം കൊണ്ടും പെണ്ണായി മാറിയിട്ടും ഹിജഡയെന്ന വിളികൾ ഒരുപാട് കേൾക്കേണ്ടി വന്നിട്ടുണ്ട്.

പെണ്ണുടലിലേക്ക് ആരെയും കൂസാതെ എനിക്ക് മാറാനായിട്ടുണ്ടെങ്കിൽ നോക്കിക്കോ വറ്റി വരണ്ടെന്ന് നിങ്ങൾ പറയുന്ന ഈ ദേഹം നാളെയൊരു കുഞ്ഞിന് ജന്മം നൽകും. എന്റെ മടിത്തട്ടിലും ഒരു ഉണ്ണിക്കണ്ണൻ ഓടിക്കളിക്കും.’ വേദനകളിലും സ്വപ്നം നിറയ്ക്കുന്ന പ്രകാശത്തിൽ പുഞ്ചിരിക്കുന്നു സൂര്യ.

‘ഞങ്ങൾ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്യുന്ന ഒരു ഫോട്ടോയ്ക്കു കീഴെ പോലുമുണ്ട് ഇത്തരം വേദനിപ്പിക്കുന്ന വാക്കുകൾ. ഞാനൊന്നു ചോദിച്ചോട്ടെ സൂര്യക്ക് ഗർഭം ധരിക്കാനാകില്ല എങ്കിൽ അതു ഞങ്ങളുടെ മാത്രം സ്വകാര്യ പ്രശ്നമാണ്. അതിന്റെ പേരിൽ അവളെ ഹിജഡയെന്നും ആണും പെണ്ണും കെട്ടവളെന്നുമൊക്കെ വിളിക്കുന്നത് എവിടുത്തെ സംസ്കാരമാണ്. പ്രത്യുത്പാദന ശേഷിയില്ലാത്ത എത്രയോ പുരുഷന്മാരുണ്ട്. ഗർഭപാത്രമില്ലാത്ത എത്രയോ പെണ്ണുങ്ങൾ നമുക്ക് ചുറ്റുമുണ്ട്. അവരെയൊക്കെ നിങ്ങൾ ഹിജഡകളെന്നു വിളിക്കുമോ? ഞങ്ങളെ പരിഹസിക്കുന്നവർ ഞങ്ങളുടെ ഈ സ്വപ്നത്തെ പറ്റി സംസാരിച്ചുവെന്ന് വരില്ല. കാരണം ഒന്നേയുള്ളൂ, ട്രാൻസ്ജെൻഡർ ആയ വ്യക്തിയെ മനുഷ്യനായി കാണാനുള്ള വിവേകം അവർക്കില്ല.’ ഇഷാന്റെ വാക്കുകളിൽ രോഷം.

വിശദമായ വായന വനിത ഒക്ടോബർ രണ്ടാം ലക്കത്തിൽ