Wednesday 29 August 2018 11:37 AM IST : By R.Sreelekha IPS

കേൾക്കൂ, എന്നെ ശപിക്കും മുൻപ്

Sreelekha-IPS--June-1

ഈ സംസ്ഥാനത്ത് എന്നെ അറിയാത്തവർ ചുരുക്കമാണ്. എന്റെ  അറസ്റ്റും ചെയ്ത കുറ്റവും ഒ ക്കെ കുറച്ചു നാളല്ല എല്ലാവരും ആഘോഷിച്ചത്. എന്നെക്കുറിച്ചു പറയാത്ത ദുഷിച്ച കഥകളും ഇല്ല. എന്റെ കണ്ണീർ മാത്രം  ആരും കാണുന്നില്ല. എന്റെ വിഷമവും ദുഖവും നിരാശയും ആരും അറിയുന്നില്ല.

ഒരു ഇടത്തരം ക്രിസ്തീയ കുടുംബത്തിൽ പിറന്ന എനിക്ക് എന്തിനാണ് ദൈവം ഒരു ശാപം പോലെ ഇത്രയധികം സൗന്ദര്യം നൽകിയതെന്ന് ഞാൻ പലപ്പോഴും ഓർത്തു കരയാറുണ്ട്.  ഇത്രയധികം  സുന്ദരിയായിരുന്നില്ല  ഞാനെങ്കിൽ  എനിക്കീ യാതനകൾ ഒന്നും അനുഭവിക്കേണ്ടി വരില്ലായിരുന്നു. അല്ലെങ്കിൽ നല്ല പണമുള്ള കുടുംബത്തിൽ പിറക്കണമായിരുന്നു.  

പഠനകാലത്തു എന്റെ സൗന്ദര്യത്തെക്കുറിച്ചു പലരും  വാഴ്ത്തിപ്പാടിയിട്ടുണ്ട്. സ്കൂളിൽ ഏതു  പരിപാടിക്കും ടീച്ചർമാർ എന്നെ മുന്നിൽ തന്നെ  നിർത്തും. പള്ളിയിലെ പെരുന്നാളിന് മാതാവിന്റെ വേഷമാണ് എപ്പോഴും എനിക്ക് കിട്ടുക. 

എന്റെ ആന്റി റോമിൽ നഴ്സ് ആണ്. അവരുടെ നിർബന്ധത്തിലാണ് ഞാൻ നഴ്സിങ് പഠിച്ചതും  ഉന്നത റാങ്കോടെ പഠനം പൂർത്തിയാക്കിയതും. വിദേശത്തു ജോലിക്കു പോകാനുള്ള ഒരുക്കങ്ങൾ നടത്തുമ്പോഴാണ് ആ ആലോചന വന്നത്. പയ്യൻ അമേരിക്കൻ പൗരനാണ്. കുടുംബമായി അവർ അമേരിക്കയിലാണ്. അപ്പനും അമ്മയും വന്ന് എന്റെ മാതാപിതാക്കളെ കണ്ടു. 

എല്ലാവർക്കും സന്തോഷമായിരുന്നു ആ ആലോചന വന്നപ്പോൾ. എനിക്കും. പയ്യന്റെ മാതാപിതാക്കളും സഹോദരന്മാരും കൂടി വലിയ കാറുകളിൽ പെണ്ണ് കാണാൻ എന്റെ ചെറിയ വീട്ടിൽ വന്നു. ചെറുക്കൻ വരാത്തതെന്തേ എന്ന്  അപ്പൻ ചോദിച്ചപ്പോൾ അവധി കിട്ടിയില്ല എന്നും അവിടെ നല്ല തിരക്കാണെന്നു പറഞ്ഞു. പയ്യന്റെ ഒരു ഫോട്ടോ നൽകിയ ശേഷമാണ് പോയത്. അവനു മലയാളം നന്നായി അറിയില്ല എന്നും അവനോടു സംസാരിക്കാൻ ഞാൻ ഇംഗ്ലിഷ് പഠിക്കണമെന്നും പറഞ്ഞ ശേഷമാണ് അവർ പോയത്. 

