Thursday 02 January 2020 05:45 PM IST

7 വർഷം വലച്ച പിസിഒഡി പാട്ടിനു പോയി, സ്കിൻ ടോണും മാറി; 105ൽ നിന്നും 97ലേക്ക് തിരികെയെത്തിയ സുചിത്ര പറയുന്നു

Binsha Muhammed

suchithra

ചിട്ടയായ ഡയറ്റും നിശ്ചയദാർഢ്യവും കൊണ്ട് ശരീര ഭാരത്തെ പമ്പകടത്തുകയാണ് സുചിത്ര. പരിധി വിട്ടുള്ള ശരീര ഭാരം പിസിഒഡിയിലേക്കെത്തിച്ചപ്പോൾ സുചിത്ര മനസിലുറപ്പിച്ചു. ‘പ്രായം മറന്ന് ഓവർടേക്ക് ചെയ്ത 105 കിലോ ശരീരഭാരത്തെ നിലയ്ക്കു നിർത്തിയിട്ടേ ഇനി വിശ്രമമുള്ളൂ.’ ബാക്കി കഥ സുചിത്ര തന്നെ വനിത ഓൺലൈനോട് പറയുകയാണ്.

കീറ്റോ തന്നെ ശരണം

105 കിലോ വരെയെത്തി പിടിതരാതെ നിന്ന ശരീരഭാരത്തെ പടിയിറക്കാൻ കീറ്റോ തന്നെയായിരുന്നു പ്രധാന പോം വഴി. കുറച്ചു നാൾ കൊണ്ട് വലിയ റിസൾട്ട്, അതായിരുന്നു ലക്ഷ്യം. ഇഷ്ടഭക്ഷണങ്ങളെ ജീവിതത്തിൽ നിന്ന് പടിയിറക്കി കൊണ്ട് ദൗത്യം ആരംഭിച്ചു. രാവിലെ ഇളം ചൂട് വെള്ളത്തിൽ അരമുറി നാരങ്ങ പിഴിഞ്ഞ് ചേർത്ത് സേവിച്ചു തുടങ്ങും. അതല്ലെങ്കിൽ ജീരകം ഇഞ്ചി ചേർത്ത് തിളപ്പിച്ച വെള്ളത്തിൽ നാരങ്ങ പിഴിഞ്ഞൊഴിച്ച് കുടിക്കും. അര മണിക്കൂറിനു ശേഷം ഒരു ബട്ടർ കോഫി. വിശപ്പുണ്ടെങ്കിൽ രണ്ട് പുഴുങ്ങിയ മുട്ട അല്ലെങ്കിൽ 10 നട്സ്. ഉച്ചയ്ക്ക് ഭക്ഷണം അൽപം കൂടി ‘റിച്ച് ആകും.’ ബീഫ് , മട്ടൺ, മീൻ ഏതെങ്കിലും കറി അല്ലെങ്കിൽ ഫ്രൈ ചെയ്തത്. കൂട്ടത്തിൽ രണ്ട് ടേബിൾ സ്പൂൺ യോഗർട്ടിൽ ഇഞ്ചി പച്ചമുളക് ചതച്ചതും ആവശ്യത്തിന് വെള്ളവും ചേർത്ത മോര്. നാലുമണിക്ക് ചിലപ്പോ പുഴുങ്ങിയ മുട്ട അല്ലെങ്കിൽ കുറച്ചു നട്സ്. രാവിലെ കഴിച്ചില്ലെങ്കിൽ മാത്രമേ ഈ നേരത്ത് നട്സ് ഉപയോഗിക്കാറുള്ളൂ. അല്ലെങ്കിൽ ഒരുപിടി തേങ്ങ ചിരകിയത്. ഡിന്നറിലേക്കെത്തുമ്പോഴും ഈ തരത്തിൽ ഭക്ഷണം ക്രമപ്പെടുത്തി. ആദ്യം രണ്ടാഴ്ച സോസേജ്, ചിക്കൻ എന്നിവ ഉപയോഗിച്ചിരുന്നു. ഇപ്പോ സോസേജ് പൂർണമായും ഒഴിവാക്കി. പുറത്ത് നിന്ന് കഴിക്കേണ്ടി വരുന്ന സാഹചര്യത്തിൽ 100-150 g ചിക്കൻ കഴിച്ചാലായി.

s3

കാത്തിരുന്ന ഫലം

കഷ്ടപ്പെട്ടാൽ ഫലം കിട്ടുമെന്ന് പറയുന്നത് വെറുതെയല്ല. നവംബർ 16നു തുടങ്ങിയതാണ്. എന്റെ ഡയറ്റ്. ഇടക്ക് ഒന്ന് നിർത്തി ഒരാഴ്ചത്തെക്ക് നോർമൽ ഡയറ്റ് ഒക്കെ ആയി പോയി നോക്കി. വീണ്ടും തിരികെ വന്ന് തടിയുമായുള്ള പോരാട്ടം. വെറും ഒന്നര മാസം കൊണ്ട് 8 കിലോയോളം കുറഞ്ഞു. ആ മാറ്റം എനിക്ക് തന്ന പ്രചോദനവും ആത്മവിശ്വാസവും ചെറുതല്ല. 25 കിലോ കുറയ്ക്കുക എന്നതാണ് എന്റെ ടാർജറ്റ്. ഇനിയും 17 കുറയാൻ ബാക്കിയുണ്ട്. ആ മാന്ത്രിക സംഖ്യയും എന്റെ നിശ്ചയാദാർഢ്യത്തിനു മുന്നിൽ കീഴടങ്ങു.

s2

കാത്തിരുന്ന മാറ്റങ്ങൾ

വലിയ മാറ്റങ്ങളാണ് ഇക്കാലയളവിൽ എന്നെ തേടിയെത്തിയത്. ഏഴു വർഷമായി പിസിഒഡി മൂലം ദൈനംദിനം ഉണ്ടായിരുന്ന കുറെ ബുദ്ധിമുട്ടുകൾ മാറി. സ്കിൻ ടോൺ നന്നായി വത്യാസപെട്ടു. മാത്രമല്ല മുഖത്തെ പാടുകളും കുരുക്കളും മാറി. എഡിറ്റഡ് ക്യാമറ ഉപയോഗിച്ചിരുന്ന ഞാൻ അത് നിർത്തി എന്നതാണ് മറ്റൊരു തമാശ. രാവിലെ ഉണരുക എന്നതായിരുന്നു എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബാലികേറാമല. കിട്ടിയ കോൺഫിഡൻസിനൊപ്പം രാവിലെ കൃത്യമായി എഴുന്നേറ്റ് ചിട്ടയായി വ്യായാമം ചെയ്തു തുടങ്ങി. താരൻ മാറാൻ നൂറു കൂട്ടം എണ്ണകളും ഷാംപൂ എന്നിവ പരീക്ഷിച്ച ഞാൻ യാതൊന്നും ചെയ്യാതെ താരൻ നല്ലപോലെ കുറഞ്ഞു. മൂഡ് സ്വിംഗ്സ്, ദേഷ്യം എല്ലാം നിയന്ത്രിക്കാൻ പറ്റുന്നുണ്ട്. ചിട്ടയായ ഡയറ്റ് ശരീരത്തിന് മാത്രമല്ല മനസിനും ഉന്മേഷം തരും ഇനിയും നല്ല മാറ്റങ്ങൾ ഉണ്ടാകുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ഞാൻ.– സുചിത്ര പറഞ്ഞു നിർത്തി.

Tags:
  • Inspirational Story
  • Diet Tips