കാലം പെണ്ണിന് മാത്രമായി നൽകുന്ന ചില അടയാളങ്ങളുണ്ട്. മാതൃത്വം സമ്മാനിക്കുന്ന ആ മുറിപ്പാടുകൾക്ക് അളമുറിയാത്ത സ്നേഹം എന്ന് കൂടി അർത്ഥമുണ്ട്. പച്ചമാംസത്തിൽ കത്തികയറിയിറങ്ങുന്ന ആ വേദനയെ സിസേറിയൻ എന്നാണ് ഓമനപ്പേര്. സംവത്സരങ്ങളും ഋതുഭേദങ്ങളും മാറിമറിഞ്ഞാലും സിസേറിയൻ നൽകിയ മരവിപ്പും വേദനയും ശാരീരിക അവശതകളും പേറി ജീവിക്കുന്ന എത്രയോ പേരുണ്ട്. സിസേറിയൻ ‘പൂ പറിക്കും പോലെ ലാഘവമാണെന്നും വേദനയറിയില്ലെന്നും’ മുൻവിധിയെഴുതുന്നവർക്ക് മുന്നിലേക്ക് ആ മുറിപ്പാടിന്റെ കഥകൾ അനാവരണം ചെയ്യപ്പെടുകയാണ്. തൊലിപ്പുറത്ത് മായാതെ കിടക്കുന്ന ആ മുറിപ്പാടുകളുടെയും വേദനകളുടെയും അനുഭവ സാക്ഷ്യങ്ങളെ #Cmymark എന്ന ഹാഷ്ടാഗ് ക്യാമ്പയിനിൽ മുത്തുപോലെ കോർത്തെടുക്കുകയാണ് വനിത ഓൺലൈൻ. ‘സി’ എന്ന ഒറ്റ അക്ഷരത്തിൽ ഒളിപ്പിച്ച സിസേറിയൻ വേദനകളിലേക്ക്...ആരും ചെവികൊടുക്കാത്ത... തിരിച്ചറിയാത്ത...ആ അമ്മമാരുടെ കഥകളിലേക്ക്...
ശ്രീവിദ്യ എന്ന അമ്മയുടെ കഥയാണ് #Cmymark ക്യാമ്പയിനിൽ ആദ്യം:
വനിത ഓൺലൈനുമായി പങ്കുവച്ച അനുഭവ കുറിപ്പ് വായിക്കാം:
13 മണിക്കൂർ മരണ വേദന... അവിടെ നിന്നു തുടങ്ങണം എന്റെ സിസേറിയൻ വേദനയുടേയും അത് സമ്മാനിച്ച മുറിപ്പാടുകളുടെയും കഥ. ലേബർ റൂമില്‍ വേദന തിന്ന് കിടക്കുമ്പോഴാണ് ഡോക്ടർമാരുടെ ആദ്യ അറിയിപ്പെത്തിയത്. കുഞ്ഞിന്റെ ഹാർട്ട് ബീറ്റ് കുറവാണത്രേ. നോർമ്മൽ ഡെലിവറിയുടെ സാധ്യതകൾ അവിടെ അവസാനിക്കുകയായിരുന്നു. ഞൊടിയിടയിൽ സിസേറിയന്‍ എന്ന ഓപ്ഷനിലേക്ക് ഡോക്ടർമാർ മാറി. ഓപ്പറേഷൻ ചെയ്തു..
ഇപ്പോൾ രണ്ട് കൊല്ലമാകുന്നു. അടി വയറ്റിലെ പേശി മുറിക്കില്ലെന്ന് പറഞ്ഞിരുന്നെങ്കിൽ എന്റെ മോനിന്ന് ഉണ്ടാകുമോ എന്തോ... പ്രസവം എന്നത് ഏതൊരു നിമിഷത്തിലും സങ്കീർണ്ണമാകാവുന്ന ഒന്നാണെന്ന് അന്ന് തിരിച്ചറിഞ്ഞു.
പണ്ട് ഈ പറയുന്ന വയറ്റാട്ടികൾ പേറെടുത്തിരുന്ന കാലത്ത് ചാപിള്ള എന്നത് ഒരു സ്ഥിരം പദമായിരുന്നു. അല്ലെങ്കിൽ അമ്മ മരിച്ച് കുഞ്ഞു മാത്രമാകുക ചിലപ്പോൾ രണ്ട് ജീവനും പോയേക്കാം...ഇന്ന് അതൊരു പരിധിയിൽ കവിഞ്ഞ് കുറഞ്ഞിട്ടുണ്ട്. പിന്നെ പണ്ടത്തെ ജീവിത രീതികളും ആരോഗ്യവുമല്ല ഇന്ന് പെണ്ണിനുള്ളത്. അപ്പൊ എല്ലാം കൂടി കൂട്ടി വായിക്കുമ്പോൾ സിസേറിയൻ എങ്കിൽ സിസേറിയൻ എന്ന് തന്നെ സമ്മതിക്കണം.
എനിക്കും ഇപ്പോഴും സ്റ്റിച്ച് ഇട്ട ഭാഗത്ത് മരവിപ്പ് പോലെയാണു, ഉള്ളിൽ യൂട്രസിന്റെ ഭാഗത്ത് മോൻ ചവിട്ടുമ്പോഴോ, എവിടെയെങ്കിലും തട്ടുമ്പോഴോ ഒക്കെ വേദന തോന്നാറുണ്ട്. പിന്നെ നടുവിന്റെ കാര്യം പറയാതിരിക്കുന്നതാണു ഭേദം.