രോഗങ്ങൾക്കെതിരെ പോരാടുന്നതിൽ ശുചിത്വം പോലെ തന്നെ പ്രധാനമാണ് നമ്മൾ കഴിക്കുന്ന ആഹാരവും. ആഹാരം തന്നെ ഔഷധമാക്കി മാറ്റി, ഈ കൊറോണക്കാലത്ത് ശരീരത്തിന്റ രോഗപ്രതിരോധ ശക്തി വർദ്ധിപ്പിക്കാം. അതിന് സഹായിക്കുന്നത് ഏതൊക്കെ ഫൂഡ് ആണെന്നറിയുക.
1. ഗ്രീൻ ടീ കുടിച്ച് ദിവസം തുടങ്ങാം. ഇതിൽ ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ പ്രതിരോധശക്തിക്ക് കരുത്തേകുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഇതിലെ അമിനോ ആസിഡുകൾ കോശങ്ങൾക്ക് രോഗാണുക്കളോടു പൊരുതാനുള്ള കഴിവു വർദ്ധിപ്പിക്കുമെന്നു കരുതുന്നു. രാവിലെ ഗ്രീൻ ടീയിൽ അൽപം നാരങ്ങാ നീരും ശുദ്ധമായ തേനും ചേർത്തു കഴിക്കാം.
2. പപ്പായ നമ്മുടെ വീട്ടുമുറ്റത്തു തന്നെ ലഭ്യമാണ്. ഇതിലെ വൈറ്റമിൻ സി രോഗ പ്രതിരോധ ശക്തി കൂട്ടാൻ സഹായിക്കും. മാത്ര മല്ല, ഇതിലെ പപ്പെയ്ൻ എന്ന എന്ന എൻസൈം പല തരം അണുബാധകൾക്കെതിരെ പോരാടാനുള്ള ഇഫക്ടുള്ളതാണത്രേ.
3. ആപ്പിൾ ദിവസവും കഴിക്കൂ, ഡോക്ടറെ അകറ്റി നിർത്തൂ എന്നതു പണ്ടു തൊട്ടേ കേൾക്കുന്ന ചൊല്ലാണ്. ഇതിൽ ധാരാളമടങ്ങിയിട്ടുള്ള ഫൈബർ ഉദരത്തിന്റെ പ്രവർത്തനങ്ങളെ സുഗമമാക്കൻ സഹായിക്കും.
4. കിവി. ഇതും വൈറ്റമിൻ സി, പൊട്ടാസ്യം തുടങ്ങിയവയാൽ സമ്പന്നമാണ്. രോഗാണുബാധയ്ക്ക് എതിരെ സജ്ജമായി നിൽക്കാൻ ഇതിലെ പോഷകങ്ങൾ ശരീരത്തിന് കഴിവേകുന്നു.
5. സിട്രസ് ഫ്രൂട്ട്സ് ധാരാളം കഴിക്കാൻ ഈ സമയത്ത് പ്രത്യേകം ശ്രദ്ധിക്കുക, ജലദോഷം പോലുള്ളവയെ അകറ്റി നിർത്താൻ കഴിവുണ്ട് ഇവയിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ സിക്ക്. ശരീരത്തിന്റെ മൊത്തത്തിലുള്ള രോഗപ്രതിരോധ വ്യവസ്ഥയെ ഇത് ഉണർവോടെ സജ്ജമാക്കി നിർത്തുന്നു. രോഗാണുക്കൾക്കെതിരെ പോരാടാൻ സഹായിക്കുന്ന വെളുത്ത രക്താണുക്കളുടെ ഉൽപാദനത്തെ വർദ്ധിപ്പിക്കുന്നു. ഓറഞ്ച്. ചെറുനാരങ്ങ തുടങ്ങിയവ സിട്രസ് ഫ്രൂട്ട് സ് ആണ്.
6. വെളുത്തുള്ളിയുടെ ഔഷധ ഗുണം പേരു കേട്ടതാണ്. ഇത് ബ്ലഡ് പ്രഷർകുറയ്ക്ക്കാൻ സഹായിക്കും. അണുബാധകളെ അകറ്റുകയും ചെയ്യുമത്രേ. രക്ത ധമനികളുടെ ആരോഗ്യത്തിനും ഗുണകരമാണ്.
