നാലു വർഷമായി കോവളത്ത് താമസിക്കുന്നയാളാണ് സ്വീഡിഷ് പൗരനായ സ്റ്റീഫൻ എയ്സ്ബർഗ്. കേരളം കാണാനെത്തിയ സഞ്ചാരി മാത്രമല്ല, കോവളം ബീച്ചിനു സമീപത്തു ഹോം േസ്റ്റ നടത്തുന്ന സംരംഭകനുമാണ് സ്റ്റീഫൻ. വെള്ളാറിലുള്ള ബവ്‌കോ ഔട്‌ലെറ്റിൽ ക്യൂ നിന്നു വിലയ്ക്കു വാങ്ങിയ ഇന്ത്യൻ നിർമിത വിദേശ മദ്യവുമായി താമസ സ്ഥലത്തേക്ക് വരുകയായിരുന്നു അദ്ദേഹം. പുതുവത്സരത്തലേന്നത്തെ വാഹനപരിശോധനയുടെ ഭാഗമായി പൊലീസുകാർ സ്കൂട്ടർ തടഞ്ഞു നിർത്തി സ്റ്റീഫനെ ചോദ്യം ചെയ്തു. ബാഗ് പരിശോധിച്ചു. മൂന്നു കുപ്പി മദ്യം സ്റ്റീഫന്റെ ബാഗിൽ നിന്നു പുറത്തെടുത്തു. മദ്യം വാങ്ങിയ ബിൽ എവിടെയെന്നു പൊലീസുകാരന്റെ ചോദ്യം. കടയിൽ നിന്നു ബിൽ വാങ്ങിയില്ലെന്ന് സ്റ്റീഫന്റെ മറുപടി. ബിൽ ഇല്ലാതെ മദ്യം കൊണ്ടു പോകാൻ പറ്റില്ലെന്നു പൊലീസുകാരൻ. തർക്കത്തിനു നിൽക്കാതെ സ്റ്റീവ് തന്റെ കയ്യിലുണ്ടായിരുന്ന മദ്യം പൊലീസുകാർ നോക്കി നിൽക്കെ വഴിയോരത്ത് ഒഴുക്കിക്കളഞ്ഞു. പ്ലാസ്റ്റിക് കുപ്പി വലിച്ചെറിയാതെ സ്വന്തം ബാഗിലിട്ടു. സമീപത്തുണ്ടായിരുന്ന മാധ്യമപ്രവർത്തകന്റെ ക്യാമറയിൽ ഈ സംഭവങ്ങളുടെ ദൃശ്യങ്ങൾ പതിഞ്ഞു. ക്യാമറ കണ്ടപ്പോൾ പൊലീസുകാർ മലക്കം മറിഞ്ഞു. ബിൽ വാങ്ങിയിട്ടു വന്നാൽ മതി, മദ്യം കളയേണ്ടെന്ന് സ്നേഹഭാഷ്യം.
ഒന്നാം ക്ലാസ് മുതൽ ‘അതിഥി ദേവോ ഭവ’ ചൊല്ലിപ്പഠിച്ച മലയാളികളുടെ നാട്ടിലേക്കു വിരുന്നെത്തിയ വിദേശിക്കു നേരിട്ട അധിക്ഷേപത്തിന്റെ വിഡിയോ നിമിഷങ്ങൾക്കുള്ളിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. പത്രങ്ങളിലും ന്യൂസ് ചാനലിലും അതു വാർത്തയായി. ഇന്നു രാവിലെ വിദേശ രാജ്യങ്ങളിലെ ടെലിവിഷൻ ചാനലുകളും സ്വീഡിഷ് പൗരൻ കേരളത്തിൽ നേരിട്ട ദുരിതം വാർത്തയാക്കി.
കേരളം കാണാനെത്തിയ സ്വീഡിഷ് പൗരനെ പൊലീസുകാർ വഴിയിൽ തടഞ്ഞു. സർക്കാർ ഔട്‌ലെറ്റിൽ നിന്ന് അദ്ദേഹം വില കൊടുത്തു വാങ്ങിയ മദ്യം പൊലീസ് പിടികൂടി. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് സ്വീഡിഷ് പൗരൻ മദ്യം ഒഴുക്കിക്കളഞ്ഞു – ഇതാണു വാർത്ത. ഈ വാർത്ത കാണുന്ന വിദേശികൾ ഇനി കേരളത്തിലേക്ക് പുറപ്പെടുന്നതിനു മുൻപ് വേണോ വേണ്ടയോ എന്ന് നാലു വട്ടം ആലോചിക്കും.
വിദേശ പൗരനെ അധിക്ഷേപിച്ച പൊലീസുകാർക്കെതിരേ നടപടി വേണമെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ഡിജിപിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. വിദേശിയെ തടഞ്ഞുവച്ചത് ഗുരുതരമായ പിഴവാണെന്നു കണ്ടെത്തിയതിനെ തുടർന്ന് കോവളം പൊലീസ് േസ്റ്റഷനിലെ ഗ്രേഡ് എസ്ഐയെ സസ്പെൻഡ് ചെയ്തു.
കേരളത്തിലെ നിയമം അനുസരിച്ച് ഒരാൾക്ക് മൂന്നു ലിറ്റർ മദ്യം സൂക്ഷിക്കാം. മദ്യം വാങ്ങിയ ബിൽ ഉണ്ടായിരിക്കണം. വിദേശ പൗരന് ഇക്കാര്യം അറിയണമെന്നില്ല. അതു പറഞ്ഞു ബോധ്യപ്പെടുത്താനുള്ള ശ്രമം പൊലീസുകാരുടെ ഭാഗത്തു നിന്ന് ഉണ്ടായില്ല. ആതിഥ്യ മര്യാദ പാലിച്ചില്ലെന്നു മാത്രമല്ല വിദേശ പൗരനെ തങ്ങളാൽ കഴിയും വിധം നടുറോഡിൽ അധിക്ഷേപിക്കുകയും ചെയ്തു.
ഏതു സ്ഥലത്താണു മദ്യം നിർമിച്ചതെന്ന് മദ്യക്കുപ്പിയുടെ മുകളിലുള്ള സ്റ്റിക്കറിൽ വിലാസമുണ്ട്. കുപ്പിയുടെ അടപ്പിനു മീതെ പതിച്ചിട്ടുള്ള സീൽ പരിശേധിച്ചാൽ ഔട്‌ലെറ്റ് ഏതെന്നു മനസ്സിലാക്കാം. അതിനൊന്നും മെനക്കെടാതെ ‘തനി പൊലീസ് മുറ’യിൽ നടുറോഡിൽ സ്റ്റീഫനെ അധിക്ഷേപിച്ചു.
സ്റ്റീഫനെ അധിക്ഷേപിച്ച പൊലീസുകാർ നിരന്നു നിന്ന് മാപ്പു പറഞ്ഞാലും കേരളത്തിന്റെ ടൂറിസം മേഖലയ്ക്ക് ഇവരുണ്ടാക്കിയ മാനക്കേടിന് പരിഹാരം ആകുമോ? ഈയൊരു സംഭവത്തിലൂടെ കേരളത്തെക്കുറിച്ച് വിദേശികൾക്കിടയിൽ പ്രചരിച്ച നിലവാരം കുറഞ്ഞ അഭിപ്രായങ്ങൾ മാറ്റിയെടുക്കാൻ കഴിയുമോ?