Tuesday 28 April 2020 05:13 PM IST

യൂട്രസ് റിമൂവ് ചെയ്തു, അമ്മയാകാന്‍ കഴിയാത്ത എന്റെ സ്വപ്‌നങ്ങളില്‍ വിവാഹമില്ല; രണ്ടുവട്ടം കാന്‍സറിനെ അതിജീവിച്ചു; സ്റ്റെഫിയുടെ കരള്‍ പിടയും അതിജീവനം

Binsha Muhammed

steffy

നീളമുള്ള മുടിയിഴകളിലേക്ക് നോക്കി ഡോ. വിപി ഗംഗാധരന്‍ പറഞ്ഞ അന്നു പറഞ്ഞ വാക്കുകള്‍ സ്റ്റെഫിയുടെ ഓര്‍മകളെ ഇടയ്ക്കിടെ അസ്വസ്ഥമാക്കാറുണ്ട്. എന്താണ് സംഭവിക്കുന്നതെന്നറിയാതെ മിഴിച്ചിരുന്ന നിമിഷത്തില്‍ ആ സത്യവും അവളോടായി പറഞ്ഞു. 

'സ്റ്റെഫിക്ക് ഒവേറിയന്‍ കാന്‍സറാണ്. കീമോ ഉടന്‍ സ്റ്റാര്‍ട്ട് ചെയ്യണം. അതു കഴിഞ്ഞാകാം സര്‍ജറി.'

അലറിക്കരച്ചിലുകളെ അടക്കിപ്പിടിക്കാന്‍ പാടുപെട്ട് പ്രിയപ്പെട്ടവര്‍ അരികിലുണ്ട്. സങ്കടക്കടലിരമ്പിയ ലേക് ഷോറിലെ ആശുപത്രിയുടെ ഇടാനാഴികളെ മൂകമാക്കി ഡോക്ടര്‍ ആ സത്യം വിളിച്ചു പറയുമ്പോള്‍ മരവിച്ചിരിക്കുകയാണ് സ്‌റ്റെഫി. ഭ്രാന്തമെന്ന് തോന്നിയ നിമിഷത്തിന്റെ മൂര്‍ധന്യാവസ്ഥയില്‍ അവള്‍ സകലരേയും തട്ടിമാറ്റി ആ മുറിയില്‍ നിന്നും ഇറങ്ങിയോടി. ആശുപത്രിയുടെ ആറാം നിലയിലേക്ക് കരച്ചിലടക്കിയ ആ ഓട്ടം തേടിയത് മരണത്തെയായിരുന്നു. 

'അന്ന് ആറാം നിലയിലെ ആ എമര്‍ജന്‍സി എക്‌സിറ്റി വാതില്‍ ഒരു നിമിഷത്തേക്ക് തുറന്ന് കിടന്നിരുന്നെങ്കില്‍, എല്ലാ വേദനകള്‍ക്കു അവധി നല്‍കി ഞാനങ്ങ് പോയേനെ'- പെയ്തിറങ്ങാന്‍ കൊതിച്ച മിഴിനീരിനെ മറച്ച് സ്റ്റെഫിയുടെ വാക്കുകള്‍.

തിരിച്ചു കിട്ടിയ ജീവിതവും കൈയില്‍ പിടിച്ച് അവിടെ തുടങ്ങുകയായിരുന്നു സ്റ്റെഫിയുടെ പോരാട്ടം. കഴിഞ്ഞു പോയ നാളുകളില്‍ കാന്‍സര്‍ അവളെ വല്ലാതെ നോവിച്ചു. ഉറക്കമില്ലാത്ത രാത്രികള്‍... കീമോയില്‍ പൊള്ളിയടര്‍ന്ന നാളുകള്‍. എല്ലാ വേദനകളും തന്ന് മടുത്ത് തിരികെ പോയ കാന്‍സര്‍ തിരികെ പോയതും വീണ്ടും വേദനിപ്പിക്കാന്‍ എത്തിയതും ആ ജീവിതം പറയും. വനിത ഓണ്‍ലൈന്‍ വായനക്കാര്‍ക്കായി ആ അതിജീവന കഥ പറയുമ്പോള്‍ യുദ്ധം ജയിച്ച ഭാവമായിരുന്നു സ്‌റ്റെഫിക്ക്...

