Monday 28 December 2020 05:01 PM IST

വാക്കു തന്ന ദിവസം തന്നെ തമ്മിൽ കണ്ടു, അന്ന് അനിലേട്ടൻ മോർച്ചറി തണുപ്പിൽ ഉറങ്ങുകയായിരുന്നു

Binsha Muhammed

sunitha-anil-ndd

‘ഇക്കുറി നമ്മള്‍ ശരിക്കും നേരിൽ കാണും... നോക്കിക്കോ?’

നിറഞ്ഞു ചിരിച്ച് ഫോണിന്റെ മറുതലയ്ക്കലിരുന്ന് അന്ന് അനില്‍ പറഞ്ഞ വാക്കുകൾ ചങ്കിടിപ്പിനേക്കാളും ഉച്ചത്തിൽ സുനിതയുടെ ഉള്ളിൽ മുഴങ്ങുകയാണ്. ഒത്തിരി ചിരിച്ചും ഒരുപാട് വർത്തമാനം പറഞ്ഞും പിരിയും നേരം സുനിതയ്ക്ക് അനിൽ നൽകിയ വാക്ക്...

‘അന്നേ ദിവസം തമ്മില്‍ കാണാമെന്ന് എനിക്ക് വാക്കു തന്നതാണ്. എത്രയോ കാലത്തെ ഫെയ്സ്ബുക്ക് സൗഹൃദത്തിനിടയിലെ ആദ്യ സമാഗമം. ആ മനുഷ്യനെ ചമയങ്ങളഴിച്ചു വച്ച് കാണുന്നതിന്റെ എക്സൈറ്റ്മെന്റിലായിരുന്നു ഞാൻ. പറഞ്ഞ വാക്കു പുലർന്നു. ക്രിസ്മസിന്റെ പിറ്റേന്നു തന്നെ ഞാൻ എന്റെ പ്രിയപ്പെട്ട അനിലേട്ടനെ കണ്ടു. കാണുമ്പോൾ മോർച്ചറി തണുപ്പിൽ തണുത്ത് മരവിച്ച് കിടക്കുകയായിരുന്നു അനിലേട്ടൻ.’

പെയ്തിറങ്ങാൻ കാത്തു നിന്ന കണ്ണുനീർ വാക്കുകളെ മുറിച്ചു. വിദൂരതയിലേക്ക് നോക്കി ഒരു നിമിഷം സുനിത വിങ്ങിപ്പൊട്ടി.

‘ഏറെ നാളത്തെ ഫെയ്സ്ബുക്ക് സൗഹൃദമാണ് ആ മനുഷ്യനെ എനിക്ക് സുഹൃത്തും സഹോദര തുല്യനുമാക്കിയത്. പക്ഷേ എപ്പോഴത്തേയും ഇക്കുറിയും എന്നെ പറ്റിച്ച് ഒരു കള്ളച്ചിരിയോടെ ആ മനുഷ്യൻ അങ്ങ് പോയി.’– കണ്ണീരടക്കി സുനിതയുടെ വാക്കുകൾ.

കാത്തിരുന്ന സമാഗമത്തെ മരണകയത്തിലേക്ക് വലിച്ചിട്ട വിധിയെ പഴിക്കുകയാണ് സുനിത. ജീവിതത്തില്‍ അഭിനയിക്കാൻ അറിയാത്ത ആ അനിലിന്റെ ഓർമ്മകളെ തിരികെ വിളിക്കുമ്പോൾ സുനിതയെന്ന സുഹൃത്തും കണ്ണീരണിഞ്ഞു, ഒത്തിരിവട്ടം....

കാത്തിരുന്ന കൂടിക്കാഴ്ച

അയ്യപ്പനും കോശിയിലെ സിഐ സതീശ് കുമാറിനെ കണ്ടപ്പോൾ തോന്നിയ ആരാധന, ഇഷ്ടം. ആ മനുഷ്യനോട് ചങ്ങാത്തം കൂടിയിട്ടേ അടങ്ങൂ, എന്ന് തീരുമാനം എടുത്തത് അങ്ങനെയാണ്. സൗഹൃദം തേടി ഫെയ്സ്ബുക്ക് റിക്വസ്റ്റ് അയച്ചു. ജീവിതത്തിലും ഏറ്റവും വലിയ സർപ്രൈസ് പോലെ ആ സൗഹൃദം സ്വീകരിക്കപ്പെട്ടു. കാലം കടന്നു പോകേ ഞങ്ങൾ ഏറ്റവും അടുപ്പമുള്ള സുഹൃത്തുക്കളായി– സുനിത പറഞ്ഞു തുടങ്ങുകയാണ്.

