കോഴിക്കോട് കട്ടിപ്പാറയില്‍ കായികാദ്ധ്യാപകന്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച സംഭവം കായിക വിദ്യാര്‍ത്ഥികളുടെ മാത്രമല്ല അവരെ സുരക്ഷിതമായി ഹോസ്റ്റലുകളില്‍ ഏല്‍പ്പിച്ചു പോരുന്ന രക്ഷിതാക്കളുടെ നെഞ്ചിലും തീകോരിയിടുകയാണ്. സ്‌പോര്‍ട്‌സ് ഹോസ്റ്റലിന്റെ മതില്‍ക്കെട്ടിനുള്ളില്‍ തങ്ങളുടെ മക്കള്‍ സുരക്ഷിതരെന്ന് കരുതുന്ന അച്ഛനമ്മമാരുടെ വിശ്വാസമാണ് ആവര്‍ത്തിക്കുന്ന പീഡന കഥകളില്‍ തകര്‍ന്നു തരിപ്പണമാകുന്നത്. ട്രാക്കിലും ഫീല്‍ഡിലും ഭാവി പ്രതീക്ഷിക്കുന്ന എത്രയോ പ്രതിഭകളാണ് ചൂഷണങ്ങളിലും പീഡനങ്ങളിലും സഹികെട്ട് കണ്ണീരോടെ കളംവിടുന്നത്. ആവര്‍ത്തിക്കുന്ന പീഡനകഥകളില്‍ പുറംലോകം അറിഞ്ഞതു മാത്രമേ നമ്മള്‍ ചര്‍ച്ചയാക്കിയിട്ടുള്ളൂ. മതില്‍ക്കെട്ട് വിട്ട് പുറത്തു വരാത്ത കണ്ണീരിന്റെ കഥകള്‍ ഇപ്പോഴും ലോകമറിയാതെ ചാരംമൂടി കിടപ്പുണ്ടാകും. ഒന്നുറപ്പിക്കാം, പീഡന കഥകളുടെ പരമ്പരയില്‍ കട്ടിപ്പാറയിലെ പീഡനകഥ അവസാനത്തേതല്ല. അധ്യാപകന്റെ മോശം പെരുമാറ്റം മൂലം കുട്ടിക്ക് കായികരംഗം വിടേണ്ടിവന്ന ആ പെണ്‍കുട്ടിയും അവസാനത്തേയാളല്ല.
കായിക രംഗത്ത് ശോഭനമായ ഭാവി സ്വപ്നംകണ്ട് ജീവിതം തള്ളിനീക്കുന്ന നമ്മുടെ കുട്ടികള്‍ എത്ര മാത്രം സുരക്ഷിതരാണ്? അവരുടെ സുരക്ഷയ്ക്കു വേണ്ടി നമുക്ക് എന്ത് ചെയ്യാനാകും. ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച വനിത അത്‌ലറ്റും കായികാധ്യാപികയും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റുമായ പദ്മിനി തോമസ് വനിത ഓണ്‍ലൈനോട് സംസാരിക്കുന്നു.
കട്ടിപ്പാറ അവസാനത്തേതല്ല
കോഴിക്കോട് കട്ടിപ്പാറയിലെ സംഭവം ആദ്യത്തേതല്ല. ശോഭനമായ ഭാവി സ്വപ്‌നം കണ്ട് മുന്നോട്ടു പോകുന്ന മക്കളുടെ ഭാവി തുലാസിലാക്കുന്ന കായികാധ്യാപക വേഷമണിഞ്ഞ നരാധമന്‍മാര്‍ ഇപ്പോഴും നമുക്കിടയിലുണ്ട്. പല കാരണങ്ങള്‍ കൊണ്ടും ആ കഥകള്‍ പുറംലോകം അറിയുന്നില്ല എന്നു മാത്രം. ഞാന്‍ വീണ്ടും ആവര്‍ത്തിക്കുന്നു, ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല- ഉറച്ച സ്വരത്തിലായിരുന്നു പദ്മിനി തോമസിന്റെ വാക്കുകള്‍.