ഫോട്ടോയിൽ വെളുത്തു തുടുത്തു മുഖം അൽപം കോടിയ മട്ടിൽ കണ്ടെങ്കിലും എനിക്ക് വിരോധമൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ, മനസമ്മതത്തിനു അവൻ വന്നപ്പോൾ എന്റെ നെഞ്ച് തകർന്നു പോയി. പള്ളിയിൽ വെച്ചാണ് എന്റെ ഭാവിവരനെ ഞാൻ കാണുന്നത്. ഒറ്റ നോട്ടത്തിൽ തന്നെ എനിക്ക് മ നസ്സിലായി, അവൻ നോർമൽ അല്ല എന്ന്. നിൽപിലും നടപ്പിലും  നോട്ടത്തിലും ഒക്കെ വ്യത്യാസം. നല്ല സാരിയൊക്കെ ചുറ്റി വന്ന ഞാൻ പൊട്ടിക്കരയാൻ തുടങ്ങി. എനിക്ക് വേണ്ട ഈ കല്യാണം  എന്ന് തീർത്തു പറഞ്ഞു. ഒടുവിൽ അവന്റെ അമ്മ നിറ കണ്ണോടെ എന്നെ തലോടിക്കൊണ്ട് പറഞ്ഞു, "മോളെ, ജനിച്ചപ്പോൾ കരയാൻ വൈകിയതിന്റെ കുഴപ്പമേ അവനുള്ളൂ. നല്ല സ്കൂളിൽ പഠിച്ചു നല്ല മാർക്ക് വാങ്ങി ജയിച്ചു, ഇപ്പോൾ മാസം  3  ലക്ഷം രൂപ കിട്ടുന്ന  ജോലി യുമുണ്ട്. അവന്റെ മനസ്സ് നിറയെ സ്നേഹമാണ്. നിന്നെ അവന്  ഒത്തിരി ഇഷ്ടപ്പെട്ടു. നല്ല സന്തോഷത്തിൽ ഇരിക്കുന്ന അവനെ നീ കൈവെടിയല്ലേ മോളെ. നീ കണ്ണ് തുടച്ചിട്ട് വാ, എനിക്ക് വേണ്ടിയെങ്കിലും.’’ 

എന്റെ അമ്മയും എന്നോട് പറഞ്ഞു, ‘‘നിന്റെ കെട്ടിന് ഒരു കാശു പോലും ചെലവാക്കാൻ നമ്മളെകൊണ്ടാകില്ല. നോക്കിയേ, ഈ ചടങ്ങും കല്യാണവും ഒക്കെ അവർ നടത്തി തരും. ഒരു രാജ്ഞിയെപ്പോലെ ജീവിക്കാനുള്ള അവസരം നീ കളയല്ലേ. ഈ ബന്ധം  നമുക്ക് നല്ലതേ വരുത്തൂ."

ഈ വിവാഹത്തോടെ എന്റെ കുടുംബം  രക്ഷപെടുമല്ലോ?ഞാൻ കണ്ണ് തുടച്ചു കർത്താവിന്റെ മുൻപിൽ അയാളെ സ്വീകരിക്കാൻ മനഃസമ്മതം മൂളി.

മനസ്സ് തകർന്ന് അമേരിക്കയിൽ

അങ്ങനെ 22–ാം വയസ്സിൽ ഞാൻ അമേരിക്കയിൽ എത്തി. ഇ ഷ്ടം പോലെ കാശ് ആ കുടുംബത്തിൽ ഉണ്ടായിരുന്നു. എങ്കിലും എനിക്കു  ജോലി വേണമെന്ന്  നിർബന്ധം പിടിച്ചു. ഭർത്താവിന്റെ അമ്മ പാവമായിരുന്നു. എന്നോട് വലിയ സ്നേഹവും. എന്നാൽ അച്ഛൻ വളരെ ദുഷ്ടനും ക്രൂരമായ വാക്കുകൾ കൊണ്ട് മനസ്സ് നോവിക്കുന്ന സ്വഭാവക്കാരനും! 