ഫെയ്സ്ബുക്കിലെ സൗഹൃദത്തിലൂടെ ഏറെ അടുത്തെങ്കിലും ഒരിക്കൽ പോലും അനിലേട്ടനെ നേരിട്ടു കണ്ടിട്ടില്ല. നേരിൽ കാണാൻ ശ്രമിച്ചപ്പോഴൊക്കെ അതൊക്കെ നടക്കാതെ പോയി. ചോദിക്കുമ്പോഴത്രയും താര ജാഡ തൊട്ടു തീണ്ടിയിട്ടില്ലാത്ത ആ മനുഷ്യൻ വീണ്ടും കാണാമെന്ന് ഉറപ്പു നൽകും. തൊടുപുഴയിൽ അനിലേട്ടൻ ഷൂട്ടിന് വന്നപ്പോഴും ഉറപ്പിച്ചു, ഇക്കുറി ഉറപ്പായും കാണും. മൂവാറ്റുപുഴയാണ് എന്റെ സ്വദേശം. അവിടുന്ന് അധികം അകലെയല്ലാത്ത തൊടുപുഴയിലെത്തി കാണാമെന്ന് ശരിക്കും ഉറപ്പിച്ചു.

ഒടുവിൽ വിളിച്ചപ്പോ ‘സിനിമാ നടാ... നമ്മളെയൊക്കെ കാണാൻ സമയം കിട്ട്വോ?’ എന്ന് ഞാൻ കളിയാക്കി ചോദിക്കുകയും ചെയ്തു. ക്രിസ്മസ് ദിനത്തിന്റെ പിറ്റേന്ന് ഷൂട്ടില്ലെന്നും അന്ന് ഉറപ്പായും കാണാമെന്ന് വാക്കു നൽകി. സിനിമാ പ്രവർത്തകരും അനിലേട്ടന്റെ സുഹൃത്തുക്കളുമായ ശ്രീകാന്തും പ്രതാപനും ചേട്ടനെ കാണാൻ കഴിയുമെന്ന് വീണ്ടും വാക്കു നൽകി. പക്ഷേ എല്ലാ വാക്കുകളും ഒരുനിമിഷത്തേക്ക് മലങ്കരയുടെ ഓളങ്ങളിലേക്ക് ആണ്ടു പോയി.

മോർച്ചറിയിലെ തണുപ്പിൽ അനിലേട്ടൻ

ക്രിസ്മസ് പിറ്റേന്ന് എന്നെ കാണാമെന്ന് പറഞ്ഞ മനുഷ്യൻ ജീവനറ്റ ദേഹമായി തൊടുപുഴ ഗവൺമെന്റ് ആശുപത്രിയുടെ മോർച്ചറി തണുപ്പിലാണ്. ചങ്കുപിടയുന്ന വേദനയോടെ ഞാൻ ഓടിയെത്തി. എനിക്ക് ഒരു നോക്ക് കണ്ടാൽ മതിയായിരുന്നു. മോർച്ചറിയുടെ കവാടത്തിൽ കാത്തു നിൽക്കുമ്പോൾ അറിയിപ്പെത്തി. കോവിഡ് പരിശോധന ഫലം വരാതെ ആരെയും കാണിക്കില്ലെന്ന് അവർ തറപ്പിച്ചു കഴിഞ്ഞു. എന്നിട്ടും ഞാൻ കാത്തുനിന്നു. ഒടുവിൽ കോവിഡ് ഫലം നെഗറ്റീവ് ആണെന്ന അറിയിപ്പെത്തിയതോടെ ഊഴം കാത്തിരുന്ന ഞാനുൾപ്പെടെയുള്ള അഞ്ചു പേർ അനിലേട്ടനെ കയറി കണ്ടു. മോർച്ചറി തണുപ്പിൽ വെളുപ്പ് പൊതിഞ്ഞ ആ കാലുകളിൽ എന്റെ കൈകൾ വച്ച് ഞാൻ പറഞ്ഞു. ‘അനിലേട്ടാ... ഞാൻ വന്നൂട്ടോ...കാണാമെന്ന് പറഞ്ഞ ദിവസം തന്നെ നമ്മൾ തമ്മിൽ കണ്ടല്ലോ. ആ മുഖത്തു നിന്നും കണ്ണെടുക്കാതെ തിരികെ നടക്കുമ്പോഴും ഞാൻ വീണ്ടും അതു തന്നെ ആവർത്തിച്ചു കൊണ്ടേയിരുന്നു. അനിലേട്ടാ... പറഞ്ഞ വാക്ക് പാലിച്ചിട്ടുണ്ടേ... ഞാൻ‌ വന്നിട്ടുണ്ടേ... അന്നേരം ഞാൻ കരഞ്ഞിരുന്നില്ല. പക്ഷേ ഉള്ളില്‍ വല്ലാത്തൊരു പിടച്ചിലുണ്ടായിരുന്നു.

അതിനു ശേഷം ഞാൻ അനിലേട്ടന്റെ ജീവൻ കവർന്ന  മലങ്കര ഡാം സൈറ്റിന്റെ തീരത്ത് പോയിരുന്നു..അനിലേട്ടനെ രക്ഷിക്കാനായി ഓടിയെത്തിയ സിനാജ് മലങ്കരയുടെ കൂടെയായിരുന്നു പോയത്.... വിടർന്നു വരുന്ന ഒരു പനീർ പൂവ് ഈ ജലാശയത്തിൽ കൊഴിഞ്ഞു വീണത് കൊണ്ടാകുമോ അവിടെ മൊത്തം നിശബ്ദത.... അതോ എനിക്ക് തോന്നിയതാകുമോ....– സുനിത പറഞ്ഞു നിർത്തി.