ചില സംഭവങ്ങള്‍ കായിക മേഖലയെ തന്നെ നാണം കെടുത്തുന്നതാണ്. ഞാന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായിരിക്കെ മൂന്നു ഫയലുകളാണ് എനിക്കു മുന്നിലെത്തിയത്. അതില്‍ ഒന്ന് വീട്ടില്‍ ഭാര്യയില്ലാത്ത നേരംനോക്കി വിദ്യാര്‍ത്ഥിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവമായിരുന്നു. കായിക പാഠങ്ങള്‍ പകര്‍ന്നു നല്‍കാനെന്ന വ്യാജേന കുടുംബത്തിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. ആളില്ലാത്ത വീട്ടിലേക്കാണ് വരുന്നതെന്ന് ആ പാവം കുട്ടി അറിഞ്ഞില്ല. ചതി മനസിലാക്കിയ ആ പാവം ഇറങ്ങി ഓടുകയായിരുന്നു. ട്രെയിന്‍ കംപാര്‍ട്ട്‌മെന്റില്‍ വച്ച് ഒരു കായികാദ്ധ്യാപകനേയും വിദ്യാര്‍ത്ഥിയേയും അസ്വാഭാവിക സാഹചര്യത്തില്‍ കണ്ടതാണ് മറ്റൊരു പരാതി. അത് മറ്റൊരു അധ്യാപകന്റെ പ്രതികാരത്തെ തുടര്‍ന്നുള്ള വ്യാജ പരാതിയാണെന്ന് പിന്നീട് തെളിഞ്ഞു. ഞാന്‍ ആദ്യം സൂചിപ്പിച്ച സംഭവം ഉള്‍പ്പെടെ രണ്ടു പേരെ ആദ്യം അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു. സംഭവം സത്യമാണെന്ന് ബോധ്യപ്പെട്ടതോടെ വ്യാജ പരാതി ഒഴിച്ചുള്ള രണ്ട് സംഭവങ്ങളിലേയും അധ്യാപകരെ പിരിച്ചു വിട്ടു.
ഹോസ്റ്റല്‍ വാര്‍ഡന്‍ അറിയാതെ മൊബൈല്‍ ഉപയോഗിച്ച വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവമാണ് ഞെട്ടിപ്പിക്കുന്ന മറ്റൊരു സംഭവം. അന്വേഷണത്തില്‍ തെളിഞ്ഞത് ആ കുട്ടി മറ്റൊരു വിദ്യാര്‍ത്ഥിയുടെ പക്കല്‍ നിന്നും കാശ് മോഷ്ടിച്ചാണ് ആ വിദ്യാര്‍ത്ഥി മൊബൈല്‍ വാങ്ങിയത്. അത് കണ്ടുപിടിച്ചത് നാണക്കേടായതോടെയാണ് ആ കുട്ടി ആത്മഹത്യ ചെയ്തത്.
നമ്മുടെ മക്കളാണ്... അവരുടെ ഭാവിയാണ്
സ്‌കൂള്‍ അധികൃതരുടേയും രക്ഷിതാക്കളുടേയും അനാസ്ഥയാണ് ആവര്‍ത്തിക്കപ്പെടുന്ന ഈ സംഭവങ്ങള്‍ക്കു പിന്നില്‍. ഹോസ്റ്റലില്‍ എന്താണ് സംഭവിക്കുന്നത് എന്ന് സ്‌കൂള്‍ അധികൃതര്‍ തിരക്കാറു കൂടിയില്ല. പല ഹോസ്റ്റലുകളിലും വാര്‍ഡന്‍ പോലുമില്ല എന്നതാണ് മറ്റൊരു ദുഖകരമായ കാര്യം. ആര്‍ക്കും എപ്പോഴും ഒരു നിയന്ത്രണവുമില്ലാതെ ഹോസ്റ്റലുകളില്‍ കയറിച്ചെല്ലാവുന്ന അവസ്ഥ. നിയന്ത്രണമില്ലാതായതോടെ കുട്ടികളുടെ ജീവിതവും തോന്നിയപടിയായി. ഹോസ്റ്റലുകള്‍ ലഹരിയുടെ വിളനിലങ്ങള്‍ ആകുന്നതും ഇക്കാരണം കൊണ്ടു കൂടിയാണ്.