എന്റെ കെട്ടിയോനെക്കുറിച്ചു പറയാതിരിക്കുന്നതാണ് ഭേ ദം. ഇതുപോലെ അസുഖമുള്ളവരെ   നോക്കുന്ന ഏതോ   സ്ഥാപനത്തിൽ ഇടയ്ക്കിടെ ജോലിക്കെന്നു പറഞ്ഞു പോകുന്നത് കാണാറുണ്ട്. പക്ഷേ, എന്നോട് മിണ്ടുകയോ, കൂട്ടാവുകയോ ഒന്നും  ഇല്ല. വല്ലതും മിണ്ടിയാൽ തന്നെ എനിക്കതു മനസ്സിലാകുകയും ഇല്ല. താമസിയാതെ മനസ്സിലായി, കിടപ്പറയിലും  അ യാൾക്കു യാതൊരു കഴിവും ഇല്ലെന്ന്. ത്യാഗം സ്വയം ഏറ്റെടുത്തതല്ലേ? ഞാൻ കാര്യമാക്കിയില്ല. അവിടെയുള്ള ഒരു ആശുപത്രിയിൽ ഞാൻ ജോലിക്കു പോയി തുടങ്ങി.  

ഭർത്താവിന്റെ  അമ്മ പെട്ടെന്നുള്ള അസുഖം കാരണം  മരിച്ചതോടെയാണ് എന്റെ ജീവിതത്തിൽ ശരിക്കും ഇരുട്ട് വീഴാൻ തുടങ്ങിയത്.  അപ്പൻ അന്നേരം  ജോലിയിൽ നിന്നു  വിരമിച്ചിരുന്നു. എന്നെ   ഒന്നിനും  സമ്മതിക്കില്ല. രാത്രി ഡ്യൂട്ടിക്ക് പോകാൻ പാടില്ല, നാട്ടിൽ പോകാൻ പാടില്ല, എവിടെ പോയാലും അപ്പനും കൂടെ വരണം. അങ്ങനെ പല നിബന്ധനകൾ! കൂടാതെ ഭർത്താവിന്റെ സഹോദരന്മാരോട് ഫോണിലൂടെയും  നേരിട്ടും  എപ്പോഴും എന്നെക്കുറിച്ച് ഓരോ കുറ്റം പറയുകേം!  കല്യാണത്തിന് മുൻപ് അബോർഷൻ നടന്നതാണെന്നും അതാണ് ഞാൻ ഇപ്പോൾ മച്ചിയായി പോയതെന്നും എന്നോട് നേരിട്ട് പറഞ്ഞു. അന്നാണ് ഞാൻ ഒരു കുഞ്ഞിനെ പ്രസവിക്കാൻ തീരുമാനിച്ചത്. എന്റെ കെട്ടിയോനെ പറഞ്ഞു മനസ്സിലാക്കാൻ ഏറെ ആയാസപ്പെട്ടു, ഞാൻ ജോലി ചെയ്ത ആശുപത്രിയിൽ ഭർത്താവിന്റെ ബീജം എടുത്തു. ഐവിഎഫ് വഴി ഞാൻ ഗർഭിണിയായി. ശരിക്കും കന്യകയായി തന്നെ ഞാൻ പ്രസവിച്ചു. നല്ല ആരോഗ്യവും സൗന്ദര്യവും ഉള്ള ഒരാൺകുഞ്ഞിന് ജൻമം നൽകി. എനിക്കവനെങ്കിലും  ഉണ്ടാവുമല്ലോ എന്നായിരുന്നു ഏക ആശ്വാസം.

