Wednesday 16 December 2020 05:04 PM IST

ഏഴഴകോടെ കറുപ്പിന്റെ തിളക്കം: മേക്കപ്പിൽ കുളിക്കാതെ ഈ കല്യാണപ്പെണ്ണ്: വൈറൽ ഫൊട്ടോഷൂട്ടിന് പിന്നിലെ സന്ദേശം

Binsha Muhammed

sreekutty-main-cover

കറുപ്പും വെളുപ്പും പ്രത്യേകം തരംതിരിക്കുന്നതാണ് നമ്മുടെ സൗന്ദര്യ സമവാക്യങ്ങളും സങ്കൽപ്പങ്ങളും. എണ്ണക്കറുപ്പുള്ള കല്യാണ പെണ്ണിനെ ചമയങ്ങളിൽ പൊതിഞ്ഞ് ആളറിയാത്ത വിധം മാറ്റിയെടുക്കുന്ന ‘ചടങ്ങിന്’ പോലുമുണ്ട് ഓമനപ്പേര്, ‘മേക്കോവർ!’

ബ്യൂട്ടീഷ്യനോട് ‘കല്യാണമാണ്... ഒന്ന് വെളുപ്പിച്ച് തരണം’ എന്ന് പറയുന്ന നവവധുമാരുള്ള നാട്ടിൽ വേറിട്ട സന്ദേശവുമായി ഇതാ ഒരു ‘കല്യാണപ്പെണ്ണ്.’ അഴകോടെ അണിഞ്ഞൊരുങ്ങാൻ വെളുക്കേണ്ട കാര്യമില്ല എന്ന് ഒരു ഫൊട്ടോഷൂട്ടിലൂടെയാണ് അവൾ പറയുന്നത്. കറുപ്പു നിറത്തിന്റെ സ്വഭാവികതയും അഴകും എല്ലാം അതേപടി നിലനിർത്തിക്കൊണ്ട് ഒരുങ്ങിയിറങ്ങിയ മോഡലിന്റെ പേര് ഡോ. ശ്രീക്കുട്ടി, തൃശൂര്‍ സ്വദേശി.  ശ്രീക്കുട്ടിയുടെ നിറത്തെ കലർപ്പില്ലാതെ അവതരിപ്പിച്ച  മേക്ക് അപ് ആർട്ടിസ്റ്റ് ജോ അടൂർ. ശ്രീക്കുട്ടിയുടെ ഹൃദയഹാരിയായ ചിത്രവും ഹൃദയം നിറയ്ക്കുന്ന സന്ദേശവും സോഷ്യൽ മീഡിയ ഏറ്റെടുക്കുമ്പോൾ ‘വനിത ഓൺലൈൻ’ അവരെ വായനക്കാർക്ക് പരിചയപ്പെടുത്തുകയാണ്. ജോയും ശ്രീക്കുട്ടിയും പറയുന്നു ആ വൈറൽ ഫൊട്ടോഷൂട്ട് പിറവിയെടുത്ത കഥ...

കറുപ്പിന്റെ ചന്തം

‘കറുപ്പാണെങ്കിലും സുന്ദരിയാണ് കേട്ടോ?’ പണ്ടു മുതലേ കേൾക്കുന്ന കമന്റാണ്. ഒരിക്കൽ പോലും വെളുപ്പാണെങ്കിലും സുന്ദരിയാണെന്ന് പറഞ്ഞു കേട്ടിട്ടേ ഇല്ല. ഇതൊക്കെ കേൾക്കുമ്പോൾ കറുപ്പ് നിറം എന്തോ വലിയ സംഭവമാണെന്ന് തോന്നിയിട്ടുണ്ട്. കറുപ്പിന് എന്തോ കുറവുള്ള രീതിയിലാണ് പലരും ഇടപെടുന്നത് പോലും. പക്ഷേ നിറത്തിലൊന്നും വലിയ കാര്യമല്ലെന്ന് ജീവിതം എന്നെ പഠിപ്പിച്ചു– ശ്രീക്കുട്ടിയാണ് പറഞ്ഞു തുടങ്ങിയത്.

ദന്തൽ ഡോക്ടർ! അതാണ് എന്റെ മേൽവിലാസം. ഇരിങ്ങാലക്കുടയിൽ ഒരു ക്ലിനിക്കിലാണ് ജോലി ചെയ്യുന്നത്.  മോഡലിങ്ങൊന്നും മനസിലേ ഇല്ലായിരുന്നു. പക്ഷേ ടിക് ടോകിൽ അത്യാവശ്യം സജീവമായിരുന്നു. ‘ഫിൽറ്റർ’ യൂസ് ചെയ്യാതെ സ്വന്തം രൂപത്തിൽ പ്രത്യക്ഷപ്പെട്ട് വിഡിയോ ചെയ്യുന്നതായിരുന്നു എന്റെ രീതി. അത് നിരവധി ആരാധകരേയും എനിക്ക് ഉണ്ടാക്കി തന്നിട്ടുണ്ട്. ടിക് ടോക് വിഡിയോകളും ഇൻസ്റ്റാഗ്രാമിലെ എന്റെ ചിത്രങ്ങളും കണ്ടിട്ടാണ് ജോ എന്നെ കോണ്ടാക്റ്റ് ചെയ്യുന്നത്– ശ്രീക്കുട്ടി പറയുന്നു.