വേണം ശ്രദ്ധ
മാതാപിതാക്കളുടെ അശ്രദ്ധയും മറ്റൊരു കാരണമാണ്. ഹോസ്റ്റലില്‍ ചേര്‍ത്താല്‍ അവിടെ എന്തു സംഭവിക്കുന്നു എന്ന് മാതാപിതാക്കള്‍ അന്വേഷിക്കാറു കൂടിയില്ല. ഒരു ദിവസം എന്തുസംഭവിച്ചു, എന്തെങ്കിലും അസുഖകരമായ കാര്യങ്ങള്‍ സംഭവിക്കാറുണ്ടോ, പരിധി വിട്ട് ആരെങ്കിലും പെരുമാറാറുണ്ടോ ഇത്യാദി കാര്യങ്ങള്‍ മാതാപിതാക്കള്‍ പ്രത്യേകിച്ച് പെണ്‍കുട്ടികളോട് അമ്മമാര്‍ തുറന്നു സംസാരിക്കണം. മോശമായ ഒരു നോട്ടം പതിഞ്ഞാല്‍ പോലും വിദ്യാര്‍ത്ഥികള്‍ അമ്മമാരെ അറിയിക്കണം.
നല്ലൊരു ഭാവി പ്രതീക്ഷിച്ചാണ് ഹോസ്റ്റലുകളിലെ പരിമിത സാഹചര്യങ്ങളില്‍ ജീവിക്കുന്നത്. പലര്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ കൂടി ഉണ്ടാക്കാറില്ല. അത്തരം കുട്ടികളുടെ അവസ്ഥ മുതലാക്കുന്നവരുമുണ്ട് നല്ല മാര്‍ക്കു തരാം സെലക്ഷന്‍ തരാം സര്‍ട്ടിഫിക്കറ്റില്‍ മികച്ച ഗ്രേഡ് തരാം എന്നൊക്കെ മോഹിപ്പിച്ച് അധ്യാപകര്‍ വിദ്യാര്‍ത്ഥികളെ സമീപിക്കും. ചതിക്കുഴി തിരിച്ചറിയാതെ ആയിരിക്കും പലരും ചെല്ലുന്നത്. പക്ഷേ കരിയര്‍ തന്നെ കെടുത്തുന്ന വിധം പുറത്തു പറയാനാകാത്ത മോശം അനുഭവങ്ങള്‍ അവരെ കാത്തിരിക്കും. നാണക്കേടും കരിയറും ഭയന്ന് അതെല്ലാം മൂടിവയ്ക്കുന്ന അവസ്ഥയുണ്ടാകരുത്. തുറന്നു പറയണം, മാന്യതയുടെ മുഖംമൂടികളെ പൊളിച്ചടുക്കണം. തക്കതായ ശിക്ഷ നല്‍കാന്‍ കഴിയുന്ന നിയമ സംവിധാനം ഇവിടെയുണ്ട്. അതിന്റെ പേരില്‍ നിങ്ങളുടെ കരിയര്‍ അവസാനിക്കില്ല.
ഹോസ്റ്റലുകളുടെ സുരക്ഷ ശക്തമാക്കുക മാത്രമല്ല വേണ്ടത്. കുട്ടികളുടെ മനസറിയുന്ന മനശാസ്ത്രജ്ഞരുടെ സേവനം കൂടി ഹോസ്റ്റലുകളും സ്‌കൂളുകളും കേന്ദ്രീകരിച്ച് ഉണ്ടാകണം. വരും വരായ്കകകള്‍ അവരെ ബോധ്യപ്പെടുത്തണം. ഞാന്‍ എന്റെ വിദ്യാര്‍ത്ഥികളോട് ദിവസവും പത്രം വായിക്കാന്‍ പറയുമായിരുന്നു. പീഡനത്തിന്റെയും ചതിയുടേയും വാര്‍ത്തകള്‍ അതില്‍ കാണാം. പത്രം വായിച്ചിട്ടെങ്കിലും തങ്ങള്‍ക്ക് ചുറ്റുമുള്ള ചതിക്കുഴികളെ തിരിച്ചറിയാന്‍ കുട്ടികള്‍ ബോധവാന്‍മാരാകാന്‍ വേണ്ടിയാണ് ആ ഉപദേശം. ചൂഷണത്തിന്റെ കഥകള്‍ ഇനി ആവര്‍ത്തിച്ചു കൂടാ, നമ്മുടെ മക്കളുടെ ഭാവി അവസാനിച്ചു കൂടാ.- പദ്മിനി തോമസ് പറഞ്ഞു നിര്‍ത്തി.