steffy-2

കണ്ണീര്‍ പെയ്തിറങ്ങിയ നിമിഷം

അന്ന് ഞാന്‍ നാട്ടിലായിരുന്നു. എം കോം പഠനം തകൃതിയായി നടക്കുന്ന സമയം. പൊടുന്നനെ സംഭവിച്ച ഒരു വെയ്റ്റ് ലോസില്‍ നിന്നായിരുന്നു തുടക്കം. എന്താണ് സംഭവിക്കുന്നതെന്നറിയാന്‍ കോഴഞ്ചേരിയിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് പോയി. ബെറ്റര്‍ ഒപിനിയന്‍ എടുത്താണ് അവിടുന്ന് കൊച്ചി ലേക് ഷോറിലേക്ക് പോകുന്നത്. വയറില്‍ എന്തോ ഗ്യാസ് പോലെ വരുന്നെന്നും വീര്‍ത്തു വരാറുണ്ടെന്നും ഡോക്ടറോട് പറഞ്ഞു. ആദ്യം സിടി, ബയോപ്‌സി എന്നീ ടെസ്റ്റുകളെടുത്തു. അപ്പോഴും ജീവിതം കീഴ്‌മേല്‍ മറിക്കുന്ന വലിയ വേദന പതിയിരിപ്പുണ്ടെന്ന് എനിക്കറിയില്ലായിരുന്നു. കൊമേഴ്‌സ്‌കാരിയായ ഞാന്‍ ഓങ്കോളജി റെഫറന്‍സ് എന്നൊക്കെ കേട്ടപ്പോള്‍ കണ്ണു മിഴിച്ചിരിക്കുകയായിരുന്നു. ഒടുവില്‍ വിപി ഗംഗാധരന്‍ സാറാണ് ആ സത്യം എന്നോട് പറഞ്ഞത്. ഒരു ഓവറിയിലാണ് കാന്‍സര്‍ എന്നാണ് പറഞ്ഞിരുന്നത്. കീമോ എടുക്കാനും സര്‍ജറിക്കും ഒക്കെ നിര്‍ദ്ദേശിക്കുമ്പോള്‍ ഞാന്‍ കരയുകയായിരുന്നു. സങ്കടം വന്നത് എന്റെ നീളമുള്ള മുടികണ്ടിട്ടാണ്. കണ്ണില്‍കൂടി ഞാനറിയാതെ കണ്ണീര് വരുന്നുണ്ടായിരുന്നു. മരിക്കാനായി ഞാന്‍ സിക്‌സ്ത് ഫ്‌ളോറിലേക്ക് ഓടുമ്പോള്‍ കസിന്‍സാണ് പിടിച്ചു നിര്‍ത്തിയത്. അവരുടെ ആശ്വാസ വാക്കുകള്‍ക്കൊടുവിലാണ് ഈ യുദ്ധം ജയിക്കാന്‍ ഉറച്ച് ഞാന്‍ ഇറങ്ങുന്നത്. 