പലരും പലതും പറഞ്ഞു. എല്ലാം അറിയാവുന്ന അപ്പൻ പോലും പറഞ്ഞു പരത്തി, ആശുപത്രിയിൽ കൂടെ ജോലി ചെയ്ത ഏതോ മലയാളി പയ്യനുമായി എനിക്ക് ബന്ധമുണ്ടെന്ന്! അതിനുള്ള ദൈവശിക്ഷയെന്നോണം ഭർത്താവിന്റെ അപ്പൻ തളർവാതം  വന്നു കിടപ്പിലായി. പക്ഷെ ശിക്ഷ കൂടുതൽ കിട്ടിയത് എനിക്കാണ്! ഭർത്താവ് ജോലി ഉപേക്ഷിച്ചു വീട്ടിൽ തന്നെ നിൽക്കാൻ  തുടങ്ങി. ചെറിയ മോൻ. കൂടാതെ അപ്പന് സുഖമില്ല. അവസാനം ഞാൻ ജോലി രാജി വച്ച് എല്ലാവരുമായി നാട്ടിൽ വന്നു അവരുടെ കുടുംബ വീട്ടിൽ താമസമാക്കി. 

വീണ്ടും നാട്ടിലേക്ക്

നാട്ടിൽ എത്തി അധികം താമസിയാതെ ഭർത്താവു അമേരിക്കയിലേക്ക് മടങ്ങിപ്പോയി. ഇവിടെയുള്ളതൊന്നും  ഇഷ്ടമാകുന്നില്ലത്രേ. അവിടെ അദ്ദേഹത്തിന്റെ  മൂത്ത ചേട്ടനോടൊപ്പം താമസിച്ചു. ഞാനും അപ്പനും മോനും മാത്രമായി നാട്ടിലെ ആ വലിയ തറവാട്ടിൽ. കുറെ നായ്ക്കൾ പുറത്തും ജോലിക്കാർ അകത്തും  ആയി ശ്വാസം മുട്ടി ഞാൻ കുറെ നാൾ അവിടെ കഴിഞ്ഞു. എവിടെയെങ്കിലും ജോലിക്കു പോകാൻ തുനിഞ്ഞാൽ അപ്പൻ വലിയ ഒച്ചപ്പാടുണ്ടാക്കും. ഹോം നേഴ്സ് രാത്രി പോയിക്കഴിഞ്ഞാൽ അപ്പന് ഉറക്കമില്ല. അനങ്ങാൻ വയ്യെങ്കിലും എ ന്നെ വിളിച്ചു അടുത്തിരുത്തി കേട്ടാൽ അറപ്പു തോന്നുന്ന രീതിയിൽ സംസാരിക്കാം.

‘‘നിനക്ക്  ഒരു സ്വത്തും കിട്ടില്ല. ഈ വീട് നിനക്കല്ല. നീ ആ രെയോ പ്രാപിച്ച് ഉണ്ടായ കൊച്ചിനും ഒന്നും കിട്ടില്ല. അല്ലെങ്കിൽ ഞാൻ പറയുന്നതൊക്കെ  നീ  കേൾക്കണം. എന്റെ ദേഹം തിരുമ്മി താ. നിന്റെ കൂടെനിക്ക് കിടക്കണം.’’ എന്നൊക്കെയാണ് സ്വന്തം  മകളെപ്പോലെ  കരുതേണ്ട എന്നോടയാൾ പറയാറ്. സ്വന്തം മാതാപിതാക്കളോട് ഇതൊക്കെ പറയാൻ പറ്റുമോ? ഭർത്താവിന് ഒന്നും കേൾക്കേണ്ട. ഫോൺ ചെയ്താൽ എന്തൊക്കെയോ പറഞ്ഞിട്ട് വച്ച് കളയും ഒരിക്കൽ അപ്പനെ നോക്കാൻ വന്ന ഡോക്ടറുടെ കൂടെ വന്ന ആൾ എന്റെ കോളജിൽ പഠിച്ചതാണ് എന്ന് തിരിച്ചറിഞ്ഞു. പഴയ സൗഹൃദം പുതുക്കി ഞാൻ അവനോട് എന്റെ വിഷമങ്ങൾ എല്ലാം പറഞ്ഞു. കൂടുതൽ ഫോണിലാണ് സംസാരിക്കാറ്. ഇടയ്ക്കയാൾ  വീട്ടിൽ വരും, കുറെ  നേരം സംസാരിച്ചിരിക്കും. വലിയ ആശ്വാസമായിരുന്നു എനിക്കവൻ. എന്തുകൊണ്ടോ അവൻ എന്നെ വിശ്വസിപ്പിച്ചു, കിളവൻ ചത്താൽ എനിക്ക് തിരികെ അമേരിക്കയിൽ മോനോടൊപ്പം പോകാൻ സാധിക്കുമെന്നും സ്വത്തെല്ലാം കുഞ്ഞിനും കൂടെ അർഹതപ്പെട്ടതാകുമെന്നും. ഞാൻ ഒന്നും ചെയ്യണ്ട, അവൻ ഒരു നാൾ തയാറായി വരും, അപ്പോൾ വാതിൽ തുറന്നാൽ മാത്രം മതി, തലയണ കൊണ്ടൊരു പ്രയോഗമുണ്ട്, സ്വാഭാവിക മരണം എന്നേ  എ ല്ലാവരും  പറയൂ, അപ്പന്റെ ഡോക്ടറെക്കൊണ്ട് സർട്ടിഫിക്കറ്റ് അങ്ങനെ എഴുതിക്കാം എന്നൊക്കെ പറഞ്ഞപ്പോൾ ഞാൻ വിശ്വസിച്ചു പോയി. കുറച്ചുനാൾ കൂടെ ഇത് സഹിക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു ആ സമയം.

