Thursday 06 August 2020 04:08 PM IST

‘ഞാൻ കണ്ടുപഠിച്ചത് എന്റെ അമ്മയെ; അരനൂറ്റാണ്ടു മുൻപ് അവർക്കത് കഴിയുമെങ്കിൽ ഇപ്പോൾ എന്തു പ്രതിസന്ധിയാണ് ഉണ്ടാകുക?’

Vijeesh Gopinath

Senior Sub Editor

neenu-railway

ദക്ഷിണ റെയിൽവേയുടെ പ്രിൻസിപ്പൽ‌ ചീഫ് ഒാപ്പറേഷൻ മാനേജർ (പിസിഒഎം) പദവിയിലെത്തുന്ന ആദ്യ വനിതയാണ്  നീനു ഇട്ടിയേര...

ഇന്ത്യൻ പൊതു ഗതാഗതത്തിന്റെ ജീവനാഡിയാണ്  റെയിൽവേ. ചരക്കു ഗതാഗതവും യാത്രാ വണ്ടികളുമായി കൂകി പാഞ്ഞൊഴുകുന്നത് നിരവധി ട്രെയിനുകൾ. ഇതിന്റെ ഹൃദയത്തുടിപ്പുകൾ സൂക്ഷ്മമായി നിരീക്ഷിച്ച് ഒരു മലയാളി വനിത ദക്ഷിണ റെയിൽവേയുടെ ആസ്ഥാനത്തുണ്ട്– നീനു ഇട്ടിയേര.

ദക്ഷിണ റെയിൽവേയുടെ പ്രിൻസിപ്പൽ‌ ചീഫ് ഒാപ്പറേഷൻ മാനേജർ (പിസിഒഎം) ഈ പദവിയിലെത്തുന്ന ആദ്യ വനിതയാണ് നീനു ഇട്ടിയേര. ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ ഈ സ്ഥാനത്തെത്തുന്ന മൂന്നാമത്തെ വനിത എന്ന പെരുമയും നീനുവിന് സ്വന്തം. ഉത്തരവാദിത്തങ്ങളും പ്രതിസന്ധികളും ഏറെയുള്ള എന്നാൽ നിമിഷ നേരത്തിനുള്ളിൽ തീരുമാനം എടുക്കേണ്ട ചുമതല.

ഞാൻ കണ്ട വനിതകള്‍

‘പുരുഷന്മാർ മാത്രമുള്ള മേഖലയിൽ നേതൃനിരയിലേക്കു വരുമ്പോൾ പ്രതിസന്ധികൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ടോ?’ നീനു ഇട്ടിയേരയുടെ ഉത്തരം ഇങ്ങനെയാണ്– എന്റെ സുഹൃത്തുക്കളും ബന്ധുക്കളും വലിയ പിന്തുണയാണ് നൽകിയത്. ഞാൻ കണ്ടു പഠിച്ചത് എന്റെ അമ്മയെയാണ്. ആലപ്പുഴയിൽ നിന്ന് ആഗ്ര വരെ രണ്ടായിരം കിലോമീറ്റർ ദൂരം 1935ൽ അമ്മ ഒറ്റയ്ക്ക് യാത്ര ചെയ്തു. വൈദ്യശാസ്ത്ര പഠനത്തിനായി പതിനാറാമത്തെ വയസ്സിൽ ഒരു പെൺകുട്ടി നടത്തിയ യാത്ര. പുരുഷന്മാർ മാത്രം ജോലി ചെയ്തിരുന്ന ആ മേഖലയിൽ അരനൂറ്റാണ്ടു മുൻപ് അമ്മയ്ക്ക് ജോലിചെയ്ത് വിജയിക്കാമെങ്കിൽ ഇപ്പോൾ എനിക്ക് എന്തു പ്രതിസന്ധിയാണുണ്ടാകുക?

എന്റെ സുഹ‍ൃത്ത് അന്ന മാത്യു നാൽപതു വർഷം മുൻപാണ് അഭിഭാഷകയാകാൻ പഠിച്ചത്. മറ്റൊരു സുഹൃത്ത് എം. കലാവതി 35  വർഷം മുൻപ് റെയിൽവേയിൽ സിഗ്‌നൽ എൻജിനീയറായി ചേർന്ന ആദ്യ വനിത ഒാഫിസറായിരുന്നു. ആ ത്മാർഥമായി ചെയ്താൽ ഏതു മേഖലയിലും വിജയിക്കാം, അതാണ് ഞാൻ പഠിച്ചത്.’’

സേവനം എന്ന സ്വപ്നം

മാതാപിതാക്കളുടെ ജോലിയുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശിലും ഡൽഹിയിലുമായിരുന്നു നീനു ഇട്ടിയേരയുടെ സ്കൂൾ ജീവിതം. ഗ്രാജുവേഷനും പോസ്റ്റ് ഗ്രാജുവേഷനും ഡൽഹി  യൂണിവേഴ്സിറ്റിയിൽ.

പബ്ലിക് സെർവന്റ് ആയി ജനങ്ങളെ സേവിക്കുകയായിരുന്നു നീനു ഇട്ടിയേരയുടെ സ്വപ്നം. എല്ലാ ഇന്ത്യക്കാരുടെ ജീവിതത്തിലും റെയിൽവേ ഒരു പ്രധാന പങ്കുവഹിക്കുന്നെന്ന തിരിച്ചറിവാണ്    യുപിഎസ്‍സി പരീക്ഷയിലൂടെ 1988ൽ ഇന്ത്യൻ റെയിൽവേ ട്രാഫിക് സർവീസിൽ (െഎആർടിഎസ്) ചേരാനിടയാക്കിയത്.

മൂന്നു പതിറ്റാണ്ടു കാലത്തെ സർവീസിനിടയി ൽ ചീഫ് കമേഴ്സ്യൽ മാനേജർ (പാസഞ്ചർ മാർക്കറ്റിങ്) ചീഫ് ഫ്രൈറ്റ് ട്രാൻസ്പോർട്ടേഷൻ മാനേജർ, ചീഫ് ട്രാഫിക് പ്ലാനിങ് മാനേജർ, തിരുവനന്തപുരം ആർആർബി ചെയർമാൻ, മധുര ഡിവിഷനൽ റെയിൽവേ മാനേജർ തുടങ്ങി നിരവധി പദവികൾ വഹിച്ചു. ഫുൾബ്രൈറ്റ് സ്കോളർഷിപ് ജേതാവാണ്. 2002ൽ ഹൂബർട്ട് ഹംഫ്രി ഫെലോഷിപ്പും നേടിയിട്ടുണ്ട്.

Tags:
  • Spotlight
  • Motivational Story