7. ഇഞ്ചി - ചുമയോ ചെറിയ പനിയോ ഒക്കെ വന്നാൽ ഇഞ്ചിയും തുളസിയും കരുപ്പെട്ടിയും ഒക്കെയിട്ട് കാപ്പി കുടിക്കുന്നത് നമ്മൾ പണ്ടു തൊട്ടേ ശീലിച്ച വീട്ടു മരുന്നാണ്. കൊളസ് ട്രോൾ കുറയ്ക്കാനും ഇതു സഹായിക്കുമെന്ന് കരുതുന്നു. തൊണ്ടയുടെ ആരോഗ്യത്തിനും അണുബാധ വരാതെ കാക്കാനും ഇഞ്ചി ആഹാരത്തിലുൾപ്പെടുത്താം. ജ്യൂസുകൾ തയാറാക്കുമ്പോൾ ഒരു ടീസ്പൂൺ ഇഞ്ചി നീര് കൂടി ചേർക്കുന്നത് ആരോഗ്യകരമാകും.
8. ബദാം. ദിവസം ഒരു പിടി ബദാം കഴിക്കാം. ഇതിലടങ്ങിയ വൈറ്റമിൻ ഇ, വൈറ്റമിൻ എ എന്നിവ ആരോഗ്യം കാത്തു രക്ഷിക്കാൻ വളരെ ഗുണകരമാണ്. വൈറ്റമിൻ സിക്കു പിന്നാലെ രോഗ പ്രതിരോധ ശക്തിക്ക് ഏറെ സഹായിക്കുന്നതാണ് വൈറ്റമിൻ ഇ.
9. മഞ്ഞൾ. കാൻസർ രോഗത്തിനെതിരെ വരെ പോരാടാനുള്ള മഞ്ഞളിന്റെ ഗുണത്തെ കുറിച്ച് വിദേശരാജ്യങ്ങളിൽ ധാരാളം പഠനങ്ങൾ നടക്കുന്നുണ്ട്. ശുദ്ധമായ മഞ്ഞൾ തന്നെ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ആന്റി ഓക്സിഡന്റിനാൽ സമൃദ്ധമാണിത്. മസിലുകളുടെ ആരോഗ്യം കാക്കാനും ഇതിലെ പോഷകങ്ങൾ സഹായിക്കും. അണുബാധകളെ ചെറുക്കും. ഒരു ഗ്ലാസ് തിളപ്പിച്ചാറിയ വെള്ളത്തിൽ ഒരു ചെറിയ സ്പൂൺ ശുദ്ധമായ മഞ്ഞൾപൊടി കലർത്തി കുടിക്കുന്നതും ആരോഗ്യരക്ഷയ്ക്ക് നല്ലതാണ്.
10. തൈര്. ഇതിലടങ്ങിയ നല്ല ബാക്ടീരിയ വയറിന്റെ ആരോഗ്യം കാത്തു രക്ഷിക്കാൻ സഹായിക്കും. അണുബാധകളെ ചെറുക്കും. ധാരാളം കാൽസ്യം അടങ്ങിയതിനാൽ എല്ലുകളുടെ ആരോഗ്യത്തിനും ഏറെ ഗുണകരം ആണ്. ദിവസം ഒരു കപ്പ് തൈര് കഴിക്കുന്നത് നല്ലതാണ്. അധികം പുളിയില്ലാത്ത തൈര് സ്മൂത്തിയിൽ ചേർത്തോ സാലഡിൽ കലർത്തിയോ ഒക്കെ കഴിക്കാം.
തൊണ്ടയുടെ ആരോഗ്യം കാക്കേണ്ടതു വളരെ പ്രധാനം ആയതിനാൽ തണുപ്പ് അധികമായ ആഹാരം ഒഴിവാക്കാനും ഈ സമയത്ത് പ്രത്യേകം ശദ്ധിക്കണം. തൊണ്ടയിലെ അണുബാധ പെട്ടെന്ന് ശരീരത്തിലേക്ക് മൊത്തം വ്യാപിക്കാനിടയുണ്ട്. ഫ്രിഡ്ജിൽ നിന്ന് എടുത്ത ഉടനെ പഴങ്ങളോ മറ്റ് ആഹാര വസ്തുക്കളോ കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക. നന്നായി കഴുകിയ ശേഷം മാത്രം ഫ്രൂട്ട്സ് ഭക്ഷിക്കുക.