എത്രമാത്രം പ്ലാൻ ചെയ്താലും ചിലതൊക്കെ പാടെ തെറ്റിപ്പോകും. നായ്ക്കൾ കൂടു പൊളിച്ചു പുറത്തു ചാടിയതും, അതിൽ ഒന്നിനെ അയാൾക്കും സംഘത്തിനും കൊല്ലേണ്ടി വന്നതും, അപ്പന്റെ മരിച്ചുള്ള കിടപ്പും  പിടിവലിയുടെ ലക്ഷണവും ഒക്കെ കൊണ്ട് അതൊരു മോഷണ ശ്രമത്തിനിടെ സംഭവിച്ചതാകുമെന്നു  ഞാൻ പൊലീസിനോട് പറഞ്ഞു. പക്ഷേ, ചോദ്യം ചെയ്യലിൽ എനിക്കെല്ലാം ഏറ്റുപറയേണ്ടി വന്നു. പിൻവാതിൽ അവർക്കായി തുറന്നു കൊടുത്തത് ഞാനായിരുന്നു. 

എനിക്ക് ജീവപര്യന്തം ശിക്ഷയാണ് കിട്ടിയിരിക്കുന്നത്. ഞാൻ എല്ലാ രേഖകളും കാട്ടിയിട്ടും മോൻ ഭർത്താവിന്റേതല്ല എന്ന് പറഞ്ഞു പൊലീസ് ഒടുവിൽ ഡിഎൻഎ ടെസ്റ്റ് നടത്തി. അവസാനം അയാളുടേത് തന്നെ എന്ന് തെളിഞ്ഞു. സ്വത്തിന്റെ ഒരു ഭാഗം അവനായി കിട്ടിയിട്ടുണ്ട്. എന്റെ വീട്ടുകാരാണ് അവനെ നോക്കുന്നത്. പരോളിൽ ഇറങ്ങുമ്പോൾ മകനോടൊപ്പം അൽപനാൾ കഴിയും. 

ഞാൻ തെറ്റ് ചെയ്തവൾ തന്നെ. പക്ഷേ, മനസ്സറിയാത്തതൊക്കെ ചെയ്തു, ഇപ്പോഴും  ചെയ്യുന്നു  എന്ന ദുഷിച്ച ആരോപണങ്ങൾ  എന്റെ രൂപത്തോടും, പേരിനോടും  ഒപ്പം സദാ  ഉണ്ട്. എല്ലാം സഹിക്കാനാണല്ലോ ചിലരുടെ വിധി!