വിളിക്കാതെ വീണ്ടുമെത്തിയ വേദന

തുടര്‍ ചികിത്സകളും അതിരില്ലാത്ത ആത്മവിശ്വാസവും ജീവിതം എനിക്ക് തിരികെ തരികെയായിരുന്നു. ഇതിനിടയ്ക്ക് സ്വപ്‌നം കണ്ട അക്കൗണ്ടന്റ് ജോലി തന്ന് വേദനിപ്പിച്ച അതേ വിധി എന്നെ സമാധാനിപ്പിച്ചു. ദുബായി ആയിരുന്നു തട്ടകം. അവിടെ ഒബികെ ബിസിനസ് സെന്ററില്‍ അക്കൗണ്ടന്റ്. കൃത്യമായ ചെക്കപ്പും പരിശോധനകളുമായി കടന്ന് പോയ നാളുകള്‍. ഇതിനിടയ്ക്ക് ഞാന്‍ ഏറെ ഇഷ്ടപ്പെട്ട എന്റെ മുടി തിരികെ വന്നു തുടങ്ങി. ഇടയ്‌ക്കെപ്പോഴോ ബ്ലഡ് കൗണ്ട് കൂടിയപ്പോഴാണ് മറഞ്ഞിരുന്ന കാന്‍സര്‍ വീണ്ടും തിരികെ വരുന്നു എന്ന് തോന്നിച്ചത്. അന്നേരവും അവര്‍ കീമോ റെഫര്‍ ചെയ്തു. മുടി പോകില്ല എന്ന വാക്കിലായിരുന്നു കീമോ സ്റ്റാര്‍ട്ട് ചെയ്തത്. പക്ഷേ ആറ്റുനോറ്റിരുന്ന് വന്ന മുടി, വന്ന വഴി പോയി. അപ്പോഴും വല്ലാത്ത സങ്കടമായി. പക്ഷേ ഈ സീനൊക്കെ പണ്ടേ വിട്ടതു കൊണ്ട് വലിയ വിഷമമൊന്നും ഉണ്ടായില്ല. ആകെ വിഷമിപ്പിച്ചത് നാട്ടുകാരുടെ സിംപതി ആണ്. വീണ്ടും അസുഖമായോ എന്ന മട്ടിലായിരുന്നു പലരുടേയുംചോദ്യം. സെക്കന്‍ഡ് ടൈം കീമോ ആരെയും  അറിയിച്ചില്ല എന്നതാണ് സത്യം, ഞാനെന്റെ അമ്മ വീട്ടില്‍ നിന്നാണ് കീമോ ചികിത്സയൊക്കെ ചെയ്തത്. കീമോ സ്റ്റാര്‍ട്ട് ചെയതപ്പോള്‍ രാജി വയ്ക്കാനായിരുന്നു തീരുമാനം. പക്ഷേ കമ്പനി ലീവ് തന്ന് സഹായിച്ചു. ഇപ്പോ ദേ ഞാന്‍ വീണ്ടും ദുബായില്‍തിരികെ എത്തിയിട്ടുണ്ട്. ഉടന്‍ ജോലിയില്‍ പ്രവേശിക്കുകയും ചെയ്യും. 

steffy-3

ഞാനിന്നു കാണുന്ന സ്വപ്‌നങ്ങളില്‍ ഞാനും എന്റെ കുടുംബവും മാത്രമേയുള്ളൂ. ആഗ്രഹിച്ച ജോലിയായിരുന്നു ആദ്യത്തെ സ്വപ്നം. അത് കിട്ടി. 29കാരിയായ എന്റെ സ്വപ്‌നങ്ങളില്‍ വിവാഹം ഉണ്ടോ എന്നത് ഇന്നും വലിയ ക്വസ്റ്റിയന്‍ മാര്‍ക്കായി തന്നെ നില്‍ക്കും. സിഎ ഓവറി കാന്‍സര്‍ ഫെയ്‌സ് ചെയ്ത എനിക്ക് വിവാഹം ഉണ്ടാകുമോ എന്ന ചോദ്യത്തിനുള്ള ഉത്തരം ദൈവത്തിന് വിട്ടു കൊടുക്കുന്നു. യൂട്രസ് ഉള്‍പ്പെടെ റിമൂവ് ചെയ്ത എനിക്ക് ഒരിക്കലും ഒരമ്മയാകാന്‍ പറ്റില്ല. അതു കൊണ്ട് തന്നെ എന്റെ വിവാഹ ജീവിതം സമൂഹം എങ്ങനെ ഉള്‍ക്കൊള്ളും എന്നറിയില്ല. ബേസിക്കലി എനിക്ക് പേടിയാണ്... എന്നെ എങ്ങനെ ഉള്‍ക്കൊള്ളും എന്ന പേടി. എത്രയൊക്കെ പോസിറ്റീവ് ആയാലു ഈയൊരു കാര്യം മാത്രം എന്റെ കൈയിലില്ല. എനിക്കൊരു അനിയത്തിയുണ്ട്. പിന്നെ പപ്പയും മമ്മയും അവര്‍ക്കായി ജീവിക്കണം. അവരുടെ കണ്ണുകള്‍ നനയിക്കാതെ മുന്നോട്ടു പോകണം. അതില്‍ പരം വലിയൊരു സന്തോഷം വേറെയുണ്ടോ...- സ്‌റ്റെഫി പറഞ്ഞു നിര്‍ത്തി.

250 രൂപയ്ക്ക് മലയാളികളെ കൂലിപ്പണിക്ക് കിട്ടിയാലോ? കേരളം പാശ്ചാത്യ മാതൃകയിലേക്ക് മാറുന്ന കാലം വിദൂരമല്ല! ചിന്തിപ്പിക്കും ഈ ഫെയ്സ്ബുക്ക് കുറിപ്പ്