sreekutty-1

ഒരുപാട് പെൺകുട്ടികൾക്ക് വിവാഹ മേക്ക് അപ് ചെയ്യാൻ പോയിട്ടുണ്ട്. എങ്ങനെ ചെയ്യണം എന്ന് ചോദിക്കും മുന്നേ അവർ ഇങ്ങോട്ട് പറയുന്നത് ‘നന്നായി വെളുപ്പിക്കണേ ചേട്ടാ... എന്നാണ്.’ ഇന്നു വരേയും ഒരു പെൺകുട്ടിയും എന്റെ സ്വാഭാവിക നിറം നിലനിർത്തി മേക്ക്അപ് ചെയ്യൂ എന്ന് പറഞ്ഞിട്ടേ ഇല്ല. കസ്റ്റമറുടെ തൃപ്തിയും ആഗ്രഹവും മനസിലാക്കുന്നതു കൊണ്ട് അവരുടെ ആഗ്രഹത്തിന് എതിര് നിന്നിട്ടേയില്ല. പക്ഷേ എന്നെങ്കിലും ഒരു പെൺകുട്ടിയെ അവളുടെ സ്വാഭാവിക നിറത്തോടെയും തനിമയോടെയും മേക്ക് അപ് ചെയ്ത് ഒരുക്കണമെന്ന് ആഗ്രഹിച്ചിരുന്നു. ഒറിജിനൽ കല്യാണത്തിൽ അത് നടന്നില്ലെങ്കിലെന്താ... ഫൊട്ടോഷൂട്ടിലൂടെ  ആ ആഗ്രഹം സഫലമായി.– ജോയാണ് ഇക്കുറി മറുപടി പറഞ്ഞത്.

ശ്രീക്കുട്ടിയുടെ ടിക് ടോക് വിഡിയോകൾ നേരത്തെ ശ്രദ്ധിച്ചിട്ടുണ്ട്. സുഹൃത്തും ഡിസൈനറുമായ അരുൺ ദേവാണ് ശ്രീക്കുട്ടിയെ ഇങ്ങനെയൊരു വെഡ്ഡിംഗ് കൺസപ്റ്റ് ഷൂട്ടിൽ മോഡലാക്കി കൂടേ എന്ന് ചോദിക്കുന്നത്. എനിക്കും ഡബിൾ ഓകെ ആയിരുന്നു. ശ്രീക്കുട്ടിയെ ഇൻസ്റ്റഗ്രാമിലൂടെ കോണ്ടാക്റ്റ് ചെയ്യുമ്പോൾ അവർ ആദ്യം പറഞ്ഞതും സ്വാഭാവിക നിറത്തെ വെളുപ്പിച്ചുള്ള മേക്ക് അപ് പറ്റില്ല എന്നതായിരുന്നു. ശരിക്കും ഞങ്ങൾക്കു വേണ്ടതും അതായിരുന്നു. പിക്സ് ഡ്രീം പിക്ചേഴ്സാണ് ഈ മനോഹര ചിത്രങ്ങൾക്കായി ക്യാമറ കൈകാര്യം ചെയ്തത്.– ജോ പറയുന്നു.

sreekutty-4 ശ്രീക്കുട്ടിയും ജോയും

കൊച്ചി ഗ്രാന്റ് ഹയാത്ത് ആണ് ഷൂട്ടിന് പശ്ചാത്തലമായത്. മേക്ക് അപിന്റെ വേളയിലും എന്റെ നാച്ചുറൽ സ്കിൻ ടോൺ മെയിന്റയിൻ ചെയ്യണമെന്ന് ആവർത്തിച്ചു പറഞ്ഞു. ഒരു തരി പോലും ഓവറാക്കാതെ ഭംഗിയായി തന്നെ ജോ ചെയ്തു. എന്റെ സ്കിൻ കളർ മെയിന്റയിൻ ചെയ്യുകയല്ലാതെ ചെറിയൊരു അംശം പോലും നിറം മാറിയിട്ടില്ല എന്നതാണ് സത്യം.–നിറഞ്ഞ ചാരിതാർത്ഥ്യത്തോടെ ശ്രീക്കുട്ടിയുടെ വാക്കുകൾ.

സോഷ്യൽ മീഡിയയിലേക്ക് എത്തുമ്പോഴും ഞങ്ങളുടെ ആശയം ഏവരും ഹൃദയം കൊണ്ട് ഏറ്റെടുത്തു എന്നതാണ് സത്യം. ഇങ്ങനെയൊരു കൺസപ്റ്റ് ഫൊട്ടോഷൂട്ടിന് പൂർണ സമ്മതവും നൽകി എന്റെ വുഡ്ബി വിനിൽ വിശ്വനാഥും കൂടെയുണ്ടായിരുന്നു എന്നതാണ് ഏറെ സന്തോഷം നൽകുന്ന കാര്യം. പുള്ളിക്കാരൻ കൊച്ചിൻ റിഫൈനറിയിലാണ് ജോലി ചെയ്യുന്നത്. ഇരിങ്ങാലക്കുടയാണ് എന്റെ സ്വദേശം. അച്ഛൻ സുനിൽ കുമാർ, അമ്മ സുനന്ദ. വിഷ്ണുവാണ് സഹോദരൻ– ശ്രീക്കുട്ടി പറഞ്ഞു നിർത്തി.