മനസ്സുതൊടുന്നൊരു ചിരിയുടെ പേരാണ് ശ്രുതി. കേരളത്തിലെ ഹൃദയം മാറ്റിവച്ചവരിലെ സീമന്തപുത്രി. 2013 ഒാഗസ്റ്റ് 13 നാണ് എറണാകുളം ലിസി ആശുപത്രിയിൽ ശ്രുതിയുടെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്. ധമനികൾ ചുരുങ്ങുന്ന ടക്കയാസു ഡിസീസായിരുന്നു ശ്രുതിക്ക്. അത് പതിയെ ഹൃദയത്തിന്റെ പ്രവർത്തനം പരാജയപ്പെടുത്തുന്ന ഡയലേറ്റഡ് കാർഡിയോമയോപ്പതി ആയി. മറ്റൊരു ഭാഗ്യദോഷം കൂടി ശ്രുതിയെ കാത്തിരിപ്പുണ്ടായിരുന്നു. ജന്മനാ ശ്രുതിക്ക് ഒരു വൃക്കയേ ഉള്ളൂ. ഹൃദയം മാറ്റിവയ്ക്കലിനെ തുടർന്ന് നൽകുന്ന മരുന്നുകൾ ശേഷിക്കുന്ന വൃക്കയെ കൂടി ബാധിച്ചാൽ...? പക്ഷേ, ഈ അപകടസാധ്യതകളെയെല്ലാം പരാജയപ്പെടുത്തി ശ്രുതി ജീവിതത്തെ ചേർത്തുപിടിച്ചു.
‘‘പണ്ടേ ഞാനിങ്ങനെ ചിരിച്ചു ജീവിക്കാൻ ഇഷ്ടപ്പെടുന്നയാളാണ്. ഇപ്പോൾ സന്തോഷം കൂടിയിട്ടേ ഉള്ളൂ. ഹൃദയം മാറ്റിവയ്ക്കലിന്റെ വാർത്തയറിഞ്ഞ് പഴയ കൂട്ടുകാരൊക്കെ നമ്പർ തപ്പിയെടുത്തു വിളിച്ചു. ഇപ്പോൾ വാട്സ് ആപ്പിൽ ഞങ്ങൾ കൂട്ടുകാരുടെ ഒരു ഗ്രൂപ്പുണ്ടാക്കിയിട്ടുണ്ട്’’.
ലാബറട്ടറി ടെക്നീഷ്യൻ കോഴ്സാണ് പഠിച്ചതെങ്കിലും ഹൃദയം മാറ്റിവയ്ക്കലിനു ശേഷം മെഡിക്കൽ ഫീൽഡിലെ ജോലി വേണ്ടെന്നായിരുന്നു ഡോ. ജോസ് ചാക്കോയുടെ അഭിപ്രായം. എപ്പോഴും രോഗികളുമായി ഇടപഴകുന്നത് അണുബാധകൾക്കുള്ള സാധ്യത കൂട്ടുമല്ലോ? പക്ഷേ, നിനച്ചിരിക്കാതെ മുളന്തുരുത്തിയിലെ ലാബിൽ ജോലി കിട്ടി. ‘വീട്ടിൽ നിന്നു കഷ്ടി 15 മിനിറ്റ് യാത്രയേ ഉള്ളൂ. റിസപ്ഷനിൽ ഇരുന്നാൽ മതി’ എന്നൊക്കെ പറഞ്ഞപ്പോൾ ഡോക്ടറും സമ്മതം പറഞ്ഞു.
‘‘പകർച്ചപ്പനിയുടെ സമയത്ത് മാസ്ക് വച്ചാണ് ഇരുന്നത്. അല്ലാത്തപ്പോൾ പ്രശ്നമില്ല. രോഗികളോട് അത്ര അടുത്തു പെരുമാറേണ്ടതില്ലല്ലൊ. ആദ്യമൊക്കെ മരുന്നിന്റെ സമയമൊക്കെ തെറ്റിച്ചിട്ടുണ്ട്. അതോടെ കടുത്ത അസിഡിറ്റി പ്രശ്നമായി. ഇപ്പോൾ എന്തുവന്നാലും കൃത്യസമയത്ത് ഭക്ഷണം കഴിക്കും. കൃത്യമായി മരുന്നും കഴിക്കും. കൊളസ്ട്രോൾ കുറഞ്ഞ ഭക്ഷണമാണ് കഴിക്കാറ്.
മാസം 15,000 രൂപയോളം ചെലവു വരും മരുന്നുകൾക്ക്. ജോലി ചെയ്തു കിട്ടുന്നതു കൂടാതെ ചില നല്ല മനസ്സുകളുടെ സഹായവും കൊണ്ട് മരുന്നു ചെലവ് നടത്തുന്നു. ’’ ചിരി മായാതെ ശ്രുതി പറഞ്ഞുനിർത്തി.